മുംബൈയിലെ മെട്രോ തൂണിൽ നിയമവിരുദ്ധമായി സ്ഥാപിച്ച പരസ്യങ്ങൾ നീക്കം ചെയ്ത യുവാവിന് സാമൂഹികമാധ്യമങ്ങളിൽ കൈയ്യടി. കാർത്തിക് നാടാർ എന്ന യുവാവാണ് മെട്രോ ലൈൻ 2B-യുടെ തൂണിൽ നിയമവിരുദ്ധമായി സ്ഥാപിച്ച പരസ്യങ്ങൾ നീക്കംചെയ്തത്. പോസ്റ്ററുകൾ നീക്കം ചെയ്തതിന്റെ ചിത്രങ്ങൾ അദ്ദേഹം എക്സിൽ പങ്കുവെയ്ക്കുകയും ചെയ്തു.

To advertise here,

'ഏതോ ഒരു വിഡ്ഢി മെട്രോ ലൈൻ 2B-യുടെ തൂണിൽ ബിസിനസ് പരസ്യം ഒട്ടിച്ചിരിക്കുന്നു. ഞാൻ അത് നീക്കം ചെയ്തു. നമ്മുടെ നാടിന്റെ സൗന്ദര്യാത്മകതയെ ഇതൊന്നും ബാധിക്കാൻ പാടില്ല. രാഷ്ട്രീയ ബാനറുകളാണ് അടുത്ത ലക്ഷ്യം, അത് ഉടൻ ആരംഭിക്കും', യുവാവ് എക്സിൽ കുറിച്ചു.

ബാനറിൽ വിളിച്ച നമ്പറിൽ വിളിച്ച് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. അത് നീക്കം ചെയ്യാൻ പണം തരുന്നതിന് അവർ തയ്യാറായിരുന്നു. താൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണെന്ന് അവർ കരുതിയിരിക്കാം. പോസ്റ്റർ നീക്കം ചെയ്യുന്നതിന് കുറച്ച് ദിവസം കാത്തെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റ് വൈറലായതോടെ ഒട്ടേറെപ്പേർ യുവാവിനെ അഭിനന്ദിച്ച് രംഗത്തെത്തി. മുംബൈയിലായിരുന്നുവെങ്കിൽ നിങ്ങളെ സഹായിക്കാൻ എത്തിയേനെയെന്ന് ഒരാൾ കുറിച്ചു. മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡും (MMMOCL) കാർത്തിക്കിനെ പ്രശംസിച്ചു. പോസ്റ്ററിൽ പരാമർശിച്ചിരിക്കുന്ന സ്ഥാപനത്തിന് പിഴ ചുമത്തിയതായും അവർ അറിയിച്ചു.