
വെള്ളത്തെ തൊട്ടുകളിച്ചപ്പോഴൊക്കെ വലിയ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ചരിത്രമുണ്ട് കര്‍ണാടകയും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജല തര്‍ക്കത്തിന് പറയാന്‍. ജലസ്രോതസ്സ് എന്നതിനപ്പുറം ഒരു ജനതയുടെ സംസ്‌കാരം കൂടി അലിഞ്ഞ് ചേര്‍ന്ന കാവേരി ഇടവേളയ്ക്ക് ശേഷം വീണ്ടും കര്‍ണാടകയില്‍ തീപ്പൊരി വിതറിയിരിക്കുന്നു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജലയുദ്ധം നിയമപോരാട്ടത്തിലേക്കും ബന്ദിലേക്കും വീണ്ടും വഴിവെച്ചതോടെ ആശങ്കയിലാണ് മലയാളികളടക്കമുള്ളവര്‍. കാരണം തര്‍ക്കമുണ്ടായപ്പോഴെല്ലാം വലിയ നാശനഷ്ടങ്ങള്‍ക്കും കലഹങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടി വന്നിരുന്നു കാവേരിക്ക്.
പരിഹാരശ്രമങ്ങള്‍ക്ക് കാലങ്ങളുടെ പഴക്കമുണ്ട്, സുപ്രീം കോടതിയുടെ ഇടപെടലുണ്ടായി. പക്ഷെ, ജലയുദ്ധം നിമിഷനേരം കൊണ്ട് വൈകാരികതയിലേക്കും ഭാഷാപ്രശ്നങ്ങളിലേക്കും നീങ്ങിയതോടെ തൊട്ടാല്‍ പൊള്ളുന്ന വിഷയവുമായി. ഇത് പലപ്പോഴും വലിയ രക്തച്ചൊരിച്ചിലേക്കും ക്രമസമാധാന പ്രശ്നങ്ങളിലേക്കും തന്നെ മാറി. കാവേരിയുടെ പേരില്‍ ഒരിക്കല്‍ കൂടെ കര്‍ണാടകയില്‍ സമരപ്രഖ്യാപനങ്ങള്‍ വന്നിരിക്കുന്നു. കഴിഞ്ഞ ദിവസം മാണ്ഡ്യയില്‍ തുടങ്ങിയ ബന്ദ് ഇന്ന് ബെംഗളൂരുവിലാണ്. 29-ന് കര്‍ണാടക സംസ്ഥാനം ആകമാനവും ബന്ദിന് ആഹ്വാനമുണ്ട്.
തമിഴ്നാടിന് 15 ദിവസത്തേക്ക് ദിവസേന 5000 ക്യൂസെക്സ് വീതം അധിക ജലം വിട്ട് നല്‍കണമെന്ന കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടേയും കാവേരി വാട്ടര്‍ റെഗുലേറ്ററി കമ്മിറ്റിയുടേയും ഉത്തരവാണ് നിലവിലെ പ്രശ്‌നത്തിന് കാരണം. ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ 26 വരെ അധികജലം വിട്ട് നല്‍കാന്‍ സിദ്ധരാമയ്യ മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്നം വീണ്ടും വഷളാവാന്‍ തുടങ്ങിയത്.

ജലം വിട്ട് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കന്നട അനുകൂല സംഘടനകളാണ് ചൊവ്വാഴ്ച(26-ന്) ബെംഗളൂരുവില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പതിനഞ്ചോളം സംഘടനകളാണ് ബന്ദിനെ പിന്തുണയ്ക്കുന്നത്. ഒപ്പം ബി.ജെ.പിയും ജെ.ഡി.എസുമുണ്ട്. കഴിഞ്ഞ ദിവസം മാണ്ഡ്യയില്‍ ജില്ലാ ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് ബന്ദിന് തുടക്കമിട്ടത്. ബന്ദ് ബെംഗളൂരു-മൈസൂര എക്സ്പ്രസ്വേയിലെ ഗതാഗതത്തെ ബാധിച്ചില്ലെങ്കിലും ഗ്രാമീണ റോഡുകളിലും മറ്റും ഗതാഗതം തടസ്സപ്പെട്ടു. കടകമ്പോളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞ് കിടുന്നു. പലയിടത്തും പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി ആരോപിച്ച് ബി.ജെ.പിയും രംഗത്തെത്തി. കര്‍ണാടകയില്‍ സിനിമകളുടെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തണമെന്ന് വരെ ആവശ്യമുയര്‍ന്നു.
- സിദ്ധരാമയ്യ എതിര്‍ത്തു പിന്നീട് നിര്‍ബന്ധിക്കപ്പെട്ടു
വെള്ളം വിട്ടുകൊടുക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവില്‍ ആദ്യം മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നുവെങ്കിലും പിന്നീട് വിഷയത്തില്‍ കര്‍ണാടകയുടെ ഹര്‍ജി സുപ്രീം കോടതിയും തള്ളിയതോടെയാണ് 26 വരെ വെള്ളം വിട്ടുകൊടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
വിട്ടുനല്‍കാന്‍ വെള്ളമില്ലെന്നും കാവേരി മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്നുമായിരുന്നു സിദ്ധരാമയ്യ ആദ്യം അറിയിച്ചത്. വെള്ളം വിട്ടുനല്‍കണമെങ്കില്‍ 106 ടി.എം.സി(തൗസന്റ് മില്യണ്‍ ക്യൂബിക് ഫീറ്റ്) വെള്ളമാണ് കര്‍ണാടകത്തിന് വേണ്ടത്. പക്ഷെ, 53 ടി.എം.സി വെള്ളം മാത്രമേ നിലവിലുള്ളൂ. കുടിവെള്ള ആവശ്യങ്ങള്‍ക്ക് 30 ടി.എം.സിയും വിളകള്‍ സംരക്ഷിക്കാന്‍ 70 ടി.എം.സിയും വ്യവസായങ്ങള്‍ക്ക് 3 ടി.എം.സി വെള്ളവും ആവശ്യമുണ്ടെന്ന് പറയുന്നു മുഖ്യമന്ത്രിയടക്കമുള്ളവര്‍. സാധാരണ ഒരു വര്‍ഷം 177.25 ടി.എം.സി വെള്ളമാണ് തുറന്ന് വിടുന്നത്. ഇതുവരെ 99 ടി.എം.സി വെള്ളം തുറന്ന് വിടാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും തുറന്ന് വിട്ടില്ല.

വെള്ളം വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ജലവിഭവ മന്ത്രിയേയും അറിയിച്ചിരുന്നു. എന്നാല്‍, കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരേ കര്‍ണാടക നല്‍കിയ ഹര്‍ജി ഹര്‍ജി 21-ന് പരിഗണിച്ച സുപ്രീം കോടതി വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് അറിയിച്ചതോടെയാണ് സര്‍ക്കാരും പ്രതിസന്ധിയിലായത്. ഇതോടെ വെള്ളം വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു. വരള്‍ച്ചയടക്കമുള്ള എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് കാവേരി മാനേജ്മെന്‍ര് തീരുമാനമെടുക്കുന്നതെന്നും അതിനാല്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. തുടര്‍ന്നാണ് ബന്ദിനും സമരങ്ങള്‍ക്കും തുടക്കമായത്. ബി.ജെ.പിയും ജെ.ഡി.എസും രംഗത്തെത്തുകയും ചെയ്തു.
കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരും തമിഴ്നാട്ടിലെ ഡി.എം.കെ. സര്‍ക്കാരും തമ്മിലുള്ള ധാരണയുടെ ഫലമാണ് കര്‍ണാടകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നാണ് സുപ്രീം കോടതിയില്‍ സര്‍ക്കാരിനേറ്റ പരാജയം ചൂണ്ടിക്കാട്ടി കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബി.എസ്. യെദ്യൂരപ്പ കുറ്റപ്പെടുത്തിയത്. കോടതിയില്‍ ഫലപ്രദമായി വാദങ്ങള്‍ മുന്നോട്ടുവെക്കുന്നതില്‍ നിയമവകുപ്പും ജലവിഭവ വകുപ്പും പൂര്‍ണമായി പരാജയപ്പെട്ടുവെന്ന ആരോപണവും അദ്ദേഹമുയര്‍ത്തിയതോടെ ജല സമരത്തിനൊപ്പം രാഷ്ട്രീയ വിവാദങ്ങള്‍ക്കും തുടക്കമിട്ടു.

- ബ്രിട്ടീഷ് കാലം മുതല്‍ക്കുള്ള ചരിത്രം
ബ്രിട്ടീഷ് കാലത്ത് തുടങ്ങിയതാണ് കന്നഡ-തമിഴ് കര്‍ഷകരുടെ പ്രധാന ജലസ്രോതസ്സായ കാവേരി നദിയെ ചൊല്ലിയുള്ള തര്‍ക്കം. ബ്രിട്ടീഷ് ഗവണ്‍മെന്റിന് കീഴിലായിരുന്ന മദ്രാസ് പ്രവിശ്യയും മൈസൂര്‍ രാജാവും തമ്മിലായിരുന്നു തര്‍ക്കം. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കുറച്ചുകാലം മൈസൂരും മദ്രാസും ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്നു. ഇക്കാലത്തുതെന്ന കര്‍ഷകര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടും വിധം കവേരി ജലത്തെ വിനിയോഗിക്കുന്നതിന് ഇവര്‍ പദ്ധതികള്‍ ആലോചിച്ചിരുന്നു.
1870-കളുടെ മധ്യത്തിലെ വരള്‍ച്ചയും ക്ഷാമവും ഇത്തരം പദ്ധതികള്‍ക്ക് മുന്നിട്ടിറങ്ങാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. പിന്നീട് മൈസൂര്‍ രാജ്യം തിരികെ രാജാവിന്റെ കയ്യിലെത്തി. ഇതോടെ ജലേസചന പദ്ധതിയുമായി മുന്നോട്ടു പോവാന്‍ മൈസൂര്‍ രാജാവ് തീരുമാനിച്ചു. എന്നാല്‍, അപ്പോഴും ബ്രിട്ടീഷ് ഭരണത്തിലായിരുന്ന മദ്രാസ് പ്രസിഡന്‍സി അവരുടെ ആശങ്കകള്‍ അറിയിച്ച് അതിനെ എതിര്‍ത്തു. 1891-ല്‍ ആയിരുന്നു അത്. ഇതേത്തുടര്‍ന്ന് 1892-ല്‍ ഇരുപക്ഷവും തമ്മില്‍ ചര്‍ച്ചയിലൂടെ കരാറുണ്ടാക്കി. മദ്രാസിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പദ്ധതികളുമായി മുന്നോട്ടു പോവാനായിരുന്നു വ്യവസ്ഥ. മൈസൂര്‍ രാജാവ് 1916-ല്‍ കൃഷ്ണരാജ സാഗര്‍ അണക്കെട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചത് ഇരുദേശക്കാരും തമ്മില്‍ വീണ്ടും തര്‍ക്കത്തിന് കാരണമായി. മൈസൂരില്‍ അണ കെട്ടിയാല്‍ കാവേരിയിലെ വെള്ളം തമിഴ് നാട്ടിലേക്ക് എത്തുകയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി അണക്കെട്ട് നിര്‍മാണത്തെ മദ്രാസ് അധികാരികള്‍ എതിര്‍ത്തു. തര്‍ക്കത്തിനൊടുവില്‍ 1924-ല്‍ ഇരുകൂട്ടരും തമ്മില്‍ കരാറുണ്ടായി. ഇതുപ്രകാരം മൈസൂരിന് അണകെട്ടാനുള്ള തടസ്സം നീങ്ങിക്കിട്ടി.

ഒപ്പം മദ്രാസ് പ്രവിശ്യയിലായിരുന്ന മേട്ടൂര്‍ അണക്കെട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്നതിന് അണക്കെട്ട് തടസ്സമാവരുതെന്നും വ്യവസ്ഥയുണ്ടാക്കി. മാത്രമല്ല, പുതിയതായി കര്‍ണാടകയുടെ ഭാഗത്ത് അണക്കെട്ടുകള്‍ ഉണ്ടാക്കുന്നുവെങ്കില്‍ അത് തമിഴ്‌നാടിന്റെ സമ്മതത്തോടെ വേണമെന്നും വ്യവസ്ഥ വെച്ചു. നദിയിലെ 575.68 ടി.എം.സി. ജലത്തിന് തമിഴ്‌നാടിന് അര്‍ഹതയുണ്ടെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. 50 വര്‍ഷത്തേക്കായിരുന്നു (1974 വരെ) കരാര്‍. ഭരണം മാറി. ജനാധിപത്യ സര്‍ക്കാര്‍ വന്നു. മദ്രാസ് സര്‍ക്കാരും മൈസൂര്‍ സര്‍ക്കാരുമുണ്ടായി (ഇപ്പോഴത്തെ കര്‍ണാടക). പിന്നീട് കാവേരിയിലേക്ക് കേരളത്തില്‍ നിന്നുത്ഭവിച്ചെത്തുന്ന പോഷകനദിയായ കബനിയില്‍ 1959-ല്‍ കര്‍ണാടകം അണക്കെട്ടുണ്ടാക്കിയേപ്പോഴും മറ്റൊരു പോഷക നദിയായ ഹേമാവതിയില്‍ അണെക്കട്ടുണ്ടാക്കാന്‍ തീരുമാനിച്ചപ്പോഴുമൊക്കെ തമിഴ്നാട് ശക്തമായിത്തന്നെ എതിര്‍ത്തു. എന്നാല്‍, ബ്രിട്ടീഷുകാരുടെ ഭരണം മാറിയതിനാല്‍ അവരുണ്ടാക്കിയ കരാറുകളും കാലഹരണപ്പെട്ടുവെന്ന വാദവുമായാണ് കര്‍ണാടകം ഇതിനെ പ്രതിരോധിച്ചത്.
- ട്രൈബ്യൂണല്‍ വിധിയും സംഘര്‍ഷവും
1970 മുതല്‍ കാവേരീ പ്രശ്നം ഒരു ട്രൈബ്യൂണലിനു വിടണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തെ തുടര്‍ന്ന് 1974-ല്‍ അന്നത്തെ കേന്ദ്ര ജലസേചന മന്ത്രിയായിരുന്ന ജഗ്ജീവന്‍ റാം ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. തുടര്‍ന്ന് തമിഴ്‌നാടിന്റെ ഓഹരി 489 ടി.എം.സി. ആയി കുറച്ചു. തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിക്കുകയും ട്രൈബ്യൂണലിനെ നിയമിക്കാന്‍ വിധി സമ്പാദിക്കുകയും ചെയ്തു. വിധിയനുസരിച്ച് 1991-ല്‍ വി.പി. സിങ് സര്‍ക്കാര്‍ മൂന്നംഗ ട്രൈബ്യൂണലിനെ നിയമിക്കുകയും ട്രൈബ്യൂണല്‍ തമിഴ്‌നാടിന് 205 ടി.എം.സി. ജലം കൂടി അനുവദിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. തമിഴ്‌നാടും കര്‍ണാടകവും തമ്മിലുള്ള തര്‍ക്കം തുടര്‍ന്നുകൊണ്ടിരുന്നു. കാവേരിയുടെ വൃഷ്ടി പ്രദേശം കേരളത്തിലും ഉള്‍പ്പെടുന്നതുകൊണ്ട് കേരളവും പോണ്ടിച്ചേരിയിലൂടെ ഒഴുകുന്നതുകൊണ്ട് പോണ്ടിച്ചേരിയും താങ്ങളുടെ ഭാഗങ്ങള്‍ ന്യായികരിച്ചുകൊണ്ട് ഈ തര്‍ക്കങ്ങളില്‍ ഇടപെടുകയുണ്ടായി.
തമിഴ്‌നാടിന്റെ നെല്ലറയായ തഞ്ചാവൂര്‍ കാവേരീ നദീ തടത്തിലാണ്, കൂടാതെ ആടിമാസത്തിലെ ആടിപെരുക്ക് തമിഴരുടെ പ്രധാന ഉത്സവമാണ്. കവേരീ നദിക്ക് ഉപഹാരങ്ങള്‍ അര്‍പ്പിക്കുകയാണ് ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്, കാവേരീ ജലം ലഭിച്ചില്ലങ്കില്‍ ആടിപ്പെരുക്ക് മുടങ്ങുമെന്നും തമിഴര്‍ വാദിക്കുന്നു.അങ്ങനെ കാവേരിക്ക് വൈകാരിക തലവുമുണ്ടായി.
കാവേരി പ്രശ്‌നത്തിന് പക്ഷെ ഈ ഇടക്കാല വിധിയിലൂടെയും പരിഹാരമായില്ല. നദീജല പ്രശ്‌നം ഇരു സംസ്ഥാനങ്ങള്‍ക്കും വൈകാരിക പ്രശ്‌നമായി മാറിയതിനെ തുടര്‍ന്ന് അന്തിമവിധി പ്രസ്താവിക്കുന്നത് നീണ്ടുപോയി. 16 വര്‍ഷങ്ങള്‍ക്കു ശേഷം 2007 ഫെബ്രുവരി അഞ്ചിന് ട്രൈബ്യൂണല്‍ അന്തിമവിധി പറഞ്ഞു. കാവേരിയിലേയും പോഷക നദികളിലേയും ചേര്‍ത്ത് 419 ടി.എം.സി. ജലം തമിഴ്‌നാടിനും 270 ടി.എം.സി. കര്‍ണാടകത്തിനും 30 ടി.എം.സി. കേരളത്തിനും 7 ടി.എം.സി. പുതുച്ചേരിക്കുമായി വീതിക്കണെമന്നായിരുന്നു ട്രൈബ്യൂണലിന്റെ തീര്‍പ്പ്. കാവേരിയില്‍ ആകെയുള്ളത് 740 ടി.എം.സി. ജലമാണ്. അതില്‍ പരിസ്ഥിതി സംരക്ഷണത്തിന് 10 ടി.എം.സി. വേണം. കടലിലേക്കൊഴുക്കുന്നത് കഴിഞ്ഞാല്‍ പിന്നെ നാലു സംസ്ഥാനങ്ങള്‍ക്കായി പങ്കിടാനുള്ളത് 726 ടി.എം.സി. ജലമാണ്. ഇതില്‍ തമിഴ്‌നാട് 562 ഉം കര്‍ണാടക 465 ഉം കേരളം 98.8 ഉം ആണ് ചോദിച്ചത്. ആര്‍ക്കും ആവശ്യപ്പെട്ടത്ര വെള്ളം കിട്ടിയില്ല എന്ന് ചുരുക്കം. ജസ്റ്റിസ് എന്‍.പി. സിങ്ങായിരുന്നു ട്രൈബ്യൂണലിന്റെ അധ്യക്ഷന്‍. എന്‍.എസ്. റാവു, സുധീര്‍ നാരായണന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ഈ വിധിയോടെ പതിനാറു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായെങ്കിലും പ്രശ്‌നത്തിന് യഥാര്‍ഥ പരിഹാരമായില്ല.

കാവേരി നദിയിലെ വെള്ളത്തിന്റെ പകുതിയിലേറെ തമിഴ്‌നാടിന് അനുവദിച്ചുകൊണ്ടുള്ള ട്രൈബ്യൂണല്‍ വിധി കര്‍ണാടകയില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. തമിഴ്നാട് വൈകാരികമായി പ്രതികരിച്ച് അവകാശപ്പെട്ടതിലധികം പിടിച്ചുവാങ്ങുന്നുവെന്നും നദിയുടെ ഉല്‍ഭവകേന്ദ്രം സ്ഥിതി ചെയ്യുന്ന തങ്ങളുടെ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ ആരും കാണുന്നില്ലെന്നുമായിരുന്നു കര്‍ണാടകയുടെ പരാതി. തര്‍ക്കവിഷയത്തില്‍ ട്രൈബ്യൂണലിന്റേയോ കോടതിയുടേയോ പരാമര്‍ശങ്ങളുണ്ടാവുന്ന ഘട്ടങ്ങളിലെല്ലാം ഇരു സംസ്ഥാനങ്ങളിലും വൈകാരിക പ്രതികരണങ്ങളുണ്ടാവാറുണ്ട്. മുന്‍പ് കാവേരി പ്രക്ഷോഭത്തില്‍ കര്‍ണാടകയിലുള്ള നിരവധി തമിഴ് കുടുംബങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായിരുന്നു. തിരിച്ച് സമാനമായ പ്രതികരണം തമിഴ്‌നാട്ടിലും ഉണ്ടാവാറുണ്ട്.
ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങല്‍ രണ്ട് സംസ്ഥാനങ്ങളിലും മഴ കുറയുന്നതാണ് കാവേരി പ്രശ്‌നം വര്‍ഷംതോറും തുടരുന്നതിന്റെ കാരണങ്ങളിലൊന്ന്. തമിഴ്‌നാട് ആവശ്യപ്പെടുന്നത്ര വെള്ളം നല്‍കാന്‍ സാധിക്കുന്ന സ്ഥിതിയിലല്ല തങ്ങളുടെ സംസ്ഥാനമെന്ന നിലപാടാണ് കര്‍ണാടകത്തിനുള്ളത്. 2016 സെപ്റ്റംബര്‍ അഞ്ചിനാണ് കാവേരി തര്‍ക്കം സംബന്ധിച്ച് ആദ്യ സുപ്രീം കോടതി വിധി വരുന്നത്. പ്രതിദിനം 15000 ക്യൂസെക്സ് കാവേരി ജലം കര്‍ണാടകം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശിച്ചത്. അതേസമയം, കൂടുതല്‍ വെള്ളം വേണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ചതുമില്ല. വിധി നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും 15000 ഘന അടി എന്നത് 1000 ഘനയടിയായി കുറയ്ക്കണെമന്നും ആവശ്യപ്പെട്ട് കര്‍ണാടകം ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. ഇതിന്മേല്‍ സപ്തംബര്‍ 12-ന് വിധിവന്നു. വെള്ളം നല്‍കുന്നത് നിര്‍ത്തിവെയ്ക്കണെമന്ന കര്‍ണാടകയുെട ആവശ്യം തള്ളിക്കൊണ്ടായിരുന്നു വിധി. അതേസമയം, തമിഴ്‌നാടിന് അഞ്ചു മുതല്‍ നല്‍കിക്കൊണ്ടിരിക്കുന്ന 15000 ഘനയടി എന്നത് പ്രതിദിനം 12,000 ആക്കി കുറച്ചു. ക്രമസമാധാന പ്രശ്‌നം കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ ന്യായീകരണമല്ലെന്നും വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കി.

- മരണത്തിനും പരിഹാരമാവാത്ത പ്രശ്നം
സപ്തംബര്‍ അഞ്ചിലെ ഉത്തരവിനെ തുടര്‍ന്ന് കര്‍ണാടകത്തില്‍ ബന്ദും ഹര്‍ത്താലുമുണ്ടായി. സുപ്രീം കോടതി പറഞ്ഞ പ്രകാരം കര്‍ണാടകം തമിഴ്‌നാടിന് വെള്ളം കൊടുത്തു തുടങ്ങിയ അന്ന് മാണ്ഡ്യയില്‍ ബന്ദായിരുന്നു. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വാഹനങ്ങളും കടകളും അക്രമാസക്തരായ ആള്‍ക്കൂട്ടം കത്തിച്ചു. ഹെഗ്ഗനഹള്ളിയില്‍ പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും തുടര്‍ന്നുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിനിടെ കെട്ടിടത്തില്‍നിന്നു ചാടി പരിക്കേറ്റ് മറ്റൊരാള്‍ മരിക്കുകയു ചെയ്തു.
ഹൈവേകളില്‍ ഗതാഗതം തടസ്സപ്പെട്ടു. ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. പലയിടത്തും നിശാനിയമം പ്രഖ്യാപിച്ചു. ബെംഗളൂരുവില്‍ മാത്രം 10 കമ്പനി കേന്ദ്രസേനയെയാണ് വിന്യസിച്ചത്. രണ്ടു ദിവസം കൊണ്ട് കര്‍ണാടകത്തിനുണ്ടായത് 25,000 കോടിയുടെ നഷ്ടമാണ് തമിഴ്‌നാട്ടുകാരനായ യുവാവിനെ കര്‍ണാടകയില്‍ മര്‍ദിച്ചതിന്റെ വീഡിേയാ പ്രചരിച്ചതിനെത്തുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പ്രതിഷേധത്തിനിടയില്‍ സ്വയം തീകൊളുത്തിയ ഒരാള്‍ പിന്നീട് മരിക്കുകയും ചെയ്തു. വിവിധ സംഭവങ്ങളില്‍ നാനൂറോളം പേരാണ് അന്ന് അറസ്റ്റിലായത്.

തമിഴ്നാടിന് വിട്ടുനല്‍കേണ്ട കാവേരി ജലത്തിന്റെ അളവ് 125 ടി.എം.സി അടിയില്‍ നിന്ന് 132 അടിയായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് 2017 ജൂലായില്‍ കര്‍ണാടകം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തില്‍ 2018 ഫെബ്രുവരി 16-ന് സുപ്രീം കോടതി അന്തിമവിധിയും പ്രഖ്യാപിച്ചു. ആകെയുള്ള 740 ടി.എം.സിയില്‍നിന്ന് തമിഴ്‌നാടിന് 404.25 ടി.എം.സി, കര്‍ണാടകയ്ക്ക് 284.75 ടി.എം.സി, കേരളത്തിന് 30 ടി.എം.സി, പുതുച്ചേരിക്ക് 7 ടി.എം.സി, പരിസ്ഥിതി സംരക്ഷണത്തിന് 10 ടി.എം.സി, എന്നിങ്ങനെ വീതിച്ചാണ് അവസാനമായി വിധി പ്രസ്താവിച്ചത്.
പ്രതിദിനം 5000 ക്യൂസെക്‌സ് വെള്ളം തമിഴ്‌നാടിന് നല്‍കണമെന്ന് കര്‍ണാടകതത്തോട് കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റി(സി.ഡബ്യു.എം.എ) ഓഗസ്റ്റ് 26-നാണ് ആവശ്യപ്പെട്ടത്. മഴ കുറവായതിനാല്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ വെള്ളം കുറവാണെന്നും കുടിക്കാനുള്ള വെള്ളം മാത്രമാണ് സംഭരിച്ചിരിക്കുന്നതെന്നും കര്‍ണാടകം സി.ഡബ്യു.എം.എയെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. നദീജല കരാറനുസരിച്ച് 24000 ക്യൂസെക്‌സ് വെള്ളം കിട്ടണമെന്ന നിലപാടിലായിരുന്നു തമിഴ്‌നാട്. എന്നാല്‍, കര്‍ണാടകയുടെ സാഹചര്യം കൂടി പരിഗണിച്ച് 5000 ക്യൂസെക്‌സിലേക്കെത്തുകയായിരുന്നു. ഇതും പാലിക്കാനാവില്ലെന്ന് അറിയിച്ച് കര്‍ണാടകം സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് ഇടപെടാനാവില്ലെന്ന കാര്യം സുപ്രീം കോടതി അറിയിച്ചത്.
Content Highlights: Kaveri River water dispute In Karnataka
Published: 26 Sept 2023, 01:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented