പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 21, 22 തീയതികളില്‍ കുവൈത്ത് സന്ദര്‍ശിക്കുന്നു. കഴിഞ്ഞ 43 വര്‍ഷത്തിനിടയില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ കുവൈത്ത് സന്ദര്‍ശനമാണിത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യ-കുവൈത്ത് ബന്ധങ്ങളുടെ പുതിയ മാനങ്ങളെക്കുറിച്ച് കുവൈത്തിലെ മുന്‍ അംബാസഡര്‍ സതീഷ് ചന്ദ് മേഹ്ത എഴുതുന്നു.

To advertise here,

കുവൈത്തുമായുള്ള ഇന്ത്യയുടെ ബന്ധം ഇരുരാജ്യത്തിന്റെയും സ്വാതന്ത്ര്യത്തിന് മുന്‍പുള്ളതാണ്. കുവൈത്തിലെ സാഹസികരായ മുങ്ങല്‍വിദഗ്ധര്‍ കണ്ടെടുക്കുന്ന പ്രശസ്തമായ ബസ്ര മുത്തുകളെ രാജകുടുംബാംഗങ്ങളുടെയും സമ്പന്നരുടെയും ആഭരണങ്ങള്‍ അലങ്കരിക്കാന്‍ ബസ്ര തുറമുഖംവഴി ഇന്ത്യയില്‍ എത്തിച്ചിരുന്നു. മടക്കയാത്രയില്‍ അവര്‍ തുണിത്തരങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഭക്ഷണസാധനങ്ങള്‍, മറ്റ് ഉത്പന്നങ്ങള്‍ എന്നിവ അവരുടെ പായക്കപ്പലില്‍ കൊണ്ടുപോയി. എണ്ണ കണ്ടെത്തുന്നതിനു മുന്‍പുള്ള കാലഘട്ടത്തില്‍ ഗള്‍ഫ് മേഖലയിലെ പ്രശസ്തരായ കുവൈത്ത് വ്യവസായികള്‍ക്ക് ഇന്ത്യയുമായുള്ള വ്യാപാരം സമ്പത്തിനുള്ള ഉറവിടമായിരുന്നു. എന്നാല്‍, ഈ ബന്ധങ്ങള്‍ വെറുമൊരു വ്യാപാരത്തിനുമപ്പുറത്തുള്ളതായിരുന്നു. 

ബോംബെ (ഇപ്പോള്‍ മുംബൈ) സന്ദര്‍ശിക്കുകയെന്നത് അവരുടെ ആഗ്രഹമായിരുന്നു, ബോംബെയെ ഏറെ ഇഷ്ടപ്പെട്ട കുവൈത്ത് അമീര്‍ മറൈന്‍ ഡ്രൈവില്‍ അന്ന് സ്വത്തുസമ്പാദിച്ചു. അതിപ്പോഴും അവിടെയുണ്ട്. അവിടെ അദ്ദേഹം, പ്രത്യേകിച്ച് മഴക്കാലത്ത് സമയം ചെലവഴിക്കാനെത്തും. 1961-ല്‍ കുവൈത്ത് സ്വതന്ത്രമായപ്പോള്‍, അവരുമായി നയതന്ത്രബന്ധം സ്ഥാപിച്ച ആദ്യരാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ.

70-കള്‍ മുതല്‍, എണ്ണയില്‍നിന്നുള്ള വരുമാനത്തിലുണ്ടായ ഗണ്യമായ വളര്‍ച്ചയോടെ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ, നിക്ഷേപം, വിനോദം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കുവൈത്ത് പാശ്ചാത്യരാജ്യങ്ങളെ കൂടുതലായി ബന്ധപ്പെടാന്‍ തുടങ്ങി. ഇന്ത്യയുമായുള്ള ബന്ധം തുടരുന്നുവെങ്കിലും അവരുടെ ആവശ്യകതകളില്‍ മാറ്റംവന്നു.  രണ്ടുപതിറ്റാണ്ടായി ഇന്ത്യയിലുണ്ടായ ദ്രുതഗതിയിലുള്ള സാമ്പത്തികവളര്‍ച്ചയും സാങ്കേതികവിദ്യ, പ്രതിരോധം, പ്രാദേശിക മേഖലകളുടെ പ്രാധാന്യം എന്നിവയില്‍ വര്‍ധിച്ചുവരുന്ന സാധ്യതകളും ഇന്ത്യ-കുവൈത്ത് ബന്ധങ്ങളില്‍ വലിയ മാറ്റമുണ്ടാക്കി. ഉഭയകക്ഷി വ്യാപാരം തുടര്‍ച്ചയായി ആയിരം കോടി യു.എസ്. ഡോളറിനുമുകളിലാണ്.

കുവൈത്തില്‍ ഒരു ദശലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. അവരുടെ മൊത്തം ജനസംഖ്യയുടെ 21 ശതമാനവും അതിന്റെ തൊഴില്‍ശക്തിയുടെ 30 ശതമാനവുമടങ്ങുന്ന ഏറ്റവും വലിയ പ്രവാസി ഗ്രൂപ്പാണ് നമ്മള്‍. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിലെ ആറ് വലിയ സ്രോതസ്സുകളിലൊന്നാണ് കുവൈത്ത്. ഇന്ത്യയിലെ സ്ഥാപനങ്ങളിലുള്ള കുവൈത്തിന്റെ നിക്ഷേപം ഭീമമാണ്. ഇന്ത്യയുമായി ദീര്‍ഘകാല വ്യാപാരബന്ധമുള്ള അല്‍ഗാനിം, അല്‍ ഷായ ഗ്രൂപ്പുകള്‍പോലുള്ള ചില വലിയ കുവൈത്ത് ബിസിനസ് സ്ഥാപനങ്ങള്‍ ഇന്ത്യയിലെ നിര്‍മാണ-സേവന മേഖലകളില്‍ നിക്ഷേപവും നടത്തിയിട്ടുണ്ട്, എല്‍ &ടി, ഷപൂര്‍ജി പല്ലോന്‍ജി, കല്പതരു, മേഘ, അശോക് ലെയ്ലാന്‍ഡ്, വിപ്രോ, ടാറ്റ കിര്‍ലോസ്‌കര്‍ തുടങ്ങിയ ഇന്ത്യയിലെ വലിയ കമ്പനികള്‍ കുവൈത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് സഹായവും നല്‍കുന്നു. സാമ്പത്തിക-അനുബന്ധ മേഖലയില്‍ എല്‍.ഐ.സി., ന്യൂ ഇന്ത്യ അഷ്വറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് എന്നിവ വര്‍ഷങ്ങളായി സജീവമായി അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് പണമയക്കുന്നത് ഇപ്പോള്‍ അഞ്ഞൂറുകോടി യു.എസ്. ഡോളറിലധികമാണ്. 

സാധ്യതകളുടെ വാതിലുകള്‍ 

സാധ്യതകള്‍ ഇനിയുമേറെയുണ്ട്. 18,000 ചതുരശ്ര കിലോമീറ്ററില്‍ത്താഴെമാത്രം വിസ്തീര്‍ണമുള്ള കുവൈത്തിന് (ഇന്ത്യയിലെ പല ജില്ലയും വിസ്തീര്‍ണത്തില്‍ കുവൈത്തിനെക്കാള്‍ വലുതാണ്. 105 ബില്യണ്‍ ബാരലില്‍ കൂടുതല്‍ എണ്ണ ശേഖരമുണ്ട്. വളരെ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ളതിനാല്‍ ഇന്ത്യയില്‍നിന്നുള്ള ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ലാഭകരമായ വിപണിയാണിന്ന് കുവൈത്ത് 10 വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ യു.എസ്. ഡോളര്‍  ചെലവ് പ്രതീക്ഷിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയൊരു അവസരമാണ് നല്‍കുന്നത്. കൂടാതെ, ഇന്ത്യയിലെ ആഡംബരടൂറിസത്തിനും പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ക്കും സമ്പന്നരായ കുവൈത്തികള്‍ നല്ലൊരു സ്രോതസ്സാകാം.

ഇക്കാര്യങ്ങളിലെല്ലാം  പ്രധാനമന്ത്രി മോദിയുടെ കുവൈത്ത് സന്ദര്‍ശനം വഴിയൊരുക്കുമെന്ന്  പ്രതീക്ഷിക്കാം. കുവൈത്ത് എണ്ണയുടെ പ്രധാന വിപണി ഏഷ്യയായതിനാല്‍ ഇന്ത്യയില്‍ കുവൈത്ത് എണ്ണയുടെ തന്ത്രപരമായ സംഭരണം, ഇന്ത്യന്‍ പെട്രോകെമിക്കല്‍സ് മേഖലയില്‍ കുവൈത്തിന്റെ പങ്കാളിത്തം, കുവൈത്തിന്റെ നവീകരണപദ്ധതികളില്‍ ലോകോത്തര നിലവാരമുള്ള ഇന്ത്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളുടെ പങ്കാളിത്തം എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളിസമൂഹം വളരെ വലുതായതിനാല്‍ അവരുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കേണ്ടതുണ്ട്. ഇതില്‍ ഗണ്യമായി മലയാളികളുമുണ്ട്. 

പ്രതിരോധവും സുരക്ഷാപ്രശ്‌നങ്ങളും പ്രധാന വിഷയങ്ങളായി മാറുകയാണ്. ഇന്ത്യയും കുവൈത്തും പരസ്പരം കൂടിയാലോചനകള്‍ നടത്തുന്നതിനാലും ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ കുവൈത്ത് തുറമുഖം പതിവായി സന്ദര്‍ശിക്കുന്നതിനാലും പ്രതിരോധ-സുരക്ഷാ സഹകരണത്തിന് കൂടുതല്‍ ശ്രദ്ധയും ചര്‍ച്ചകളും ആവശ്യമായി വന്നേക്കാം. പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങള്‍ കാരണം, മേഖല അസ്വസ്ഥമാണ്. ജി.സി.സി. പ്രസിഡന്റ് എന്ന നിലയില്‍, കുവൈത്തിന് ഈ മേഖലയിലെ ഇന്ത്യയുടെ സഹകരണവും മികച്ച ഓഫീസുകളും സാഹചര്യം മെച്ചപ്പെടുത്താന്‍ പ്രയോജനപ്പെടുത്താം.