രാജപുരം: പട്ടിക ഗോത്രവർഗവിഭാഗങ്ങൾ കുടുംബങ്ങളായി കഴിയുന്ന ഇടങ്ങളെ വിളിച്ചിരുന്ന ‘ഊര്’ എന്ന പേര് നിലനിർത്തണമെന്നാവശ്യപ്പെട്ട് പട്ടികവർഗ സംഘടനകൾ. പേര് മാറ്റുന്നത് പട്ടികവർഗമേഖലയിലെ വികസന പ്രവർത്തനങ്ങൾക്കും പദ്ധതികൾ അട്ടിമറിക്കുന്നതിനടക്കം കാരണമാകുമെന്നാണ് ഇവരുടെ ആശങ്ക. ‘ഊര്’ നിലനിർത്തണമെന്നാവശ്യപ്പെട്ട് അവർ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷനെയും സമീപിച്ചു.
പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മുൻ മന്ത്രി കെ.രാധാകൃഷ്ണനാണ് ആദിവാസി സങ്കേതങ്ങളെ കോളനികൾ എന്ന് വിളിക്കുന്നത് ഒഴിവാക്കാൻ നടപടിയെടുത്തത്. ആദിവാസി സമൂഹം കാലങ്ങളായി ഉപയോഗിച്ചിരുന്ന സങ്കേതം, ഊര് എന്നിവയും ഇതോടൊപ്പം ഒഴിവാക്കി. പകരം ഉന്നതി, നഗർ, പ്രകൃതി തുടങ്ങിയവയോ പ്രാദേശികമായ പേരുകളോ ഉപയോഗിക്കാനും ഉത്തരവിറക്കി. ഈ മാറ്റം പ്രശ്നമാകുമെന്നാണ് പട്ടികവർഗ വിഭാഗങ്ങൾ പറയുന്നത്.
തനതായ ഭാഷ, വിശ്വാസം, ആചാരം, ജീവിതരീതി, കൂട്ടായ്മാബോധം തുടങ്ങിയ സവിശേഷതയും ഭരണഘടനാ പരിരക്ഷയും ആവശ്യമുള്ള ഗോത്രവിഭാഗങ്ങളെയാണ് സർക്കാർ, പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2011-ലെ സെൻസസ് പ്രകാരം 37 വിഭാഗങ്ങളിലായി 4,84,839 ആണ് സംസ്ഥാനത്തെ പട്ടികവർഗ ജനസംഖ്യ. കാലങ്ങളായി അവർ കഴിയുന്ന ഇടങ്ങൾ അറിയപ്പെട്ടിരുന്ന ഊര് എന്ന പേര് അംഗീകൃത സ്ഥാപനങ്ങളുടെ പഠനറിപ്പോർട്ടില്ലാതെ മാറ്റിയെന്നാണ് ഇവരുടെ പരാതി.
ഊരുകൂട്ടത്തെയും ബാധിക്കും
ആദിവാസി വിഭാഗങ്ങൾക്കുള്ള വിവിധ പദ്ധതികൾ നടപ്പാക്കാൻ രൂപവത്കരിച്ച പരമാധികാര സമിതിയാണ് ഊരുകൂട്ടം. ഊര് എന്ന പേര് മാറ്റുന്നതോടെ പട്ടികവർഗമേഖലയിൽ കേന്ദ്രസഹായം ലഭിക്കുന്നതിനടക്കം തടസ്സമാകുമെന്നും ഊരുകൂട്ടത്തിന്റെ പരമാധികാരംതന്നെ ഇല്ലാതാകാൻ കാരണമാകുമെന്നും പട്ടികവർഗ സംഘടനകൾ പറയുന്നു. പരമ്പരാഗത നിയമനിർമാണ സഭയായ ഊരുകൂട്ട യോഗത്തിന്റെ വിശ്വാസ്യത നഷ്ടമാകുമെന്നും ആശങ്കയുണ്ട്.
പരമ്പരാഗതമായി ഓരോ ഗോത്രവിഭാഗവും അവരുടെ മേഖലയെ തുളു ഭാഷയിൽ സ്ഥലം എന്നർഥമുള്ള ‘ഊര്’ എന്നാണ് വിളിക്കുന്നത്. ദ്രാവിഡ ഭാഷാപദമായ ‘ഊര്’ എന്ന വാക്ക് സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും അടയാളമായാണ് ഗോത്രവിഭാഗങ്ങൾ കാണുന്നത്. ഊര് എന്നപേര് ഒഴിവാക്കുന്നത് ഊരുകൂട്ട സമിതിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഇവർ പറയുന്നു.
കാര്യമായ പഠനമില്ലാതെയും ചര്‍ച്ച നടത്താതെയും പേരുകള്‍ മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവ് കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് ദളിത് സമുദായമുന്നണി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൃഷ്ണന്‍ മൂപ്പില്‍ പറഞ്ഞു.
Content Highlights: Tribal communities in Kerala are protesting against the government`s decision to rename `Ooru`
Published: 27 Oct 2024, 08:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented