
കോഴിക്കോട്: ആദിവാസി-ദളിത് വിദ്യാർഥികൾക്ക് ഉന്നതപഠനത്തിനായി സർക്കാർ നൽകി വന്ന ഇ-ഗ്രാന്റുകളും സ്കോളർഷിപ്പുകളും ഒരു വർഷത്തിലധികമായി ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായതിനു പിന്നാലെ പ്രതിഷേധവുമായി വിദ്യാർഥികൾ.
ബിരുദം, ബിരുദാനന്തര, ഗവേഷക വിദ്യാർഥികൾക്കും പ്രൊഫഷണൽ മേഖലയിലെ ഗ്രാൻ്റുകൾ നൽകിയത് മാസങ്ങൾക്ക് മുമ്പാണെന്ന് നിരവധി വിദ്യാർഥി സാക്ഷ്യപ്പെടുത്തുന്നു. ലംപ്സംഗ്രാന്റ്റ്, ഹോസ്റ്റൽ അലവൻസുകൾ, പോക്കറ്റ് മണി, ഡേ സ്കോളേഴ്സിനുള്ള അലവൻസ്, ഗവേഷക വിദ്യാർഥികളുടെ സ്കോളർഷിപ്പ് എന്നിവയാണ് വിദ്യാർഥികൾക്ക് നേരിട്ട് ലഭിക്കേണ്ടത്. ട്യൂഷൻഫീസ്, പരീക്ഷാ ഫീസ് എന്നിവ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിനുള്ളതാണ്. വിദ്യാർഥികൾക്ക് നേരിട്ട് കിട്ടേണ്ട തുക ഒരു വർഷം കഴിഞ്ഞിട്ടും നൽകുന്നില്ല എന്നതാണ് ഇപ്പോൾ ഉയരുന്ന പരാതി.
പഠനകാലത്ത് വിദ്യാർഥികളുടെ പഠനാവശ്യത്തിനും നൽകേണ്ട തുക ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടും നൽകാത്തത് ജാതീയവും വംശീയവുമായ വിവേചനമായി കണക്കാക്കേണ്ടി വരുമെന്ന് ഇ-ഗ്രാൻഡ്സ് സംരക്ഷണസമിതി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
‘പരാതികൾ പറയുമ്പോൾ ഇ-ഗ്രാൻ്റ്സ് ഇനത്തിൽ കോടികൾ നൽകിയ കണക്കാണ് മന്ത്രി ഉൾപ്പെടെ പറയാറുള്ളത്. പക്ഷേ ആർക്ക്, ഏത് ഇനത്തിൽ ഏത് മാസം വരെ എന്ന കണക്കുകൾ പറയുന്നില്ല. പഠനകാലത്ത് ഉപജീവനത്തിനും പഠന ആവശ്യത്തിനും ലഭിക്കേണ്ട തുകകൾ നൽകുന്നില്ല എന്നത് മനുഷ്യാവകാശ ലംഘനവും വിവേചനവുമാണ്.'
'എസ്.സി./എസ്.ടി. വിദ്യാർത്ഥികൾക്ക് നൽകുന്ന ലംപ്‌സംഗ്രാൻ്റ്, ഹോസ്റ്റൽ അലവൻസ്, പോക്കറ്റ് മണി, ഡേ സ്കോളർ അലവൻസ് എന്നിവ വളരെ കുറഞ്ഞ നിരക്കിലാണ്. ലംപ്‌സംഗ്രാൻ്റ് ഇനത്തിൽ യു.ജി. വിഭാഗത്തിന് 1400 രൂപയും പി.ജി. വിഭാഗത്തിന് 1900 രൂപയുമാണ് നൽകേണ്ടത്. സർക്കാർ / സർക്കാർ ഇതര കോളേജുകളിൽ എസ്.സി. എസ്.ടി. വിഭാഗത്തിൽപ്പെട്ട യു.ജി./പി.ജി. ഹോസ്റ്റൽ വിദ്യാർഥികൾക്ക് പ്രതിമാസം 3500 രൂപയും പോക്കറ്റ് മണിയായി 200 രൂപയുമാണ് നൽകേണ്ടത്. സർക്കാർ / കോളേജ് ഹോസ്റ്റൽ ലഭിക്കാത്ത എസ്.സി. വിദ്യാർഥികൾ സ്വകാര്യഹോസ്റ്റലുകളിൽ താമസിക്കുകയാണെങ്കിൽ 1500 രൂപയും, എസ്.ടി. വിദ്യാർഥികൾക്ക് 3000 രൂപയുമാണ് പ്രതിമാസം നൽകേണ്ടത്. ഡേ സ്കോളേഴ്‌സിന് പ്രതിമാസം 800 രൂപയും നൽകേണ്ടതാണ്. പ്രൊഫഷണൽ കോളേജുകളിൽ (മെഡിക്കൽ, എഞ്ചിനീയറിംഗ്) പ്രതിമാസം ഹോസ്റ്റൽ അലവൻസ് 4500 രൂപ എന്ന നിരക്കിലാണ് കുറേ വർഷമായി നിലനിൽക്കുന്നത്. പ്രതിമാസം 3500 രൂപ മാത്രമേ കിട്ടു എന്നതിനാൽ മിക്കവാറും എയ്‌ഡഡ് / സ്വകാര്യ കോളേജുകൾ ഹോസ്റ്റലുകളുണ്ടെങ്കിലും എസ്.സി./എസ്.ടി. വിദ്യാർഥികൾക്ക് പ്രവേശനം നൽകില്ല. ശരാശരി 6500 - 8000 രൂപയാണ് ഹോസ്റ്റൽ ചെലവുകൾ. പേയിങ്ങ് ഗസ്റ്റ് ഹോസ്റ്റലുകളിലും ഇത്രതന്നെ ചെലവ് വരും.'
1980 ന് ശേഷം കേരളത്തിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ നിർമ്മിക്കുന്നില്ല. നല്ല കോഴ്‌സിന് പഠിക്കണമെങ്കിൽ ഏത് യൂണിവേഴ്‌സിറ്റികളിലും പോകാൻ അവസരമുണ്ടെന്നിരിക്കെ പഠിക്കാനും, ജീവിക്കാനും പര്യാപ്താമായ ഹോസ്റ്റൽ സൗകര്യം സർക്കാർ നിഷേധിക്കുന്നത് വിവേചനമാണ്. ഗ്രാൻറുകൾ ലഭിക്കാത്തതിന്റെ പേരിൽ 100 ൽ പരം യു.ജി./പി.ജി. വിദ്യാർത്ഥികൾ വിവിധ കലാലയങ്ങളിൽ നിന്നും കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കൊഴിഞ്ഞുപോയതായി കണക്കാക്കുന്നു. നിലവിൽ സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ സമയബന്ധിതമായി ഫീസ് നൽകാൻ കഴിയാത്തതിനാൽ അധികൃതരുടെ സമ്മർദ്ദത്തിന് വിധേയമാണ്. ഇത് വിദ്യാർത്ഥികളുടെ പഠനത്തെയും, മാനസികാരോഗ്യത്തെയും, ആത്മാഭിമാനത്തെയും ബാധിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ഇ-ഗ്രാൻ്റുകൾ വർഷത്തിൽ ഒറ്റത്തവണ തീർപ്പാക്കും എന്ന നിലയിലാണ് ഏറ്റവും അവസാനം ഇറക്കിയ സർക്കാർ ഉത്തരവിൽ പറയുന്നത്. സ്ഥാപനങ്ങൾക്ക് നൽകേണ്ട ട്യൂഷൻഫീസ്, വിദ്യാർത്ഥികൾക്ക് നൽകേണ്ട അലവൻസുകൾ, പരീക്ഷാഫീസ് എന്നിവയെല്ലാം ഒരു പാക്കേജ് പോലെ വർഷത്തിൽ ഒരിക്കൽ ചെയ്യുമെന്നുമാണ് പറയുന്നത്. പക്ഷേ ഇതെല്ലാം ഒരു വർഷത്തിൽ ഏറെയായി പിന്നിലാണ്. ഇതിന് ഒരു മോണിറ്ററിംഗ് സംവിധാനം നിലവിലില്ല. കോളേജുകൾ സമയത്ത് ഡിമാൻ്റ് ചെയ്‌തില്ലെങ്കിൽ വകുപ്പ് ചോദിക്കില്ല. പട്ടികവർഗ്ഗ വകുപ്പിൽ ഇ-ഗ്രാൻ്റ്സ് കൈകാര്യം ചെയ്‌തിരുന്ന താൽക്കാലിക ജീവനക്കാരായ സപ്പോർട്ടിംഗ് എഞ്ചിനീയർമാരെ പിരിച്ചുവിട്ടു. ഫലത്തിൽ ഇ-ഗ്രാൻ്റ് സ് സംവിധാനം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വർഷാവർഷം ബഡ്‌ജറ്റിൽ തുക വകയിരുത്തുമെങ്കിലും ധനപ്രതിസന്ധിയുടെ പേരിൽ ഇത് ചെലവഴിക്കില്ലെന്നും ഇ-ഗ്രാൻഡ് സംരക്ഷണസമിതി ആരോപിക്കുന്നു.
വർഷത്തിൽ ഒരിക്കൽ ഗ്രാൻ്റുകൾ നൽകിയാൽ മതിയെന്ന ഉത്തരവിന്റെ പ്രസക്തമായ ഭാഗം തിരുത്തണം. വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട എല്ലാ ഗ്രാന്റുകളും പ്രതിമാസം ലഭിക്കാൻ പേമെൻ്റ് സംവിധാനത്തിൽ മാറ്റം വരുത്തണം.
ഹോസ്റ്റൽ അലവൻസുകളും മറ്റ് എല്ലാ അലവൻസുകളും ഗ്രാൻ്റുകളും കാലാനുസൃതവും യഥാർത്ഥ ബോർഡിംഗ് / ലോഡ്‌ജിംഗ് ചെലവിനനു സരിച്ച് വർദ്ധിപ്പിക്കണം. ട്യൂഷൻ ഫീ നൽകാൻ പ്രത്യേക പേമെൻ്റുരീതി ഉണ്ടാക്കണം
പുതിയ ആവശ്യങ്ങൾ കണക്കിലെടുത്ത് അലവൻസുകളും ഗ്രാന്റുകളും പ്രാബല്യത്തിൽ കൊണ്ടുവരണം ( ലാപ്ടോപ്പ്, ഡാറ്റാ ചാർജ്, യൂണിഫോം അലവൻസ്, പ്രീ അഡ്മിഷൻ സപ്പോർട്ട് സിസ്റ്റം, ഇന്റേൺ ഷിപ്പ് ഫീസ്, ആഡ് ഓൺ കോഴ്സസ് ഫീസ്, പ്ലേസ്മെന്റ്സെൽ ഫീസ്, മറ്റു ന്യൂജനറേഷൻ കോഴ്സുകൾക്ക് ആവശ്യമായ തുക).
ഗവേഷണ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുകകൾ വർദ്ധിപ്പിക്കുക, പ്രതിമാസം നൽകുക. ഇ-ഗ്രാൻഡുകൾ നൽകുന്നതിന് രണ്ടരലക്ഷം വരുമാനപരിധി നീക്കം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് ഇ-ഗ്രാന്റ്സ് സംരക്ഷണ സമിതിക്കുവേണ്ടി ആദിശക്തി സമ്മർ സ്കൂൾ ആക്റ്റിങ് ചെയർമാൻ മണികണ്ഠൻ സി., ആദിവാസി ഗോത്രമഹാസഭ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം. ഗീതാനന്ദൻ എന്നിവർ വ്യക്തമാക്കി.
Content Highlights: E grantz issue education of adivasi dalit students in crisis
Published: 29 Jan 2024, 02:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented