ഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്ന സിനിമകള്‍ ചലച്ചിത്രമേളകളിലെമ്പാടും കാണാം. എന്നാല്‍, ഈ വിഷയത്തെ മറുവശത്തുനിന്ന് നോക്കിക്കാണുന്ന ചിത്രമെന്ന്, കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച, കണ്‍സേണ്‍ഡ് സിറ്റിസണെ ഒറ്റവാചകത്തില്‍ വിശേഷിപ്പിക്കാം. പലപ്പോഴും സ്വയം കരുതുന്നയത്ര 'പരിഷ്‌കൃതരല്ല' നാമെന്ന് ഡാര്‍ക്ക് കോമഡിയുടെ മേമ്പൊടിയോടെ ചിത്രം പറഞ്ഞുവെക്കുന്നു.

To advertise here,

ഇസ്രയേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍-അവിവിലെ മാറുന്ന മുഖം പശ്ചാത്തലമാക്കി ഇഡാന്‍ ഹഗ്വേല്‍ സംവിധാനം ചെയ്ത ചിത്രമാണ് കണ്‍സേണ്‍ഡ് സിറ്റിസണ്‍. ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ കൂട്ടമായി പാര്‍ക്കുന്ന നഗരമേഖലയില്‍ ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇവിടെ താമസിക്കുന്ന ഇസ്രായേലി പൗരനും സ്വവര്‍ഗാനുരാഗിയുമായ ബെന്നിന്റെ കാഴ്ചപ്പാടിലൂടെയാണ് കണ്‍സേണ്‍ഡ് സിറ്റിസണ്‍ പ്രേക്ഷകനിലേക്ക് എത്തുന്നത്.

പങ്കാളിയായ റാസിനൊപ്പം നഗരപ്രാന്തത്തിലെ സാമാന്യം ഭേദപ്പെട്ട അപ്പാര്‍ട്ട്‌മെന്റിലാണ് ബെന്‍ താമസിക്കുന്നത്. സരോഗസിയിലൂടെ ഒരു കുഞ്ഞിന്റെ മാതാപിതാക്കളാവാന്‍ ഒരുങ്ങുന്ന ഇരുവരും വ്യത്യസ്ത സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളേണ്ടത് ആവശ്യമാണെന്ന ബോധ്യമുള്ളവരാണ്. അതിനാല്‍, കുടിയേറ്റക്കാര്‍ മൂലമുണ്ടാകുന്ന ചില 'അസൗകര്യങ്ങള്‍' സഹിഷ്ണുതയോടെ കാണാനും അവര്‍ തയ്യാറാണ്. 

തങ്ങളുടെ പരിസരം ഭംഗിയാക്കാന്‍ ഉത്തരവാദിത്തമുള്ള പൗരനായ ബെന്‍ തെരുവില്‍ ഒരു മരം നടുന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ആഫ്രിക്കന്‍ വംശജരായ രണ്ടുപേര്‍ മരത്തില്‍ ചാരിനില്‍ക്കുന്നത് കണ്ട ബെന്‍ ഇക്കാര്യം അധികൃതരെ അറിയിക്കുകയും തുടര്‍ന്നെത്തുന്ന പോലീസ് ഇതിലൊരാളെ ബന്ധിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നു. രാത്രി,  ജാലകത്തിലൂടെ ഇതിന് സാക്ഷിയാകുന്ന, ബെന്‍ പക്ഷേ, ഈ അതിക്രമത്തിനെതിരേ ചെറുവിരല്‍ പോലും അനക്കുന്നില്ല. 

തുടര്‍ന്ന്, കുറ്റബോധത്താല്‍ ബെന്‍ തന്നെത്തന്നെ ചോദ്യംചെയ്യാനും ന്യായീകരിക്കാനും ശ്രമിക്കുകയാണ്. അതുണ്ടാക്കുന്ന ആശയക്കുഴപ്പം റാസുമായുള്ള അയാളുടെ ബന്ധത്തെയും കരിയറിനെയും ബാധിക്കുന്നതിലേക്ക് വരെ എത്തുന്നു.

ബെന്നിന്റെ ചില ചെയ്തികളിലെ അവ്യക്തത, പ്രമേയത്തെ അതിന്റെ പൂര്‍ണമായ തീവ്രതയില്‍ അവതരിപ്പിക്കാന്‍ സംവിധായകന് വിഘാതമാകുന്നുണ്ട്. അതേസമയം, അയാളുടെ അന്ത:സംഘര്‍ഷങ്ങളിലൂടെ, പുറമ്പൂച്ചുകള്‍ക്കപ്പുറം നാമെത്രമാത്രം പുരോഗമന ചിന്താഗതിക്കാരാണെന്ന് ആത്മപരിശോധന  നടത്താന്‍ ചിത്രം പ്രേക്ഷകനെ പ്രേരിപ്പിക്കുന്നു.

ആശയങ്ങളുടെ, വംശീയതയുടെ, മതത്തിന്റെ, ജാതിയുടെ -ഒക്കെ പേരില്‍ കലഹങ്ങള്‍ ഏറിവരികയും ഉള്‍ക്കൊള്ളലുകള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തില്‍ 'കണ്‍സേണ്‍ഡ് സിറ്റിസണി'ന്റെ പ്രമേയം ലോകത്തെവിടെയും പ്രസക്തമാണ്. ഉത്കണ്ഠാകുലനായ പൗരനല്ല, ഉത്കണ്ഠാകുലനായ മനുഷ്യനാവുകയാണ് ആവശ്യമെന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് ഈ ഇസ്രായേലി ചിത്രം.