
'ഞാന്‍ എതിര്‍ക്കുന്നവര്‍ എന്നെ കൊല്ലുമായിരിക്കും. അതിനപ്പുറം എന്താണ് അവര്‍ക്ക് ചെയ്യാന്‍ കഴിയുക?...'
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ ഫാക്കല്‍റ്റി അംഗത്വവും ഗവേഷണവും അവസാനിപ്പിച്ച് നര്‍മദ തീരത്തെ ആദിവാസികളുടേയും കര്‍ഷകരടേയും നിലനില്‍പ്പിന്റെ പോരാട്ടത്തിനായി ഇറങ്ങിത്തിരിച്ച 30-കാരിയുടെ വാക്കുകളായിരുന്നു ഇത്. നര്‍മദ നദീസംരക്ഷണ പ്രക്ഷോഭങ്ങളുടെ മുഖമായിരുന്ന ആ യുവതിയുടെ പോരാട്ടം അവിടെ ഒതുങ്ങിനിന്നില്ല. രാജ്യത്തെവിടെ നീതി നിഷേധമുണ്ടോ അവിടെയെല്ലാം അവര്‍ സമരങ്ങളുടെ മുന്നില്‍നിന്നു. അവകാശപ്പോരാട്ടങ്ങളിലെ ആ മേധാശക്തിക്ക് 70 വയസ് തികയുകയാണ്. ആ സന്ധിയില്ലാത്ത പോരാട്ടങ്ങളുടെ സമരരൂപത്തിന്റെ പേരാണ് മേധാ പട്കര്‍.
സമരപഥങ്ങളില്‍ ഒരിക്കലും തളരാത്ത, ശക്തി ക്ഷയിക്കാത്ത മേധയുടെ പേര് നര്‍മദ ബച്ചാവോ ആന്ദോളനുമായി കൂട്ടിച്ചേര്‍ത്താണ് എപ്പോഴും പറയപ്പെടാറ്. എന്നാല്‍, അവിടെ മാത്രമായി മേധയുടെ പോരാട്ടം ഒതുങ്ങിനിന്നില്ല. പോലീസിന്റേയും രാഷ്ട്രീയ നേതൃത്വങ്ങളുടേയും ആക്രമണത്തിന് അവര്‍ പലതവണ ഇരയായി. നിലവിലെ ഭരണകൂടവും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും ഇന്നും അവരെ വാക്കുകള്‍ കൊണ്ട് അക്രമിക്കുന്നു. എന്നിട്ടും, അവര്‍ തന്റെ ജീവിതലക്ഷ്യവുമായി മുന്നോട്ടുപോകുന്നു. താനെന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് തന്റെ കര്‍ത്തവ്യം മാത്രമാണെന്ന വിശ്വാസത്തോടെ ഇന്നും വിഷയങ്ങളില്‍ ഇടപെടുന്നു. നര്‍മദാതീരത്തെ നിരാലംബരുടെ നേതാവ് ഒരു രാജ്യത്തിന്റെയാകെ 'മേധാതായ്'യും 'മേധാദീദി'യുമായി നിലകൊള്ളുന്നു.
മേധയും നര്‍മദയും
മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദിയാണ് നര്‍മദ. നദിയിലെ ജലവിതരണത്തെച്ചൊല്ലി അന്തഃസംസ്ഥാന തര്‍ക്കമുണ്ടായപ്പോള്‍, അത് പരിഹരിക്കാന്‍ നര്‍മദ നദീജല തര്‍ക്ക പരിഹാര സമിതിയെ കേന്ദ്രം നിയമിച്ചു. 1969-ല്‍ നിലവില്‍ വന്ന സമിതി 1979-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നദിക്ക് കുറുകെ 30 വലിയ അണക്കെട്ടുകളും 13 ഇടത്തരം അണക്കെട്ടുകളും 3000 ചെറു അണക്കെട്ടുകളും നിര്‍മിക്കാനായിരുന്നു ട്രൈബ്യൂണലിന്റെ നിര്‍ദേശം. നര്‍മദ നദീതട വികസ പദ്ധതിയില്‍ പ്രധാനപ്പെട്ടതായിരുന്നു സര്‍ദാര്‍ സരോവര്‍ ഡാം. ഡാമിന്റെ നിര്‍മാണത്തിനായി ലോകബാങ്ക് വായ്പ അനുവദിച്ചു.

ഡാം നിര്‍മിക്കുന്നതോടെ ലക്ഷക്കണക്കിന് പേരുടെ കാര്‍ഷിക, കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നായിരുന്നു അവകാശവാദം. 37,000 ഹെക്ടര്‍ ഭൂമി വെള്ളത്തിലടയിലാക്കപ്പെടുമെന്നായിരുന്നു വിലയിരുത്തല്‍. ഇതില്‍ വനഭൂമിയും കാര്‍ഷിക ഭൂമിയും ഉള്‍പ്പെടും. നാലുലക്ഷത്തോളംപേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നും കരുതപ്പെട്ടു. ഇതിലേറെയും ആദിവാസി- കര്‍ഷക വിഭാഗങ്ങളായിരുന്നു.
ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തക വസുധ ധരംപാല്‍ പദ്ധതിയെക്കുറിച്ച് കേട്ടറിഞ്ഞ് നര്‍മദ തീരത്ത് അധിവസിക്കുന്നവരെ കാണാന്‍ യാത്രപോയി. ഇതില്‍ ഒപ്പം കൂടിയതായിരുന്നു മേധ. ഈ യാത്രയാണ് മേധയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ കഷ്ടത അനുഭവിക്കേണ്ടിവരുന്നവരെക്കുറിച്ച് അന്ന് മേധ പഠിച്ചു. യാത്രപൂര്‍ത്തിയാക്കി തിരിച്ച് മുംബൈയിലെത്തിയ മേധാ പട്കര്‍, ജോലി രാജിവെച്ച് നര്‍മദ നദീസംരക്ഷണ പോരാട്ടവുമായി രംഗത്തിറങ്ങി.
1985 മുതല്‍ പദ്ധതിക്കെതിരെ മേധ, ജനങ്ങളെ സംഘടിപ്പിച്ചു തുടങ്ങി. മാര്‍ച്ചുകളും റാലികളുമായി പ്രതിഷേധം, നിരന്തരസമരം. അഹിംസാത്മകമായിരുന്നു സമരരീതികളെല്ലാം. എന്നാല്‍, ഭരണകൂടം പ്രതിഷേധങ്ങളെ നേരിട്ടത് ലാത്തികൊണ്ടായിരുന്നു. പലതവണ പ്രതിഷേധക്കാര്‍ അറസ്റ്റുചെയ്യപ്പെട്ടു. 1986-ല്‍ മേധ സ്ഥാപിച്ച നര്‍മദ ധരംഗ്രാസ്ത സമിതിയാണ് പിന്നീട് 1989-ഓടെ നര്‍മദ ബച്ചാവോ ആന്ദോളന്‍ എന്ന സാമൂഹിക പ്രസ്ഥാനമായി മാറുന്നത്. പദ്ധതിക്കെതിരെ മേധയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം അരങ്ങേറി. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഐതിഹാസികമായ പോരാട്ടമായാണ് മേധയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങള്‍ അടയാളപ്പെടുത്തപ്പെട്ടത്.

അന്നത്തെ പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ വസതിക്കുമുന്നില്‍ 2,000-ത്തോളം പ്രതിഷേധക്കാര്‍ കുത്തിയിരിപ്പ് സമരം നടത്തി. 1990-ല്‍ 600- പേര്‍ ചേര്‍ന്ന് നര്‍മദ ജന്‍ വികാസ് സംഘര്‍ഷ് യാത്ര നടത്തി. 100 കിലോമീറ്ററോളമാണ് യാത്ര താണ്ടിയത്. ഭരണകൂടവും കോടതിയും ജനങ്ങള്‍ക്കെതിരായപ്പോള്‍ 1991 ജനുവരിയില്‍ 22 ദിവസം നീണ്ടുനിന്ന ഉപവാസം നടത്തി. ഈ ഉപവാസത്തെത്തുടര്‍ന്ന് മേധ മൃതപ്രായയായി. ബാബ ആംതേയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമായിരുന്നു നിരാഹാരമിരുന്നത്. 1993-ലും 1994-ലും മേധ നിരാഹാരത്തിൽ പങ്കുചേർന്നു. പ്രതിഷേധം കനത്തതോടെ 93-ല്‍ ലോകബാങ്ക് ധനസഹായത്തില്‍നിന്ന് പിന്മാറി. ഓഗസ്റ്റില്‍ അണക്കെട്ടില്‍വെള്ളമുയരുമ്പോള്‍ ജലസമാധി വരിക്കുമെന്ന് മേധയുടെ നേതൃത്വത്തിലെ പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു. അന്ന് അവരെ പോലീസ് അറസ്റ്റുചെയ്തു നീക്കുകയായിരുന്നു. 1994-ല്‍ രാഷ്ട്രീയക്കാര്‍ ചേര്‍ന്ന് സംഘടനയുടെ ഓഫീസ് ആക്രമിച്ചു. നിരാഹാരമിരുന്ന മേധയെ പോലീസ് അറസ്റ്റുചെയ്തു. 1995-ല്‍ സംഘടന കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനങ്ങളോട് പദ്ധതി നിര്‍ത്തിവെക്കാനും പുനരധിവാസം ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടു. അണക്കെട്ടിനെതിരായ സമരം മേധ അവസാനിപ്പിച്ചില്ല. 1996 വീണ്ടും അറസ്റ്റുചെയ്യപ്പെട്ടു. നീണ്ട നിയമപ്പോരാട്ടങ്ങള്‍ക്കുശേഷം 1999-ല്‍ ഡാം നിര്‍മാണം തുടരാന്‍ കോടതി അനുമതി നല്‍കി. ലോകബാങ്കിന്റെ പിന്മാറ്റവും അണക്കെട്ടിന്റെ നിര്‍മാണം താത്കാലികമായി നിര്‍ത്തിവെച്ചതും മഹേശ്വര്‍ ഡാമില്‍നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റവും പ്രസ്ഥാനത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു. 2017-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഡാമിനെതിരായ ചെറുത്ത് നില്‍പ്പ് ഇന്നും തുടരുകയാണ്.
പാരമ്പര്യമായി കിട്ടിയ പോരാട്ടവീര്യം
1954 ഡിസംബര്‍ ഒന്നിന് മഹാരാഷ്ട്രയിലെ മുംബൈയിലായിരുന്നു മേധയുടെ ജനനം. വസന്ത് ഖനോല്‍ക്കറുടേയും ഇന്ദുമതി ഖനോല്‍ക്കറുടേയും മകളായാണ് മേധയുടെ ജനനം. ആര്‍കിടക്ടായ മഹേഷ് ഖനോല്‍ക്കര്‍ മേധയുടെ സഹോദരനാണ്. പാരമ്പര്യമായി കിട്ടിയതാണ് മേധയുടെ പോരാട്ടവീര്യം. സ്വാതന്ത്ര്യസമരസേനാനിയായിരുന്നു അച്ഛന്‍. സ്വാതന്ത്ര്യലബ്ധിയോടെ അദ്ദേഹം പോരാട്ടം അവസാനിപ്പിച്ചില്ല. മഹാരാഷ്ട്രയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം നിലകൊണ്ടു. തപാല്‍ വകുപ്പില്‍ ഗസറ്റഡ് ഓഫീസറായിരുന്നു അമ്മ. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അവരും.

രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒന്നായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍നിന്ന് മേധ എം.എ. പൂര്‍ത്തിയാക്കി. പിന്നാലെ പോയത് മുംബൈയിലെ ചേരികളിലേക്കാണ്. ഇവിടെ അഞ്ചുവര്‍ഷത്തോളം വളണ്ടിയര്‍ സേവനങ്ങളില്‍ ഏര്‍പ്പെട്ടു. പിന്നീട് മൂന്നുവര്‍ഷത്തോളം ഗുജറാത്തിലെ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദിവാസി ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരിച്ചെത്തിയ അവര്‍ അവിടെ ഫാക്കല്‍റ്റി അംഗമായിരുന്നു. ഗവേഷണം ആരംഭിച്ച മേധ എം.ഫില്‍ പൂര്‍ത്തിയാക്കി പിഎച്ച്.ഡി പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇവിടെനിന്നാണ് അവര്‍ നര്‍മദാ സംരക്ഷണപോരാട്ടത്തിനായി ഇറങ്ങിത്തിരിച്ചത്. വിവാഹിതയായ മേധ, ഏഴുവര്‍ഷത്തിന് ശേഷം ബന്ധം വേര്‍പിരിഞ്ഞു. പങ്കാളിയുടെ പേരില്‍നിന്നാണ് മേധയ്‌ക്കൊപ്പം പട്കറും ചേര്‍ന്നത്.
നിലയ്ക്കാത്ത പോരാട്ടങ്ങള്‍
നര്‍മദ ബച്ചാവോ ആന്ദോളന് പുറമേ മേധ രൂപം നല്‍കിയ മറ്റൊരു പ്രധാന സാമൂഹികപ്രസ്ഥാനമാണ് നാഷണര്‍ അലൈന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ്. സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ നീതിയ്ക്കും തുല്യതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. സംഘടനയുടെ ദേശീയ കണ്‍വീനറാണ് മേധ. രാജ്യത്ത് അടിച്ചമര്‍ത്തലിനെതിരേയുള്ള പോരാട്ടങ്ങള്‍ക്ക് പിന്തുണയും കരുത്തും പകരാനാണ് മേധയുടെ നേതൃത്വത്തില്‍ സംഘടന രൂപംകൊണ്ടത്. വേള്‍ഡ് കമ്മിഷന്‍ ഓണ്‍ ഡാംസിന്റെ കമ്മിഷണറായും മേധ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2003- 04 കാലഘട്ടത്തില്‍ ചേരി നിര്‍മാര്‍ജനത്തിന്റെ പേരില്‍ കുടിയിറക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി ഘര്‍ ബച്ചാവോ ഘര്‍ ബനാവോ ആന്ദോളന്‍ എന്ന പേരില്‍ മേധ പോരാട്ടവുമായി ഇറങ്ങി. അഹിംസയുടെ വഴിയില്‍ ഉപവാസമായിരുന്നു മേധയുടേയും സംഘത്തിന്റെ സമരവഴി. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പാര്‍പ്പിട അവകാശങ്ങള്‍ക്കുവേണ്ടിയായിരുന്നു പോരാട്ടം. തിരഞ്ഞെടുപ്പിന് മുന്നോടിയായി നല്‍കിയ ഉറപ്പുകളെല്ലാം ലംഘിച്ച് അന്നത്തെ സര്‍ക്കാര്‍ 75,000-ത്തോളം പേരെ പെരുവഴിയിലാക്കി. മുംബൈയിലെ ആസാദ് മൈതാനിയില്‍ ഒത്തുചേര്‍ന്ന് പ്രതിഷേധക്കാര്‍ തങ്ങളുടെ ശക്തിപ്രകടിപ്പിച്ചു. പ്രതിഷേധക്കാര്‍ക്ക് വഴങ്ങിയ സര്‍ക്കാര്‍, വീട് പൊളിച്ചുമാറ്റിയ അതേ ഇടത്തുതന്നെ പുതിയ വീടുകള്‍ നല്‍കി.

ഇടതുപക്ഷ ആശങ്ങളില്‍ അടിയുറച്ചുവിശ്വസിച്ച മേധ, രാജ്യത്ത് സി.പി.എമ്മിന്റെ ശക്തിചോര്‍ത്തിക്കളഞ്ഞ രണ്ടുപ്രതിഷേധങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്നു. സിംഗൂരിലെ ടാറ്റാ നാനോ പ്ലാന്റിനും നന്ദിഗ്രാമിലെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുമെതിരായ സമരങ്ങളില്‍. സിംഗൂരിലെ സമരത്തില്‍ മേധാ പട്കറിന് നേരെ സി.പി.എം. പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. നന്ദിഗ്രാമില്‍ ദീപാവലി ദിവസമടക്കം നിരാഹാരം കിടന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി. പശ്ചിമബംഗാളിലെ രാഷ്ട്രീയ ചിത്രത്തെയാകെ മാറ്റിമറിച്ച സമരങ്ങളില്‍ മേധ നിലകൊണ്ട പക്ഷത്തിനായിരുന്നു അന്തിമവിജയം. മഹാരാഷ്ട്രയിലെ ലവാസ കൃത്രിമ നഗരത്തിനെതിരായ സമരം, ഗോലിബാറില്‍ വീടുകള്‍ പൊളിച്ചതിനെതിരായ പ്രക്ഷോഭം, മഹാരാഷ്ട്രയില്‍ പഞ്ചസാര സഹകരണസംഘങ്ങള്‍ സംരക്ഷണത്തിനായുള്ള ചെറുത്തുനില്‍പ്പ്, പോവയ് ഭൂമി കുംഭകോണത്തിനെതിരായ സമരം, ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ ആണവവൈദ്യുത പദ്ധതിക്കെതിരായ പ്രതിഷേധം, ഓഡിഷയിലെ സ്വകാര്യ സ്റ്റീല്‍ പ്ലാന്റിനെതിരായ സമരങ്ങളിലും മേധ പിന്നീട് സജീവമായി.
മേധയും കേരളവും
മരിക്കുംമുമ്പ് സാമൂഹികപ്രവര്‍ത്തനങ്ങളില്‍നിന്ന് വിരമിക്കുകയാണെങ്കില്‍ കേരളത്തില്‍ സ്ഥിരതാമസമാക്കണമെന്നാണ് തന്റെ ആഗ്രഹം എന്ന് ഒരിക്കല്‍ മേധ പറഞ്ഞിട്ടുണ്ട്. വികസനമെന്നാല്‍ ജനങ്ങളുടെ സുരക്ഷകൂടിയാണെന്ന് അഭിപ്രായപ്പെടുന്ന മേധ കേരളത്തിലേയും നിരവധി പ്രക്ഷോഭങ്ങളിലും സമരങ്ങളിലും പങ്കാളിയായിട്ടുണ്ട്. പോരാട്ടങ്ങള്‍ എന്നൊക്കെ കേരളം ആ സാന്നിധ്യം ആഗ്രഹിച്ചോ അപ്പോഴെല്ലാം അവര്‍ പൂര്‍ണപിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ മേധ കേരളത്തിലെത്തിയത് തൃശ്ശൂരിലായിരുന്നു. അന്ന് നടുവേദനയ്ക്ക് ബെല്‍റ്റിട്ടിരുന്ന അവരുടെ രണ്ടുകാലിനും നീരുവെച്ചിരുന്നു. പ്രേമഹവും തന്നെ ഈ പ്രായത്തില്‍ അലട്ടുന്നതായി അവര്‍ പറഞ്ഞു. എന്നിട്ടും അന്നവര്‍ തൃശ്ശൂരിലെത്തിയത് ഒരുകെട്ട് പുസ്തകങ്ങളും നര്‍മദ സാരികളുമായാണ്. നര്‍മദയുടെ തീരത്തെ നെയ്ത്തുകാര്‍ നിര്‍മിക്കുന്നതാണ് ഈ നര്‍മദ സാരികള്‍. പറ്റാവുന്നിടത്തെല്ലാം അവര്‍ ഈ സാരികളും ഒപ്പം കൊണ്ടുപോവും. ഇത് വിറ്റുകിട്ടുന്ന പണം നര്‍മദ ബച്ചാവോ ആന്തോളന്‍ വഴി നെയ്ത്തുകാര്‍ക്ക് തന്നെ തിരിച്ചുനല്‍കും.
പ്രകൃതി സംരക്ഷണം നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പറയുന്ന മേധ, മലയാളികളെ മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കും. ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ദുരന്തം പരിസ്ഥിതിക്കേറ്റ ആഘാതത്തിന്റെ ഫലമാണെന്ന് അടിവരയിട്ടു പറയും. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാനുണ്ടാക്കിയ ദുരന്തത്തില്‍ കേരളത്തില്‍ ഭരണത്തിലുണ്ടായിരുന്ന ഇരുമുന്നണികളേയും ഒരുപോലെ വിമര്‍ശിക്കും. തിരുവനന്തപുരത്ത് അനുപമ- അജിത് ദമ്പതിമാരുടെ കുഞ്ഞിനെ നിയമപ്രകാരമല്ലാതെ ദത്ത് നല്‍കിയ കേസിലും മേധ ഇടപെട്ടു. പാലക്കാട് പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടെ ചൂഷണങ്ങള്‍ക്കെതിരായ സമരത്തിനും ഐക്യദാര്‍ഢ്യവുമായി മേധാ പട്കര്‍ എത്തി.

മോദി സര്‍ക്കാരിന്റെ കര്‍ഷകനിയമങ്ങള്‍ക്കെതിരേ നിന്ന അതേ നിശ്ചയദാര്‍ഢ്യത്തോടെ കേരളത്തില്‍ കെ-റെയില്‍ വിരുദ്ധസമരങ്ങളുടേയും മുന്നില്‍ മേധ നില്‍ക്കും. മഹാരാഷ്ട്രയില്‍ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരേ ശബ്ദമുയര്‍ത്തുന്ന ഇടതുപക്ഷം തന്നെയാണ് കേരളത്തില്‍ കെ- റെയിലിന് വാദിക്കുന്നതെന്ന് ഓര്‍മിപ്പിക്കും. അവകാശങ്ങള്‍ തട്ടിത്തെറിപ്പിച്ച് ജനങ്ങളെ കുടിയൊഴിപ്പിച്ച് നടത്തുന്ന വികസനം വന്‍കിടക്കാര്‍ക്കുവേണ്ടി മാത്രമാണെന്ന് സംശയലേശമന്യേ പ്രസ്താവിക്കും. കെ- റെയില്‍ വിനാശകരമായ പദ്ധതി എന്നായിരുന്നു മേധയുടെ നിലപാട്. പദ്ധതിയുടെ ആഘാതം വളരേ വലുതായിരിക്കുമെന്ന് പറഞ്ഞ അവര്‍, സമരം മാത്രമാണ് മുന്നിലുള്ള മാര്‍ഗം എന്ന് ഓര്‍മിപ്പിച്ചു. കെ- റെയില്‍ കുറ്റി പിഴുതെറിയുന്ന സമരങ്ങള്‍ക്ക് അവര്‍ പൂര്‍ണ പിന്തുണ നല്‍കി. കേരളത്തില്‍ അങ്ങോളം ഇങ്ങോളം സമരത്തിന്റെ ഭാഗമായി. സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനരാലോചിക്കണമെന്ന് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയനോട് കൈകൂപ്പി അഭ്യര്‍ഥിക്കുന്ന ചിത്രം സമരത്തിന്റെ തന്നെ ചിഹ്നമായി മാറി. സര്‍ക്കാര്‍ പദ്ധതിയെ അഭിമാനപ്രശ്നമായല്ല കാണേണ്ടത്. പദ്ധതി അനാവശ്യമാണ്. നരേന്ദ്രമോദി ചെയ്യുംപോലെ അടിച്ചേല്‍പ്പിക്കല്‍ നയമല്ല പിണറായി സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞുവെച്ചു.
രാഷ്ട്രീയത്തിലെ മേധ
അവകാശപ്പോരാട്ടങ്ങളില്‍ മേധയെ മുന്നോട്ടുനയിച്ചത് ഇടത് ബോധ്യങ്ങളായിരുന്നു. രാഷ്ട്രീയമായി കോണ്‍ഗ്രസിനോടും എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, വിഷയാധിഷ്ഠിതമായി ഇരുപക്ഷങ്ങളേയും വിമര്‍ശിച്ചു. മിക്കവാറും വിമര്‍ശനങ്ങളെല്ലാം അതിരൂക്ഷവുമായിരുന്നു. അതിനുദാഹരണമാണ് കേന്ദ്രമന്ത്രിയായിരുന്നു പി. ചിദംബരത്തെ കോള കമ്പനിയുടെ ഏജന്റ് എന്ന് വിളിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയില്‍ പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും അവരുടെ തീരുമാനങ്ങളില്‍ ചുറ്റുമുള്ളവര്‍ വെള്ളം ചേര്‍ക്കുന്നുവെന്നും ആരോപിച്ചു. ഇടതുപാര്‍ട്ടികള്‍ക്ക് ശക്തിയുള്ള കേരളത്തിലും ബംഗാളിലും സര്‍ക്കാരുകളുടെ അഭിമാന പദ്ധതിക്കെതിരേ മേധ തെരുവിലിറങ്ങുകയും ചെയ്തിട്ടുണ്ട്. അതേസമയം, യോജിക്കാവുന്ന ഇടങ്ങളിലെല്ലാം ഈ പാര്‍ട്ടികളുമായി കൈകോര്‍ത്തു.
രാജ്യത്ത് പ്രധാന സാമൂഹിക വിഷയങ്ങളിലെല്ലാം മേധയുടെ അഭിപ്രായത്തിനായി പൊതുസമൂഹം കാതോര്‍ക്കാറുണ്ട്. മണിപ്പുരിലെ സംഘര്‍ഷം മുതല്‍ തിരഞ്ഞെടുപ്പിലെ അട്ടിമറി ശ്രമങ്ങള്‍ വരെ മേധ തന്റെ നിലപാട് ഉറക്കെ പറഞ്ഞിട്ടുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കുമ്പോള്‍ ഇടത് ആശയധാരയാണ് മേധയെ മുന്നോട്ടുനയിക്കുന്നതെന്ന് കാണാം. കോണ്‍ഗ്രസും ഇടതുപക്ഷവുമല്ലാതെ ചേര്‍ന്ന് നില്‍ക്കാന്‍ മറ്റൊരു വേദിയില്ലെന്ന് മേധ മുമ്പ് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേരിട്ടിറങ്ങാന്‍ തീരുമാനിച്ച മേധ പക്ഷേ, കൈകൊടുത്തത് കോണ്‍ഗ്രസിനോ ഇടതുപാര്‍ട്ടികള്‍ക്കോ ആയിരുന്നില്ല.

മേധ നേരിട്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെട്ടത് രണ്ടുതവണയാണ്. 2004-ലേയും 2014-ലേയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍. 2004-ല്‍ പീപ്പിള്‍സ് പൊളിറ്റിക്കല്‍ ഫ്രണ്ട് എന്ന പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കി. മഹാരാഷ്ട്രയിലെ ഏതാനും സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും മേധ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. പിന്നീട് പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ മേധ, 2014-ല്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ തൊപ്പിയിട്ട് സ്ഥാനാര്‍ഥിയായി. മേധയുടെ നാഷണല്‍ അലൈന്‍സ് ഓഫ് പീപ്പിള്‍ മൂവ്‌മെന്റും ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. മുംബൈ നോര്‍ത്ത് ഈസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി. പോള്‍ചെയ്യപ്പെട്ടതില്‍ 8.9% മാത്രം വോട്ടുകള്‍ നേടിയ മേധ മൂന്നാമതായിരുന്നു.
മേധയോടുള്ള പോരാട്ടം
മേധയുടെ പോരാട്ടങ്ങളെന്നും അധികാരത്തോടായിരുന്നു. അധികാരത്തിലിരുന്നവരാരും മേധയുടെ നിതാന്തശത്രുക്കളായിരുന്നില്ല. എന്നാല്‍, മേധ നടത്തിയ പോരാട്ടങ്ങളുടെ പേരില്‍ അവര്‍ ഇന്നും ക്രൂശിക്കപ്പെടുന്നുണ്ട്. സാധാരണക്കാര്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ മേധയെ എതിരിടാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെ രംഗത്തുവന്നിരുന്നു. നര്‍മദാ സമരങ്ങളുടെ കാലത്തുതന്നെ മേധയ്ക്ക് മര്‍ദനമേല്‍ക്കേണ്ടിവന്നിട്ടുണ്ട്. മഹാത്മാഗാന്ധി സ്ഥാപിച്ച സബര്‍മതി ആശ്രമത്തില്‍വെച്ചുപോലും മേധ ആക്രമിക്കപ്പെട്ടിട്ടുണ്ട്. സമാധാന ചര്‍ച്ചയ്ക്കായി എത്തിയ മേധയെ ആക്രമിച്ച കേസില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന പ്രതിയാണ്. ഭരണഘടനാ സ്ഥാനത്ത് തുടരുന്ന കാലംവരെ തനിക്കെതിരെ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് വി.കെ. സക്‌സേന കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളി. സക്‌സേനയുടെ മാനഹാനി പരാതിയില്‍ മേധയ്‌ക്കെതിരെയെടുത്ത 23 വര്‍ഷം പഴക്കമുള്ള കേസില്‍ അടുത്തിടെ അഞ്ചുമാസം തടവിന് ശിക്ഷിച്ചിരുന്നു. 10 ലക്ഷം പിഴയും വിധിച്ച കേസില്‍ ഡല്‍ഹി ഹൈക്കോടതി പിന്നീട് ജാമ്യം നല്‍കി.

സമരങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതിന്റെ പേരില്‍ അര്‍ബന്‍ നക്‌സല്‍ എന്ന ആക്ഷേപം മേധയ്ക്കു നേരേയും ഉയര്‍ന്നിരുന്നു. ഭരണകൂടങ്ങളുടെ സങ്കുചിത താത്പര്യങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്നവരെ അര്‍ബന്‍ നക്സലെന്ന് മുദ്രകുത്തുന്നുവെന്നായിരുന്നു മറുപടി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതിന്റെ പേരിലും മേധ ആക്ഷേപങ്ങള്‍ക്കിരയായി. നര്‍മദ പ്രക്ഷോഭത്തിന്റെ പേരില്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മേധയെ ഗുജറാത്തിന് വെള്ളം നിഷേധിച്ചയാളെന്ന് മുദ്രകുത്തി. ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സമാഹരിച്ച സംഭാവന ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചും മേധയ്‌ക്കെതിരെ കേസെടുത്തിരുന്നു. പണംവകമാറ്റി രാഷ്ട്രീയത്തിനും ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചെന്ന് സംഘപരിവാര്‍ പശ്ചാത്തലുമുള്ള ആളുടെ പരാതിയിലാണ് കേസെടുത്തത്.
ഏഴുപതാം വയസിലും പുതിയ പോരാട്ടങ്ങളില്‍ നേതൃസ്ഥാനം ഏറ്റെടുക്കയാണ് മേധ. പ്രായം നല്‍കിയ നരയും മുഖത്തെ ചുളിവുകളും ഒഴിച്ചുനിര്‍ത്തിയാല്‍ മേധയ്ക്ക് ഇപ്പോഴും ആ 30-കാരിയുടെ പോരാട്ടവീര്യമാണ്...
Content Highlights: Life Story of Indian Social activist Medha Patkar
Published: 02 Dec 2024, 01:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented