
മരിച്ചവരുടെ ഓർമകൾ തളംകെട്ടിയ ഒരു നാടിന്റെ കഥ പറയുകയാണ് വിയറ്റ്നാം ചിത്രമായ മെമറിലാൻഡ്. പരസ്പരബന്ധികളായ മൂന്ന് ജീവിതങ്ങളിലൂടെയാണ് കിം ക്യു ബൈ സംവിധാനം ചെയ്ത ചിത്രം മുന്നോട്ട് പോവുന്നത്. രാജ്യാന്തര ചലച്ചിത്രമേളയിൽ അന്താരഷ്ട്ര മത്സര വിഭാഗത്തിലുള്ള ചിത്രമാണിത്.
തന്നെ പരമ്പരാഗതമായ രീതിയിൽ സംസ്കരിക്കണം എന്ന ഒരു അമ്മയുടെ മരണ ഒസ്യത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. എന്നാൽ, വലിയ ചിലവ് വരുന്നതുകൊണ്ട് മകൻ അതിനു തയ്യാറാവുന്നില്ല. ബന്ധുവായ വയോധികൻ സംസ്കാരത്തിനായി കുഴി വരെ വെട്ടുന്നുണ്ടെങ്കിലും മകൻ അമ്മയെ നഗരത്തിലെ ഇലക്ട്രിക് ശ്മശാനത്തിൽ ദഹിപ്പിക്കാനായി കൊണ്ടുപോവുകയാണ്.
മറ്റൊരിടത്ത് നഗരത്തിലെ ജോലിസ്ഥലത്തെ അപകടത്തിൽ ഒരു യുവാവ് മരണപ്പെടുന്നു. ഭർത്താവിന്റെ മരണം അയാളുടെ യുവതിയായ ഭാര്യയെ ഗ്രാമത്തിലേക്ക് തിരിച്ചുപോകാൻ നിർബന്ധിതയാക്കുന്നു. ഭർത്താവിന്റെ മാതാപിതാക്കൾ മരിച്ചുപോയതിനാൽ ആൾതാമസമില്ലാത്ത വീട്ടിൽ സ്ഥിരതാമസമാക്കാൻ അയാളുടെ നഗരത്തിൽ തന്നെ തുടരുന്ന സഹോദരങ്ങളും അവളെ നിർബന്ധിക്കുകയാണ്. ഒറ്റപ്പെട്ട ഗ്രാമത്തിൽ അവളെ കാത്തിരുന്നത് മടുപ്പും നിരാശയും ഉളവാക്കുന്ന ദിനങ്ങളായിരുന്നു.
മരണശേഷം മക്കൾ ഗ്രാമത്തിൽ തന്നെ സംസ്കരിച്ചില്ലെങ്കിലോ എന്ന ഭയത്താൽ തങ്ങളുടെ മരണാനന്തര ചടങ്ങുകൾ നേരത്തേ ആസൂത്രണം ചെയ്യുന്ന വയോധിക ദമ്പതികളാണ് മൂന്നാമത്തെ കഥയിലുള്ളത്. അവരുടെ പരസ്പരമുള്ള കരുതലും അഗാധമായ പ്രണയവുമെല്ലാം പ്രേക്ഷകന്റെ ഉള്ളുതൊടുന്ന രംഗങ്ങളാണ് സമ്മാനിക്കുന്നത്.
ഒരേ ഗ്രാമത്തിൽ വ്യത്യസ്ത സമയങ്ങളിൽ നടക്കുന്ന ഈ മൂന്ന് സംഭവങ്ങളിലും ഒരേ കഥാപാത്രങ്ങൾ കടന്നുവരുന്നുണ്ട്. മൂന്ന് കഥകളും പരസ്പരം ഇടകലർത്തിയാണ് ചിത്രം ആവിഷ്കരിക്കുന്നതും. വിജനമായിക്കൊണ്ടിരിക്കുന്ന നാട് തരുന്ന നിരാശയും മടുപ്പുമെല്ലാം മെമറിലാൻഡ് മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.
Content Highlights: memoryland movie review iffk 2022 international competition
Published: 15 Dec 2022, 09:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented