
പത്ത് വര്ഷത്തോളം തടവറയില് ഇരുട്ടില് നിന്ന് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള പോരാട്ടം. തന്റെ ജീവിതത്തിന്റെ വലിയൊരുകാലം മുഴുവന് കോടതി വരാന്തകളിലും കല്ത്തുറങ്കിലും അടയ്ക്കപ്പെടേണ്ടി വന്ന ജീവിതം. മാവോവാദിബന്ധം ആരോപിച്ചുള്ള കേസിലാണ് തടവിലായത്. പത്തു വര്ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സായിബാബ പുറംലോകം കണ്ടത്. ജയില്മോചിതനായ ഏഴുമാസങ്ങള്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മരണം.
നാഗ്പുര് സെന്ട്രല് ജയിലില് നിന്നാണ് സായിബാബ പുറത്തിറങ്ങിയത്. പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളര്ന്ന് ചക്രക്കസേരയുടെ സഹായത്തോടെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. 2014-ല് അറസ്റ്റിലായത് മുതല് നാഗ്പുര് സെന്ട്രല് ജയിലില് തടവിലായിരുന്നു. ഏകാന്ത തടവുകാരെ താമസിപ്പിക്കുന്ന അതിസുരക്ഷാ ലോക്കപ്പായ അണ്ഡാ സെല്ലിലായിരുന്നു അദ്ദേഹം. ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും സുപ്രീം കോടതി ആ ഉത്തരവ് സ്റ്റേ ചെയ്തതിനാല് സായിബാബയ്ക്ക് ജയില് മോചിതനാകാന് സാധിച്ചില്ല. ഹൈക്കോടതിയുടെ നാഗ്പുര് ബെഞ്ച് വീണ്ടും വാദം കേട്ടാണ് സായിബാബ അടക്കമുള്ളവരെ വെറുതേവിട്ടത്. വിധി സ്റ്റേചെയ്യണമെന്ന് സര്ക്കാര് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയതോടെയാണ് സായിബാബയ്ക്ക് ജയില് മോചനം സാധ്യമായത്.
ആരാണ് ജിഎന് സായിബാബ
ഡല്ഹി സര്വകലാശാലയ്ക്ക് കീഴിലുള്ള റാം ലാല് ആനന്ദ് കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ജിഎന് സായിബാബ. 1967 -ല് ആന്ധ്രയിലെ അമലാപുരത്തെ കാര്ഷിക കുടുംബത്തിലാണ് ജനിക്കുന്നത്. അഞ്ചാം വയസില് തന്നെ പോളിയോ ബാധിച്ചതോടെ വീല്ച്ചെയറിലായി ബാക്കി ജീവിതം. ഇതിന് പുറമേ നിരവധി ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. അമലാപുരത്ത് തന്നെയുള്ള എസ്കെബിആര് കോളേജില് നിന്ന് അദ്ദേഹം ഇംഗ്ലീഷ് ബിരുദം നേടി. പിന്നീട് ഹൈദരാബാദ് സര്വകലാശാലയില് നിന്നും ഇംഗ്ലീഷില് ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്നു. ഇന്ത്യന് റൈറ്റിങ് ഇന് ഇംഗ്ലീഷ് ആന്ഡ് നേഷന് മേക്കിങ് എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണവിഷയം.
തന്റെ ആരോഗ്യ പ്രശ്നങ്ങളൊന്നും വകവെയ്ക്കാതെയാണ് അദ്ദേഹത്തിന്റെ സാമൂഹിക പ്രവര്ത്തനം നടത്തിയത്. മകളുടെ ജനനം വരെ ഓള് ഇന്ത്യ പീപ്പിള്സ് റസിസ്റ്റന്സ് ഫോറത്തിലെ പ്രവര്ത്തനങ്ങളില് മുന്നിരയില് തന്നെയുണ്ടായിരുന്നു. പിന്നീട് ഈ പാര്ട്ടി റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പാര്ട്ടിയില് ലയിച്ചു. സിപിഐ മാവോയിസ്റ്റ് അനുഭാവമുള്ള പാര്ട്ടിയായിരുന്നു ഇത്. നക്സലേറ്റുകള്ക്കെതിരേ സര്ക്കാര് നടത്തുന്നത് ഓപ്പറേഷന് ഗ്രീന്ഹണ്ടിനെതിരെയുള്ള കാമ്പയിനിലും സായിബാബയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ആദിവാസി ദളിത് സമൂഹത്തിനെതിരേയുള്ള സര്ക്കാരിന്റെ നയങ്ങളെ അദ്ദേഹം വിമര്ശിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ അതുവരെ യാതൊരു ആരോപണങ്ങളൊ ക്രിമിനല് പശ്ചാത്തലമോ ഉണ്ടായിരുന്നില്ല.

കേസുകളുടെ തുടക്കം
2014ല് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു. മവോയിസ്റ്റ് ബന്ധം സാധൂകരിക്കുന്ന പുസ്തകങ്ങളും പെന്ഡ്രൈവുകളും സായിബാബയുടെ മുറിയില് നിന്ന് കിട്ടിയെന്ന് പോലീസ് വ്യക്തമാക്കുന്നു. തുടര്ന്ന് അദ്ദേഹത്തിന് മേല് യു.എ.പി.എ വകുപ്പ് ചുമത്തി. കുറ്റകൃത്യങ്ങള് സെഷന്സ് കോടതിയായതിനാല് മജിസ്ട്രേറ്റ് കോടതി കേസ് സെഷന്സ് കോടതിയെ ഏല്പ്പിച്ചു. തുടര്ന്നായിരുന്നു അറസ്റ്റ്.
2015 ജൂണില് ആരോഗ്യ കാരണങ്ങളാല് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുന്നു. ജൂലായില് പുറത്തിറങ്ങിയ സായിബാബ അതേവര്ഷം ഡിസംബറില് വീണ്ടും ജയിലിലായി. 2016ല് വീണ്ടും സുപ്രീം കോടതി ജാമ്യം നല്കുന്നു.
2017ല് തീവ്രവാദ സംഘടനകളുമായി ചേര്ന്ന് ക്രിമിനല് പ്രവര്ത്തനം, ക്രിമിനല് ഗൂഢാലോചന എന്നിവയില് ഏര്പ്പെട്ടുവെന്ന് ആരോപിച്ച് 5 പേര്ക്കൊപ്പം സായിബാബയ്ക്കും കോടതി ശിക്ഷ വിധിച്ചു. സായിബാബ ഉള്പ്പെടെ അഞ്ച് പേര്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോള് ആറാമന് പത്ത് വര്ഷത്തെ തടവുശിക്ഷയാണ് വിധിച്ചത്.
ആറ് പേര്ക്കും മാവോയിസ്റ്റ് ബന്ധമുള്ള സംഘടനയായ ആര്ഡിഎഫില് അംഗങ്ങളാണെന്ന് കോടതി കണ്ടെത്തി.ക്രിമിനല് ഗൂഢാലോചന, യുഎപിഎ വകുപ്പുകള്, നിയമവിരുദ്ധ പ്രവര്ത്തനം, ഗൂഢാലോചന, തീവ്രവാദ സംഘത്തിലോ സംഘടനയിലോ അംഗമായതിനുള്ള ശിക്ഷ, തീവ്രവാദ സംഘടനയില് അംഗത്വം, തീവ്രവാദ സംഘടനയെ പിന്തുണയ്ക്കല് തുടങ്ങിയ കുറ്റങ്ങള് ചുമത്തിയ ഐപിസി സെക്ഷന് പ്രകാരമാണ് സായിബാബ ഉള്പ്പെടെ അഞ്ച് പേര്ക്കെതിരെ ശിക്ഷ വിധിച്ചത്.
90 ശതമാനത്തോളം വൈകല്യമുള്ള വ്യക്തിയായിരുന്നു സായിബാബ. എന്നാല് അദ്ദേഹത്തിന്റെ വൈകല്യങ്ങളൊന്നും തന്നെ കോടതി മുഖവിലയ്ക്കെടുത്തില്ല. എന്നാല് മാനസികമായി യാതൊരു ബുദ്ധിമുട്ടുകളുമില്ലാത്ത സായിബാബ ഈ നിരോധിത സംഘടനയില് സുപ്രധാന വ്യക്തിത്വമായി തിളങ്ങി നിന്നുവെന്നായിരുന്നു കോടതി കണ്ടെത്തല്. നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന് സിപിഐ മാവോയിസ്റ്റിന്റെ ചില ലഘുലേഖകളും റെവല്യൂഷണറി ഡെമോക്രാറ്റിക്ക് ഫ്രണ്ടിന്റെ പ്രവര്ത്തന റിപ്പോര്ട്ടുകളും അദ്ദേഹത്തിന്റെ കംപ്യൂട്ടറില് നിന്ന് പോലിസ് കണ്ടെത്തിയിരുന്നു. ഇതെല്ലാം വെച്ചായിരുന്നു പ്രോസിക്യൂഷന് വാദിച്ചത്.
ശിക്ഷ വിധിച്ചതിന് ശേഷം 2017 മാര്ച്ചില് ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര് ബെഞ്ചിലേക്ക് അപ്പീലുമായി സായിബാബ പോയി. ഇതേ വര്ഷം തന്നെ സായിബാബയുടെ ജീവപര്യന്തം ശിക്ഷയില് പ്രതിഷേധിച്ച് സിപിഐ -മാവോയിസ്റ്റ് വിഭാഗം ഭാരത് ബന്ദ് നടത്തി
2020 ഏപ്രിലില് സായിബാബയുടെ മോശമായ ആരോഗ്യ അവസ്ഥ മുന്നില് കണ്ട് യുഎന് ഒഎച്ച്സിഎച്ച്ആര് കേന്ദ്ര സര്ക്കാരിനോട് അദ്ദേഹത്തെ വെറുതെ വിടാനായി ഇടപെടല് നടത്തുന്നു. 2020 ജൂലായ് 28ന് സായിബാബയുടെ 45 ദിവസത്തെ മെഡിക്കല് ജാമ്യാപേക്ഷ തള്ളുന്നു.
ഏപ്രില് 2021 ല് റാംലാല് ആനന്ദ് കോളേജിലെ അധ്യാപന ജോലിയില് നിന്ന് അദ്ദേഹത്തെ പിരിച്ചുവിടുന്നു. തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം സര്വകലാശാലയെ സമീപിച്ചെങ്കിലും തിരിച്ചെടുത്തില്ല. എന്നാല് സര്വകലാശാല ടീച്ചേഴ്സ് അസോസിയേഷന് ഇദ്ദേഹത്തിന്റെ അപേക്ഷയെ പിന്തുണച്ചിരുന്നു. സര്വകലാശാല ആ ശബ്ദവും ചെവിക്കൊണ്ടില്ല.
ആരോഗ്യം ക്ഷയിച്ച വര്ഷങ്ങള്
ശരീരത്തിന്റെ ഭൂരിഭാഗവും തളര്ന്ന 55കാരനായ സായിബാബ വര്ഷങ്ങളായി വീല്ച്ചെയറിനെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. പോളിയോ-പക്ഷാഘാത ബാധിതനായിരുന്ന അദ്ദേഹം ആരോഗ്യ കാരണങ്ങളാല് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കിയിരുന്നു. വൃക്ക - സുഷുമ്നാ നാഡി സംബന്ധമായ പ്രശ്നങ്ങള് ഉള്പ്പെടെ ഒന്നിലധികം രോഗങ്ങളാല് ബുദ്ധിമുട്ടുന്ന അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ സംഘടനകള് രംഗത്ത് വന്നിരുന്നു

നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്
ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അദ്ദേഹം ജയിലില് നേരിട്ടത്. മരുന്ന് ഉള്പ്പെടെയുള്ള അവശ്യസാധനങ്ങള് അദ്ദേഹത്തിന് ജയിലിലേക്ക് എത്തിക്കാനായി അധികൃതര് അനുവദിച്ചില്ല. 2021, 2022ല് അദ്ദേഹത്തിന് കോവിഡ് പിടിപ്പെട്ടു. തന്റെ ശൗചാലയത്തിലേക്ക് തിരിച്ചുവെച്ച ക്യാമറ മാറ്റാനായി അദ്ദേഹത്തിന് നിരഹാര സമരമിരിക്കേണ്ടി വന്നു. തോളെല്ലിന്റെ പ്രവര്ത്തനം ശരിയല്ലാത്തതിനാല് സ്റ്റില് ഗ്ലാസ് പിടിച്ച് വെള്ളം കുടിക്കാന് ബുദ്ധിമുട്ടാണെന്നും പ്ലാസ്റ്റിക്ക് കുപ്പിയില് വെള്ളം വേണമെന്നും അഭ്യര്ഥിച്ചെങ്കിലും ജയില് അധികൃതര് അനുവാദം നല്കിയില്ല.
അര്ബുദബാധിതയായ അമ്മയെ കാണാനോ മരണാനന്തര ചടങ്ങുകളില് പങ്കെടുക്കാന്പോലും സായിബാബയ്ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ഹേം മിശ്രയുടെ മൊഴിപ്രകാരം മാവോവാദികളുമായി സായിബാബ നിരന്തരം ബന്ധം പുലര്ത്തിയെന്നായിരുന്നു പോലീസിന്റെ അവകാശവാദം. അതിനാല് തന്നെ ജാമ്യം ദുരുപയോഗപ്പെടുത്തുമെന്നും പോലീസ് അന്ന് ചൂണ്ടികാട്ടി.
ആശ്വാസത്തിന്റെ വെളിച്ചം
സെഷന്സ് കോടതി ഉത്തരവിനെതിരേ സായിബാബ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും - ജസ്റ്റിസ് രോഹിത് ബി ഡിയോയുടെ നേതൃത്വത്തിലുള്ള ബെഞ്ച് 2022 ഒക്ടോബര് 14 ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. യുഎപിഎ സെക്ഷന് 45(1) പ്രകാരം കേന്ദ്ര സര്ക്കാരിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില് സായിബാബയ്ക്കെതിരേ സെഷന്സ് കോടതി കുറ്റം ചുമത്തിയതിന്റെ അടിസ്ഥാനത്തിലാണ് അപ്പീല് അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി.
സായിബാബയുടെ മുഴുവന് വിചാരണയും അസാധുവാണെന്ന് ബെഞ്ച് വിലയിരുത്തുകയും നാല് കൂട്ടുപ്രതികള്ക്കൊപ്പം അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. അവരെ ഉടന് വിട്ടയക്കാനും കോടതി ഉത്തരവിട്ടു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സര്ക്കാര് അതേ ദിവസം തന്നെ സുപ്രീം കോടതിയില് അപ്പീല് നല്കി.ഇതേ തുടര്ന്ന് ജസ്റ്റിസുമാരായ എം.ആര്.ഷായും ബേല ത്രിവേദിയും അടങ്ങുന്ന ബെഞ്ച് ഒക്ടോബര് 15-ന് (ഒരു ശനിയാഴ്ച) സംസ്ഥാനം സമര്പ്പിച്ച സ്പെഷ്യല് ലീവ് പെറ്റീഷന് കേള്ക്കുകയും സായിബാബയെ വിട്ടയച്ച ബോംബെ ഹൈക്കോടതി വിധി സസ്പെന്ഡ് ചെയ്യുകയും അദ്ദേഹത്തിന്റെ മോചനം സ്റ്റേ ചെയ്യുകയും ചെയ്തു.
ജസ്റ്റിസുമാരായ എം.ആര് ഷായും സി.ടി രവികുമാറും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് 2023 ഏപ്രില് 19 ന് ബോംബെ ഹൈക്കോടതി സായിബാബയെ കുറ്റവിമുക്തനാക്കിയ മുന് വിധി റദ്ദാക്കുകയും കേസ് പുതിയ പരിഗണനയ്ക്കായി ഹൈക്കോടതിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. കേസ് മറ്റൊരു ബെഞ്ച് കേള്ക്കാന് നിര്ദേശിക്കുകയും ചെയ്തു
2024 മാര്ച്ച് അഞ്ചിന് കേസ് വീണ്ടും കേള്ക്കാനുള്ള അവരുടെ അപ്പീല് കേള്ക്കുന്നതിനിടെ ജസ്റ്റിസുമാരായ വിനയ് ജി ജോഷി, വാല്മീകി എസ് എ മെനേസസ് എന്നിവരടങ്ങിയ ബോംബെ ഹൈക്കോടതി ബെഞ്ച് അവരെ വീണ്ടും കുറ്റവിമുക്തരാക്കി. ഇവര്ക്ക് മേല് ഉന്നയിച്ചിട്ടുള്ള കേസില് തെളിവുകളുടെ അഭാവത്തിലും പ്രോസിക്യൂഷന്റെ നടപടിക്രമങ്ങളിലെ വീഴ്ചയുടെ അടിസ്ഥാനത്തിലുമാണ് സായിബാബയെ മോചിപ്പിക്കാന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്.
മാവോവാദി ബന്ധം ചുമത്തി ഡല്ഹി സര്വകലാശാല മുന് പ്രൊഫസര് ജി.എന്. സായിബാബയെ എട്ടുവര്ഷത്തിലധികം ജയിലിലടച്ച നടപടി മനുഷ്യാവകാശലംഘനമാണെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. ദേശീയ സുരക്ഷയുടെ പേരില് നീതിനിര്വഹണത്തെ ബലിനല്കാന് കഴിയില്ലെന്ന് ജസ്റ്റിസുമാരായ രോഹിത് ദേവ്, അനില് പന്സാരെ എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് നിരീക്ഷിച്ചു. മതിയായ നടപടിക്രമങ്ങള് പാലിക്കാതെയാണ് പ്രതികള്ക്കെതിരേ നിയമവിരുദ്ധ പ്രവര്ത്തനം തടയല് നിയമം (യു.എ.പി.എ.) ചുമത്തിയത്. ഇത് മനുഷ്യാവകാശലംഘനവും നിയമവിരുദ്ധവുമാണെന്നും കോടതി പറഞ്ഞു. തീവ്രവാദ പ്രവര്ത്തനങ്ങളുമായി ബന്ധമില്ലാത്ത നക്സല് സാഹിത്യം കൈവശം വെയ്ക്കുന്നത് കുറ്റകരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
യു.എ.പി.എ. പ്രകാരം ഒരാള്ക്കെതിരേ വിചാരണ നടത്തണമെങ്കില് വ്യക്തമായ മാര്ഗനിര്ദേശം പാലിക്കണം. യു.എ.പി.എ. പ്രകാരം വിചാരണയ്ക്ക് അനുമതി നല്കുന്നതിനായി സ്വതന്ത്ര അതോറിറ്റിയുടെ അനുമതിവേണം. തെളിവുകള് സൂക്ഷ്മമായി പരിശോധിച്ച് ബോധ്യമായശേഷമേ യു.എ.പി.എ. ചുമത്താവൂയെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രൊഫ. സായിബാബയുടെ കേസില് സ്വതന്ത്ര അതോറ്റിയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കോടതിക്ക് ബോധ്യമായതായി ജഡ്ജിമാരായ രോഹിത്ദേവും അനില് പന്സാരെയും വ്യക്തമാക്കി. നീതിയുടെ പരാജയമെന്നാണ് സായിബാബയുടെ വിചാരണയെ കോടതി വിശേഷിപ്പിച്ചത്.
Content Highlights: gn saibaba explainer
Published: 13 Oct 2024, 08:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented