
മലപ്പുറം: സംസ്ഥാനത്ത് പാഴ്‌സി വിഭാഗക്കാർ 2001-ൽ നൂറുപേരുണ്ടായിരുന്നത് ഇപ്പോൾ ആറുപേരായി കുറഞ്ഞെന്ന് ന്യൂനപക്ഷ കമ്മിഷന്റെ പഠനം. കമ്മിഷനുവേണ്ടി കേരള മീഡിയ അക്കാദമി ജേണലിസം വകുപ്പിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. സ്വസമുദായത്തിൽനിന്ന് പങ്കാളികളെ കിട്ടാത്തതാണ് അംഗസംഖ്യ കുറയാൻ പ്രധാന കാരണം. മതത്തിനു പുറത്തുള്ളവരെ വിവാഹം കഴിച്ചാൽ, കുട്ടികളെ പാഴ്‌സികളായി വളർത്താൻ സൗരാഷ്ട്രമതം അനുവദിക്കില്ല. ഇതരമതസ്ഥരെ വിവാഹം കഴിച്ച് കുടുംബം പാഴ്സികളല്ലാതായിത്തീർന്നവർ സംസ്ഥാനത്ത് ഒട്ടേറെയുണ്ട്. മെച്ചപ്പെട്ട അവസരങ്ങൾതേടി യുവതലമുറ മറ്റുദേശങ്ങളിലേക്കു പോകുന്നതും കേരളത്തിലെ പാഴ്‌സികളുടെ ജനസംഖ്യ കുറച്ചു.
സിഖ് സമുദായത്തിലെ അംഗസംഖ്യയും കേരളത്തിൽ കുറഞ്ഞുവരുകയാണ്. 2001-ൽ 2762 പേരുണ്ടായിരുന്നത് ഇപ്പോൾ 350 പേരായി. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഈ സിഖുകാരിൽ ഏറെയും. ജൈനമതക്കാരും കുറഞ്ഞു. 4528 പേരിൽനിന്ന് 3000 പേരായി. അംഗസംഖ്യ കൂടിയ ഏക സൂക്ഷ്മന്യൂനപക്ഷ വിഭാഗം ബുദ്ധമതക്കാരാണ്. 2027-ൽനിന്ന് 4000 പേരിലേക്ക് വർധിച്ചു. വളരെ ചെറിയതോതിലാണെങ്കിലും മതംമാറി ബുദ്ധമതം സ്വീകരിക്കുന്നവരുമുണ്ട്.
കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷപട്ടികയിലുള്ള ആറുവിഭാഗങ്ങളിൽ ഉൾപ്പെടാത്തതിനാൽ ജൂതൻമാരെ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒരുകാലത്ത് പ്രബലരായിരുന്ന ജൂതൻമാരും ഇന്ന് വിരലിലെണ്ണവുന്നവർ മാത്രമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തെ സൂക്ഷ്മന്യൂനപക്ഷത്തെക്കുറിച്ച് ഔദ്യോഗിക പഠനം നടന്നിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കമ്മിഷന്റെ നേതൃത്വത്തിൽ പഠനം നടത്തിയത്. പഠനറിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
സാംസ്‌കാരികപൈതൃകങ്ങളെ ചേർത്തുപിടിക്കും
സൂക്ഷ്മന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുൻപന്തിയിലേക്കു കൊണ്ടുവരാനാണ് കമ്മിഷന്റെ ശ്രമം. ഓരോ സമുദായത്തിന്റെയും സാംസ്‌കാരികവും വിശ്വാസപരവുമായ അടയാളങ്ങളെ സംരക്ഷിക്കാനും ആരാധനലായങ്ങളെ സുരക്ഷിതമാക്കാനുമുള്ള നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സൂക്ഷ്മന്യൂനപക്ഷത്തിന്റെ വികസനത്തിനായി കൂടുതൽ പദ്ധതികളും ആലോചനയിലുണ്ട്.
- അഡ്വ. എ.എ. റഷീദ് (കേരള ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ)
Content Highlights: Statistics of micro minorities in Kerala
Published: 25 Apr 2025, 02:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented