തൃശ്ശൂരില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം കേരള ജനതയെ ഞെട്ടിക്കുന്നതായിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയാണ് ടി.ടി.ഇ. കെ. വിനോദിനെ കൊലപ്പെടുത്തിയത്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കാണേണ്ടി വന്ന സമാന അനുഭവം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് യാത്രക്കാരനായ ദിപിന്‍ ജയദീപ്. ലോകമാന്യ തിലക്-തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്‌സ്പ്രസിലാണ് സമാന സംഭവം നേരിട്ട് കാണേണ്ടി വന്നതെന്നും ദിപിന്‍ കുറിപ്പില്‍ പറയുന്നു. ടിക്കറ്റെടുക്കാതെ വന്നവർ ടി.ടി.ഇ.യെ കണ്ട് പേടിച്ചോടി. എന്നാൽ മുന്നില്‍ നിന്നവരോട് ടി.ടി.ഇ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ കൂട്ടം ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നതാണ് കണ്ടത്. ആ അവസ്ഥ കണ്ടപ്പോള്‍ കഷ്ടം തോന്നി. ഇന്ത്യന്‍ റെയില്‍വെ കാലോചിതമായി മാറിയില്ല എങ്കില്‍ ഇങ്ങനെ ഒരുപാട് ദുരന്തങ്ങള്‍ക്ക് നമ്മള്‍ സാക്ഷി ആകേണ്ടി വരുമെന്നും ദിപിന്‍ കുറിപ്പിൽ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം-
വടക്കാഞ്ചേരിക്കടുത്ത് വെള്ളപ്പായയില്‍ ഒഡിഷ സ്വദേശി ട്രയിനില്‍ നിന്ന് TTE യേ തള്ളിയിട്ടു കൊന്ന വാര്‍ത്ത കണ്ടപ്പോള്‍ ഒരു നിമിഷം ഞെട്ടിപ്പോയി. കാരണം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലേ പന്‍വേലില്‍ നിന്നും നാട്ടിലേക്ക് യാത്ര ചെയ്ത എനിക്ക് സമാനമായ ഒരു സംഭവം കാണേണ്ടി വന്നിരുന്നു. 16345 നമ്പര്‍ ലോകമാന്യ തിലക്- തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്‌സ്പ്രസ്സ് ആയിരുന്നു ഞാന്‍ യാത്ര ചെയ്ത ട്രെയിന്‍.ട്രെയിന്‍ പുറപ്പെട്ട് മൂന്നാമത്തെ സ്റ്റേഷന്‍ ആയ പന്‍വേലില്‍ നിന്ന് ഞാന്‍ കയറുമ്പോള്‍ തന്നെ സ്ലീപ്പര്‍ കോച്ചുകളില്‍ ടിക്കറ്റ് എടുക്കാത്തവര്‍ ഒരുപാട് ഉണ്ടായിരുന്നു. അവിടെ ഒന്നും TTE വന്നിരുന്നില്ല. ഒടുവില്‍ ഗോവയില്‍ വച്ച് ആണ് ആദ്യമായി TTE വരുന്നത്. അയാളെ കണ്ടപ്പോള്‍ പലയിടത്തും പമ്മിയിരുന്ന കള്ള യാത്രക്കാര്‍ ശുചിമുറിയിലും മറ്റും പോയി ഒളിച്ചു. എന്നാല്‍ TTE വഴിയില്‍ കിട്ടിയ ചിലരെ പിടികൂടി ടിക്കറ്റ് ചോദിച്ചപ്പോള്‍ അവര്‍ സംഘം ചേര്‍ന്ന് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്നത് ആണ് കണ്ടത്.
അദ്ദേഹത്തിന്റെ അവസ്ഥ കണ്ടപ്പോള്‍ കഷ്ടം തോന്നിയിരുന്നു. അയാളെ ഇവന്മാര്‍ ചേര്‍ന്ന് പുറത്തേക്ക് തള്ളി ഇട്ടാല്‍ പോലും ഒരു RPF ഓഫീസര്‍ പോലും കാണില്ലല്ലോ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു. സംഭവം കഴിഞ്ഞ് 24 മണിക്കൂര്‍ പിന്നിടും മുന്‍പ് ആണ് ഈ ദുരന്തവാര്‍ത്ത വരുന്നത്. 20 കൊല്ലം ആയി ഇന്ത്യന്‍ റായില്‍വെയില്‍ ജോലി ചെയ്തു വരുന്ന എറണാകുളം സ്വദേശി ആയ വിനോദ് എന്നTTE ആണ് അതി ദാരുണമായി കൊല ചെയ്യപ്പെട്ടത്. ഒഡിഷക്കാരന്‍ ആയ രജനികാന്ത് എന്ന ആളെ പാലക്കാട് വച്ചു അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് കണ്ടത്.
ടിക്കറ്റ് എടുക്കുന്ന ശീലം ഇല്ലാത്തവര്‍ ആണ് തെന്നിന്ത്യയ്ക്ക് അപ്പുറം ഉള്ള ട്രെയിന്‍ യാത്രികരില്‍ നല്ലൊരു ശതമാനവും. ഇന്ത്യന്‍ റായില്‍വെയുടെ സതേണ്‍ സോണ്‍ പോലെ അല്ല മറ്റു സോണുകള്‍ എന്ന് വടക്കോട്ട് യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് അറിയാം.
മുന്‍പ് ഒരിക്കല്‍ ഒരു വ്‌ലോഗറുടെ കുടുംബം ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു കൂട്ടം തെമ്മാടികള്‍ മദ്യപിച്ചു കൊണ്ട് അവരെ ശല്യം ചെയ്ത സംഭവം വായിച്ചത് ഓര്‍ക്കുന്നു. അന്ന് TTE യുടെ സഹായത്തിന് വേണ്ടി ആ കുടുംബം കുറേ അന്വേഷിച്ചു. എങ്ങിനെ TTE യുമായി ബന്ധപ്പെടും എന്ന് അറിയാതെ നിന്ന അവരെ ഒടുവില്‍ പാന്‍ട്രി കോച്ചില്‍ നിന്ന് ഭക്ഷണം വില്‍ക്കാന്‍ വന്നവര്‍ ആണ് സഹായിച്ചത്. അവര്‍ പോയി ദൂരെ ഏതോ കോച്ചില്‍ ഉള്ള RPF ഓഫീസറെ കൂട്ടി കൊണ്ട് വന്ന് ആണ് ഒടുവില്‍ അവരെ രക്ഷിച്ചത്.
എല്ലാ കോച്ചിലും ഇല്ലെങ്കില്‍ പോലും എല്ലാ ടൈപ് കോച്ചുകളിലും അങ്ങോട്ടും ഇങ്ങോട്ടും ആയുധധാരികള്‍ ആയ RPF ഉദ്യോഗസ്ഥര്‍ നടന്നു എങ്കില്‍ ഈ സ്ഥിതി ഒക്കെ മാറും. സ്ത്രീകള്‍ക്ക് മാത്രം ഉള്ള പൊതു കമ്പാര്‍ട്ട്‌മെന്റില്‍ പോലും RPF കാര്‍ ഉണ്ടാവാറില്ല. ഒരു സഹായത്തിനു ആരെ വിളിക്കും എന്ന് പലര്‍ക്കും അറിയില്ല. അതുപോലെ വാതില്‍ തുറന്ന് ഇട്ട് ആണ് ബഹു ഭൂരിപക്ഷം ട്രെയിനുകളും ഓടുന്നത്. അതൊരു നല്ല രീതിയേ അല്ല. ടിക്കറ്റ് എടുക്കാന്‍ എല്ലാവര്‍ക്കും ആധാര്‍നമ്പറും ആയി ബന്ധിപ്പിച്ചു കൊണ്ട് ഒരു യുണീക്ക് നമ്പര്‍ കൊടുക്കുകയും ആ നമ്പര്‍ പറഞ്ഞാല്‍ മാത്രം ടിക്കറ്റ് ഇഷ്യു ചെയ്യുകയും ചെയ്യുന്ന ഒരു രീതി അവലംബിച്ചാല്‍ ചുരുങ്ങിയത് ടിക്കറ്റ് ഉള്ളവരുടെ മേല്‍വിലാസം എങ്കിലും ലഭിക്കും. ഇപ്പോള്‍ റിസര്‍വേഷന്‍ ചെയ്യാന്‍ ഇതൊന്നും ആവശ്യം ഇല്ല. ഇന്ത്യന്‍ റയില്‍വെ കാലോചിതമായി മാറിയില്ല എങ്കില്‍ ഇങ്ങനെ ഒരുപാട് ദുരന്തങ്ങള്‍ക്ക് നമ്മള്‍ സാക്ഷി ആകേണ്ടി വരും.
ദിപിന്‍ ജയദീപ്
Content Highlights: fb post on tte killed by a passenger
Published: 03 Apr 2024, 01:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented