വാഷിങ്ടൺ: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ വൈകാരികമായി അമേരിക്കയോട് യാത്ര പറഞ്ഞ് ഇന്ത്യൻ യുവതി. പുതിയ ജോലിക്കു വേണ്ടി മാസങ്ങളോളം അമേരിക്കയിൽ തിരഞ്ഞുവെങ്കിലും ഒന്നും ശരിയാകാത്തതിനെത്തുടർന്ന് അനന്യ ജോഷി എന്ന ഇന്ത്യക്കാരി അമേരിക്ക വിടാൻ നിർബന്ധിതയാവുകയായിരുന്നു. കണ്ണീരോടെ അമേരിക്കയോട് വിടപറയുന്നതിന്റെ ദൃശ്യങ്ങൾ യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

To advertise here,

ഏറ്റവും കഠിനമായ ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും യാഥാർത്ഥ്യം അംഗീകരിക്കുന്നുവെന്നും യുവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അമേരിക്ക വിടുന്നുവെന്ന വൈകാരികാഘാതത്തെ നേരിടാന്‍ തനിക്ക് ഒന്നുകൊണ്ടും സാധ്യമാവില്ലെന്ന് യുവതി കുറിപ്പിൽ പറയുന്നു. അമേരിക്ക തന്റെ ആദ്യവീടായിരുന്നുവെന്നും ഇതുവരെ തനിക്ക് ലഭിച്ച അനുഭവങ്ങൾക്ക് നന്ദി പറയുന്നതായും അനന്യ ജോഷി കുറിച്ചു.

നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബയോടെക്‌നോളജിയിൽ 2024-നാണ് അനന്യ ബിരുദാനന്തര ബിരുദം നേടിയത്. തുടർന്ന് ഒരു ബയോടെക് സ്റ്റാർട്ടപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. അടുത്തിടെയാണ് ജോലിയിൽ നിന്ന് അനന്യയെ പിരിച്ചുവിട്ടത്. ഇതേത്തുടർന്ന് പുതിയ ജോലിക്കു വേണ്ടിയുള്ള അന്വേഷണമായിരുന്നു.

കമ്പനിയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തന്നെ പിരിച്ചുവിട്ടതെന്നാണ് അനന്യ പറയുന്നത്. യുഎസിൽ തുടരാൻ പെട്ടെന്ന് തന്നെ ഒരു ജോലി അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നാല് മാസങ്ങൾക്ക് മുമ്പ് അനന്യ സാമൂഹിക മാധ്യമമായ ലിങ്ക്ഡ് ഇന്നിൽ കുറിച്ചിരുന്നു. എന്നാൽ എത്ര ശ്രമിച്ചിട്ടും അനുയോജ്യമായ ജോലി തനിക്ക് കണ്ടെത്താൻ സാധിക്കാത്തതിനാൽ രാജ്യം വിട്ട് മറ്റെവിടെയെങ്കിലും അവസരം തേടാൻ തീരുമാനിച്ചതായാണ് അനന്യ പറയുന്നു.