
കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടന്ന മാതൃഭൂമി അക്ഷരോത്സവത്തിൽ 2025-ലെ പുസ്തകമായി തിരഞ്ഞെടുത്തത് അരുന്ധതി റോയിയുടെ ' മദർ മേരി കംസ് ടു മി' എന്ന രചനയാണ്. ഈ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലും അരുന്ധതി എടുത്തുപറഞ്ഞത് വിമർശനാത്മക ചിന്തയെക്കുറിച്ചായിരുന്നു.
വിമർശനങ്ങളും ചോദ്യങ്ങളം വ്യത്യസ്ത അഭിപ്രായങ്ങളും അസ്തമിക്കുന്ന ഒരു സമൂഹം നേരിടുന്ന അസ്തിത്വ പ്രതിസന്ധി എത്രമാത്രം ആപത്കരമാണെന്നതിലേക്കാണ് അരുന്ധതി വിരൽ ചൂണ്ടിയത്: ''നമുക്ക് പരിചയമുള്ള എല്ലാം, നമ്മുടെ ചരിത്രം, നമ്മുടെ സംസ്‌കാരം, ശാസ്ത്രം, സംഗീതം എല്ലാമെല്ലാം അടുത്ത ഏതാനും വർഷങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോർപറേഷനുകൾ ഏറ്റെടുക്കുന്നതോടെ മാറിമറിയാൻ പോവുകയാണ്. വിമർശനാത്മകമായി ചിന്തിക്കാൻ കരുത്തും വിദ്യാഭ്യാസവുമുള്ള അവസാന തലമുറയാണ് നമ്മുടേത്.... കാരണം വിമർശനാത്മകമായി ചിന്തിക്കാനുള്ള കഴിവ് പുതിയ തലമുറയിൽ നിന്ന് എഐ എടുത്തുമാറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു ഖണ്ഡിക എങ്ങിനെ വായിക്കണമെന്നോ വിശകലനം ചെയ്യണമെന്നോ അറിയാത്ത കുട്ടികളുമായി അമേരിക്കയിലെ ഹൈസ്‌കൂൾ അദ്ധ്യാപകർ പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇന്ത്യയിൽ സർവ്വകാലാശാലകൾ തകർന്നുകൊണ്ടിരിക്കുന്നു, അമേരിക്കയിൽ അവയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. വരാനിരിക്കുന്നതിനെ നേരിടാൻ നമ്മൾ തയ്യാറെടുക്കുക തന്നെ വേണം.''
അടുത്തിടെ പ്രശസ്തമായ ഒരു കലാലയത്തിൽ പോയപ്പോൾ അവിടെ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകൻ പറഞ്ഞത് ബിരുദത്തിന് വരുന്ന കുട്ടികളിൽ പലർക്കും അക്ഷമരാല ശരിക്കും അറിയില്ലെന്നായിരുന്നു. നമ്മുടെ വിദ്യാഭ്യാസ മേഖല മൊത്തത്തിൽ വലിയൊരു പ്രതിസന്ധിയുടെ മുനമ്പിലാണ്. ചിന്തയുടെ വിസ്ഫോടനാത്മകത അന്യമാവുന്ന ഒരു തലമുറ ജനാധിപത്യ നിഷേധങ്ങൾക്കെതിരെ ശബ്ദിക്കാൻ മറന്നുപോകും.
1997 ലാണ് അരുന്ധതി ബുക്കർ സമ്മാനം നേടിയത്. പൊടുന്നനെ അവർ ഒരു പാൻ ഇന്ത്യൻ ബിംബമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരവേൽപ്പുകൾ, ആദരിക്കലുകൾ. തൊട്ടടുത്ത വർഷം അധികാരത്തിൽ വന്ന ബിജെപി സർക്കാരിന്റെ കാർമികത്വത്തിൽ രണ്ടാമത്തെ അണുബോംബ് പരീക്ഷണമുണ്ടായി. വ്യവസ്ഥിതിയുടെ പ്രലോഭനങ്ങൾക്ക് കീഴടങ്ങി ചിന്തകൾ പണയം വെയ്ക്കുക എളുപ്പമായിരുന്നു. പക്ഷേ, അരുന്ധതി വഴങ്ങിയില്ല. ' ഭാവനയുടെ അവസാനം' എന്ന പേരിൽ ആണവായുധങ്ങൾക്കെതിരെയുള്ള അതി നിശിതമായ ലേഖനത്തിൽ അരുന്ധതി എഴുതി: ' ഇതുവരെ മനുഷ്യൻ കണ്ടുപിടിച്ചതിൽ ഏറ്റവും ജനാധിപത്യ വിരുദ്ധമായ, മനുഷ്യ വിരുദ്ധമായ തിന്മയാണ് അണുബോംബ്.'' അധികാരത്തിന്റെ ഇരുണ്ട കോട്ടകളിൽ അരുന്ധതിയുടെ രചന ഉയർത്തിയ ചൂടും വെളിച്ചവും അപാരമായിരുന്നു.
ജനാധിപത്യത്തിന്റെ ഈടുവെയ്പുകൾ
സമീപ കാലത്ത് ഇത്തരത്തിലുള്ള മറ്റൊരു ഇടപെടലുണ്ടായത് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാനിൽ നിന്നാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണെന്നും അതിൽ വിട്ടുവീഴ്ച പാടില്ലെന്നുമാണ് ജസ്റ്റിസ് ഭൂയാൻ തറപ്പിച്ചു പറഞ്ഞത്. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അതുൽ ശ്രീധറിനെ ആദ്യം ഛത്തിസ്ഗഢ് ഹൈക്കോടതിയിലേക്കും പിന്നീട് അലഹബാദ് ഹൈക്കോടതിയിലേക്കും മാറ്റിയത് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതുകൊണ്ടാണെന്ന് സുപ്രീംകോടതിയുടെ കൊളീജിയം തന്നെ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ഭുയാൻ ജുഡീഷ്യറിയുടെ സ്വാതന്ത്യം പണയപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കിയത്. താൻ പ്രവർത്തിക്കുന്ന ഇടം വിമർശനാത്മകമായി അപഗ്രഥിക്കുന്നതിന് ജസ്റ്റിസ് ഭുയാൻ തയ്യാറായത് ഇന്ത്യൻ ജനാധിപത്യത്തിന് നൽകിയ കരുത്ത് ചെറുതല്ല.
വിമർശനങ്ങളുടെയും ആത്മപരിശോധനകളുടെയും വിളനിലമായിരുന്നു ഇന്ത്യയുടെ ദേശീയ രംഗം ഒരു കാലത്ത്. ഗാന്ധിജിയും ടാഗോറും തമ്മിൽ ഗാന്ധിജിയും അംബദ്കറും തമ്മിൽ ഗാന്ധിജിയും നെഹ്രുവും തമ്മിൽ ഉണ്ടായിരുന്ന വിയോജിപ്പുകൾ പ്രശസ്തമാണ്. നെഹ്‌റുവും പട്ടേലും നെഹ്‌റുവും രാജാജിയും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിനെ പിന്നോട്ടല്ല മുന്നോട്ടാണ് കൊണ്ടുപോയത്.
ഇന്ദിരയുടെ ഏകാധിപത്യ പ്രവണതകൾക്കെതിരെ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ യുവതുർക്കികൾ നടത്തിയ പോരാട്ടം മറക്കാനാവില്ല. രാജീവ് ഗാന്ധിക്കെതിരെ വി.പി. സിങ്ങും കൂട്ടരും നടത്തിയ പടപ്പുറപ്പാടും ഇതേ ധാരയിലായിരുന്നു. തമിഴകത്ത് പെരിയാർ ഇ.വി. രാമസ്വാമിയും ശിഷ്യൻ അണ്ണാദുരൈയും തമ്മിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകൾ ദ്രവീഡിയൻ രാഷ്ട്രീയ ചരിത്രത്തിലെ കാതലാർന്ന ഈടുവെയ്പുകളാണ്. എതിരാളിയുടെ തോട്ടത്തിലെ മുല്ലയ്ക്കും സുഗന്ധമുണ്ടെന്ന അണ്ണാദുരൈയുടെ വാക്കുകൾ സഹിഷ്ണുതയുടെ ആധുനിക കാല നിർച്ചവചനങ്ങളിൽ ഒന്നാവുന്നു.
ഭക്തിയും ഏകാധിപത്യവും
കേരളത്തിൽ ശ്രീനാരായണ ഗുരുവും സഹോദരൻ അയ്യപ്പനും തമ്മിലുണ്ടായിരുന്ന തർക്കങ്ങളും ഈ ഘട്ടത്തിൽ ഓർക്കണം. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരു പറഞ്ഞപ്പോൾ ജാതിയില്ല മതമില്ല ദൈവമില്ല മനുഷ്യന് എന്നാണ് സഹോദരൻ അയ്യപ്പൻ പറഞ്ഞത്. ഈ അയ്യപ്പനെ തള്ളിക്കളയുകയല്ല ചേർത്തു നിർത്തുകയാണ് ഗുരു ചെയ്തത്.
ഇന്നിപ്പോൾ നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിൽ ഒന്ന് വിമർശനാത്മക ചിന്ത ഇല്ലാതാവുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ അടക്കമുള്ള സ്ഥാപനങ്ങൾ വിധേയത്വം മുഖമുദ്രയാക്കിയിരിക്കുന്നു. ഒരു നേതാവും ഒരൊറ്റ ശബ്ദവും എന്ന നിലയിലേക്ക് നമ്മുടെ ഇടങ്ങൾ ചുരുങ്ങുകയാണ്. വാജ്പേയിയുടെ ബിജെപിയും മോദിയുടെ ബിജെപിയും വ്യത്യസ്തമാവുന്നത് ഇവിടെയാണ്. ഇഎംഎസ്സിന്റെ സിപിഎമ്മും പിണറായി വിജയന്റെ സിപിഎമ്മും വേറിട്ടതാവുന്നതും ഇതുകൊണ്ടാണ്. പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തിയ വി എസ് അച്യുതാനന്ദനെ ബക്കറ്റിലെ വെള്ളത്തോട് ഉപമിക്കാൻ പിണറായി വിജയന് കഴിഞ്ഞു. എന്നാൽ ഇത്തരമൊരു വിമർശവും ഇന്നിപ്പോൾ പിണറായിക്ക് നേരിടേണ്ടി വരുന്നില്ല. പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമുണ്ടായപ്പോൾ ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥി ആയിരുന്ന മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ശശി തരൂർ മത്സരിച്ചത് കേൺഗ്രസിന്റെ ജനാധിപത്യ മുഖത്തിന് നൽകിയ ശോഭ നിസ്സാരമായിരുന്നില്ല. പാർട്ടിക്കുള്ളിൽ വിമർശമുയർത്തിയ ജി 23 ലെ അംഗങ്ങൾ പക്ഷേ, പിന്നീടങ്ങോട്ട് ആസൂത്രിതമായി ഒതുക്കപ്പെട്ടു.
ജനാധിപത്യത്തിൽ വിശുദ്ധ പശുക്കളില്ല. എന്തുമേതും ചോദ്യം ചെയ്യുന്നതിനുള്ള അവസരവും അവകാശവുമാണ് ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത്. രാഷ്ട്രീയത്തിൽ ഭക്തി നയിക്കുക ഏകാധിപത്യത്തിലേക്കായിരിക്കും എന്ന് അംബദ്കർ പറഞ്ഞത് ഓർക്കുക. തർക്കങ്ങളും സംവാദങ്ങളുമാണ് ജനാധിപത്യത്തിന്റെ ആരോഗ്യ മാപിനിയെന്ന് അമർത്യ സെൻ എഴുതുന്നത് ഈ പരിസരത്തിലാണ്. ഈ മാപിനി ദുർബ്ബലമായാൽ തളരുന്നതും തകരുന്നതും ഇന്ത്യയും , ഇന്ത്യൻ ജനാധിപത്യവുമായിരിക്കും എന്നാണ് അരുന്ധതിയും ജസ്റ്റിസ് ഭുയാനും നമ്മോട് പറയുന്നത്.
Content Highlights: arundhati and justice bhuyan the importance of criticism
Published: 06 Feb 2026, 12:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented