1932 ജൂലായ് 30-ന് ആൽബർട്ട്‌ ഐൻസ്റ്റൈൻ ജർമനിയിലെ പോട്‌സ്ഡാമിൽനിന്ന്, സിഗ്മണ്ട് ഫ്രോയ്ഡിന് ഒരു കത്തെഴുതുന്നുണ്ട്: ‘ യുദ്ധത്തിന്റെ ആപത്തിൽനിന്ന് മനുഷ്യരാശിയെ മോചിപ്പിക്കാൻ എന്തെങ്കിലും വഴിയുണ്ടോ?’. ഫ്രോയ്ഡിന് ഇക്കാര്യത്തിൽ മനഃശാസ്ത്രപരമായ ഉൾക്കാഴ്ച സമ്മാനിക്കാൻ സാധിക്കുമെന്ന് ഐൻസ്റ്റൈൻ പ്രതീക്ഷിച്ചിരിക്കണം. ഐൻസ്റ്റൈൻ അപ്പോൾ യുദ്ധവിരുദ്ധ പ്രചാരണങ്ങളിൽ ഏർപ്പെട്ടുവരുകയുമായിരുന്നു.

To advertise here,

രണ്ടാം ലോകയുദ്ധം അപ്പോഴും ഏഴു വർഷം അകലെയാണ്. ലോകസമാധാനം ലക്ഷ്യമിട്ടുകൊണ്ട് രാഷ്ട്രങ്ങൾചേർന്ന് ലീഗ് ഓഫ് നേഷൻസ് 1920-ൽ രൂപവത്‌കരിച്ചുകഴിഞ്ഞിരുന്നു. ലീഗ് ഓഫ് നേഷൻസിന്റെ അനുബന്ധസംഘടനതന്നെയാണ് ഐൻസ്റ്റൈനെ ആശയവിനിമയം നടത്താൻ പ്രേരിപ്പിച്ചതും.

നിയന്ത്രിക്കാനാവാത്ത ചോദന

രണ്ടുമാസംകഴിഞ്ഞ് സെപ്റ്റംബറിൽ ഫ്രോയ്ഡ് വിയന്നയിൽനിന്നെഴുതിയ മറുപടി മനുഷ്യാവസ്ഥയെക്കുറിച്ചുള്ള നിരാശനിറഞ്ഞ ഒന്നായിരുന്നു. മൃഗീയ ശക്തിയെ ഒരാശയത്തിന്റെ ശക്തികൊണ്ട് നിയന്ത്രിക്കുക ഇപ്പോഴത്തെ സാഹചര്യത്തിൽ അസാധ്യം എന്നായിരുന്നു ആ മറുപടിയുടെ കാതൽ. വിശാലമായ അർഥത്തിൽ ലൈംഗികമെന്ന് പറയാവുന്ന സൃഷ്ടിവാസനപോലെത്തന്നെ കടുത്ത നശീകരണവാസനയും മനുഷ്യനിൽ വേർപെടുത്താൻ കഴിയാത്തവിധം കൂടിക്കലർന്നുകിടക്കുവെന്ന് ഫ്രോയ്ഡ് വിശദീകരിക്കുന്നു. ആക്രമണവാസനയെ അമർത്തിവെക്കാൻ ഉപായങ്ങളില്ലെങ്കിലും ജന്മവാസനകളാൽമാത്രം നയിക്കപ്പെടുന്ന പ്രതിപ്രവർത്തനങ്ങളെ ക്രമേണ കുറച്ചുവരുന്നതിലൂടെ സിദ്ധിക്കുന്ന സാംസ്കാരികവികാസം യുദ്ധത്തിനെതിരേ പ്രവർത്തിച്ചേക്കാം എന്ന നേരിയ വെളിച്ചം ഈ ഇരുട്ടിലേക്ക് ഫ്രോയ്ഡ്‌ പായിക്കുന്നുമുണ്ട്.

വ്യക്തിയായ മനുഷ്യന്റെ ജൈവവാസനകളും സമൂഹം അത് നിയന്ത്രണത്തിൽ കൊണ്ടുവരുമ്പോഴുണ്ടാവുന്ന സംഘർഷം സൃഷ്ടിക്കുന്ന അനുഭവത്തെക്കുറിച്ച് അതിനു മുൻപേ 1930-ൽ ഫ്രോയ്ഡ് ‘സിവിലൈസേഷൻ ആൻഡ് ഇറ്റ്‌സ് ഡിസ്‌കണ്ടന്റ്‌സ്’ എന്ന പ്രസിദ്ധമായ പുസ്തകത്തിൽ അവലോകനം ചെയ്യുന്നുണ്ട്.

ഐൻസ്റ്റൈൻ-ഫ്രോയ്ഡ് എഴുത്തുകുത്ത് പിന്നീട് ‘വൈ വാർ (എന്തിനുയുദ്ധം) എന്ന പേരിൽ ലഘുലേഖയായി പ്രസിദ്ധീകരിക്കപ്പെട്ടു. യുദ്ധത്തെക്കുറിച്ച് പഠിക്കുന്ന ബ്രിട്ടീഷ് ചരിത്രകാരനായ റിച്ചാഡ് ഓവറി 2024-ൽ രചിച്ച പുസ്തകത്തിന് അദ്ദേഹം നൽകിയ പേരും ഇതുതന്നെയാണ്, എന്തിന് യുദ്ധം? യൂറോപ്പിലും പശ്ചിമേഷിയിലും നടക്കുന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ഈ ചോദ്യം വലിയശബ്ദത്തോടെ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

ശാസ്ത്രവും മിത്തോളജിയാണോ

താൻ പറയാൻ ശ്രമിച്ച കാര്യങ്ങൾ വെളിച്ചംകെട്ടുപോയ ഒരവസ്ഥയാണെന്ന് ഫ്രോയ്ഡ് ഒരു ഘട്ടത്തിൽ സമ്മതിക്കുന്നുണ്ട്. നമ്മുടെ സിദ്ധാന്തങ്ങളെക്കുറിച്ച് പറയുമ്പോൾ, അവ ഒരു പുരാണകഥയിലേക്ക് ( മിത്തോളജി), അതും ഇരുണ്ട ഒന്നിലേക്കാണ് നമ്മളെ നയിക്കുന്നതെന്ന തോന്നൽ അങ്ങേക്ക്‌ ഉണ്ടായേക്കാമെന്ന് ഐൻസ്റ്റൈനോട് ഫ്രോയ്ഡ് പറയുന്നു. എല്ലാ പ്രകൃതിശാസ്ത്രങ്ങളും ഒടുവിൽ പുരാണകഥയിലേക്കല്ലേ ചെല്ലുന്നത് എന്നും ഫ്രോയ്ഡ് ചോദിക്കുന്നു. ‘‘അങ്ങയുടെ ഭൗതികശാസ്ത്രത്തിന്റെ ഇന്നത്തെ അവസ്ഥയും മറ്റൊന്നാണോ?’’ എന്നും ഫ്രോയ്ഡ് ആരായുന്നു. സിദ്ധാന്തങ്ങൾക്ക് കൃത്യമായ ഒരുത്തരം നൽകാൻ സാധിക്കുന്നില്ല എന്ന വിചാരമായിരിക്കാം ഫോയ്ഡിനെക്കൊണ്ട് ഇതു ചോദിപ്പിച്ചത്. അഥവാ ശാസ്ത്രം മറ്റൊരുതരത്തിലുള്ള മിത്തോളജിയാണെന്ന് പറയാനാവുമോ ഫ്രോയ്ഡ്, വിഷയത്തിൽനിന്ന് അല്പം മാറി പറയാൻ ശ്രമിച്ചത്? ഏതായാലും ഇപ്പോഴും ഫ്രോയ്ഡും ഐൻസ്റ്റൈനും തമ്മിൽ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കപ്പെടാതെത്തന്നെ കിടക്കുന്നു

യുദ്ധം ഉണ്ടാകുന്നത്

റിച്ചാഡ് ഓവറിയിലേക്കുവരാം. പ്രാചീന കാലംമുതൽക്ക് ഇങ്ങോട്ടുള്ള യുദ്ധങ്ങളുടെ കാരണങ്ങളാണ് ഓവറി അന്വേഷിക്കുന്നത്. അതുവെച്ച് യൂറോപ്പിലും പശ്ചിമേഷ്യയിലും നടക്കുന്ന യുദ്ധങ്ങളുടെ കാരണങ്ങളെ കൃത്യമായി മനസ്സിലാക്കാനാകുമോ എന്ന് അന്വേഷിച്ചുചെന്നാൽ അത് തർക്കങ്ങളിലേ കലാശിക്കൂ. ഏതെങ്കിലും ഒരു കൊളുത്തിൽ തൂക്കിയിടാവുന്ന ഒന്നല്ല അത്. അതേസമയം, യുദ്ധങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്ന അന്വേഷണം സംഭവങ്ങളിലേക്കു കുറച്ചുകൂടി വെളിച്ചം പകർന്നേക്കാം. യുദ്ധത്തിന്റെ കാരണങ്ങളെക്കുറിച്ച് സിദ്ധാന്തങ്ങൾ ധാരാളമുണ്ട്. അതിനാൽ സൈദ്ധാന്തികമായി സുവ്യക്തമായ ഒരുത്തരം ഈ ചോദ്യത്തിനില്ല. വിവിധങ്ങളായ വിശദീകരണങ്ങൾ ഉള്ളതു കൊണ്ട് യുദ്ധം വിശദീകരണങ്ങൾക്ക് വഴങ്ങുന്ന ഒന്നല്ല എന്നും അർഥമില്ല. സ്ഥലം, സന്ദർഭം, കാലം എന്നിവയെ ആശ്രയിച്ചുള്ള വ്യാഖ്യാനങ്ങൾ സാധ്യമാണ് എന്നാണ് ഓവറിയുടെ നിലപാട്.

എല്ലാ ജീവിവർഗങ്ങളും അതിജീവനത്തിനായി പൊരുതുന്നുവെന്നും യോഗ്യരായവർ അതിജീവിക്കുന്നുവെന്നുമുള്ള ഡാർവിൻ സിദ്ധാന്തത്തെ വളച്ചൊടിച്ച് യുദ്ധത്തിൽ ജീവശാസ്ത്രം കലർന്നിരിക്കുന്നുവെന്ന് വ്യാഖ്യാനിക്കുന്നതിന് ഇപ്പോൾ പിൻബലമില്ലെന്ന് ഓവറി പറയുന്നു. മനഃശാസ്ത്ര വിശദീകരണങ്ങളും യുദ്ധത്തെ സംബന്ധിച്ചുണ്ടായിട്ടുണ്ട്. സൈക്കോ അനാലിസിസുമായി ബന്ധപ്പെട്ടതാണത്. അച്ഛനോടുള്ള ഈഡിപ്പൽ വിദ്വേഷം യുദ്ധത്തിലേക്ക് നയിച്ചേക്കാം എന്ന വ്യാഖ്യാനമാണത്. അച്ഛനെക്കൊല്ലാൻ കഴിയുന്നില്ലെങ്കിൽ പകരം ബലിയാടായി എതിരാളിയെ കൊല്ലുക !

പല കാരണങ്ങൾ

യുദ്ധം സാംസ്കാരികമായ ഒരു കണ്ടുപിടിത്തമാണെന്ന ചില നരവംശശാസ്ത്രജ്ഞർ വാദിക്കുന്നതിനെ ഓവറി തള്ളിക്കളയുന്നു. അടിമത്തം ഇല്ലാതാക്കിയതുപോലെ യുദ്ധവും ഇല്ലാതാക്കാം എന്ന് കരുതുന്ന അതിവാദം ഉയർത്തുന്നവർപോലുമുണ്ട്. സംസ്കാരവും രാഷ്ട്രങ്ങളും ഉടലെടുത്തതിനുശേഷമാണ് യുദ്ധങ്ങൾ ഉണ്ടായത് എന്നതാണ് ഈ വാദം. എന്നാൽ, ചരിത്രാരംഭത്തിനുമുന്നേ തന്നെ പ്രാചീന സമൂഹങ്ങളിൽ യുദ്ധമുണ്ടായിട്ടുണ്ട്. പാരിസ്ഥിതികമായ മാറ്റങ്ങൾ യുദ്ധത്തിലേക്ക് നയിച്ചേക്കാമെങ്കിലും കാലാവസ്ഥാ വ്യതിയാനവും യുദ്ധവും തമ്മിലുള്ള ബന്ധം നേർത്തതാണെന്ന്് ഓവറി ചൂണ്ടിക്കാണിക്കുന്നു.

എണ്ണപോലുള്ള വിഭവങ്ങൾ, വിശ്വാസം, അധികാരശക്തിയുടെ പ്രയോഗം, സുരക്ഷാഭീതി ഇവയിലാണ് യുദ്ധത്തിന്റെ ബീജങ്ങൾ കൂടുതൽ വളരുന്നത്. 1999-ലെ ഒന്നാം ഗൾഫ് യുദ്ധത്തിലും 2003-ലെ യുദ്ധത്തിലും എണ്ണയുടെ തടസ്സമില്ലാത്ത ഒഴുക്ക് പ്രധാന വിഷയമായിരുന്നു. രണ്ടാം ലോകയുദ്ധം തുടങ്ങുമ്പോൾ അച്ചുതണ്ട് ശക്തികളായ ജർമനിക്കും ജപ്പാനും എണ്ണ വലിയ തോതിൽ ആവശ്യമായി വന്നിരുന്നു. എല്ലാ യുദ്ധങ്ങളിലും പൊതുവേ വിശ്വാസം പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും മതവിശ്വാസമോ പ്രകൃത്യാതീത വിശ്വാസമോ രാഷ്ട്രീയവിശ്വാസമോ കാരണമായി യുദ്ധം ഉടലെടുക്കുന്നുണ്ട്.

11-13 നൂറ്റാണ്ടുകൾക്കിടെ നടന്ന കുരിശുയുദ്ധങ്ങൾ ഉദാഹരണം. നീതിയുദ്ധത്തെക്കുറിച്ചുളള സിദ്ധാന്തങ്ങൾക്ക് (just war theory) ക്രൈസ്തവപുരോഹിതർ അക്കാലത്ത്് രൂപം നൽകുകയുണ്ടായിട്ടുമുണ്ട്. അധികാരശക്തി ഒരു രാഷ്ട്രത്തെ യുദ്ധത്തിന് പ്രേരിപ്പിച്ചേക്കാം. എതിരാളി ദുർബലനായിരിക്കുന്നു എന്നു മനസ്സിലാക്കുമ്പോൾ, അത് തെറ്റാവാം ശരിയാവാം, ഒരു പ്രബലശക്തി തങ്ങൾക്ക് വലിയ നഷ്ടം വരില്ല എന്ന ബോധ്യത്തിൽ ആക്രമണത്തിനു മുതിർന്നേക്കാം. അമേരിക്കയും ഇസ്രയേലും ഇറാനു നേരേ നടത്തിയ ആക്രമണത്തിൽ ഇത് നിഴലിക്കുന്നുണ്ട്.

ഒരുപക്ഷേ, ഇതിൽ പരമപ്രധാനം രാജ്യങ്ങൾക്ക് തങ്ങളുടെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കയായിരിക്കണം. റഷ്യയുടെ യുക്രൈൻ ആക്രമണത്തിനുപിന്നിൽ ഇതുണ്ട് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു, അത് നീതിമത്കരിക്കാമോ എന്നുള്ളത് മറ്റൊരു ചോദ്യമാണ്. റിച്ചാഡ് ഓവറിയുടെ അന്വേഷങ്ങൾക്കൊപ്പം സമീപകാല സംഭവ വികാസങ്ങളുംകൂടി ചേർത്തുവെക്കുമ്പോൾ നമ്മുടെ കാഴ്ചയ്ക്ക് അല്പംകൂടി വ്യക്തത കൈവരുന്നു.

താത്‌പര്യങ്ങളിലെ ഭീതി

വൻ സൈനികസന്നാഹമുള്ള അമേരിക്ക പോലും തങ്ങളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കണമെങ്കിൽ ശക്തമായ സൈന്യം ആവശ്യമാണെന്ന് പ്രഖ്യാപിക്കുന്നു. 2025 നവംബറിൽ അമേരിക്കൻ ഭരണകൂടം പുറത്തിറക്കിയ ദേശീയ സുരക്ഷാ തന്ത്രം സംബന്ധിച്ച പ്രമാണം ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്. പശ്ചിമാർധഗോളം തങ്ങളുടെ സ്വാധീന മേഖലയാണെന്നുള്ള 19-നൂറ്റാണ്ടിലെ മൺട്രോ സിദ്ധാന്തം പൊടി തട്ടിയെടുക്കുകയും അതിനോട് ഒരുനുബന്ധം - ട്രംപ് അനുബന്ധം - ചേർത്തതായും കാണാം. പശ്ചിമേഷ്യ സംബന്ധിച്ച കാഴ്ചപ്പാടാകട്ടെ എന്തെന്ന് ഇതിൽ വിശദീകരിക്കുന്നത് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നമ്മെ അദ്‌ഭുതപ്പെടുത്തും. ഇറാൻ ദുർബലമായിരിക്കുന്നു. മധ്യപൂർവദേശം ഒരു ദുരന്തം സംഭവിക്കാവുന്ന മേഖലയല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നു നിരീക്ഷിക്കുന്ന പ്രമാണം ചില ലക്ഷ്യങ്ങൾ മുന്നോട്ടുവെക്കുന്നു. ഊർജവിതരണം പരമമായ ശത്രുക്കളുടെ കൈവശം അകപ്പെടരുത്. ഹോർമുസ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയുമുള്ള സഞ്ചാരം സുഗമമായിരിക്കണം. ഇസ്രയേൽ സുരക്ഷിതമായിരിക്കണം എന്നും ഇതിനോട് കൂട്ടിച്ചേർത്തിരിക്കുന്നു. ആരെങ്കിലും ആഗോളമായി മേധാവിത്വം ചെലുത്താൻ ശ്രമിക്കുന്നത് തടയുന്നതുപോലെത്തന്നെ ചില സന്ദർഭങ്ങളിൽ പ്രാദേശികമായി മേധാവിത്വം ചെലുത്തുന്നതും കടൽപ്പാതകളിലെ ഇടുക്കുമർമങ്ങളിൽ (choke points) മേധാവിത്വം ചെലുത്തുന്നതും തടയുക എന്ന ലക്ഷ്യവും പ്രമാണം മുന്നോട്ടുവെക്കുന്നു.

പക്ഷേ, യുദ്ധത്തിലേക്കു പോകാനുള്ള തീരുമാനം കണക്കുകൂട്ടലിന് തെറ്റായാണ് മിക്കപ്പോഴുംകലാശിക്കുക. ഇറാനെതിരേയുള്ള യുദ്ധം എങ്ങനെ കലാശിക്കും എന്നത് ഇപ്പോൾ വ്യക്തമല്ല. ബലാബലം അസന്തുലിതമായിട്ടും ഇറാൻ ഇൗവിധം തിരിച്ചടിക്കുമെന്ന വിചാരം മറുപക്ഷത്തിനുണ്ടായിരുന്നില്ല എന്ന കാര്യത്തിൽ വിദഗ്‌ധർ പൊതുവേ ഏകാഭിപ്രായക്കാരാണ്.

1939 െസപ്റ്റംബർ ഒന്നിന് ജർമനി പോളണ്ടിനെ ആക്രമിച്ച് തന്റെ ലക്ഷ്യങ്ങളിലേക്ക് മുന്നേറ്റം തുടങ്ങിവെച്ചപ്പോൾ അതൊരു ലോകയുദ്ധത്തിലേക്ക് നയിക്കും എന്ന് ഹിറ്റ്‌ലർ അനുമാനിച്ചിരുന്നില്ലെന്ന് രണ്ടാം ലോകയുദ്ധത്തിന്റെ ചരിത്രമെഴുതിയ ( 1970) ബേസിൽ ലിഡ്ഡൽഹാർട് എഴുതുകയുണ്ടായി. രണ്ടുദിവസം കഴിഞ്ഞ് പോളണ്ടിനെ സംരക്ഷിക്കുമെന്ന കരാർ പാലിക്കാൻ ബ്രിട്ടനും ഫ്രാൻസും ജർമനിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. ബ്രിട്ടനെക്കുറിച്ചുള്ള ആലോചനകൾ ഉണ്ടായിരുന്നുവെങ്കിൽ ജർമനി നാവികസേനയെ ശക്തിപ്പെടുത്താൻ ശ്രമിക്കുമായിരുന്നു. അങ്ങനെയൊന്ന് ഉണ്ടായില്ലന്നെതാണ് ഈ അനുമാനത്തിനുപിന്നിൽ. ജർമനി ഉപാധികളില്ലാതെ കീഴടങ്ങണമെന്ന് സഖ്യകക്ഷികൾ നിർബന്ധം പിടിച്ചില്ലായിരുന്നുവെങ്കിൽ അനാവശ്യമെന്ന് ചർച്ചിൽതന്നെ വിശേഷിപ്പിച്ച യുദ്ധം നേരത്തേ അവസാനിപ്പിക്കാനും അനേകം ജീവൻ രക്ഷിക്കാനും കഴിയുമായിരുന്നെന്നും ലിഡ്ഡൽ ഹാർട് എഴുതുന്നു!

ഭാവിയിൽ വൻശക്തികൾ പക്ഷംചേർന്നു നടത്തുന്ന യുദ്ധമുണ്ടാകുമോ എന്നു ചോദിച്ചാൽ പ്രവചനം അസാധ്യമാണെന്ന് റിച്ചാഡ് ഓവറി: ‘‘മനുഷ്യചരിത്രത്തിൽ ദീർഘമായ ഒരു കാലം യുദ്ധത്തിനുമുണ്ട്. എങ്കിൽ അതിന് ഒരു ഭാവിയുമുണ്ട്’ അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നേ ആശിക്കാൻ കഴിയൂ. അത്തരം യുദ്ധങ്ങൾ ഉണ്ടായില്ലെങ്കിലും രാഷ്ട്രസംവിധാനത്തിന് പുറത്തുള്ള ശക്തികൾ ( non state actors ) , കൈയാളുകളെ ( proxies ) ഇറക്കി ലക്ഷ്യം നേടാനുള്ള പരിശ്രമങ്ങൾ, രക്തം ചിന്താതെയുള്ള സൈബർ യുദ്ധങ്ങൾ... ഇവയുടെ സാധ്യത എപ്പോഴും നിലനിൽക്കുന്നു.

(മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററാണ് ലേഖകൻ)