കൊല്ലം: ലിംഗസമത്വം കൈവരിക്കുന്നതില്‍ സംസ്ഥാനത്തിന്റെ പുരോഗതി സംബന്ധിച്ച് ജെന്‍ഡര്‍ പാര്‍ക്ക് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. കേരളസംസ്ഥാനം രൂപവത്കരിച്ച 1956 മുതലുള്ള ഈ രംഗത്തെ പുരോഗതിയാണ് പരിശോധിക്കുന്നത്. യുഎന്‍ വനിതാ സംഘടനയുമായി സഹകരിച്ചാണിത്. ഇതുസംബന്ധിച്ച് ജെന്‍ഡര്‍ പാര്‍ക്ക് ഡയറക്ടര്‍ നല്‍കിയ ആശയം സര്‍ക്കാര്‍ അംഗീകരിച്ചു. പഠനത്തിനുള്ള ഇന്റേണ്‍ഷിപ്പിനും അനുമതി നല്‍കിയിട്ടുണ്ട്. 

To advertise here,

വനിതാ-ശിശുവികസന വകുപ്പിനു കീഴില്‍ ലിംഗസമത്വത്തിനും ശാക്തീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംരംഭമാണ് ജെന്‍ഡര്‍ പാര്‍ക്ക്. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതില്‍ സംസ്ഥാനത്തിന്റെ 68 വര്‍ഷത്തെ യാത്ര രേഖപ്പെടുത്താന്‍ പര്യാപ്തമായ രേഖയായിരിക്കും ഈ റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് തുല്യത നേടിക്കൊടുക്കുന്നതിലെ പോരായ്മകളും വെല്ലുവിളികളും ഇതില്‍ വിശകലനം ചെയ്യും.

സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച രീതികളും വിജയമാതൃകകളും രേഖപ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ വിവിധ മേഖലകള്‍ പഠനവിധേയമാക്കും. സാമ്പത്തിക ശാക്തീകരണം, രാഷ്ട്രീയ പങ്കാളിത്തം, സാമൂഹിക നീതി, അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയവയും പരിശോധിക്കും.

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍, നയങ്ങള്‍, പദ്ധതികള്‍, ബജറ്റ് രേഖകള്‍, നിയമസഭാ നടപടികള്‍, അക്കാദമിക് പഠനങ്ങള്‍ തുടങ്ങിയ വിവരസ്രോതസ്സുകള്‍ ഉപയോഗിച്ചാണ് വിശകലനം നടത്തുക. അക്കാദമിക് ജേണലുകളിലും സര്‍വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളും പുസ്തകങ്ങളും പ്രയോജനപ്പെടുത്തും.

ദേശീയ, രാജ്യാന്തര സംഘടനകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍, ഓണ്‍ലൈന്‍ വിവരങ്ങള്‍ എന്നിവയും ശേഖരിക്കും. ഗവേഷണ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന കരട് റിപ്പോര്‍ട്ട്, വിദഗ്ധര്‍ പരിശോധിച്ചു നല്‍കുന്ന അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചാകും അന്തിമമാക്കുക. ഡിസംബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.