തിവേഗം മുന്നോട്ടുകുതിക്കുന്ന, ഇടത്തരക്കാര്‍ക്ക് പ്രാമുഖ്യമുള്ള സമൂഹമായി കേരളം മാറിയിരിക്കുന്നെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ രണ്ടാം കേരളപഠന റിപ്പോര്‍ട്ട്. 'കേരളപഠനം 2.0: ഒന്നര ദശാബ്ദത്തിലെ ജനജീവിതമാറ്റങ്ങള്‍' എന്ന പഠനറിപ്പോര്‍ട്ടിലാണ് കേരളസമൂഹത്തിന്റെ പൊതുചിത്രം വെളിപ്പെടുന്നത്.

To advertise here,

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പാത്തോളജി വിഭാഗം മുന്‍മേധാവി ഡോ. കെ.പി. അരവിന്ദന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ ചെയര്‍പേഴ്സണായുള്ള പഠനസമിതി 2019-ലാണ് പഠനത്തിന്റെ വിവരശേഖരണം പൂര്‍ത്തിയാക്കിയത്. 2004-ലാണ് പരിഷത്ത് ആദ്യമായി കേരളത്തിന്റെ സാമൂഹ്യശാസ്ത്ര അന്വേഷണം നടത്തിയത്. കേരളം എങ്ങനെ ജീവിക്കുന്നു, കേരളം എങ്ങനെ ചിന്തിക്കുന്നു എന്നതായിരുന്നു ആ പഠനം.

2004-ലെ കണ്ടെത്തലുകളില്‍നിന്ന് ഏതെല്ലാം രംഗങ്ങളില്‍ എന്തെന്തുമാറ്റങ്ങളാണ് വന്നതെന്ന് പരിശോധിക്കുകയാണ് രണ്ടാം 'കേരളപഠനത്തില്‍'. മുഴുവന്‍ കുടുംബങ്ങളെയും നാല് സാമ്പത്തികഗ്രൂപ്പുകളായി വിഭജിച്ചുകൊണ്ടാണ് രണ്ടാംഘട്ടപഠനം നടത്തിയത്. അതിദരിദ്രര്‍, ദരിദ്രര്‍, താഴ്ന്ന ഇടത്തരക്കാര്‍, ഉയര്‍ന്ന ഇടത്തരക്കാര്‍ എന്നിങ്ങനെയാണ് ഈ നാലുവിഭാഗം. 

കേരളത്തിന്റെ ജനസംഖ്യ ഇപ്പോള്‍ സ്ഥിരതയിലെത്തിയിരിക്കുന്നെന്ന് പഠനം കണ്ടെത്തി. ഉപഭോക്തൃ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ചെലവില്‍ 356.6 ശതമാനം വര്‍ധനയുണ്ടായി. എയര്‍ കണ്ടീഷണറുള്ള വീടുകള്‍ ഒരുശതമാനത്തില്‍നിന്ന് പത്തിരട്ടിയായി വര്‍ധിച്ചു. ദാരിദ്ര്യത്തിന്റെ തീവ്രതയളക്കുന്ന ദാരിദ്ര്യവിടവ് അനുപാതം ഗ്രാമങ്ങളില്‍ 5.7-ല്‍നിന്ന് 2.5 ആയും നഗരങ്ങളില്‍ 4.6-ല്‍നിന്ന് 3.9 ആയും കുറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ 4.9 ശതമാനം മാത്രമാണ് അതിദരിദ്രര്‍. സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തത്തില്‍ 3.1 ശതമാനം വര്‍ധനയുണ്ടായി.

കുടുംബങ്ങളുടെ കടബാധ്യതയ്ക്കുള്ള പ്രധാനകാരണം പെണ്‍കുട്ടികളുടെ വിവാഹച്ചെലവുകളും അപ്രതീക്ഷിതമായ വന്‍ ചികിത്സാചെലവുകളുമാണെന്ന് പഠനം പറയുന്നു. പിന്നാക്കഹിന്ദുക്കളും ദളിതരുമാണ് ഇടതുപക്ഷത്തിന് ശക്തിനല്‍കുന്നത്. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളാണ് യുഡിഎഫിന് ആപേക്ഷികമായി പിന്തുണനല്‍കുന്നത്. ബിജെപിയുടെ പിന്തുണ പ്രധാനമായും മുന്നാക്കഹിന്ദുക്കളില്‍നിന്നാണെന്ന് പഠനത്തില്‍ പറയുന്നു.

2004-ല്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളാണ് മെച്ചമെന്നാണ് ജനങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നതെങ്കില്‍, ഇപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളുമാണ് മെച്ചമെന്നാണ് അഭിപ്രായം. കൈക്കൂലി കൊടുക്കേണ്ടിവരുന്നവരുടെ എണ്ണം 25.9-ല്‍ നിന്ന് 8.6 ആയി കുറഞ്ഞെന്നും പഠനത്തില്‍ നിരീക്ഷിക്കുന്നു.