
ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയില്‍ എടുത്തശേഷം വിട്ടുനല്‍കാതിരുന്ന പോലീസ് നടപടിയില്‍ മനംനോന്ത് ജീവനൊടുക്കിയ ഓട്ടോഡ്രൈവര്‍ കെ.അബ്ദുള്‍ സത്താറിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്ന കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ജംഷിദ് പള്ളിപ്രം എന്നയാള്‍ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പാണ് ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നത്. രണ്ടായിരത്തില്‍ അധികം ആളുകളാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് അബ്ദുള്‍സത്താറിന്റെ ഓട്ടോറിക്ഷ ടൗണിലെ ഗീത ജങ്ഷനില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. തടസ്സമുണ്ടാക്കുന്നവിധം റോഡിന് നടുവില്‍ ഓട്ടോ നിര്‍ത്തിയതിനാണ് കേസെടുത്തത്. ഗതാഗത തടസ്സമുണ്ടായതോടെ എസ്.ഐ. അനൂബ് എത്തി താക്കോല്‍ കൈവശപ്പെടുത്തി വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓട്ടോ വിട്ടുകിട്ടാന്‍ കാസര്‍കോട് ഡിവൈ.എസ്.പി. സി.കെ.സുനില്‍കുമാറിന് പരാതി നല്‍കിയിരുന്നു. വാഹനം വിട്ടുകൊടുക്കാന്‍ ഡിവൈ.എസ്.പി. നിര്‍ദേശിച്ചെങ്കിലും പോലീസ് അതിന് തയാറായില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്.
ടൗണ്‍ പോലീസ് ഓട്ടോ പിടിച്ചുവച്ചെന്നും വിട്ടുനല്‍കാതെ മാനസികമായി ബുദ്ധിമുട്ടിക്കുകയാണെന്നും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചെന്നും തിങ്കളാഴ്ച രാവിലെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ അബ്ദുള്‍ സത്താര്‍ പറഞ്ഞിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട് ക്വാര്‍ട്ടേഴ്സിലേക്ക് ആളുകളെത്തിയപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസ് കെട്ടിട ഉടമയുമായെത്തി തുറക്കുകയായിരുന്നു. ഹോം ഗാര്‍ഡ് ആവശ്യപ്പെട്ടതിനാലാണ് വാഹനം നിര്‍ത്തിയതെന്ന് അബ്ദുള്‍ സത്താര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
അബ്ദുള്‍ സത്താര്‍ വീഡിയോയില്‍ പറഞ്ഞത്...
'ഒക്ടോബര്‍ മൂന്നിന് വൈകീട്ടാണ് നെല്ലിക്കുന്ന് ജങ്ഷന് സമീപത്തുണ്ടായ ഗതാഗതക്കുരുക്കില്‍പ്പെട്ടത്. ലെഫ്റ്റും റൈറ്റുമെടുത്ത് പോകാന്‍ നോക്കുമ്പോള്‍ ഹോംഗാര്‍ഡ് ചാടിവീണ് ഇതിലേ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞു. വാഹനം പുറകിലേക്കോ മുന്‍പിലേക്കോ എടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ അയാള്‍ എസ്.ഐ.യെ വിളിച്ചു. എസ്.ഐ. വന്ന് താക്കോല്‍ ഊരിക്കൊണ്ടുപോയി. അതോടെ ബ്ലോക്ക് കൂടുതലായി. പിന്നെ എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മറ്റ് യാത്രക്കാര്‍ വണ്ടിയില്‍ നിന്നിറങ്ങി പ്രശ്നമുണ്ടാക്കിയപ്പോള്‍ പോലീസ് ഓട്ടോയെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കുറേ നിയമങ്ങളുണ്ടല്ലോ, അതുകൊണ്ട് വകുപ്പുകള്‍ ചാര്‍ത്തി വണ്ടി പിടിച്ചിട്ടു. അറസ്റ്റ് ചെയ്തതതായും രണ്ടാളുടെ ജാമ്യം വേണമെന്നും പറഞ്ഞു. എനിക്കിവിടെ ജാമ്യം നില്‍ക്കാന്‍ ആളുകളില്ല. എന്റെ നാട് കാസര്‍കോടാണെങ്കിലും കുടുംബം മംഗളൂരുവിലാണ്. ഇവിടെ വാടകവീട്ടില്‍ ജീവിക്കുകയാണ്. എന്റെ കുടുംബത്തിന് ചെലവിന് കൊടുക്കാനുള്ള വകപോലും കൈയിലില്ല. വണ്ടി വാങ്ങിത്തന്നത് എന്റെ സുഹൃത്താണ്. അവന് ഡൗണ്‍ പേയ്മെന്റായി 25000 മാത്രമാണ് കൊടുത്തത്.
എന്റെ ആധാര്‍ കാസര്‍കോട്ടെ വിലാസത്തില്‍ അല്ലാത്തതിനാല്‍ അവന്റെ പേരിലാണ് വണ്ടിയുള്ളത്. അതാണ് പ്രശ്നമായത്. പോലീസ് ഇപ്പോള്‍ മാനസികമായി ബുദ്ധിമുട്ടിക്കുകയാണ്'- അബ്ദുള്‍ സത്താര്‍ പറഞ്ഞു. പലതവണ സ്റ്റേഷനില്‍ ചെന്നപ്പോള്‍ മനോവിഷമം ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതല്ലാതെ ഓട്ടോറിക്ഷ വിട്ടുതന്നില്ലെന്നും ഇതില്‍ മനംനൊന്ത് താന്‍ ജീവനൊടുക്കുകയാണെന്നും പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്
ഒരു അമ്പത്തിയഞ്ച് വയസ്സുകാരനെക്കാള്‍ അവശത അയാളുടെ മുഖത്തുണ്ട്. താടിയും മുടിയും നന്നേ നരച്ചിട്ടുണ്ട്.
ഹൃദ്രോഗിയായ മനുഷ്യന്‍. കാലിന്റെ അസുഖം വേറെയും. രാവിലെ അഞ്ചുമണിയോടെ വാടക വീട്ടില്‍നിന്നും ഓട്ടോയെടുത്ത് ഇറങ്ങും. ഉച്ചവരെ പണിയെടുക്കും. അല്പം വിശ്രമിച്ച് ഭക്ഷണവും മരുന്നും കഴിച്ച് മൂന്ന് നാലുമണിയോടെ വീണ്ടും ഓട്ടോയെടുത്ത് റോഡിലിറങ്ങും. രാത്രി പത്തുമണിവരെ ഓട്ടോ ഓടും. വീട്ടുവാടകയും ലോണും വീട്ടുചെലവും മരുന്നിനുള്ള പണവും കണ്ടെത്തുന്നതിനിടെ അയാള്‍ കാല് വേദന മറക്കും.
സാധാരണ പോലെ ഒരു ദിവസം ഓട്ടോയുമായി റോഡിലിറങ്ങി. യാത്രക്കാരുമായി പോകുമ്പോള്‍ ഒരു ഹോംഗാര്‍ഡ് അയാളുടെ ഓട്ടോയുടെ മുന്നിലേക്ക് ചാടിവീണു. മുന്നിലേക്ക് പോവാന്‍ പാടില്ലെന്ന് പറഞ്ഞു. പിറകിലേക്കും പോവാനും സാധിക്കില്ല. ഹോം ഗാര്‍ഡ് എസ്.ഐയെ വിളിച്ചു. എസ്.ഐ ഓട്ടോയുടെ താക്കോല്‍ എടുത്ത് പോയി. വണ്ടിയിലുള്ള ആളുകള്‍ പുറത്തിറങ്ങി പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ വണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഓട്ടോ ചോദിച്ചെത്തിയ അയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗതാഗത തടസ്സം ഉണ്ടാക്കി എന്നതാണ് കുറ്റം.
പൊലീസ് നടപടിയില്‍ പരാതിയുമായി നേരെ എസ്.പി ഓഫീസില്‍ പോയി. അവിടെയുള്ള ഉദ്യോഗസ്ഥര്‍ ഡിവൈ.എസ്.പിയുടെ അടുത്ത് പോകാന്‍ പറഞ്ഞു. സഹപ്രവര്‍ത്തകരായ മറ്റ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കൊപ്പം കാസര്‍കോട് ഡിവൈ.എസ്.പിയുമായി സംസാരിച്ചു. ഓട്ടോ വിട്ടുകൊടുക്കാന്‍ ഡിവൈഎസ്പി നിര്‍ദേശം നല്‍കി. മേല്‍ഉദ്യോഗസ്ഥനെ കണ്ടത് കീഴുദ്യോഗസ്ഥര്‍ക്ക് ദഹിച്ചില്ല. പലകാരണങ്ങള്‍ പറഞ്ഞു പോലീസ് ഓട്ടോ വിട്ടുകൊടുക്കാതെ അയാളെ സ്റ്റേഷനില്‍നിന്ന് ഇറക്കിവിട്ടു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഓട്ടോ വിട്ടുതരാതെ ആയപ്പോള്‍ ഒരുമുഴം കയറില്‍ അയാള്‍ വാടക വീട്ടിലെ മുറിയില്‍ ജീവിതം അവസാനിപ്പിച്ചു. ഇത് എംടി വാസുദേവന്റെയോ എം മുകുന്ദന്റയോ നോവലിലെ കഥാപാത്രമല്ല. അയാളുടെ പേര് അബ്ദുല്‍ സത്താര്‍ എന്നാണ്. കാസര്‍ക്കോട് സ്വദേശി. പോലീസ് ഭീകരതയുടെ ഇരയായി കഴിഞ്ഞ ദിവസം ജീവിതം അവസാനിപ്പിച്ച ഒരു സാധരണക്കാരനായ മനുഷ്യന്‍.
ഗതാഗത തടസ്സമുണ്ടാക്കി എന്ന പോലീസ് വാദമെടുത്താലും ഒരു ചെല്ലാന്‍ ഇട്ടാല്‍ തീരുന്ന പ്രശ്‌നം. സൗകര്യം പോലെ പെറ്റിയടച്ചാല്‍ തീരുന്ന കാര്യം. പക്ഷെ കാക്കിയുടെ ധാര്‍ഷ്ഠ്യത്തിന് മുന്നില്‍ അയാള്‍ ജീവിതം വെച്ച് കീഴടങ്ങി. പോലീസിന്റെ അധികാരത്തിനുമേലെ സഞ്ചരിക്കാനുള്ള മനക്കരുത്തോ ആരോഗ്യമോ സാമ്പത്തികമോ അയാള്‍ക്കില്ല.
സാധരണക്കാരന്‍ നേരെ നിന്ന് സംസാരിച്ചാല്‍ അയാളോട് തോന്നുന്ന വിദ്വേഷം. മേല്‍ ഉദ്യോഗസ്ഥനെ കണ്ടാല്‍ അയാളോട് തോന്നുന്ന ഫ്രസ്‌ട്രേഷന്‍. അയാളോടുള്ള അടങ്ങാത്ത പകയുടെ ഒടുവില്‍ മുറിയില്‍ തൂങ്ങിയാടുന്ന കയറ് കണ്ട് ആ പോലീസുകാര് ആനന്ദിച്ചിട്ടുണ്ടാവും. ഈ മനുഷ്യരെ മുഴുവന്‍ ദ്രോഹിച്ച് നിങ്ങള്‍ എങ്ങനെയാണ് പോലീസുകാരെ ഒരു ദിവസമെങ്കില്‍ ഒരു ദിവസം സമാധാനത്തോടെ ഉറങ്ങുന്നത്..? നിങ്ങള്‍ക്കൊരു ഹൃദയമുണ്ടോ..? അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തതല്ല. ഈ സിസ്റ്റം അയാളെ കൊന്നതാണ്.
Content Highlights: A Kerala auto driver Abdul sathar committed suicide due to police confiscated his vehicle.
Published: 10 Oct 2024, 02:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented