നവംബര്‍ 21-നു നടപ്പായ തൊഴില്‍ച്ചട്ടങ്ങളെ കുറിച്ചുള്ള സര്‍ക്കാരിന്റെ വാദം അത് തൊഴില്‍മേഖലയെ കൂടുതല്‍ സുഗമമാക്കുമെന്നാണ്. ഇതുവരെയുണ്ടായിരുന്ന തൊഴില്‍ചട്ടങ്ങളുടെ സങ്കീര്‍ണത അഴിക്കുന്നതും തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതും തൊഴിലുടമകളെ കൂടുതല്‍ നിയമവിധേയരാക്കുന്നതുമാണ് എന്നാണു വാദം.
തൊഴിലാളിസംഘടനകള്‍ പക്ഷേ, ചട്ടങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്നു. വര്‍ഷങ്ങളുടെ പോരാട്ടങ്ങളിലൂടെ ആര്‍ജിച്ച അവകാശങ്ങള്‍ ഇല്ലാതാകുമെന്ന ആശങ്ക ന്യായമാണുതാനും.
വേജ് കോഡിന്റെയും വ്യവസായികബന്ധ കോഡിന്റെയും വിശകലനത്തിനുശേഷം സാമൂഹികസുരക്ഷാ കോഡിലേക്കും മറ്റും ഇന്നു കണ്ണോടിക്കാം
- സാമൂഹിക സുരക്ഷാ കോഡ്
കൃത്യമായ നിര്‍വഹണ സംവിധാനമില്ലെങ്കില്‍ ഈ അംഗീകാരം തത്ത്വത്തില്‍മാത്രം ഒതുങ്ങും
പ്രോവിഡന്റ് ഫണ്ടുകള്‍, ജീവനക്കാരുടെ ഇന്‍ഷുറന്‍സ്, പ്രസവാനുകൂല്യങ്ങള്‍, ക്ഷേമബോര്‍ഡുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളെ മൂന്ന് തലങ്ങളുള്ള ഔപചാരിക ഘടനയുള്ള ഒരൊറ്റ ഏകീകൃത സംവിധാനം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാന്‍ ശ്രമിക്കുന്ന സാമൂഹികസുരക്ഷാ കോഡാണ് ഏറ്റവും അവസരങ്ങള്‍ തുറന്നിടുന്ന പരിഷ്‌കരണം. ആനുകൂല്യങ്ങളെയും സാമൂഹികസുരക്ഷാ അവകാശങ്ങളെയും ഒരു ജോലിയില്‍നിന്ന് മറ്റൊന്നിലേക്കും ഒരു പ്രദേശത്തുനിന്ന് മറ്റൊരിടത്തേക്കും ഒപ്പം കൊണ്ടുപോകാന്‍ കഴിയുന്ന സംവിധാനമുണ്ടാക്കുക എന്നതാണ് ഇവിടെ ലക്ഷ്യം.
Read more:ഇന്ത്യൻ തൊഴിൽച്ചട്ടങ്ങൾ; ആശങ്കകളും പ്രായോഗികതയും
ഇന്ത്യയിലെ തൊഴിലുകളുടെ ചലനാത്മകതയും അനൗപചാരികതയും അംഗീകരിക്കുന്ന സമീപനമാണിത്. ഗിഗ് തൊഴിലാളികളെയും പ്ലാറ്റ്‌ഫോം തൊഴിലാളികളെയും അംഗീകരിക്കുന്നു എന്നതാണ് കോഡിന്റെ സവിശേഷതകളിലൊന്ന്. പരമ്പരാഗതമായ തൊഴിലുടമ-തൊഴിലാളി ബന്ധത്തില്‍പ്പെടാത്തവരെ ആദ്യമായി അംഗീകരിക്കുന്ന നിയമമാകുമിത്. എങ്കിലും, ഈ അംഗീകാരം ആദ്യപടിമാത്രമാണ്. ഈ തൊഴിലാളികളെ എങ്ങനെ തിരിച്ചറിയുമെന്നോ രജിസ്റ്റര്‍ ചെയ്യുമെന്നോ പിന്തുണയ്ക്കുമെന്നോ കോഡ് പൂര്‍ണമായി വ്യക്തമാക്കുന്നില്ല. കൃത്യമായ നിര്‍വഹണസംവിധാനമില്ലെങ്കില്‍ ഈ അംഗീകാരം തത്ത്വത്തില്‍മാത്രം ഒതുങ്ങും.
- തൊഴില്‍ സുരക്ഷാ കോഡ് പരിശോധനാസംവിധാനങ്ങള്‍ ശക്തമാകേണ്ടേ?
തൊഴില്‍സുരക്ഷ, ആരോഗ്യം, ജോലിസാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച കോഡ്, വ്യവസായങ്ങളിലുടനീളം മാനദണ്ഡങ്ങള്‍ നവീകരിക്കാനും തൊഴില്‍സാഹചര്യങ്ങളെ നിയന്ത്രിക്കുന്ന ഒന്നിലധികം നിയമങ്ങള്‍ സംയോജിപ്പിക്കാനും ശ്രമിക്കുന്നു. ജോലിസ്ഥലത്തെ സുരക്ഷ മെച്ചപ്പെടുത്താനും ജോലിസമയം നിയന്ത്രിക്കാനും, കരാര്‍ത്തൊഴിലാളികള്‍, കുടിയേറ്റത്തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളിലേക്കുകൂടി സംരക്ഷണം വ്യാപിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. എന്നിരുന്നാലും, സുരക്ഷാനിയമങ്ങളുടെ നടപ്പാക്കലിന്റെ കാര്യത്തില്‍ ഇന്ത്യ ചരിത്രപരമായി ദുര്‍ബലമാണ്. പ്രത്യേകിച്ച്, ഇവ നടപ്പാക്കാനാവശ്യമായ വിഭവശേഷിയില്ലാത്ത ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍. പരിശോധനാസംവിധാനങ്ങള്‍ ശക്തമാക്കാത്തിടത്തോളം ഈ വാഗ്ദാനങ്ങളെല്ലാം വെറും അഭിലാഷമായി തുടരാനാണ് സാധ്യത.
- ഫലം എന്താകും
ചുരുക്കിപ്പറഞ്ഞാല്‍ ചിതറിക്കിടക്കുന്ന ഒരു വ്യവസ്ഥയെ ഏകീകരിക്കാനും കൂടുതല്‍ പ്രവചനാത്മകവും ചലനാത്മകവുമായ സംവിധാനത്തെ അവതരിപ്പിക്കാനും ലക്ഷ്യമിടുന്ന, തൊഴില്‍നിയമങ്ങളുടെ ഇതുവരെയുള്ള ചരിത്രത്തില്‍ ഒരു സുപ്രധാന ദിശാമാറ്റത്തെ പ്രതിനിധീകരിക്കുന്നതാണ് പുതിയ തൊഴില്‍ കോഡുകള്‍. തൊഴില്‍സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കിയിരുന്ന കര്‍ശനനിയമങ്ങളില്‍നിന്നുമാറി പരിതഃസ്ഥിതികളോട് പൊരുത്തപ്പെടാനുള്ള കഴിവിനും പാലിക്കാനുള്ള ലളിത്യത്തിനും ഊന്നല്‍ നല്‍കുന്ന ചട്ടക്കൂടിലേക്കുള്ള മാറ്റമാണ് ഇവ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ഈ മാറ്റം അപകടസാധ്യതകളും കൊണ്ടുവരുന്നു. മിക്ക തൊഴിലാളികളും അസംഘടിതരും ദുര്‍ബലരുമായ ഒരു തൊഴില്‍ കമ്പോളത്തില്‍, സാമൂഹിക സുരക്ഷാ പദ്ധതികള്‍ ശക്തിപ്പെടുത്താതെ നിയമപരമായ സംരക്ഷണങ്ങള്‍ കുറയ്ക്കുന്നത് നിലവിലെ അസ്ഥിരതയെ വഷളാക്കിയേക്കാം. അതുപോലെ, തൊഴിലുടമകള്‍ക്ക് വലിയ ഫ്‌ലക്‌സിബിലിറ്റി നല്‍കുന്നതോടൊപ്പം തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനായുള്ള സംവിധാനങ്ങളും ഉണ്ടായിരിക്കണം.
പുതിയ തൊഴില്‍കോഡിന്റെ വിജയം ഇതിന്റെ ഉള്ളടക്കത്തെ മാത്രമല്ല സംസ്ഥാനങ്ങള്‍ അവ എങ്ങനെ നടപ്പാക്കുന്നു, സ്ഥാപനങ്ങള്‍ അവരുടെ തൊഴില്‍സമ്പ്രദായങ്ങള്‍ എങ്ങനെ ക്രമീകരിക്കുന്നു, അവര്‍ തൊഴിലാളികളെ പുതിയ സംരക്ഷണ സംവിധാനത്തിനുകീഴില്‍ എങ്ങനെ കൊണ്ടുവരുന്നു എന്നതിനെക്കൂടി ആശ്രയിച്ചായിരിക്കും. ഉയര്‍ന്ന മൂലധനനിക്ഷേപം ആവശ്യമുള്ള വ്യവസായങ്ങള്‍മുതല്‍ ചെറുകിട-കുടില്‍ വ്യവസായങ്ങള്‍വരെ ഉള്‍പ്പെടുന്ന, വൈവിധ്യപൂര്‍ണമായ തൊഴില്‍വിപണിയാണ് ഇന്ത്യയിലേത്. എല്ലാറ്റിനും ഒറ്റ ചട്ടക്കൂട് എന്ന സമീപനം ഫലങ്ങളില്‍ അസമത്വം സൃഷ്ടിക്കും. ശക്തമായ ഭരണസംവിധാനങ്ങളുള്ള സംസ്ഥാനങ്ങള്‍ക്ക് പുതിയ ചട്ടത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ മികച്ചരീതിയില്‍ സാധിക്കുമെങ്കിലും മറ്റുള്ളവ അല്പം കഷ്ടപ്പെടും. (അവസാനിച്ചു )
(ലേബര്‍ ഇക്കോണമിക്‌സില്‍ പഠനങ്ങള്‍ നടത്തയിട്ടുള്ള ലേഖകന്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡിവലപ്മെന്റ് സ്റ്റഡീസില്‍ പ്രൊഫസറാണ്)
------------------------------------------------------------------------------------------
മുന്നില്‍ വെല്ലുവിളികള്‍ ഏറെ
ഈ പരിഷ്‌കാരങ്ങള്‍ക്ക് സമാന്തരമായി ഡിജിറ്റൈസേഷന്‍ കേന്ദ്രീകരിച്ചുള്ള മറ്റൊരു കൂട്ടം ഭരണപരിഷ്‌കാരങ്ങളും നടക്കുന്നുണ്ട്. രജിസ്ട്രേഷന്‍, റിപ്പോര്‍ട്ടിങ്, പരിശോധനകള്‍ എന്നിവയ്ക്കായി ഏകജാലക സംവിധാനം തയ്യാറാക്കുകയാണ് ശ്രം സുവിധ പോര്‍ട്ടല്‍ ലക്ഷ്യമിടുന്നത്. ഇന്‍പെക്ടര്‍മാര്‍ മുഖേനയുള്ള മേല്‍നോട്ടത്തിനുപകരം അല്‍ഗൊരിതം അടിസ്ഥാനമാക്കിയുള്ള പരിശോധനാലിസ്റ്റുകളും സ്വയം സാക്ഷ്യപ്പെടുത്തലുകളും ഉപയോഗിച്ച് അഴിമതിയും അധികാരദുര്‍വിനിയോഗവും കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. മറ്റുമേഖലകളില്‍ സ്വീകരിച്ച രീതികള്‍ക്ക് അനുസൃതമായി ഭരണകൂടത്തിന്റെ കാര്യനിര്‍വഹണശേഷി ആധുനികീകരിക്കാനുള്ള ശ്രമമാണിത്. രജിസ്റ്റര്‍ചെയ്യാതിരിക്കുക, അനൗപചാരിക തൊഴില്‍ബന്ധങ്ങള്‍, തൊഴിലാളികള്‍ക്കിടയിലെ അവബോധത്തിന്റെ കുറവ് തുടങ്ങിയ ആഴത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡിജിറ്റൈസേഷന്‍ കൊണ്ടുമാത്രം സാധിക്കില്ല. നിയമസംവിധാനങ്ങള്‍ക്ക് പുറത്ത് നിലനില്‍ക്കാന്‍ ഇടത്തരം സ്ഥാപനങ്ങള്‍ തീരുമാനിക്കുന്നതും തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ആവശ്യമായ വിവരങ്ങളോ പിന്തുണയോ ഇല്ലാതെ വരുന്നതും വെല്ലുവിളിയാണ്.
പുനഃക്രമീകരണം പ്രധാനം
കൂടുതല്‍ സമഗ്രവും കാലികവുമായ ഒരു റെഗുലേറ്ററി ചട്ടക്കൂട് നിര്‍മിക്കുന്നതിനുള്ള ഒരവസരം തൊഴില്‍കോഡുകള്‍ ഇന്ത്യക്ക് നല്‍കുന്നുണ്ട്. എന്നിരുന്നാലും യഥാര്‍ഥ പരിഷ്‌കരണം നിയമം നടപ്പാക്കാനും സാമൂഹികസുരക്ഷ, തൊഴില്‍ഡേറ്റാ സംവിധാനങ്ങള്‍ എന്നിവ മെച്ചപ്പെടുത്താനും ഈ പ്രക്രിയയ്ക്കിടെ അസംഘടിത തൊഴിലാളികളടക്കമുള്ളവരുടെ ശബ്ദം പാര്‍ശ്വവത്കരിക്കപ്പെടാതെ സൂക്ഷിക്കാനുമുള്ള സംസ്ഥാനങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കും. നിയമം തിരുത്തിയെഴുതുന്നതല്ല യഥാര്‍ഥ വെല്ലുവിളി, ചലനാത്മകവും തുല്യനീതിയിലധിഷ്ഠിതവുമായ ഒരു തൊഴില്‍ക്കമ്പോളത്തെ പിന്തുണയ്ക്കാന്‍ കഴിയുന്ന തരത്തില്‍ സ്ഥാപനങ്ങളെ പുനഃക്രമീകരിക്കുക എന്നതാണ്. ഇന്നെടുക്കുന്ന തീരുമാനങ്ങള്‍ വരും ദശകങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജോലിയുടെ നിലവാരത്തെയും ജീവിതമാര്‍ഗങ്ങളെയും സ്വാധീനിക്കുമെന്നതിനാല്‍ത്തന്നെ സൂക്ഷിച്ചുവേണം ഇതിനെ കൈകാര്യംചെയ്യാന്‍.
------------------------------------------------------------------------------------------
തൊഴില്‍ കോഡുകള്‍: കേരളത്തിന്റെ എതിര്‍പ്പ് രാഷ്ട്രീയമായിമാത്രം
തൊഴിലാളിവിരുദ്ധമെന്ന് ഇടതു തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ വിമര്‍ശിക്കുന്ന വിവാദ തൊഴില്‍ കോഡുകളില്‍ കേരളത്തിന്റെ എതിര്‍പ്പ് രാഷ്ട്രീയത്തിലൊതുങ്ങി. 2019-ലും 2020-ലുമായി പാര്‍ലമെന്റ് പാസാക്കിയ തൊഴില്‍ കോഡുകള്‍ക്കായുള്ള കരടുചട്ടങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട് വൈകാതെത്തന്നെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി കരടുവിജ്ഞാപനമിറക്കിയിരുന്നു.
വേജ്‌കോഡ് കേന്ദ്രസര്‍ക്കാര്‍ 2019-ലും മറ്റു മൂന്നു കോഡുകള്‍ 2020-ലുമാണ് പാര്‍ലമെന്റില്‍ പാസാക്കിയത്. അന്നു മുതലേ കരടുചട്ടങ്ങള്‍ ആവിഷ്‌കരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയനുസരിച്ച് തൊഴില്‍ കേന്ദ്ര-സംസ്ഥാന പൊതുപട്ടികയിലുള്ള വിഷയമായതിനാല്‍, കേന്ദ്രസര്‍ക്കാരിനുപുറമേ സംസ്ഥാനങ്ങളും ചട്ടമുണ്ടാക്കണം. അങ്ങനെ കരടുചട്ടങ്ങളുണ്ടാക്കിയ ആദ്യഘട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
നാലു കോഡുകള്‍ക്കുമുള്ള കരടുചട്ടങ്ങള്‍ 2021 ഡിസംബറില്‍ സംസ്ഥാനം വിജ്ഞാപനം ചെയ്തു. 2021 ഡിസംബര്‍ 15-ന് വേജ് കോഡ്, 16-ന് സാമൂഹികസുരക്ഷാ കോഡ്, 17-ന് ഒക്യുപേഷണല്‍ സേഫ്റ്റി-ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ്, 30-ന് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് എന്നീ കരടുചട്ടങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ ഗസറ്റില്‍ പരസ്യപ്പെടുത്തി. പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 45 ദിവസത്തെ സമയവും നല്‍കി.
പ്രതിപക്ഷപാര്‍ട്ടികള്‍ തൊഴില്‍ കോഡുകളെ എതിര്‍ത്തു കൊണ്ടിരിക്കേ, കേരളത്തിന്റെ ഈ നടപടിയെ കേന്ദ്രം പലവട്ടം പ്രശംസിക്കുകയും ചെയ്തു.
കേരളമുണ്ടാക്കിയത് കരടുചട്ടം മാത്രമാണെന്നും സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലേ അവ ചട്ടമാകൂവെന്നുമാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ വാദം. എന്നാല്‍, തൊഴില്‍ കോഡില്‍ വൈകാതെ കേന്ദ്രചട്ടമിറങ്ങും. തൊട്ടുപിന്നാലെ, സംസ്ഥാനചട്ടങ്ങളും പ്രാബല്യത്തില്‍ വരും. കേന്ദ്രനിയമത്തിന്റെ ചട്ടക്കൂടില്‍നിന്നു മാത്രമേ സംസ്ഥാനത്തിനും നിയമം നടപ്പാക്കാനാവൂവെന്നതിനാല്‍ കരടുചട്ടങ്ങളില്‍ കാര്യമായി മാറ്റം വരുത്താനാവില്ല. കരടുചട്ടങ്ങള്‍ പുറപ്പെടുവിച്ചതോടെ, കേരളവും തൊഴില്‍ കോഡുകളുടെ വഴിയിലായിക്കഴിഞ്ഞു.
Content Highlights: new labour code and its social impact
Published: 27 Nov 2025, 06:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented