സത്യജിത്ത് റായിയുടെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ അതിമനോഹരമായ ചലച്ചിത്ര ഭാഷ്യം. ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്ത 'ദ സ്റ്റോറി ടെല്ലര്‍' എന്ന സിനിമയെ ഒറ്റ വാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. 

To advertise here,

തരിണി രഞ്ജന്‍ ബന്ധോപാധ്യായ എന്നയാളാണ്  'സ്റ്റോറി ടെല്ലറി'ലെ കേന്ദ്രകഥാപാത്രം. പരേഷ് റാവലാണ് ചിത്രത്തില്‍ തരിണി രഞ്ജന്‍ ബന്ധോപാധ്യായയെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ജോലിയിലും ഉറച്ചു നില്‍ക്കില്ലെന്ന കുപ്രസിദ്ധിയുള്ള വ്യക്തിയാണയാള്‍. എഴുപത്തിമൂന്നോളം ജോലികളാണ്  വിരമിക്കുന്ന സമയം വരെ അയാള്‍ മാറി, മാറി ചെയ്തത്. 60 വയസ്സുള്ള ഇയാള്‍ ഇപ്പോള്‍ വിഭാര്യനാണ്. ഭാര്യ അനുരാധയ്ക്ക് അവള്‍ എപ്പോഴും ആഗ്രഹിച്ചിരുന്ന ഒരു അവധിക്കാലം നല്‍കാന്‍ സാധിക്കാതിരുന്നതിന്റെ കുറ്റബോധം അയാളെ വല്ലാതെ വേട്ടയാടുന്നുണ്ട്. ഇന്നയാള്‍ക്ക് ജോലി ഇല്ലാത്തതിനാല്‍ ധാരാളം സമയമുണ്ട്. പക്ഷേ കാര്യമായി ആരുമായും അടുപ്പമില്ലാത്തതിനാലും ഒന്നും ചെയ്യാനില്ലാത്തതിനാലും ഏകാന്തത അയാളെ പിടികൂടിയിരിക്കുന്നു. വിരസമായി ജീവിതം അങ്ങനെ മുന്നോട്ട് കൊണ്ടുപോകവെയാണ് അഹമ്മദാബാദില്‍ നിന്നുള്ള ഒരു പത്രപരസ്യം ഇയാളുടെ ശ്രദ്ധയിലെത്തുന്നത്. 'ഒരു സ്റ്റോറി ടെല്ലറിനെ ആവശ്യമുണ്ട്' എന്നതായിരുന്നു പരസ്യവാചകം. കല്‍ക്കത്തയില്‍ നിന്ന് പുതിയ ജോലിയ്ക്കായി  അഹമ്മദാബാദിലേക്ക് യാത്രതിരിക്കുന്നിടത്താണ് കഥാഗതി മാറുന്നത്. ആദില്‍ ഹുസൈന്‍, രേവതി, തനിഷ്ഠ ചാറ്റര്‍ജി, അനന്ദിത ബോസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കേവലം ഒരു കഥപറയലിനപ്പുറം, വൈകാരികമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളിലൂടെയാണ് ദ സ്റ്റോറി ടെല്ലര്‍ കടന്നുപോകുന്നത്. സ്‌നേഹം കരുണ, നിരാശ,, പ്രണയം, വഞ്ചന അങ്ങനെ ഒട്ടേറെ തലങ്ങളിലേക്ക് സഞ്ചരിക്കുന്നു ഈ ചിത്രം. പരേഷ് റാവലിന്റെ പ്രകടമാണ് ഈ സിനിമയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. അറുപതു വയസ്സുള്ള ടാഗോര്‍ കവിതകളെ സ്‌നേഹിക്കുന്ന സരസനായ സ്റ്റോറി ടെല്ലറായി പരേഷ് റാവല്‍ നിറഞ്ഞാടുന്നു ഈ ചിത്രത്തില്‍. സത്യജിത്ത് റായിക്കുള്ള സമര്‍പ്പമായാണ് ദ സ്റ്റോറി ടെല്ലര്‍ ആനന്ദ് മഹാദേവന്‍ ഒരുക്കിയിരിക്കുന്നത്.