
വാടകമുറിയിൽ ആദ്യമായി താമസിക്കാനെത്തുന്ന ടീന മുറിയുടെ വാതിൽക്കലെത്തുന്ന രംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. അതേ വാതിൽക്കൽ പുതുതായെത്തുന്ന താമസിക്കാരിയെ അവൾ ആതിഥേയയായി സ്വീകരിക്കുന്ന രംഗത്തിൽ ചിത്രം അവസാനിക്കുന്നു. ഇതിനിടെയുള്ള ഹ്രസ്വകാലത്തിനിടെ അബലയായ, ലോകമെന്തെന്നറിയാത്ത യുവതിയിൽനിന്ന് സ്വതന്ത്ര സ്ത്രീയിലേക്കുള്ള ടീനയുടെ യാത്രയാണ് 'എ റൂം ഓഫ് മൈ ഔൺ' എന്ന ജോർജിയൻ ചിത്രം അവതരിപ്പിക്കുന്നത്.
ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ജോർജിയൻ സംവിധായകൻ ഇയൊസെബ് സൊസൊ ബ്ലിയാദ്സെയുടെ രണ്ടാമത്തെ ഫീച്ചർ ഫിലിമാണ് 'എ റൂം ഓഫ് മൈ ഓൺ'. ബെൽഫാസ്റ്റ്, ബുസാൻ ചലച്ചിത്രമേളകളിൽ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രം ഐ.എഫ്.എഫ്.കെയിൽ അന്താരാഷ്ട്ര ലോകസിനിമ വിഭാഗത്തിലാണ് ഇടംനേടിയിരിക്കുന്നത്. കോവിഡ് കാലത്ത് വളരെ പരിമിതമായ സൗകര്യങ്ങളിൽ വളരെ കുറഞ്ഞ ബജറ്റിൽ ഒരുക്കിയ ചിത്രമാണിത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താകി മുംലാദ്സെയും (ടീന) മരിക ഹുംദാസെയും (മേഗി) യഥാർത്ഥത്തിൽ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ തന്നെയായിരുന്നു ചിത്രീകരണവും. സംവിധായകന്റെ സുഹൃത്തായ താകി തിരക്കഥാരചനയിലും പങ്കാളിയാണ്.
കാമുകനിൽ വിശ്വസിച്ചാണ് ടീന വിവാഹബന്ധവും മാതാപിതാക്കളുമായുള്ള ബന്ധവും ഉപേക്ഷിച്ച് മേഗിയുടെ വാടകവീട്ടിൽ എത്തുന്നത്. ഇതുവരെ സ്വന്തമായി ജീവിച്ചോ വീട്ടുജേലികളല്ലാതെ മറ്റെന്തെങ്കിലും ജോലി ചെയ്തോ ഇരുപത്തിനാലുകാരിയായ ടീനയ്ക്ക് പരിചയമില്ല. പിതാവിനെയും പിന്നെ ഭർത്താവിനെയും ഇപ്പോൾ കാമുകനെയും ആശ്രയിച്ചാണ് അവൾ കഴിയുന്നത്. ഒരു മാസത്തിനകം കാമുകൻ ജോലിസ്ഥലത്തുനിന്നെത്തി തന്നെ കൂട്ടിക്കൊണ്ടുപോകുമെന്ന പ്രതീക്ഷയിലാണ് അവൾ വീടുവിട്ട് ഇറങ്ങിയിരിക്കുന്നതു തന്നെ. അതുകൊണ്ടാണ് അവൻ തന്നെ സ്വീകരിക്കാൻ തയ്യാറല്ലെന്ന തിരിച്ചറിവ് ടീനയുടെ നിലനിൽപിനെതന്നെ പ്രതിസന്ധിയിലാക്കുന്നതും.
അതേസമയം, വർക്ക് ഫ്രം ഹോമിൽ ജോലി ചെയ്ത് സുഹൃത്തുക്കൾക്കൊപ്പം പാർട്ടികൾ നടത്തിയും പാർട്ടികളിൽ പങ്കെടുത്തും താൽപര്യമുള്ളവരോടൊപ്പം ലൈംഗികത ആസ്വദിച്ചും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നയാളാണ് മേഗി. ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും മറ്റുള്ളവർ തന്നെപ്പറ്റി എന്ത് ചിന്തിക്കുന്നുവെന്ന് നോക്കാനോ സ്വന്തം സ്വാതന്ത്ര്യം ആർക്കെങ്കിലും അടിയറവെക്കാനോ മേഗി തയ്യാറല്ല. വിപരീത വ്യക്തിത്വങ്ങളായ ടീനയുടെയും മേഗിയുടെയും സഹവസിച്ചു തുടങ്ങുമ്പോൾ കാര്യങ്ങൾ അത്ര സുഖകരമാകുന്നില്ല. എന്നാൽ, മറ്റേയാൾക്ക് ഒരു പ്രതിസന്ധി നേരിടേണ്ടിവരുമ്പോൾ ഉണരുന്ന സ്ത്രീസഹജമായ വാസന ഇരുവരെയും അടുപ്പിക്കുന്നു.
ഇവർ തമ്മിൽ ഉടലെടുക്കുന്ന വൈകാരികബന്ധം സംഭവങ്ങളുടെ (കഥയുടെ) സ്വാഭാവിക ഒഴുക്കിനോട് സൂക്ഷ്മമായി ഇഴചേർത്ത് ചിത്രം അവതരിപ്പിക്കുന്നു. അത് ശാരീരികബന്ധത്തിലേക്ക് വരെ മുന്നേറുന്നുണ്ടെങ്കിലും ഒരു പ്രണയമായി ആ ബന്ധത്തെ തളച്ചിടുന്നില്ല എന്നയിടത്താണ് എ റൂം ഓഫ് മൈ ഓൺ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നത്. എതിർലിംഗത്തിൽ താൽപര്യമുള്ളവരാണ് ടീനയും മേഗിയും. എന്നാൽ, സ്ത്രീയുടെ ഭൗതികമോ വൈകാരികമോ ശാരീരികമോ ആയ ആവശ്യങ്ങൾക്ക് ഒരു പുരുഷൻ കൂടിയേതീരൂ എന്ന ധാരണ പുതിയ കാലത്ത് അപ്രസക്തമാണെന്ന് ചിത്രം ടീനയിലുണ്ടാകുന്ന മാറ്റത്തിലൂടെ വരച്ചുകാട്ടുന്നു.
സംഭവങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ ഇയോസെബ് ചിത്രീകരണത്തിലുണ്ടായ പരിമിതികൾ ഉപയോഗപ്പെടുത്തി എന്നുവേണം പറയാൻ. ടീന അമ്മയുടെ ശവസംസ്കാര ചടങ്ങിനെത്തുമ്പോൾ 'കാറിൽതന്നെ ഇരിക്കുന്ന ക്യാമറയും' കാമുകനുമൊത്തുള്ള ടീനയുടെ ദീർഘമായ വൈകാരികരംഗം സിംഗിൾ ഷോട്ടിലാവുന്നതുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. സുഘടിതമായ തിരക്കഥയ്ക്കും പരിമിതികളെ മറികടക്കുന്ന സംവിധായക മികവിനുമൊപ്പം, യഥാർത്ഥ ജീവിതത്തിലും സുഹൃത്തുക്കളായ താകിയുടെയും മരികയുടെയും ടീനയും മേഗിയുമായുള്ള ഉജ്ജ്വലമായ പകർന്നാട്ടം എ റൂം ഓഫ് മൈ ഔണിനെ മികച്ചൊരു ചലച്ചിത്രാനുഭമാക്കിമാറ്റുന്നു.
Content Highlights: A Room of My Own Review
Published: 12 Dec 2022, 10:11 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented