സൗഹൃദത്തിന്റെ കഥ പറയുന്നതിനോടൊപ്പം ശക്തമായ രാഷ്ട്രീയം പറയുന്ന പലസ്തീനിയന്‍ സിനിമയാണ് അലം. കൗമാരക്കാരായ ചില ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ നാട്ടില്‍ നടക്കുന്ന അധിനിവേശത്തിനെതിരെ പോരാടാന്‍ തീരുമാനിക്കുന്നതും അതിലേക്ക് അവരെ നയിക്കുന്ന കാരണങ്ങളുമാണ് ചിത്രം പറയുന്നത്. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. സ്ലോ പേസില്‍ കഥ പറഞ്ഞു പോകുന്ന രീതിയാണ് ചിത്രത്തിനുള്ളത്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. 

To advertise here,

ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള പലസ്തീന്‍ പട്ടണത്തില്‍ താമസിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ടമര്‍, ഷെക്കല്‍, സഫ്വത് എന്നീ കൗമാരക്കാര്‍. പലസ്തീന്റെ ചരിത്രത്തില്‍ അഭിനിവേശമുള്ളവരാണ് ഇവര്‍. ഇസ്രായേലിന്റെ നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നത് അവര്‍ക്ക് നരകത്തില്‍ ജീവിക്കുന്നത് പോലെയാണ് തോന്നിയിരുന്നത്. ടമറും സുഹൃത്തുക്കളും ഒരു സാധാരണ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പോലെ തന്നെ അടിച്ചുപൊളി ജീവിതമാണ് നയിച്ചിരുന്നത്. ടമര്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നില്ല. എന്നാല്‍ ജറുസലേമില്‍ നിന്ന് താമസം മാറി എത്തിയ സുന്ദരിയായ മെയ്സ സ്‌കൂളിലെത്തുന്നതോടെ കഥയില്‍ മാറ്റം വരുന്നു. മെയ്സയും അവര്‍ക്കൊപ്പം അവരുടെ ഗാങില്‍ ഒരാളായി മാറുന്നു.

ടമറിന് മെയ്‌സയോടുള്ള പ്രത്യേക താല്‍പര്യം പ്രണയമായി മാറുകയും അവളെ സന്തോഷിപ്പിക്കാനായി പ്രതിഷേധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നതോടെയാണ് അവന്റെ രാഷ്ട്രീയ അവബോധം ഉണരുന്നത്.  പലസ്തീനികളുടെ വിലാപ ദിനമായ ഇസ്രായേലിന്റെ സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് ടമറും ഗാങും ഒരു ഫ്‌ലാഗ് ഓപ്പറേഷനില്‍ പങ്കെടുക്കുന്നതോടെയാണ് അവരുടെ ജീവിതം മാറി മറിയുന്നത്. 

വളരെ മെല്ലെ പോകുന്ന കഥ പറച്ചില്‍ രീതിയായിട്ടും ടമര്‍ ഒഴികെയുള്ള മറ്റ് കഥാപാത്രങ്ങള്‍ക്ക് ആഴം കുറവാണെന്നത് കല്ലുകടിയാണ്. ടമറില്‍ മാത്രം ഒതുങ്ങി പോകുന്ന കഥ പറച്ചില്‍ രീതിയാണ് സംവിധായകന്‍ ഫിറാസ് ഖൗരി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ക്ലൈമാക്‌സ് രംഗങ്ങളിലേക്കെത്തുമ്പോള്‍ സംവിധായകന്‍ ലക്ഷ്യമിടുന്ന ഇമോഷണല്‍ കണക്ഷന്‍ മറ്റ് കഥാപാത്രങ്ങളോട് ലഭിച്ചോ എന്നത് സംശയമാണ്. എന്നിരുന്നാലും പലസ്തീനിലെ ഇസ്രായേല്‍ നിയന്ത്രിത പ്രദേശങ്ങളിലെ സാഹചര്യവും അവിടത്തെ ജനതയുടെ വികാരവും കൃത്യമായി വരച്ചുകാട്ടുന്ന ചിത്രം തന്നെയാണ് അലം.