ന്യൂഡൽഹി: ലൈംഗിക ചൂഷണത്തിനായുള്ള മനുഷ്യക്കടത്ത് തടയാനും ഇരകളാക്കപ്പെടുന്നവരുടെ പുനരധിവാസത്തിനും മാർഗരേഖയുമായി സുപ്രീംകോടതി. രാജ്യത്താകെ ലൈംഗികചൂഷണത്തിനിരയാക്കപ്പെടുന്നവരുടെ സംരക്ഷണത്തിനായി ഇടപെടലാവശ്യപ്പെട്ട് സന്നദ്ധസംഘടനയായ പ്രജ്ജ്വല 2004-ൽ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് നിർണായക വിധി.

To advertise here,

ഹൃദയത്തോട് ചേർന്നുനിൽക്കുന്ന വിധിന്യായമാണിതെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. വിധി തയ്യാറാക്കാൻ കുറച്ചധികം സമയമെടുത്തു. അരക്ഷിതരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിന് ഉപകരിക്കുമെന്നതിനാൽ ഇതു ഞങ്ങളുടെ ഹൃദയത്തോട് ചേർന്നിരിക്കും. ചരിത്രമാണിത് -വിധി പറയുമ്പോൾ ബെഞ്ച് നിരീക്ഷിച്ചു.

മനുഷ്യക്കച്ചവടത്തിനിരയായി ലൈംഗികവൃത്തിയിലെത്തിപ്പെടുന്നവരെയും സ്വന്തമിഷ്ടപ്രകാരം ലൈംഗികതൊഴിൽ ചെയ്യുന്നവരെയും ഒരേ നിയമത്തിൽ നോക്കിക്കാണുന്നതിന്റെ പ്രശ്‌നമാണ് ഹർജിക്കാർ ഉന്നയിച്ചത്. ഇക്കാര്യത്തിൽ രാജ്യവ്യാപകമായ മാനദണ്ഡം വേണമെന്നായിരുന്നു ഹർജിക്കാരുടെ പ്രാഥമികാവശ്യം. ഈ അടിസ്ഥാന വിഷയത്തിൽ ഉറച്ചുനിന്നാണ് സുപ്രീംകോടതി മാർഗരേഖയിറക്കിയത്. അതിനായി അന്താരാഷ്ട്രതലത്തിൽ ഇന്ത്യ ഭാഗമായ നിയമചട്ടക്കൂടുകളും കോടതി പരിശോധിച്ചു. ഇത്തരം കേസുകളിൽ അതിജീവിതരുടെ അവകാശങ്ങളെ കേന്ദ്രീകരിച്ചുള്ള സമീപനമാണ് വേണ്ടതെന്ന് കോടതി പറഞ്ഞു.

കോടതി പറഞ്ഞത്

*അന്വേഷണ ഏജൻസികളും പുനരധിവാസ സ്ഥാപനങ്ങളും മറ്റധികൃതരും അതിജീവിതർക്ക് പ്രാധാന്യം നൽകണം

*രക്ഷാപ്രവർത്തനത്തിലോ പുനരധിവസിപ്പിക്കുമ്പോഴോ അവർ വീണ്ടും ചൂഷണത്തിനിരയാകുന്നില്ലെന്ന് ഉറപ്പാക്കണം

* ഇക്കാര്യങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ സർക്കാർ ഏജൻസികൾക്കിടയിൽ മികച്ച ഏകോപനമുണ്ടായിരിക്കണം

*മനുഷ്യക്കച്ചവടവും ലൈംഗികത്തൊഴിലും പരിഗണിക്കുമ്പോൾ ‘സമ്മതം’ പ്രധാന ഘടകമായിരിക്കണം

*പ്രായപൂർത്തിയായൊരാൾ സ്വന്തം താത്പര്യത്തിൽ ലൈംഗികത്തൊഴിലെടുക്കുന്നതും മറ്റൊരാൾ മനുഷ്യക്കടത്തിനിരയാക്കപ്പെട്ട് ലൈംഗികത്തൊഴിലിലെത്തിയതും വ്യത്യസ്തമാണ്. ഇതു കണ്ടെത്തുന്നതിന് നിയമപ്രകാരമുള്ള നടപടികൾക്ക് മുൻപായി ചൂഷണം നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുറപ്പാക്കണം

*ബലപ്രയോഗത്തിലൂടെയോ ഭീഷണിയിലൂടെയോ ചൂഷണത്തിലൂടെയോ ഒരാൾ മനുഷ്യക്കടത്തിനിരയായെന്ന് വ്യക്തമായാൽ അവിടെ സമ്മതത്തിന് പ്രസക്തിയില്ല

* പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംരക്ഷണത്തിനായി മനുഷ്യക്കടത്ത് തടയാനുള്ള നിയമകാര്യങ്ങൾക്കൊപ്പം ജുവനൈൽ ജസ്റ്റിസ് നിയമത്തെയും പോക്‌സോ നിയമത്തെയും ഉൾപ്പെടുത്തി

*മനുഷ്യക്കടത്തിന്റെ ഇരകൾക്ക് പുനരധിവാസത്തിനും സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാനും അവകാശമുണ്ട്

നിലവിലെ നിയമങ്ങൾ ശരിയായി നടപ്പാക്കണം

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പ്രത്യേക കുറ്റാന്വേഷണ ഏജൻസി രൂപവത്കരിക്കാൻ നിർദേശിക്കുന്നില്ലെന്ന് സുപ്രീം കോടതി. ശരിയായി നടപ്പാക്കിയാൽ നിലവിലെ നിയമങ്ങളും സംവിധാനങ്ങളും മതിയാകും. ഈ നിർദേശങ്ങൾ കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും എങ്ങനെ പാലിക്കുന്നുവെന്ന് പരിശോധിക്കാൻ മൂന്നുമാസത്തിനുശേഷം വിഷയം വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.