അഫ്ഗാനിസ്താനില്‍ അടിയന്തരസഹായം വേണ്ട 2.37 കോടി പേരില്‍ പകുതിയും ( 1.23 കോടി) കുട്ടികളെന്ന് യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്.  അഫ്ഗാനിസ്താനിലെ കുട്ടികളുടെ ആവശ്യത്തിനു വേണ്ട തുകയുടെ 35 ശതമാനം (140 കോടി) മാത്രമാണ് ശേഖരിക്കാനായതെന്നും യൂണിസെഫ് മാര്‍ച്ചില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

To advertise here,

നീണ്ടുനില്‍ക്കുന്ന സംഘര്‍ഷങ്ങളും കലാപങ്ങളും മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക മാന്ദ്യം, തൊഴില്‍ക്ഷാമം എന്നിവ രാജ്യത്ത ദാരിദ്ര്യം ഉയരാന്‍ കാരണമായെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. 2024-ന്റെ തുടക്കം മുതല്‍ അഞ്ചാം പനി അഥവാ മീസില്‍സ് ബാധയെന്ന് സംശയിക്കാവുന്ന 14,570 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഞ്ചുവയസ്സില്‍ താഴെയുള്ള 11,000 കുട്ടികളും ഉള്‍പ്പെടുന്നു. അതേസമയം മീസില്‍സ് രോഗബാധേയറ്റ് 71 മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചു. മീസല്‍സ് രോഗബാധയേറ്റവരില്‍ 6,000 പേര്‍ സ്ത്രീകളുമാണ്. യൂണിസെഫിന്റെ അഫ്ഗാനിസ്ഥാനിലെ സ്ത്രീ ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രാധ്യാനം നല്‍കണമെന്നും അനുബന്ധ സംഘടനകളോട് യൂണിസെഫ് നിര്‍ദേശിച്ചു. 

കുട്ടികളുടെ അവകാശത്തിനായി നിലവില്‍വന്ന 'സേവ് ദി ചില്‍ഡ്രന്‍' എന്ന സംഘനയും അടുത്തിടെ അഫ്ഗാനിസ്ഥാനിലെ കുട്ടികളെ പറ്റിയുള്ള ആശങ്ക പങ്കുവെച്ചിരുന്നു. പാകിസ്താനില്‍ നിന്ന് മടങ്ങിയെത്തിയ രണ്ടരലക്ഷം കുട്ടികള്‍ ഭക്ഷ്യദൗര്‍ലഭ്യത്തിനൊപ്പം താമസസൗകര്യത്തിനും കഷ്ടത അനുഭവിക്കുന്നുണ്ടെന്നാണ് സേവ് ദി ചില്‍ഡ്രന്‍ ചൂണ്ടിക്കാട്ടിയത്. ഇതിന് തൊട്ടുപിന്നാലെയാണ് യുണിസെഫിന്റെ റിപ്പോര്‍ട്ട് വരുന്നത്. അഫ്ഗാനിസ്ഥാനിലെ 1.58 കോടി (15.8 മില്ല്യൺ) പേര്‍ ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങളും അടിയന്തര ആവശ്യങ്ങളും നേരിടേണ്ടി വന്നേക്കാമെന്നാണ് യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നത്. 2021-ല്‍ താലിബാന്‍ ഭരണം കെെയ്യടക്കിയ അഫ്ഗാനില്‍ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണംപോലും കൊടുക്കാന്‍കഴിയാത്ത സ്ഥിതിയാണ്.