മസ്കറ്റ്: ഇന്ത്യൻ മഹാസമുദ്ര വ്യാപാരപാതയിലെ പ്രധാനകേന്ദ്രങ്ങളായ ഇന്ത്യയും ഒമാനും തമ്മിൽ പുരാതനകാലം മുതൽ തന്നെ വാണിജ്യപരമായ ബന്ധമുണ്ടായിരുന്നു. വ്യാപാരബന്ധം ശക്തമായതോടെ 1955-ലാണ് ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധം ഔദ്യോഗികമായി ആരംഭിക്കുന്നത്. ഇന്ത്യയുടെ ഗൾഫ് പങ്കാളിത്തങ്ങളിൽ മുൻസ്ഥാനത്ത് നിൽക്കുന്ന ഒമാനുമായുള്ള സഹകരണം എഴുപതാണ്ട് പൂർത്തിയാക്കുമ്പോൾ സൗഹൃദം, വിശ്വാസം, പരസ്പര ബഹുമാനം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ശക്തമായ പങ്കാളിത്തമായി അത് വളർന്നിരിക്കുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രിമാർ ഒമാനിലേക്ക് നടത്തിയ സന്ദർശനങ്ങൾ ഇരുരാജ്യങ്ങളുടെയും പ്രതിരോധം, വ്യാപാരം, വാണിജ്യം, ഊർജം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുള്ളതായി വിദേശകാര്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആ നാൾവഴികളിലൂടെ..

To advertise here,

രാജീവ് ഗാന്ധി (1985 നവംബർ)

ഒമാന്റെ ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനായാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല-നയതന്ത്ര ഇടപെടലുകളുടെ ആരംഭമായാണ് ഈ സന്ദർശനത്തെ വീക്ഷിക്കുന്നത്. ഇന്ത്യ-ഒമാൻ സൈനിക സഹകരണ പ്രോട്ടോക്കോൾ ഒപ്പുവെച്ചത് ഈ സന്ദർശനത്തിലാണ്. നാവിക-സംയുക്ത അഭ്യാസങ്ങൾക്കും സമുദ്രസുരക്ഷാസഹകരണത്തിനും തുടക്കം കുറിച്ചു. ഗൾഫ്‌ രാജ്യങ്ങളിൽ ഒമാൻ ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയായി മാറിയത് ഈ സന്ദർശനത്തിന് ശേഷമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

പി. വി. നരസിംഹറാവു (1993 ജൂൺ)

ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന അയൽരാജ്യമായ ഒമാനിലേക്ക് നരസിംഹറാവു നടത്തിയ സന്ദർശനം സമുദ്രസുരക്ഷാസഹകരണത്തെ കൂടുതൽ ശക്‌തമാക്കുന്നതായിരുന്നു. ശീതയുദ്ധാനന്തര കാലഘട്ടത്തിൽ ഇന്ത്യയുടെ വിദേശനയം പുതുക്കപ്പെടുന്ന സമയത്തായിരുന്നു ഈ സന്ദർശനം. ഒമാനുമായി ദീർഘകാല ഊർജ്ജസഹകരണത്തിനുള്ള അടിത്തറയൊരുക്കുന്നതിന് ഈ സന്ദർശനം സഹായകമായി. ഇരുരാജ്യങ്ങളും ചേർന്നുള്ള നാവിക അഭ്യാസമായ 'നസീം അൽ ബഹ്ർ' ആരംഭിച്ചത് ഈ സന്ദർശനത്തിന് ശേഷമാണ്.

അടൽ ബിഹാരി വാജ്‌പേയി (1998 ആഗസ്ത്)

പ്രത്യേകകരാറുകളൊന്നും ഒപ്പുവച്ചില്ലെങ്കിൽ കൂടിയും അടൽ ബിഹാരി വാജ്‌പേയിയുടെ ഒമാൻ സന്ദർശനം രാഷ്ട്രീയ-സാമ്പത്തിക-സുരക്ഷാ-സാമൂഹിക സഹകരണങ്ങളെ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. 1990കളിലെ ജിയോ-പൊളിറ്റിക്കൽ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയബന്ധം സ്ഥിരതയാർന്നതാക്കാൻ ഈ സന്ദർശനത്തിലൂടെ കഴിഞ്ഞു. എണ്ണ, വാതകം തുടങ്ങിയ ഊർജമേഖലകളിൽ സഹകരണം വർധിച്ചതോടൊപ്പം ഇന്ത്യൻ കമ്പനികൾക്ക് ഒമാനിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതും ഈ സന്ദർശനത്തിന് ശേഷമാണ്.

ഡോ. മൻമോഹൻ സിങ് (2008 നവംബർ)

ഇന്ത്യയുടെ മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ ഒമാൻ സന്ദർശനം ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധത്തിലെ നാഴികക്കല്ലായാണ് വിശേഷിപ്പിക്കുന്നത്. ഇരുരാജ്യങ്ങളും ഇന്ന് പങ്കിടുന്ന സമഗ്രതന്ത്ര വളർച്ചയ്ക്ക് ഈ സന്ദർശനം വഴിയൊരുക്കി. സമുദ്രസുരക്ഷ, പ്രതിരോധ പരിശീലനം, സംയുക്ത സൈനിക അഭ്യാസങ്ങൾ എന്നിവയിൽ ഒമാനുമായി സഹകരണം വർധിപ്പിക്കാൻ ഈ സന്ദർശനത്തിലൂടെ കഴിഞ്ഞു. ഇന്ത്യയുടെ പടിഞ്ഞാറൻ സമുദ്രപരിധിയിൽ ഒമാന്റെ നാവികസഹകരണം വർധിപ്പിക്കുന്നതും ഇന്ത്യൻ നാവികസേനയ്ക്ക് മസ്കറ്റ്, സലാല അടക്കമുള്ള ഒമാനിലെ തുറമുഖങ്ങളിൽ സ്ഥിരമായ പ്രവേശനം ലഭിക്കുന്നതും ഇതിന്റെ തുടർച്ചയായാണ്. ഊർജസഹകരണം വ്യാപിപ്പിക്കുന്നതിനായുള്ള ദീർഘകാല വിതരണക്കരാറുകൾക്ക്‌ തുടക്കമിട്ടതും സാമ്പത്തിക-വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകൾ നടന്നതും ഈ സന്ദർശനവേളയിലാണ്.

നരേന്ദ്രമോദി (2018 ഫെബ്രുവരി)

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഒമാൻ സന്ദർശനം ഇന്ത്യ-ഒമാൻ നയതന്ത്രസഹകരണം കൂടുതൽ ദൃഢമാക്കിയതായി നയതന്ത്രവിദഗ്ധർ വിലയിരുത്തുന്നു. രണ്ട് രാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തിന്റെ സുദീർഘമായ ഭാവിയിലേക്കുള്ള ബഹുമുഖ പങ്കാളിത്തത്തിന് തുടക്കം കുറിച്ചത് ഈ സന്ദർശനത്തിലൂടെയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രധാനപ്പെട്ട എട്ട് കരാറുകൾ ഒപ്പുവച്ചതുൾപ്പെടെ വാണിജ്യ-വ്യാപാര വികസനം, ഊർജസംരക്ഷണ-സഹകരണം, പ്രതിരോധ- വിദ്യാഭ്യാസ സഹകരണം, ആരോഗ്യവും ബഹിരാകാശവും സംബന്ധിച്ചുള്ള സഹകരണം, വിനോദസഞ്ചാരമേഖലയിലെ സഹകരണം, പ്രവാസിഭാരതീയരുടെ ക്ഷേമം തുടങ്ങിയ പല നിർണായക വിഷയങ്ങൾക്കും ഈ സന്ദർശനം ചർച്ചയായി. ഇന്ത്യൻ കമ്പനികൾക്ക് ദുഖും, സോഹാർ, സലാല തുടങ്ങി ഒമാന്റെ SEZ മേഖലകളിലേക്ക് കൂടി നിക്ഷേപാവകാശം വിപുലീകരിക്കപ്പെട്ടതും, ഇന്ത്യൻ നാവികസേനയുടെ ദുഖും തുറമുഖ പ്രവേശനവും ഈ സന്ദർശനത്തിന്റെ വലിയ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും സൗഹൃദവും വളർത്തുന്നതിൽ പ്രധാനമന്ത്രിമാരുടെ ഒമാൻ സന്ദർശനങ്ങൾ പ്രാധാന്യമേറുന്നത് ഈ പശ്ചാത്തലങ്ങളിലാണ്. 1985-ലെ സൈനിക പ്രോട്ടോക്കോളിൽ തുടങ്ങി 2008-ലെ തന്ത്രപങ്കാളിത്തത്തിലേക്കും 2018-ലെ ദുഖും തുറമുഖപ്രവേശനത്തിലേക്കും വരെ ഇത് പ്രതിരോധ-സമുദ്രസുരക്ഷാ സഹകരണം വ്യാപിപ്പിച്ചു. ഒമാന്റെ SEZ മേഖലകളിലെ ഇന്ത്യൻ നിക്ഷേപങ്ങൾ, ഊർജസഹരണ പദ്ധതികൾ, അടിസ്ഥാന സൗകര്യം, ടൂറിസം, വിദ്യാഭ്യസം, വിദ്യാർത്ഥി കൈമാറ്റം, പ്രവാസിക്ഷേമം തുടങ്ങി സാംസ്കാരികവും സമഗ്രവുമായ മുന്നേറ്റത്തിനാണ് ഇത് സാക്ഷ്യം വഹിച്ചത്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാനിലെത്തുന്നത്. സമഗ്ര-സാമ്പത്തിക-പങ്കാളിത്തക്കരാറിനായുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും ഈ വർഷം ആദ്യം തന്നെ പൂർത്തിയാക്കിയ സാഹചര്യത്തിൽ ദീർഘകാലമായി കാത്തിരിക്കുന്ന ഇന്ത്യ-ഒമാൻ സ്വതന്ത്രവാണിജ്യ ഉടമ്പടി സാധ്യമാകുമെന്ന പ്രതീക്ഷയോടുകൂടിയാണ് ഈ സന്ദർശനത്തെയും ഏവരും ഉറ്റുനോക്കുന്നത്.