
മലമ്പ്രദേശത്തെ 'പ്രകൃതിവിരുദ്ധജനത'യെ മര്യാദപഠിപ്പിക്കാന്‍ ഇറങ്ങുന്നതിന് മുന്‍പ് പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തില്‍ നമ്മള്‍ കൂടി ഉത്തരവാദികളാണെന്ന കാര്യം ഓര്‍മ്മിപ്പിച്ച് ശാസ്ത്ര പ്രചാരകനും അധ്യാപകനും എഴുത്തുകാരനുമായ വൈശാഖന്‍ തമ്പി രംഗത്ത്. മലയോര മേഖലയില്‍ റിസോര്‍ട്ട് പണിയുന്നത് അവിടത്തുകാര്‍ക്ക് താമസിക്കാനല്ലെന്നും പുറത്തുനിന്ന് കൂടും കുടുക്കയുമായി ആഘോഷിക്കാന്‍ അങ്ങോട്ട് വലിഞ്ഞുകേറി ചെല്ലുന്ന നമ്മളെപ്പോലുള്ളവര്‍ക്ക് വേണ്ടിയാണെന്ന നാം മനസ്സിലാക്കണമെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആ ഡിമാന്‍ഡ് ആണ് സപ്ലൈ ഉണ്ടാക്കുന്നത്. അവിടെ ഉണ്ടെന്ന് പറയപ്പെടുന്ന ക്വാറി മാഫിയ മുതലാളിമാര്‍ പാറ പൊട്ടിച്ച് തിന്നുകയല്ല ചെയ്യുന്നത്. മാളും മെട്രോയുമൊക്കെ ഉണ്ടാക്കാനുള്ള പാറ ഇടപ്പള്ളി ജംഗ്ഷനീന്നല്ല പൊട്ടിച്ചേക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
ഉരുള്‍പൊട്ടല്‍ എങ്ങനെയുണ്ടാവുന്നു എന്നല്ല ചോദ്യം, അതൊരു ദുരന്തം കൂടിയാവുന്നത് എങ്ങനെയെന്നാണ്. അവിടെ പല ഘടകങ്ങള്‍ ഒരുമിച്ച് വരണം. ആദ്യം ഉരുള്‍പൊട്ടല്‍ എന്ന പ്രകൃതിപ്രതിഭാസം ഉണ്ടാകണം. അതിന് ഉണ്ടാകേണ്ട അനുകൂല സാഹചര്യങ്ങള്‍ പരിഗണിക്കാം.
ആദ്യത്തേത് മഴയാണ്. മണ്ണിന് ആഗിരണം ചെയ്ത് പിടിച്ചുനിര്‍ത്താന്‍ കഴിയാത്തത്ര (പൂരിതമായ അവസ്ഥ) വെള്ളം ഒരിടത്ത് എത്തുമ്പോഴാണ് അത് ഉരുളായി പൊട്ടിയൊഴുകുന്നത്. അതിന് അതിശക്തമായ മഴ പെയ്യേണ്ടതുണ്ട്.
മഴ പെയ്ത് മണ്ണ് ജലപൂരിതമാകുന്നയിടത്തെല്ലാം പക്ഷേ ഉരുള്‍പൊട്ടില്ല. അതിന് ഉപരിതലത്തിന്റെ ചരിവ് ഒരു വലിയ ഘടകമാണ്. ചരിവ് കൂടുമ്പോള്‍ ഗുരുത്വാകര്‍ഷണം മണ്ണിനെ നേരേ താഴേയ്ക്ക് വലിയ്ക്കാനുള്ള സാധ്യത കൂടും. അങ്ങനെ ഉരുള്‍പൊട്ടലിന് അനുകൂലമായ സാഹചര്യം ഉണ്ടാകാം. ഏതാണ്ട് 20 ഡിഗ്രിയ്ക്ക് മുകളിലാണ് ചരിവ് എങ്കില്‍ പൊതുവില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ചരിവ് കൂടിയ സ്ഥലത്ത് നല്ല മഴ പെയ്തു എന്നതുകൊണ്ട് മാത്രം ഉരുള്‍പൊട്ടലുണ്ടാകണമെന്നില്ല. ഉപരിതല മണ്ണിന്റെ സ്വഭാവവും പരിഗണിക്കണം. ചില തരം മണ്ണിന് കൂടുതല്‍ വെള്ളം ആഗിരണം ചെയ്യാനും പേസ്റ്റ് പോലെ കുറുകി ഒഴുകാനും പ്രവണത കൂടുതലാണ്. അത് ഉരുള്‍പ്പൊട്ടല്‍ സാധ്യത കൂട്ടും. പൊട്ടിയതോ കൂടിച്ചേര്‍ന്നതോ ആയ പാറകളുടെ സാന്നിദ്ധ്യം, അവിടത്തെ മരങ്ങളുടെ സാന്നിദ്ധ്യം എന്നിവയും ഒരു ഘടകമാണ്. പാറകള്‍ക്കിടയിലൂടെ വെള്ളം ഊര്‍ന്നൊഴുകുന്നത് ചരിവിന്റെ സ്ഥിരതയ്ക്ക് ഭീഷണിയായേക്കാം. മരങ്ങളില്‍ തന്നെ ചില തരം മരങ്ങളുടെ വേരുകള്‍ മണ്ണിനെ ഇറുകെ പിടിച്ചിരിക്കുന്നതുവഴി സ്ഥിരത കൂടുകയും ചെയ്യാം.ഇവയ്ക്ക് പുറമേ ഭൂമികുലുക്കം, അഗ്‌നിപര്‍വതം, മഞ്ഞുരുകല്‍ എന്നിങ്ങനെ കേരളത്തില്‍ പ്രസക്തമല്ലാത്ത ഘടകങ്ങളും പൊതുവില്‍ ഉരുള്‍പൊട്ടലിനെ ബാധിക്കാം.
ഇത് ഉരുള്‍പൊട്ടല്‍ എന്ന പ്രകൃതിപ്രതിഭാസം ഉണ്ടാകുന്നതിന് അനുകൂലമായ ഘടകങ്ങളേ ആയിട്ടുള്ളൂ. അതൊരു ദുരന്തം ആവണമെങ്കില്‍ ഇപ്പറഞ്ഞ ഉരുള്‍പൊട്ടല്‍ നടക്കുന്നിടത്തോ അതിന്റെ അനന്തരഫലങ്ങള്‍ ഉണ്ടാകുന്നിടത്തോ മനുഷ്യസാന്നിദ്ധ്യം വേണം. ദുരന്തങ്ങളല്ലാത്ത ഉരുള്‍പൊട്ടലുകള്‍ മനുഷ്യരുണ്ടാകുന്നതിന് മുന്‍പും ഇന്നും ഒരുപാട് നടക്കുന്നുണ്ട്. ഇനിയും നടക്കും.
നമുക്കിവിടെ ചര്‍ച്ച ചെയ്യേണ്ടത്, ഉരുള്‍പൊട്ടലുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ചല്ല, ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചാണ്. അതിനെ രണ്ട് രീതിയില്‍ കാണാം; ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഉള്ളയിടത്ത് മനുഷ്യസാന്നിദ്ധ്യം ഒഴിവാക്കാന്‍ ശ്രമിക്കാം, അല്ലെങ്കില്‍ മനുഷ്യരുള്ളയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ നോക്കാം.
കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങളില്‍ മനുഷ്യവാസം എന്നത് ഒരു വലിയ പ്രശ്‌നമാണ്. പാവയ്ക്കാ പോലെ നീണ്ടൊരു ചെറിയ സംസ്ഥാനം, അതിന്റെ പടിഞ്ഞാറ് വശത്ത് ഉടനീളം തീരപ്രദേശവും, മറുവശത്ത് കിഴക്ക് ഉടനീളം മലമ്പ്രദേശവും ആണ്. മഴയ്ക്ക് വളരെ അനുകൂലമായ സാഹചര്യമാണിത്. 44 നദികളാണ് ഈ ചെറിയ പ്രദേശത്തുള്ളത്. ഇന്‍ഡ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശം കൂടിയാണ് കേരളം. (ഇന്‍ഡ്യയുടെ 1.2% മാത്രം വലിപ്പമുള്ള ഈ സംസ്ഥാനത്ത് ഇന്‍ഡ്യന്‍ ജനസംഖ്യയുടെ 3.4% പേരാണ് താമസിക്കുന്നത്.) ഇതില്‍ത്തന്നെ ജനങ്ങളില്‍ ഭൂരിഭാഗവും തീരപ്രദേശങ്ങളോട് ചേര്‍ന്നാണ് താമസിക്കുന്നത്. കേരളത്തിന്റെ ശരാശരി ജനസാന്ദ്രതയുടെ 2.5 മടങ്ങാണ് തീരപ്രദേശങ്ങളിലെ ജനസാന്ദ്രത. കിഴക്കന്‍ മേഖലയിലെ മലമ്പ്രദേശങ്ങളില്‍ താരതമ്യേന വളരെക്കുറച്ച് മനുഷ്യരേ ഉള്ളൂ. വലിയ വികസിതസൗകര്യങ്ങളൊന്നുമില്ലാതെ, പലപ്പോഴും കാട്ടുമൃഗങ്ങളോട് മല്ലിടേണ്ടിവരുന്ന സാഹചര്യങ്ങളിലാണ് അവര്‍ ജീവിക്കുന്നതും.അവിടെ പലയിടങ്ങളിലും മൊബൈലിന് റെയ്ഞ്ച് കിട്ടാന്‍ പോലും പാടാണ്, നല്ല ആശുപത്രികള്‍ കുറവാണ്, വാഹനസൗകര്യങ്ങള്‍ കുറവാണ്, പല കാര്യങ്ങള്‍ക്കും ഒരുപാട് ദൂരം സഞ്ചരിച്ച് പോകേണ്ടിവരും.എന്നിട്ടും ആ മനുഷ്യര്‍ അവിടെത്തന്നെ താമസിക്കുന്നു എങ്കില്‍ അവരുടെ അവസ്ഥ അതായതുകൊണ്ടാണ്. തേയിലത്തോട്ടത്തില്‍ പണിയെടുക്കുന്നവര്‍ക്ക് അതിനടുത്ത് തന്നെ താമസിക്കേണ്ടിവരുമല്ലോ, രാവിലെ 50 കിലോമീറ്റര്‍ ദൂരെയുള്ള നഗരത്തില്‍ നിന്നും സ്വന്തം വണ്ടിയില്‍ വന്ന് പോകാനുള്ള പാങ്ങുണ്ടാവില്ലല്ലോ.
ഇനി അടുത്ത ഓപ്ഷന്‍ ആളുകള്‍ താമസിക്കുന്നിടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗം നോക്കുക എന്നതാണ്. ഉരുള്‍പൊട്ടലിലേയ്ക്ക് നയിക്കുന്ന പ്രധാന ഘടകമായ മഴയ്ക്ക് മുകളില്‍ നമുക്ക് കണ്‍ട്രോള്‍ ഇല്ല. അത് പതിവില്ലാത്തവിധം കൂടുന്നതായി നമ്മള്‍ മനസ്സിലാക്കുന്നുണ്ട്. ആഗോള കാലാവസ്ഥാമാറ്റമാണ് കാരണം. (അതിലേയ്ക്ക് നയിക്കുന്ന പ്രധാന ഘടകമായ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ഈ മലമ്പ്രദേശത്തെ മനുഷ്യര്‍ക്ക് തീരെ പങ്കുമില്ലാതാനും.) അങ്ങനെ വരുമ്പോള്‍ പിന്നെ ഉരുള്‍പൊട്ടലിലേയ്ക്ക് സഹായകമാകുന്ന മറ്റ് ഘടകങ്ങളെ നിയന്ത്രിക്കാന്‍ പറ്റുമോ എന്ന് നോക്കണം.
ഒരുപാട് ചരിവുള്ള ഇടങ്ങളില്‍ അപകടസാധ്യത കൂടുതലാണ് എന്ന് മനസ്സിലാക്കി അവിടന്ന് വിട്ടുനില്‍ക്കാം. പക്ഷേ പൊതുവില്‍ മനുഷ്യര്‍ വീട് വെക്കാനും സെറ്റില്‍ ചെയ്യാനും സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ കാണാവുന്ന കാര്യങ്ങളെവച്ചാണ് തീരുമാനമെടുക്കുന്നത്. പത്ത് കിലോമീറ്റര്‍ അപ്പുറത്ത് എത്ര ആള്‍ട്ടിട്യൂഡ് ഉണ്ടെന്ന് ശ്രദ്ധിക്കുന്ന എത്രപേരുണ്ട്! മഴ ഇന്നത്തെപ്പോലെ അതിതീവ്രമല്ലാതിരുന്ന കാലത്ത് പ്രത്യേകിച്ചും അതൊരു വലിയ പരിഗണന ആയിരുന്നില്ല. ഒരിയ്ക്കല്‍ ഗ്രാമങ്ങളോ പട്ടണങ്ങളോ രൂപപ്പെട്ട് കഴിഞ്ഞാല്‍ ആളുകള്‍ അവിടന്ന് സ്വയം പറിച്ചുനടുന്നതിന് പൊതുവേ മടി കാണിക്കും. കാരണം അവരുടെ സമ്പാദ്യം അവിടെ വീട് വെക്കാനും, കൃഷിയിറക്കാനുമൊക്കെ നിക്ഷേപിച്ചുകാണും. ചിലപ്പോള്‍ അത് കടത്തിലുമായിരിക്കും. അവര്‍ക്ക് ആ സ്ഥലത്തെ ജോലികളേ അറിയുമായിരിക്കുള്ളൂ, അവര്‍ക്ക് അവിടെയോ പരസ്പരം അറിയുമായിരിക്കുള്ളൂ. മറ്റൊരിടത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ബദ്ധപ്പാടും, ഒരുപക്ഷേ എന്നെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ആരൊക്കെയോ പറയുന്ന ഒരു പ്രകൃതിദുരന്തവും തമ്മില്‍ കൂട്ടിക്കിഴിച്ചുനോക്കുമ്പോള്‍ ആദ്യത്തേതിനായിരിക്കും കൂടുതല്‍ ഭാരം. ആവര്‍ത്തിക്കണം, മഴ ഇന്നത്തെപ്പോലെ അതിതീവ്രമല്ലാതിരുന്ന കാലത്ത് പ്രത്യേകിച്ചും.
നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ആസൂത്രണം ഉണ്ടാക്കുക എന്നതാണ് ഇനിയുള്ള മാര്‍ഗം. അവിടെ റോഡ് വെട്ടരുത്, കെട്ടിടം വെക്കരുത് എന്നൊക്കെ തിരുവനന്തപുരം നഗരത്തിലിരിക്കുന്ന എനിക്ക് വേണമെങ്കില്‍ ഫെയ്‌സ്ബുക്കില്‍ എഴുതിവെക്കാം. മുന്നില്‍ക്കൂടി വിശാലമായ റോഡ് പോകുന്ന, ഏത് പാതിരാത്രിയും സ്വിഗ്ഗിയും ഊബര്‍ ടാക്‌സിയും ഒക്കെ ലഭ്യമായ, തൊട്ട് ചുറ്റുപാടും നിരവധി ആശുപത്രികളും ഷോപ്പിങ് സൗകര്യങ്ങളും ഉള്ള, കറന്റുകട്ട് അത്ര സാധാരണമല്ലാത്ത ഒരു സ്ഥലത്തിരുന്ന് ആ ഉപദേശം ഇറക്കാന്‍ എളുപ്പമാണ്. എനിക്ക് നേരത്തേ പറഞ്ഞതൊക്കെ പ്രകൃതിരമണീയമായ ടൂറിസ്റ്റ് സ്ഥലങ്ങളാണല്ലോ, വല്ലപ്പോഴും പോയി കണ്ട്, ആസ്വദിച്ച് തിരിച്ചുവന്നാല്‍പ്പോരേ! നഗരങ്ങളില്‍ നിന്നും അവിടേയ്ക്ക് എത്താന്‍ വേണ്ട റോഡുകള്‍ മാത്രം വലുതായാല്‍ മതി എനിക്ക്. പിന്നെ എനിക്ക് അവധിസമയം ചെലവഴിക്കാന്‍ ആ പ്രകൃതിരമണീയതയുടെ നടുക്ക് നല്ല റിസോര്‍ട്ടുകളും വേണം ('അത് റിസോര്‍ട്ട് മാഫിയ ആകാതിരിക്കണമെന്നേയുള്ളൂ!') മറ്റ് വികസനങ്ങളൊന്നും അവിടെ ആവശ്യമില്ലാ എന്നും വാദിക്കാം.
എന്തോ, നഗരങ്ങളില്‍ കഴിയുന്നവരുടെ സൗകര്യങ്ങള്‍ മലമ്പ്രദേശങ്ങളിലുള്ളവര്‍ക്ക് നിഷേധിക്കാന്‍ ഈയുള്ളവന് സാധിക്കുന്നില്ല. അതിനര്‍ത്ഥം അവിടത്തെ ഭൂവിനിയോഗം തോന്നിയപോലൊക്കെ നടത്താന്‍ അനുവദിക്കാം എന്നല്ല. കാലാവസ്ഥ മുന്‍പെങ്ങുമില്ലാത്തവിധം മാറിയ സ്ഥിതിയ്ക്ക് അതൊക്കെ കൃത്യമായി പഠിച്ചശേഷം ശക്തമായ നയരൂപീകരണം ഉണ്ടാവണം. കുന്ന് ചെത്തി റോഡ് ഉണ്ടാക്കുമ്പോള്‍ മണ്ണിന്റെ സ്ഥിരത പോകുന്നില്ല എന്നുറപ്പിക്കുക, കെട്ടിടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നാളെ അത് സ്വന്തം തലയിലേയ്ക്ക് വീഴാന്‍ സാധ്യതയില്ലാത്ത ഇടത്താണെന്നുറപ്പിക്കുക, പ്ലാന്റേഷനുകള്‍ വരുമ്പോള്‍ മണ്ണിന് ബലം നല്‍കുന്ന മരങ്ങള്‍ ഇല്ലാതാകാതെ നോക്കുക എന്നിങ്ങനെ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിവരും. അത് പ്രകൃതിയെ സംരക്ഷിക്കാനൊന്നുമല്ല, മനുഷ്യനെ സംരക്ഷിക്കാനാണ്. (നമ്മളാരാ പ്രകൃതിയെ സംരക്ഷിക്കാന്‍, പ്രകൃതിയ്ക്ക് ഒരുകാലത്തും അതിന്റെ ആവശ്യം വരില്ല!) പക്ഷേ അതെല്ലാം പല രംഗങ്ങളിലെ വിദഗ്ദ്ധരുടെ കൂട്ടായ ആലോചനകളിലൂടെ ഉണ്ടാവേണ്ട തീരുമാനങ്ങളാണ്. കാലാവസ്ഥ, പരിസ്ഥിതി, ഭൂഗര്‍ഭശാസ്ത്രം, ജലവിഭവശാസ്ത്രം, തുടങ്ങിയ പല ശാസ്ത്രമേഖലകളിലെ വിദഗ്ദ്ധരും രാഷ്ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും ഒക്കെ കൂട്ടായിവേണം അത്തരം ആലോചനകളും അവലോകനങ്ങളും നടത്താന്‍. ദുരന്തങ്ങള്‍ക്ക് ഞൊടിയിടയില്‍ ഒറ്റമൂലം കണ്ടെത്തി ഒറ്റമൂലി നിര്‍ദ്ദേശിക്കുന്നവരെ പറ്റുമെങ്കില്‍ ആ ഭാഗത്ത് അടുപ്പിക്കാതെ നോക്കണം.
ഏറ്റവും പ്രധാനമായി വേണ്ടത്, മലമ്പ്രദേശത്തെ 'പ്രകൃതിവിരുദ്ധജനത'യെ മര്യാദപഠിപ്പിക്കാന്‍ ഇറങ്ങുന്നതിന് മുന്‍പ് നമ്മള്‍ ആദ്യം ഇതൊന്ന് കൃത്യമായി പഠിക്കുക എന്നതാണ്. അത് നമുക്കുകൂടി ഉത്തരവാദിത്വം ഉള്ള കാര്യമാണെന്ന് കൃത്യമായി തിരിച്ചറിയണം. അവിടത്തുകാര്‍ക്ക് താമസിക്കാനല്ല അവിടെ റിസോര്‍ട്ടുകള്‍ പൊങ്ങുന്നത് എന്നും, അത് പുറത്തുനിന്ന് കൂടും കുടുക്കയുമായി ആഘോഷിക്കാന്‍ അങ്ങോട്ട് വലിഞ്ഞുകേറി ചെല്ലുന്ന നമ്മളെപ്പോലുള്ളവര്‍ക്കാണ് എന്നും മനസ്സിലാക്കുക. ആ ഡിമാന്‍ഡ് ആണ് സപ്ലൈ ഉണ്ടാക്കുന്നത്. അവിടെ ഉണ്ടെന്ന് പറയപ്പെടുന്ന ക്വാറി മാഫിയ മുതലാളിമാര്‍ പാറ പൊട്ടിച്ച് തിന്നുകയല്ല ചെയ്യുന്നത് എന്നും ഓര്‍ക്കേണ്ടതുണ്ട്. ലുലു മാളും മെട്രോയുമൊക്കെ ഉണ്ടാക്കാനുള്ള പാറ ഇടപ്പള്ളി ജംഗ്ഷനീന്നല്ല പൊട്ടിച്ചേക്കുന്നത്!
Content Highlights: vaisakhan thampi post,wayanad landslide,quarry mafia,resort
Published: 07 Aug 2024, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented