ന​ഗരത്തിൽ നിന്നൊക്കെ ഏറെ മാറി ബൊളീവിയയിലെ മലയോരപ്രദേശത്തെ ഒരു വിദൂര ഗ്രാമത്തിൽ താമസിക്കുന്ന വൃദ്ധരായ ദമ്പതികളുടെ കഥ പറയുന്ന ചിത്രമാണ് ബൊളീവിയൻ ചിത്രമാണ് യൂറ്റാമ. അയ്മറ ഭാഷയിൽ 'നമ്മുടെ വീട്' എന്നാണ് യൂറ്റാമ എന്ന വാക്കിന് അർത്ഥം. പ്രായം തളർത്തി തുടങ്ങിയതും ക‍ൃഷി ചെയ്യുന്ന ഭൂമിയുടെ അവസ്ഥ മോശമാകുകയും ചെയ്യുന്നതോടെ അവരുടെ ജീവിതം ​ദുഷ്കരമാകുന്നു. ഇതിനിടെ ഇവരെ കാണാനെത്തുന്ന ചെറുമകന്റെ വരവോടെ ഇവരുടെ ജീവിതം എങ്ങനെ മാറുന്നു എന്നുള്ളതാണ് യൂറ്റാമ എന്ന സിനിമയുടെ ഇതിവൃത്തം. രാജ്യാന്തര ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര മത്സരവിഭാ​ഗത്തിലാണ് യൂറ്റാമ പ്രദർശിപ്പിച്ചത്. 

To advertise here,

മികച്ച ഫ്രയിമുകളും സ്വാഭാവികമായ അഭിനയപ്രക‌നങ്ങളുമാണ് യൂറ്റാമയെ മറ്റ് ചിത്രങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന കനത്ത വരൾച്ചയും വൃദ്ധദമ്പതികൾക്ക് തങ്ങളുടെ പ്രദേശത്തോടുള്ള സ്നേഹവും വളരെ മികച്ച രീതിയിൽ സംവിധായകൻ വരച്ചുകാട്ടുന്നുണ്ട്. ചെറുമകൻ ഏറെ നിർബന്ധിച്ചിട്ടും തൻെറെ സ്ഥലം ഉപേക്ഷിച്ച് പോകാൻ തയ്യാറാവാത്ത വിർജീനിയോ എന്ന ധാർഷ്ട്യം നിറഞ്ഞ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ തന്നെ ഹോസെ കൽസീന എന്ന നടൻ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിന്റെ അവസാന നാളുകൾ മറ്റെവിടെയെങ്കിലും ചെലവഴിക്കുന്നത് വിർജീനിയോയ്ക്ക് ചിന്തിക്കാനാകുമായിരുന്നില്ല. 

ഒരു തരത്തിൽ പറഞ്ഞാൽ, വർധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക മാന്ദ്യവും പ്രിവിലേജ്ഡ് ആയിട്ടുള്ളവർ ഒഴികെ ബാക്കി ഉള്ളവരെ എങ്ങനെ ബാധിക്കുമെന്നതിന്റെ നേർച്ചിത്രമാണ് യൂറ്റാമ. സ്വാഭാവിക അഭിനയമുഹൂർത്തങ്ങൾ തന്നെയാണ് ചിത്രത്തിന്റെ എറ്റവും വലിയ പോസിറ്റീവുകളിലൊന്ന്. ഇന്നത്തെ കാലത്ത് ചിന്തിക്കാൻ കഴിയാത്ത തരത്തിലുള്ള പശ്ചാത്തലത്തിൽ അവിടെ താമസിക്കുന്നവരുടെ മാനസികാവസ്ഥ പ്രേക്ഷകരിലേക്കെത്തിക്കാൻ മികച്ച പ്രകടനത്തോടെ അഭിനേതാക്കൾക്ക് സാധിച്ചിട്ടുണ്ട്. 

പരമ്പരാ​ഗതമായി ജീവിച്ചുപോകുന്ന രീതികൾ ഉപേക്ഷിക്കേണ്ടി വരിക എന്നുപറയുന്നത് ഏതൊരു മനുഷ്യനെയും സംബന്ധിച്ച് ഏറെ മാനസികമായി ഉലയ്ക്കുന്ന കാര്യമാണ്. തൊണ്ണൂറു മിനിട്ട് നേരം പ്രേക്ഷകരെ ആ പ്രദേശത്തേക്ക് തളച്ചിടാനും കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ അവരിലേക്ക് എത്തിക്കാനും സംവിധായകനായ അലഹാൻഡ്രോ ​ഗ്രിസിക്കും സിനിമാറ്റോ​​​ഗ്രാഫർ ബാർബറ അൽവാരസിനും സാധിച്ചിട്ടുണ്ട്.