ഗാസയിലെ ദുരന്തം ഇന്ന് ലോകത്തിന്റെ മുന്നില്‍ മനുഷ്യാവകാശത്തിന്റെ അന്തിമ പരീക്ഷയായി മാറിയിരിക്കുകയാണ്. ഗാസ ക്ഷാമത്തിന്റെ പിടിയിലായി എന്ന് ഐ.പി.സി. (Integrated Food Security Phase Classification) ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ, മനുഷ്യാവകാശരംഗത്ത് വലിയൊരു തിരിച്ചടിയാണ് ലോകം അനുഭവിക്കുന്നത്. ഏകദേശം 5.62 ലക്ഷം പേര്‍ അതികഠിന പട്ടിണിയില്‍, 2.23 ദശലക്ഷം ജനങ്ങള്‍ ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ക്കായി മാനുഷിക സഹായം മാത്രം ആശ്രയിച്ചിരിക്കുന്ന അവസ്ഥയിലാണ്. 

To advertise here,

യുണിസെഫ് (UNICEF) കണക്കുകള്‍ പ്രകാരം 50,000-ത്തിലധികം കുട്ടികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. 19,000 കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം  ഈ ക്ഷാമം പ്രകൃതിദുരന്തം കൊണ്ടല്ല സംഭവിച്ചത് എന്നതാണ്. വരള്‍ച്ച, വിളനാശം, പ്രളയം എന്നിവയൊന്നുമല്ല ഇതിന് കാരണം. മറിച്ച്, മനപ്പൂര്‍വ്വമായ ഉപരോധവും തുടര്‍ച്ചയായ വ്യോമാക്രമണങ്ങളും ഭക്ഷണം, മരുന്ന്, കുടിവെള്ളം എന്നിവയുടെ വിതരണ തടസ്സവും ചേര്‍ന്നതാണ് ഇന്ന് ഗാസയിലെ ദുരന്തം സൃഷ്ടിച്ചത്. 

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍- പ്രത്യേകിച്ച് ജനീവ കണ്‍വെന്‍ഷന്‍- വ്യക്തമാക്കുന്നത് വിശപ്പിനെ യുദ്ധായുധമായി ഉപയോഗിക്കുന്നത് കുറ്റകരമാണെന്നാണ്. പക്ഷേ, ഗാസയിലെ യാഥാര്‍ഥ്യത്തിനു മുന്നില്‍ ലോകം മുഴുവന്‍ കണ്ണടച്ചു ഇരുട്ടാക്കുകയാണ്. ഗാസയിലെ വിശപ്പും ക്ഷാമവും 'സ്വാഭാവിക ദുരന്തം' അല്ലെന്ന കാര്യം അന്താരാഷ്ട്ര സമൂഹം വ്യക്തമായി അംഗീകരിക്കുന്നുമുണ്ട് ; ഇത് ഇസ്രയേലിന്റെ രാഷ്ട്രീയ-സൈനിക തന്ത്രത്തിന്റെ ഫലമായി രൂപപ്പെട്ട ഒന്നാണ്. ഭക്ഷണം, വെള്ളം, മരുന്ന്, ഇന്ധനം എന്നിവ തടസപ്പെടുത്തിയതും, കൃഷിയിടങ്ങള്‍, ജലവിതരണ ശൃംഖലകള്‍, ആശുപത്രികള്‍, ഭക്ഷ്യസംഭരണ കേന്ദ്രങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ആസൂത്രിതമായി നശിപ്പിച്ചതും അന്താരാഷ്ട്ര നിയമങ്ങളുടെ തുറന്ന ലംഘനമാണ്.

1977ലെ ജനീവ അഡീഷണല്‍ പ്രോട്ടോക്കോളും (Additional Protocol I Article 54) 2018-ലെ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ പ്രമേയവും പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുന്നതിനെ വ്യക്തമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇസ്രയേല്‍ ദിനംപ്രതി അതിനെ അവഗണിച്ച് മുന്നോട്ട് പോകുന്നു. സഹായ സംഘടനകളുടെ വാഹനവ്യൂഹത്തിന്   നേരെയുണ്ടാകുന്ന ആക്രമണങ്ങളും ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലെ വെടിവെപ്പുകളും ഗാസയിലെ കുട്ടികളെ വിശപ്പിലൂടെ മുട്ടുകുത്തിക്കുന്ന നടപടികളും സൈനിക സുരക്ഷയുടെ പേരില്‍ മനുഷ്യാവകാശങ്ങളുടെ ക്രൂരമായ നിഷേധം മാത്രമാണ്. ലോകത്ത് അപൂര്‍വമായി മാത്രം കണ്ടുവരുന്ന 'famine' എന്ന പ്രഖ്യാപനം പോലും വന്നിട്ടും ഇസ്രയേലിന്റെ സമീപനം മാറുന്നില്ല എന്നത്, ലോക രാഷ്ട്രീയത്തിന്റെയും മനുഷ്യത്വത്തിന്റെയും പരാജയമാണെന്നു തെളിയിക്കുന്നു.

ചരിത്രത്തിലുടനീളം പട്ടിണി പലപ്പോഴും രാഷ്ട്രീയ തീരുമാനങ്ങളുടെ ഫലമായിട്ടാണ് ഉണ്ടായിട്ടുള്ളത്. 1943-ലെ ബംഗാള്‍ ക്ഷാമം - ഏകദേശം 3 ദശലക്ഷം മനുഷ്യരെ ബാധിച്ച സംഭവം- അന്നത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക നയങ്ങളുടെയും യുദ്ധകാല ഭക്ഷ്യപ്പൂഴ്ത്തിവയ്പ്പിന്റെയും ഫലമായിരുന്നു. 1930-കളിലെ യക്രൈനിലെ ഹോളോഡോമര്‍, സ്റ്റാലിന്റെ ഭരണത്തില്‍ നടന്ന കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കായിരുന്നു ഫലമായി ഉണ്ടായത്. 1958 കാലഘട്ടത്തില്‍ ചൈനയിലെ 'ഗ്രേറ്റ് ലീപ്പ് ഫോര്‍വേഡ്' കാലത്തെ ക്ഷാമത്തില്‍ ഏകദേശം 30 ദശലക്ഷം പേര്‍ മരിച്ചു. 

20-ാം നൂറ്റാണ്ടില്‍ ഏഴ് മുതൽ 12 കോടി വരെയാളുകൾ  ക്ഷാമത്തില്‍ മരിച്ചിട്ടുണ്ടെങ്കിലും കാര്‍ഷിക പുരോഗതിയും അന്താരാഷ്ട്ര സഹായ സംവിധാനങ്ങളും കാരണമായി 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വലിയ തോതിലുള്ള പട്ടിണി കുറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഗുരുതരമായ ഒരു തിരിച്ചുവരവ് കാണാന്‍ കഴിയുന്നു. ഗ്ലോബല്‍ റിപ്പോര്‍ട്ട് ഓണ്‍ ഫുഡ് ക്രൈസിസ് (GRFC)  പ്രകാരം, 53 രാജ്യങ്ങളിലായി 295 ദശലക്ഷം ആളുകള്‍ ഇന്ന് ഗുരുതര ഭക്ഷ്യ സുരക്ഷാ പ്രതിസന്ധിയില്‍ കഴിയുന്നു. അഞ്ചുവര്‍ഷം മുമ്പ് അത് 135 ദശലക്ഷം മാത്രമായിരുന്നു.  അതില്‍ വലിയൊരു വിഹിതം സംഘര്‍ഷ മേഖലയിലാണെന്ന് കണക്കുകള്‍ പറയുന്നു - സുഡാന്‍, സോമാലിയ, യെമന്‍, അഫ്ഗാനിസ്താന്‍, ഇപ്പോള്‍ ഗാസ.

placeholder
ഗാസ സിറ്റിയിലെ പലസ്തീനികൾക്ക് വിതരണം ചെയ്യുന്നതിനായി സന്നദ്ധപ്രവർത്തകർ ഭക്ഷണ റേഷൻ തയ്യാറാക്കുന്നു | Photo by Omar AL-QATTAA / AFP

ഗാസയിലെ പ്രത്യേക സാഹചര്യം

ഗാസയിലെ യാഥാര്‍ത്ഥ്യം ഇതിലും ഭീകരമാണ്. 30 ശതമാനം കുടുംബങ്ങൾ അത്യന്തം ക്ഷാമത്തില്‍ കഴിയുകയാണ്. ജനസംഖ്യയുടെ കുറഞ്ഞത് 20 ശതമാനം അത്യന്തം പട്ടിണി അനുഭവിക്കുകയും, കുറഞ്ഞത് 30 ശതമാനം കുട്ടികൾ ഗുരുതരമായ പോഷകാഹാരക്കുറവിൽ ജീവിക്കുകയും കൂടാതെ 10,000 പേരിൽ കുറഞ്ഞത് രണ്ട് പേരെങ്കിലും  പട്ടിണിയോ, പോഷകാഹാരക്കുറവിനോടു ബന്ധപ്പെട്ട രോഗങ്ങളോ മൂലം മരിക്കുകയോ ചെയ്യുന്ന അവസ്ഥയിലാണ് ഐപിസി (phase-5) ഔദ്യോഗികമായി ക്ഷാമമേഖലയായി പ്രഖ്യാപിക്കുന്നത്.

കൃഷിയിടങ്ങള്‍ അസൂത്രിതമായ രീതിയില്‍ തകര്‍ത്തു, ജലവിതരണ ശൃംഖലകള്‍ പൊളിച്ചു, വൈദ്യുതി വിതരണം തടഞ്ഞു, സഹായ ട്രക്കുകള്‍ക്ക് പ്രവേശനം അനുവദിച്ചില്ല,  വിതരണ കേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കും നേരെ ആക്രമണങ്ങള്‍ നടന്നു എന്നിങ്ങനെയുള്ള സംഭവങ്ങൾ എന്‍.ജി.ഒകളും ഐക്യരാഷ്ട്രസഭ ഏജന്‍സികളും രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും രാഷ്ട്രീയമായി തടഞ്ഞുവച്ചത് യാദൃച്ഛികമായി സംഭവിച്ച ഒന്നല്ല, മറിച്ച് മനപ്പൂര്‍വ്വമായ തന്ത്രമാണ്. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയം (2018) ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും, വീറ്റോ രാഷ്ട്രീയം കാരണം അത് പ്രാവര്‍ത്തികമായില്ല.

ഗാസയിലെ കുട്ടികളിലെ തീവ്ര പോഷകാഹാരക്കുറവ് ഇന്ന് അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടുള്ള ഏറ്റവും ഗുരുതരമായ മനുഷ്യാവകാശ പ്രതിസന്ധികളിലൊന്നാണ്. യുണിസെഫ്, ലോകാരോഗ്യ സംഘടന, ഐ.പി.സി തുടങ്ങിയ ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം, അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളില്‍ മൂന്നിലൊന്നിലധികം തീവ്ര പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. അതില്‍ ഏകദേശം 15 ശതമാനത്തില്‍ ഗുരുതരമായ ക്ഷയം (Severe Acute Malnutrition) രേഖപ്പെടുത്തിയിട്ടുണ്ട് (IPC Report, Aug 2025). ഭക്ഷണം, വെള്ളം, വൈദ്യുതി, മരുന്ന് തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ക്കെതിരായ വ്യവസ്ഥാപിത ഉപരോധമാണ് ഇതിന് പ്രധാന കാരണം. 

ഐ.പി.സി 2025 ഓഗസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം, ഗാസ നഗരത്തെ ഔദ്യോഗികമായി ക്ഷാമാവസ്ഥ (Famine, IPC Phase 5) ബാധിച്ച പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മാസത്തോടെ ഇത് ദെയര്‍ അല്‍-ബലഹ്, ഖാന്‍ യൂനിസ്  എന്നീ പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം, ഗാസയിലെ ജനങ്ങളില്‍ 32 ശതമാനം (ഏകദേശം 6.4 ലക്ഷം പേര്‍) അടുത്ത മാസങ്ങളില്‍ ക്ഷാമാവസ്ഥ നേരിടും. അതിനൊപ്പം, 132,000 കുട്ടികള്‍ (6-59 മാസം പ്രായം) പോഷകാഹാരക്കുറവിന് ഇരയാകാനും, അതില്‍ 41,000 കുട്ടികള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് അനുഭവിക്കാനും സാധ്യതയുണ്ട്. ഗാസ നഗരത്തിലെ കുട്ടികളിലെ തീവ്ര പോഷകാഹാരക്കുറവ് (GAM rate) കഴിഞ്ഞ മാസങ്ങളില്‍ മൂന്നിരട്ടി വര്‍ധിച്ച് 12.7 ശതമാനം മുതല്‍ 19.9 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട് - ഇത് ക്ഷാമത്തിന്റെ അന്താരാഷ്ട്ര പരിധിയായ 15 ശതമാനത്തിനേക്കാള്‍ കൂടുതലാണ്. 

നവജാത ശിശുക്കള്‍ പോഷകാഹാരക്കുറവിന്റെ ഫലമായി ഭാരക്കുറവ്, വളര്‍ച്ചാ തടസ്സം, രോഗപ്രതിരോധശേഷിയില്ലായ്മ,  മാനസികവും ബൗദ്ധികവുമായ വളര്‍ച്ച വൈകല്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നു.  പോഷകാഹാരക്കുറവിനൊപ്പം മാനസികാരോഗ്യ പ്രതിസന്ധിയും ഗൗരവകരമാണ്: സ്ഥിരമായ ബോംബാക്രമണങ്ങളും വീടില്ലായ്മയും മൂലം കുട്ടികളില്‍ പി.ടി.എസ്,ഡി (Post-Traumatic Stress Disorder), വിഷാദം, മാനസിക മന്ദഗതി തുടങ്ങിയ പ്രശ്‌നങ്ങള്‍ വ്യാപകമാണ്. ഗാസയിലെ കുട്ടികള്‍ ഒരു മുഴുവന്‍ തലമുറ തന്നെ നികത്താനാകാത്ത പ്രശ്നങ്ങൾ നേരിടുന്ന അവസ്ഥയിലാണ്. ശരീരവും ബൗദ്ധികവളര്‍ച്ചയും പൂര്‍ണമായി വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെടുകയാണ്. ഒരു നേരത്തെ ഭക്ഷണത്തിനായി കരഞ്ഞുകൊണ്ട് ഗാസയിലെ തെരുവിലൂടെ നടക്കുന്ന എല്ലും തോലുമായ കുഞ്ഞുങ്ങളുടെ മുഖമോര്‍ത്ത്, നമുക്ക് എങ്ങനെയാണ് സമാധാനമായി ഇരിക്കുവാന്‍ കഴിയുക?

placeholder
ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി ക്ഷാമം പ്രഖ്യാപിച്ച ഗാസ മുനമ്പിലെ ഇസ്രായേലിന്റെ നടപടികൾക്കും തുടർച്ചയായ ഭക്ഷ്യക്ഷാമത്തിനുമെതിരെ  മെൽബണിൽ നടന്ന പ്രതിഷേധ റാലി | Photo : William WEST / AFP

ഗാസ നേരിടുന്ന ഇരട്ട സമ്മര്‍ദ്ദം

ഗാസയില്‍ നേരിടുന്ന ക്ഷാമാവസ്ഥയുടെ പ്രധാന കാരണം ഇസ്രയേലിന്റെ സൈനിക ഉപരോധവും നിരന്തര ബോംബാക്രമണങ്ങളും തന്നെയാണ്. അന്താരാഷ്ട്ര നിയമം വ്യക്തമാക്കുന്നത് ഇസ്രയേലിന് ജനങ്ങളുടെ ഭക്ഷണ-ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള പ്രധാന ഉത്തരവാദിത്വം ഉണ്ടെന്നാണ്. എന്നാല്‍, ഹമാസ് കൈക്കൊണ്ട ചില നടപടികളും ഈ ദുരന്തത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതായി ചില ആരോപണങ്ങള്‍ മറുഭാഗം ഉന്നയിക്കുന്നുമുണ്ട്. ഭക്ഷണവും ഇന്ധനവും അടങ്ങിയ യു.എന്‍. സഹായ ട്രക്കുകള്‍ തടഞ്ഞുവയ്ക്കപ്പെടുകയോ തിരിച്ചുവിടപ്പെടുകയോ ചെയ്യുന്നതായി അവര്‍ പറയുന്നു. സാധാരണ ജനങ്ങള്‍ക്കു വേണ്ടി എത്തിക്കുന്ന മരുന്നും ഭക്ഷണവസ്തുക്കളും ചിലപ്പോള്‍ സൈനിക ആവശ്യങ്ങള്‍ക്കായി തട്ടിയെടുക്കുന്നതായും ആരോപണമുണ്ട്. സഹായ വിതരണത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ഗാസയിലെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കുന്നു. ചില പ്രദേശങ്ങള്‍ക്ക് - പ്രത്യേകിച്ച് ഹമാസിന് വിശ്വസ്തരല്ലെന്ന് കരുതപ്പെടുന്ന പ്രദേശങ്ങള്‍ - സഹായം ലഭിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതു ഭക്ഷണവും മരുന്നും ന്യായമായി ലഭിക്കേണ്ട ജനങ്ങളെ അന്യായമായി ബാധിക്കുന്നതായും അവര്‍ പറയുന്നു. പക്ഷേ 2025-ല്‍ യു.എന്‍. റീഫ്യൂജി ഏജന്‍സി (UNRWA) പ്രസിദ്ധീകരിച്ച 'Claims Versus Facts' റിപ്പോര്‍ട്ടില്‍, ഗാസയില്‍ ഹമാസ് അല്ലെങ്കില്‍ മറ്റ് സൈനിക ഗ്രൂപ്പുകള്‍ സഹായവിതരണത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് യാതൊരു തെളിവും യു.എന്‍. റീഫ്യൂജി ഏജന്‍സിക്ക് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര സഹായ ഏജന്‍സികള്‍, പ്രത്യേകിച്ച് മാനുഷിക കാര്യങ്ങളുടെ ഏകോപനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസ് (OCHA), വേള്‍ഡ് ഫുഡ് പ്രോഗ്രാം (WFP), ലോകാരോഗ്യ സംഘടന (WHO) എന്നിവ ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളും സഹായ വിതരണം തടസ്സപ്പെടുന്നതും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സഹായ വിതരണം തടസ്സപ്പെടുന്നതിന്റെ പ്രധാന കാരണം ഇസ്രയേല്‍ സൈനിക ഉപരോധവും സുരക്ഷാ നിയന്ത്രണങ്ങളും ആണ്. ഉദാഹരണത്തിന്, ലോകാരോഗ്യ സംഘടന, ഒ.സി.എച്ച്.എ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആശുപത്രികള്‍ക്ക് ആവശ്യമായ ഇന്ധനവും മരുന്നും ലഭിക്കാത്ത കാരണം പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതോടെ, ഗാസയിലെ സാധാരണ ജനങ്ങള്‍ ഇരട്ട സമ്മര്‍ദ്ദത്തിലാണെന്ന് പറയാം. ഒരുവശത്ത്, ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ജീവന്‍ രക്ഷിക്കാന്‍ വേണ്ട അടിസ്ഥാന സാധനങ്ങള്‍ തടഞ്ഞു. മറുവശത്ത്, ലഭിക്കുന്ന സഹായത്തിന്റെ നിഷ്പക്ഷമായ വിതരണം ഉറപ്പാക്കാതെ ഹമാസ്  ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചു.

ഇന്ത്യയുടെ ചരിത്രപാരമ്പര്യം

ഇന്ത്യയ്ക്കും ക്ഷാമത്തിന്റെ തീക്ഷ്ണ ഓര്‍മകള്‍ ഉണ്ട്. 1943-ലെ ബംഗാള്‍ ക്ഷാമം, 1960-കളിലെ വിശപ്പിന്റെ കാലം എന്നിവ ഇന്ത്യയെ വലിയ രാഷ്ട്രീയവും സാമ്പത്തികവുമായ പാഠങ്ങള്‍ പഠിപ്പിച്ചു. വിദേശ ധാന്യവിതരണങ്ങളില്‍ ആശ്രയിച്ചിരുന്ന അവസ്ഥയാണ് പിന്നീട് ഹരിത വിപ്ലവത്തിന് പ്രചോദനമായത്. ''വിശപ്പിന് ഒരിക്കലും രാജ്യത്തിന്റെ പരമാധികാരം നിയന്ത്രിക്കാനാകരുത്'' എന്ന രാഷ്ട്രീയ പ്രതിജ്ഞ ഇന്ത്യന്‍ നേതാക്കള്‍ ഏറ്റെടുത്തു. ഇന്ത്യയുടെ വിദേശനയത്തിലും പലസ്തീന്‍ പ്രശ്‌നം ഏറെക്കാലം കേന്ദ്രമായിരുന്നു. 1947-ല്‍ തന്നെ നെഹ്‌റു പലസ്തീനിന്റെ സ്വാതന്ത്ര്യാവകാശത്തെ പിന്തുണച്ചു. 1988-ല്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. ചേരി-ചേരാ കൂട്ടായ്മ  (Non-Aligned Movement) വഴിയും പലസ്തീനിന്റെ അവകാശങ്ങളെ ഇന്ത്യ ഉയര്‍ത്തിക്കാട്ടി. 1990-കളില്‍ ഇന്ത്യ-ഇസ്രയേല്‍ പ്രതിരോധ-സാങ്കേതിക ബന്ധം ശക്തമാകുകയും അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടി വരുകയും ചെയ്തതോടെ ഇന്ത്യയുടെ നിലപാടില്‍ മാറ്റമുണ്ടായി. ചെറിയ സഹായങ്ങള്‍ നല്‍കിയെങ്കിലും വലിയ രാഷ്ട്രീയ ഇടപെടലുകള്‍ കുറവായിരുന്നു.

ഗാന്ധിജി 1930-കളിലും 40-കളിലും തന്നെ പറഞ്ഞിരുന്നു: ''പലസ്തീന്‍ അറബുക്കാര്‍ക്കാണ്; അവിടുത്തെ ജനങ്ങള്‍ക്കാണ് തീരുമാനിക്കാനുള്ള അവകാശം.'' ഗാന്ധിയന്‍ ദര്‍ശനത്തിലെ അഹിംസ, സര്‍വോദയം, ''ദരിദ്രനാരായണ്‍'' എന്നീ തത്ത്വങ്ങള്‍ ഇന്ന് ഗാസയിലെ ക്ഷാമത്തിലേക്കു നേരിട്ട് സൂചിപ്പിക്കുന്നു. വിശപ്പിനെ യുദ്ധായുധമാക്കുന്നത് അഹിംസയുടെ ഏറ്റവും വലിയ വിരോധമാണെന്നതില്‍ സംശയമില്ല. ഗാന്ധിജിയുടെ സര്‍വോദയം (Sarvodaya) - 'ഏറ്റവും അവസാനവരെയും ഉയര്‍ത്തുക'' എന്ന സന്ദേശം - ഇന്ത്യയെ നിര്‍ബന്ധിതമാക്കുന്നത് ഏറ്റവും ദുരിതത്തിലായവരെ രക്ഷിക്കാന്‍ മുന്നോട്ടുവരാന്‍ തന്നെയാണ്. 

placeholder
 ഗാസ നഗരത്തിൽ വിമാനത്തിൽ നിന്ന് നൽകിയവ ശേഖരിക്കാൻ പലസ്തീനികൾ തിരക്കുകൂട്ടുന്നു | Photo: Jehad Alshrafi/ AP 

ഇന്ത്യയ്ക്കുള്ള അവസരങ്ങളും മാര്‍ഗങ്ങളും

ഇന്ത്യ ഇന്ന്  ലോകത്തിന് മുന്നില്‍ ''വസുധൈവ കുടുംബകം'' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കാട്ടുന്നു. അത് വെറും ആശയമാത്രമായി തീരാതെ പ്രായോഗിക മൂല്യമായി തെളിയിക്കണമെങ്കില്‍ ഗാസയെ സംബന്ധിച്ച പ്രവര്‍ത്തനപരമായ ഇടപെടലുകള്‍ അനിവാര്യമാണ്. ഇന്ത്യയുടെ കേന്ദ്ര സംഭരണശാലകളില്‍ 736.61 എല്‍എംടിയില്‍ അധികം അരിയും ഗോതമ്പും നിലവിലുണ്ടെന്ന് ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു. അതില്‍ ചെറിയൊരു വിഹിതം പോലും ഐക്യരാഷ്ട്രസഭയിലൂടെയോ ബ്രിക്‌സിലൂടെയോ ഗാസയിലേക്ക് അയച്ചാല്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ കഴിയും. കൂടാതെ, ഇസ്രയേലുമായും പലസ്തീനുമായും ബന്ധമുള്ള അപൂര്‍വ രാജ്യങ്ങളില്‍ ഒന്നായതിനാല്‍, ഇന്ത്യയ്ക്ക് പൂര്‍ണമായ വെടിനിര്‍ത്തലിനോ മാനുഷിക ഇടനാഴിക്കോ വേണ്ടിയുള്ള ശക്തമായ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ വിശ്വാസ്യതയുണ്ട്.

ബ്രിക്‌സ്, ജി20, നാം എന്നീ അന്താരാഷ്ട്ര വേദികളില്‍ പട്ടിണിയെ യുദ്ധായുധമാക്കി മാറ്റുന്ന പ്രവണതക്കെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച്,  ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയം പ്രകാരം വിശപ്പിനെ ആയുധമാക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുകയും, സഹായകേന്ദ്രങ്ങളിലേക്കുള്ള ആക്രമണങ്ങളില്‍ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനായി ഇന്ത്യ മുന്നോട്ട് വരുകയും വേണം. അതോടൊപ്പം, ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്കയിലെ ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ഇടപെടല്‍, രാജ്യത്തിന്റെ വിശ്വാസ്യതയും നൈതിക അധികാരവും ശക്തിപ്പെടുത്തുകയും ഗ്ലോബല്‍ സൗത്തിലെ നേതൃപങ്ക് ഉറപ്പാക്കുകയും ചെയ്യും.

നൈതിക മൂല്യങ്ങളും രാഷ്ട്രീയവും

'വസുധൈവ കുടുംബകം' വെറും പ്രചാരണം മാത്രമോ അതോ ലോകത്തിന്റെ ആകെ നന്മയ്ക്കായുള്ള പ്രഖ്യാപനമോ എന്ന് ലോകം പരിശോധിക്കുന്നു. ഇന്ത്യയ്ക്ക് ഇത് ഒരു വിദേശനയപരമായ വിഷയം മാത്രമല്ല, മറിച്ച് നമ്മുടെ തന്നെ ചരിത്രത്തോടും പാരമ്പര്യത്തോടും പൊരുത്തപ്പെടാനുള്ള അവസരം കൂടിയാണ്. ലോകജനതക്ക് മുന്‍പില്‍ മുനുഷ്യരാശിയുടെ ആകെ സമാധാനത്തിന് മാര്‍ഗ്ഗദര്‍ശകമായി മറുവാന്‍ കഴിയുമോ എന്ന് തീരുമാനിക്കുന്നത് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളാണ്. ആധുനിക ലോകത്ത്, ക്ഷാമങ്ങള്‍ ഒരിക്കലും പ്രകൃതിദുരന്തമല്ല; അവ മനുഷ്യരുടെ തീരുമാനങ്ങളുടെ കൂടി ഫലമാണ്. ഗാസയിലെ വിശപ്പിനെക്കുറിച്ചുള്ള ഇന്ത്യയുടെ പ്രതികരണം ലോകം മുഴുവന്‍ നിരീക്ഷിക്കുന്നു. തിരഞ്ഞടുക്കേണ്ട സമയം ഇതാണ്: ക്ഷാമത്തെ നിയമാനുസൃതമായ യുദ്ധായുധമായി അംഗീകരിക്കണോ, അതോ കൂട്ടായ മനസ്സോടെ ചെറുക്കണോ? 'വസുധൈവ കുടുംബകം' എന്ന് ഇന്ത്യ ലോകത്തോട് പറയുമ്പോള്‍, അത് വെറും മുദ്രാവാക്യമല്ലാതെ പ്രവര്‍ത്തിയില്‍ തെളിയിക്കേണ്ട നിമിഷം ഇപ്പോഴാണ്. ഗാസയിലെ പട്ടിണിയെയും കുട്ടികളുടെയും കണ്ണീരിനെയും നാം കേള്‍ക്കുമോ, അതോ മൗനത്തിന്റെ കൂട്ടുപ്രതികളാകുമോ?

Reference