തിരുവനന്തപുരം: ലഹരിവസ്തുക്കളുടെ ഉപയോഗത്തിലും വിൽപ്പനയിലും ഉൾപ്പെട്ടിരിക്കുന്ന യുവാക്കളുടെ പുനരധിവാസത്തിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ അതിൽനിന്ന്‌ പിന്തിരിപ്പിക്കാൻ നേർവഴി പദ്ധതി നിലവിലുണ്ട്. ഇതിന്റെ അനുബന്ധമായാണ് പുതിയ പദ്ധതി.

To advertise here,

ലഹരിവിമുക്തി ചികിത്സ, മാനസികാരോഗ്യ ചികിത്സ, കൗൺസലിങ്, നിയമസഹായം എന്നിവയ്ക്കൊപ്പം ആവശ്യമായവർക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള പരിശീലനവും സംസ്ഥാന സാമൂഹികനീതിവകുപ്പ് ലഭ്യമാക്കും. 18 മുതൽ 25 വരെ പ്രായമുള്ളവർക്കാണ് പ്രഥമപരിഗണന. 25-ന് മുകളിൽ പ്രായമുള്ളവരെയും തീരദേശം, ഗോത്ര വിഭാഗം എന്നിവിടങ്ങളിൽനിന്നുള്ള യുവജനങ്ങളെയും ആവശ്യമെങ്കിൽ പദ്ധതിയുടെ ഗുണഭോക്താക്കളാക്കും.

ഓരോ ജില്ലയിലും 50 പേരെ പരിഗണിക്കും. പോലീസിന്റെയും ജയിൽവകുപ്പിന്റെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തീരുമാനിക്കുക. നർക്കോട്ടിക്സ്, എക്സൈസ് എന്നിവിടങ്ങളിൽനിന്ന്‌ ഇതുവരെ നൂറോളംപേരുടെ പട്ടിക സാമൂഹികനീതിവകുപ്പിന് കൈമാറിക്കഴിഞ്ഞു. ഇവരുടെ വീടുകളിലെത്തി വിശദമായ വിവരശേഖരണം നടത്തിയശേഷം വിദഗ്ധരുടെ സേവനം നൽകും. ആവശ്യമായവർക്ക് തുടർപഠനത്തിനുള്ള അവസരവും കൊടുക്കാനാണ് സാമൂഹികനീതി വകുപ്പിന്റെ തീരുമാനം.