
ആഫ്രിക്കൻ രാജ്യമായ ബെനിനിൽനിന്നു ബെൽജിയത്തിലേക്ക് കുടിയേറുന്ന ലോകിത എന്ന യുവതിയുടെയും ടോറി എന്ന ആൺകുട്ടിയുടെയും കഥ പറയുന്ന ടോറി ആൻഡ് ലോകിത എന്ന ചിത്രത്തോടെയാണ് 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞത്. ടോറിയും ലോകിതയും ബെൽജിയത്തിലെ അഭയാർത്ഥി ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ബെനിനിൽനിന്നു ബെൽജിയത്തിലേക്കുള്ള മനുഷ്യക്കടത്തിനും അതിന് ശേഷമുള്ള അഭയാർത്ഥികളുടെ പ്രയാസം നിറഞ്ഞ ജീവിതത്തിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്. കാൻ ചലച്ചിത്രമേളയിൽ പുരസ്‌കാരം നേടിയ ഫ്രഞ്ച് ഭാഷയിലുള്ള ഈ ബെല്‍ജിയന്‍ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് ഉദ്ഘാടന ദിവസം രാജ്യാന്തര ചലച്ചിത്രമേളയിൽ നടന്നത്.
വളരെയധികം യാതനകൾ സഹിച്ചും ഭയപ്പെടുത്തുന്ന യാത്രകൾ അതിജീവിച്ചും ആഫ്രിക്കയിൽനിന്ന് ബെൽജിയത്തിലെത്തിയ ഇവർ കുടിയേറ്റക്കാർക്കുള്ള ഒരു ചിൽഡ്രൻസ് ഹോമിലാണ് എത്തിപ്പെടുന്നത്. ബെൽജിയത്തിലെ ടോറിക്കും ലോകിതയ്ക്കും തുടരാനുള്ള രേഖകൾ ലഭിക്കാൻ അവർ സഹോദരനും സഹോദരിയും ആണെന്ന് അധികൃതരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്നാൽ അത് അവർക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. അവർ ശരിക്കും സഹോദരങ്ങളെ പോലെ തന്നെയായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. എന്നാൽ, രേഖകൾ അനുവദിച്ചു നൽകേണ്ട ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ സംശയങ്ങൾ ഉള്ളതിനാൽ ഇവർക്ക് റെസിഡന്റ് പെർമിറ്റ് നിഷേധിക്കപ്പെടുന്നു.
മറ്റ് ജോലികൾ ലഭിക്കാത്തതിനാലും പണത്തിന് അത്യാവശ്യ വരുന്ന സാഹചര്യം വരുന്നതിനാലും ടോറിക്ക് പിസ ഡെലിവറി ചെയ്യുന്നതിന്റെ മറവിൽ മയക്കുമരുന്ന് വിൽക്കേണ്ടി വരുന്നു. ഇവരെ പലരും പല രീതിയിലും ചൂഷണം ചെയ്തു. ഒടുവിൽ പണത്തിന് വേണ്ടിയും വ്യാജമായി രേഖകൾ ലഭിക്കുന്നതിനുമായി ഒരു കഞ്ചാവ് മാഫിയയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ ലോകിത നിർബന്ധിതയാകുന്നു. ഇതോടെയാണ് കഥാഗതി മാറുന്നത്. പിന്നീട് ഇവർ എങ്ങനെ അവരിൽനിന്ന് രക്ഷപ്പെടുന്നുവെന്നതും ലോകിതയും ടോറിയും തമ്മിലുള്ള ആഴത്തിലുള്ള ആത്മബന്ധത്തെയും കുറിച്ചുമാണ് സിനിമ പറയുന്നത്.
ടോറിയായി പാബ്ലോ ഷിൽസും ലോകിതയായി എംബുണ്ടു ജോളിയും സ്ക്രീനിൽ ജീവിക്കുമ്പോൾ കണ്ണുനനയാതെ ഈ ചിത്രം കണ്ടുതീർക്കാനാകില്ല. പാബ്ലോയുടെയും എംബുണ്ടുവിന്റെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹെെലെെറ്റ് ഇവർ തമ്മിലുള്ള കെമിസ്ട്രി കൃത്യമായി വർക്കൗട്ട് ചെയ്യിപ്പിക്കാനും സംവിധായകരായ ദാര്‍ദന്‍ ബ്രദേഴ്‌സിന് സാധിച്ചിട്ടുണ്ട് എന്നതാണ് പ്രദർശനത്തിന് ശേഷം ചിത്രത്തിന് ലഭിച്ച നിലയ്ക്കാത്ത കെെയടി വെളിവാക്കുന്നത്. വളരെ മെല്ലെ പറഞ്ഞുപോകുന്ന കഥയാണെങ്കിലും ഒട്ടും മടുപ്പുളവാക്കാത്ത തരത്തിൽ, അടുത്ത് സീനിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നുള്ള ഒരു കൗതുകം പ്രേക്ഷകനിൽ കൊണ്ടുവരാൻ ചിത്രത്തിന്റെ സംവിധായകർക്ക് കഴിഞ്ഞിട്ടുണ്ട്.
Content Highlights: tori and lokitha review, 27th iffk, iffk 2022 first movie
Published: 10 Dec 2022, 10:45 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented