സ്‌കൂള്‍ കാലം മുതല്‍ പഠിക്കുന്നതാണെങ്കിലും ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാന്‍ ഭൂരിഭാഗം പേര്‍ക്കും കഴിയാറില്ല. എന്നാല്‍ സ്‌കൂളില്‍ പോലും പോകാത്ത ഒരു കൊച്ചുപെണ്‍കുട്ടി ഒഴുക്കോടെ സംസാരിക്കുകയാണ്; ഇംഗ്ലീഷ് മാത്രമല്ല, ഇംഗ്ലീഷ് ഉള്‍പ്പെടെ ആറ് ഭാഷകള്‍. പാകിസ്താന്‍ സ്വദേശിനിയായ ഷുമൈലയാണ് സോഷ്യല്‍ മീഡിയയെയാകെ ഇപ്പോള്‍ അമ്പരപ്പിച്ചിരിക്കുന്നത്. കടല വില്‍പ്പനക്കാരിയായ ഈ മിടുക്കിയെ പാകിസ്താനി വ്‌ളോഗറും ഡോക്ടറുമായ സീഷാന്‍ ആണ് സൈബര്‍ ലോകത്തിന് പരിചയപ്പെടുത്തിയത്.

To advertise here,

ഇംഗ്ലീഷ്, ഉറുദു, ചിത്രാലി, സിരാകി, പഞ്ചാബി, പഷ്തൂ എന്നീ ആറ് ഭാഷകള്‍ താന്‍ സംസാരിക്കുമെന്ന് സീഷാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഷുമൈല അഭിമാനത്തോടെ പറയുന്നു. തന്റെ പിതാവിന് 14 ഭാഷകള്‍ അറിയാമെന്നും പിതാവാണ് തന്നെ ആറ് ഭാഷകളും പഠിപ്പിച്ചതെന്നും അവള്‍ പറഞ്ഞു. കടലയും സൂര്യകാന്തി വിത്തുകളും വില്‍ക്കുന്നതാണ് തന്റെ ജോലിയെന്ന് പറഞ്ഞ ഷുമൈല, തന്റെ പക്കല്‍ നിന്ന് എന്തെങ്കിലും വാങ്ങുന്നോ എന്നും ഒഴുക്കുള്ള ഇംഗ്ലീഷില്‍ സീഷാനോട് ചോദിക്കുന്നുണ്ട്. 

ഡോ. സീഷാന്‍ പങ്കുവെച്ച മറ്റൊരു വീഡിയോയില്‍ തന്റെ വ്യക്തിപരമായ കാര്യങ്ങളും ഷുമൈല പറഞ്ഞു. തനിക്ക് അഞ്ച് അമ്മമാരുണ്ടെന്നും 30 സഹോദരങ്ങളുണ്ടെന്നും ഷുമൈല പറഞ്ഞു. തന്റെ സഹോദരന്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. 'ഷുമൈല സ്‌കൂളില്‍ പോയിട്ടില്ല, പക്ഷേ അവള്‍ എന്നെക്കാള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു' എന്ന കുറിപ്പോടെയാണ് ഡോ. സീഷാന്‍ വീഡിയോ പങ്കുവെച്ചത്.