
നിസ്സഹായതകളിൽനിന്നും ഉടലെടുക്കുന്ന ഏത് പോരാട്ടത്തിനും നാടോ ഊരോ, ചെറുതോ വലുതോ എന്ന കണക്കുകളൊന്നുമില്ല. പെൺപോരാട്ടങ്ങൾ പലതിനുവേണ്ടിയുമാണ്, ഒരു വിഭാഗത്തിന് മാത്രം പ്രാപ്യമാവുകയും അവർക്ക് നിസ്സാരമെന്ന് തോന്നുകയും ചെയ്യുന്ന കാര്യങ്ങൾക്ക് വേണ്ടി. ശരീരത്തിന്മേലുള്ള സ്വാതന്ത്ര്യവും പെൺകുട്ടികളുടെ അവകാശങ്ങളുമെല്ലാം പറയുന്ന ചിത്രമാണ് പ്രിയനന്ദനന്റെ 'ധബാരി ക്യുരുവി'.
ചലച്ചിത്രമേളയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ എത്തുന്ന ചിത്രം പൂർണമായും ഗോത്രഭാഷയിലാണ് കഥപറയുന്നത്. ചിത്രത്തിൽ അഭിനേതാക്കളായി എത്തിയിരിക്കുന്നത് അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിൽനിന്നുള്ളവരാണ്. ജീവിതത്തിലും പാർശ്വവൽകൃതരായ കഥാപാത്രങ്ങൾ അവരുടെ പ്രശ്നങ്ങൾ സ്വന്തം ഭാഷയിൽതന്നെ അവതരിപ്പിക്കുന്നത് പ്രമേയത്തിന്റെ തീവ്രത വർധിപ്പിക്കുന്നു.
പതിനഞ്ചുകാരിയായ പാപ്പാത്തി എന്ന കഥാപാത്രത്തിന്റെ ധീരമായ നിലപാടാണ് സിനിമയുടെ നട്ടെല്ല്. ഭാഷയും ഊരും ചിത്രത്തിന് നൽകുന്ന സൗന്ദര്യത്തിന് കാന്തികൂട്ടുന്നതാകട്ടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയവരുടെ ജീവസ്സുറ്റ പ്രകടനങ്ങളും. തന്റെ സ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തി, വിരൽചൂണ്ടി സംസാരിക്കുന്ന പെൺകുട്ടിയാണ് സിനിമയിലെ മുഖ്യകഥാപാത്രം.
നിഷ്കളങ്കയായ എന്നാൽ പ്രതിസന്ധികളെ തരണം ചെയ്യാൻ ഉറച്ച ചുവടുകളുമായി മുന്നോട്ടുപോകുന്നവളാണ് പാപ്പാത്തി. കൂട്ടുകാരിയായ റാമി മാത്രമാണ് അവളുടെ സ്വപ്നങ്ങൾക്ക് പിന്തുണയുമായെത്തുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് സിനിമ തുടങ്ങുന്നത്. പാപ്പാത്തി എന്ത് പ്രതിസന്ധിയിലാണ് പെട്ടുപോയതെന്നറിയാൻ ആകാംക്ഷയോടെ കാത്തിരുന്നുപോകും സിനിമ കാണുമ്പോൾ.
സംഭാഷണങ്ങൾ മനസ്സിലാക്കാൻ ഭാഷ അവിടെ ഒരു പ്രശ്നമായതേയില്ല. അത്രമേൽ സ്വാഭാവികമായാണ് കഥാപാത്രങ്ങൾ ക്യാമറയ്ക്ക് മുന്നിൽ നിറഞ്ഞാടിയിരിക്കുന്നത്. കൗമാരത്തിലേ വിവാഹിതരാകാൻ നിർബന്ധിക്കപ്പെടുന്ന ഗോത്രവിഭാഗത്തിലെ പെൺകുട്ടികളുടെ അവസ്ഥയെക്കുറിച്ച് സിനിമയിൽ പറയുന്നുണ്ട്. ഊരിനകത്തുനിന്നും പുറത്തുനിന്നുമുള്ളവരാൽ ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീസമൂഹത്തെയും കഥാപാത്രങ്ങൾ പ്രതിനിധീകരിക്കുന്നു. പാപ്പാത്തിയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും ഗോത്ര ജനതയുടെ ജീവിതം, ആരോഗ്യം, വിദ്യാഭ്യാസം, ആചാരം, ആഘോഷം, കാഴ്ചപ്പാടുകൾ എന്നിവയെല്ലാം 'ധബാരി ക്യുരുവി'യിൽ ചർച്ചാവിഷയമാകുന്നു.
അട്ടപ്പാടിയിൽ ചിത്രീകരിച്ച സിനിമയിലേക്ക് അഭിനേതാക്കളെ തിരഞ്ഞെടുത്തത് വർക്ക്ഷോപ്പ് നടത്തിയാണ്. ഗോത്ര സമൂഹത്തിലെ കലാകാരന്മാരെ മാത്രം ഉൾപ്പെടുത്തി ഒരു സിനിമ വരുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്. ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. 104 മിനിറ്റുള്ള ചിത്രത്തിലെ ഗാനങ്ങൾ, പശ്ചാത്തല സംഗീതം, ദൃശ്യഭംഗി എല്ലാം എടുത്തുപറയേണ്ടവയാണ്.
മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകൻ, മല്ലിക, മുരകി, എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. വിനായക അജിത്ത്, ഐവാസ് വിഷ്വൽ മാജിക് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അശ്വഘോഷൻ ഛായാഗ്രാഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തത് ഏകലവ്യനാണ്.
പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കഥ അവതരിപ്പിക്കുമ്പോഴും ദൃശ്യഭംഗികൊണ്ട് കണ്ണിനെയും നിഷ്കളങ്കമായ ജീവിതങ്ങളെ പരിചയപ്പെടുത്തി മനസ്സിനേയും തണുപ്പിക്കുന്നുണ്ട് 'ധബാരി ക്യുരുവി'. അട്ടപ്പാടിയിലെ ഊരിന്റെ സംസ്കാരവും ഭംഗിയും ഭാഷയും ആളുകൾ നേരിടുന്ന ഭീഷണിയും എല്ലാം കോർത്തിണക്കിയ ചിത്രം കണ്ടവർക്ക് ഇത് പ്രിയനന്ദനന്റെ മികച്ചൊരു സൃഷ്ടിയായേ വിലയിരുത്താനാകൂ.
Content Highlights: dhabri kurivi malayalam movie review iffk 2022 priyanandanan
Published: 14 Dec 2022, 09:21 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented