
കുറ്റത്തേയും ശിക്ഷയേയുമൊക്കെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ മനുഷ്യനെ അലട്ടിയ നൂലാമാല പിടിച്ച പ്രശ്നമാണ് നീതി. കെട്ടുറപ്പുള്ള ഒരു സമൂഹമായി ജീവിക്കാന്‍ വ്യക്തിയെ പ്രാപ്തമാക്കുന്ന ചിന്തയാണ് നീതിബോധം. നീതി പരമോന്നതമായി വാഴുന്ന ആദര്‍ശസമൂഹത്തെപ്പറ്റി പ്ലേറ്റോ തന്റെ 'ദി റിപ്പബ്ലിക്' എന്ന കൃതിയില്‍ പറയുന്നുണ്ട്. വ്യക്തികള്‍ തമ്മില്‍, വ്യക്തിയും സമൂഹവും തമ്മില്‍, ഗോത്രങ്ങള്‍ തമ്മില്‍ , രാജ്യങ്ങള്‍ തമ്മില്‍ ഒക്കെ സംഘര്‍ഷങ്ങള്‍ ഉണ്ടാവും.
ഇതില്‍ പരിഹാരമായും ശിക്ഷയായും പീഡിതരായവരോടുള്ള കരുതലായുമെല്ലാം നീതി എന്ന സങ്കല്‍പം കടന്നുവരും. കുറ്റവാളിയെ ശിക്ഷിച്ചാല്‍ അതിന്റെ ബലിയാടുകള്‍ക്കുള്ള നീതിയായി എന്നാണ് ലോകത്തെമ്പാടുമുള്ള പൊതുസങ്കല്‍പം. നൂറ്റാണ്ടുകളായി തത്വചിന്തകര്‍ ഈ നിലപാട് ഇഴകീറിയ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. നീതിയെക്കുറിച്ചുള്ള താത്വികാവലോകനം പുതിയതല്ലെന്ന് സാരം.
ഷാരോണിന് ലഭിച്ച നീതി
സുഹൃത്ത് ഷാരോണിനെ ചതിച്ചുകൊന്ന ഗ്രീഷ്മക്ക് കോടതി വിധിച്ച വധശിക്ഷ പൊതുസമൂഹം ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. കൊല്‍ക്കത്തയിലെ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗക്കൊലയിലെ ജീവപര്യന്തവിധിയിലും അതേ മനസ്സായിരുന്നു ജനത്തിന്. അതാണ് നമ്മുടെ സമൂഹം ആര്‍ജ്ജിച്ച നീതിബോധം. തന്റെ മകന് കോടതി നീതി നല്‍കി എന്ന് ഷാരോണിന്റെ അമ്മ മനസ്സില്‍ത്തട്ടി വിളിച്ചുപറയുകയും ചെയ്തു. അങ്ങനെ വിശ്വസിക്കുമ്പോഴാണ് ആ അമ്മക്ക് അല്‍പമെങ്കിലും സമാധാനമുണ്ടാവുക.
തന്റെ മകനെ കൊന്ന ഗ്രീഷ്മയെ കോടതി കൊല്ലാന്‍ പറഞ്ഞിരിക്കുന്നു. കൊലക്ക് പകരം കൊലയാണ് ഇവിടെ നീതി. നിയമപരമായാലും സാമൂഹികമായാലും ഒറ്റനോട്ടത്തില്‍ ഇതില്‍ തെറ്റില്ല. എന്നാല്‍ ദാര്‍ശനികമായി ഇതില്‍ എത്രത്തോളം വസ്തുതയുണ്ട്? അതാണ് നാം ചര്‍ച്ച ചെയ്യുന്നത്. കോടതിവിധിയോ കൊലപാതകമോ അല്ല, നീതിയെക്കുറിച്ചുള്ള വ്യത്യസ്തവിചാരണങ്ങളാണ് വിഷയം.
സത്യത്തില്‍ ഇവിടെ സംഭവിച്ച കുറ്റം എന്നത് ഷാരോണിന് സ്വാഭാവികമായി ലഭിക്കേണ്ട അവകാശം നിഷേധിക്കപ്പെട്ടതാണ്. അതായത് ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധം. അപ്പോള്‍ ഷാരോണിന് ആത്യന്തിക നീതി ലഭിക്കണമെങ്കില്‍ അദ്ദേഹത്തിന് ജീവിക്കാനുള്ള അവസരം വീണ്ടും ലഭിക്കണം. അത് അസാധ്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഗ്രീഷ്മക്ക് ലഭിച്ചത് അവള്‍ ചെയ്ത കുറ്റത്തിനുള്ള ശിക്ഷയാണ്. അത് യഥാര്‍ത്ഥത്തില്‍ ഷാരോണിന് ലഭിക്കേണ്ട നീതിക്ക് പകരമല്ലതന്നെ. അങ്ങനെ നോക്കുമ്പോള്‍ ഷാരോണിന് നീതി കിട്ടിയോ എന്ന ചോദ്യം ഉത്തരമില്ലാതെ മുഴങ്ങിക്കൊണ്ടിരിക്കും. ഇതാണ് ആത്യന്തികനീതി എന്ന വിഷയത്തിന്റെ സങ്കീര്‍ണത.
ആത്യന്തിക നീതി ഉണ്ടോ...?
പലവിഭാഗം ആളുകള്‍ പലതരത്തിലാണ് ഇതിനെ കാണുന്നത്. ഒരാളെ കൊന്നാലും ഒരു സംഘം ആളുകളെ കൊന്നാലും ഈലോകത്ത് ഒരുവ്യക്തിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ കൊലയാണ്. യുക്തിപരമായി ഇതില്‍ ചില പ്രശ്നമില്ലേ..? ഉണ്ട്. കൂടുതല്‍ തെറ്റുചെയ്യുന്നവര്‍ക്ക് കൂടുതല്‍ ശിക്ഷ ലഭിക്കണ്ടേ? വേണം എന്നത് നമ്മുടെ മനസ്സിന്റെ ഉത്കടമായ ആഗ്രഹമാണ്. അങ്ങനെ ശിക്ഷിച്ചാലേ അത് ശരിയായ നീതിയാവൂ എന്ന് നമ്മള്‍ കരുതുന്നു. അങ്ങനെ കരുതുന്നവര്‍ നിലവിലെ ലോകജീവിതക്രമത്തില്‍ നിരാശരാവും.
കാരണം നമ്മുടെ ഭൗതികജീവിതത്തില്‍ ആത്യന്തികനീതി എന്ന ഒരു അവസ്ഥയില്ല, പലപ്പോഴും നീതിപോലുമില്ല. സമൂഹത്തിന്റെ കെട്ടുറപ്പിനായി മനുഷ്യന്‍ കൃത്രിമമായി നിര്‍മിച്ചതാണ് നീതി എന്ന സങ്കല്‍പം. അത് പ്രകൃത്യാ ഉള്ളതേയല്ല. അതിനുവേണ്ടിയുള്ള നിയമങ്ങളും വ്യവസ്ഥകളുമെല്ലാം ഓരോ കാലത്തെ നീതിബോധത്തിനുമനുസരിച്ച് മനുഷ്യന്‍ കെട്ടിപ്പടുത്തതാണ്. എന്നാല്‍ ഈ അറിവ് ഒരു ദൈവവിശ്വാസിയെ ഒരിക്കലും തൃപ്തനാക്കില്ല. ക്രൂരതക്ക് വിധേയനാകുന്നയാള്‍ക്ക് നീതിലഭിക്കാതിരിക്കുക എന്നത് സാധാരണക്കാരന്റെ മനസ്സിന് ഉള്‍ക്കൊള്ളാവതല്ല. ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടായേ തീരൂ. ആ പരിഹാരമാണ് ഈ ലോകത്തില്‍ ഇല്ലെങ്കില്‍ മറ്റൊരു ലോകത്തില്‍ ഇതിന് ശിക്ഷയും ഗുണവും ലഭിക്കും എന്ന ചിന്ത. നീതിയാഗ്രഹിക്കുന്ന,നന്‍മനിറഞ്ഞ മനസ്സിന്റെ ശുഭചിന്തയാണത്.
ഇനി മറ്റൊരു സന്ദര്‍ഭം നോക്കുക. വിശന്നുവലഞ്ഞ ഒരു കടുവയുടെ കണ്‍മുന്നില്‍ ഒരു മാന്‍പെടുന്നു. കടുവ മാനിനെ വേട്ടയാടി വലിച്ചുകീറി തിന്നുന്നു. ഇതു നേരില്‍കാണുന്ന ഒരു സാധാരണക്കാരന്റെ മനസ്സ് ആരുടെകൂടെയായിരിക്കും ? സ്വാഭാവികമായും ക്രൂരതക്കിരയായ മാനിന്റെ കൂടെയായിരിക്കും. അങ്ങനെയാണ് നമ്മുടെ മാനസികാവസ്ഥ പരുവപ്പെട്ടിട്ടുള്ളത്.
എന്നാല്‍ വിശന്നിരിക്കുന്ന കടുവക്ക് അതിജീവിക്കാന്‍ വേറെയെന്താണ് വഴി? അതിന് പ്രകൃതി നല്‍കിയ ജീവസന്ധാരണ മാര്‍ഗം അനുസരിക്കുകയെന്നതില്‍ കവിഞ്ഞ് ആ ജീവി എന്ത് തെറ്റാണ് ചെയ്തത്? ഇതില്‍ ആരുടെ ഭാഗത്താണ് നീതി? ഈ ചോദ്യവും ഉത്തരമില്ലാത്തതാണ്. ഇനി കടുവചെയ്തത് തെറ്റാണെന്നു തീരുമാനിച്ച് കടുവയെ നമ്മള്‍ തൂക്കിക്കൊന്നുവെന്ന് കരുതുക. മാനിന് എന്താണ് ഗുണം? അതിന് എങ്ങനെ നീതികിട്ടും? ഒരുപക്ഷേ അതിന്റെ കുട്ടികളുടെ അടുത്തേക്ക് പോകുമ്പോഴാവും കടുവയുടെ വായില്‍ പെട്ടത്. അമ്മയെ നഷ്ടപ്പെട്ട ആ കുട്ടികള്‍ക്ക് ആരാണ് നീതി നല്‍കുക? അമ്മയെ തിരികെ കിട്ടുകയെന്നതിനപ്പുറം ആ കുഞ്ഞുങ്ങള്‍ക്ക് എന്താണ് ആത്യന്തിക നീതി?
ആശ്വാസമായി കഥകള്‍
ആത്യന്തികനീതി ഉണ്ടായേ തീരൂ എന്ന അഭിലാഷമാണ് മനുഷ്യനെ മരണാനന്തര ജീവിതത്തേയും സ്വര്‍ഗ്ഗ-നരകകഥകളേയും നിര്‍മിക്കാന്‍ പ്രേരിപ്പിച്ചത്. നമ്മുടെ നാട്ടില്‍ കയ്യൂക്കുള്ളവര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. എത്രകുറ്റങ്ങള്‍ ചെയ്താലും പണത്തിന്റേയും സ്വാധീനത്തിന്റേയും കരുത്തില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നവരെ നമുക്കറിയാം. അതിക്രൂരമായി ആളുകള്‍ കൊലചെയ്യപ്പെടുന്നു, പ്രതികള്‍ സമൂഹത്തില്‍ വിലസി നടക്കുകയും ചെയ്യുന്നു. ഇതെല്ലാം സാധാരണക്കാരന്റെ നീതിബോധത്തില്‍ തീക്കനല്‍ കോരിയിടാന്‍ പര്യാപ്തമായ അനീതിയാണ്. ഇവരെ ആരും ശിക്ഷിക്കാനില്ല എന്ന ചിന്ത നീതിയാഗ്രഹിക്കുന്ന ഒരാളിലുണ്ടാക്കുന്ന നിരാശ കഠിനമാണ്. അതിനെന്താണ് പരിഹാരം..?
അതുപോലെത്തന്നെ, ഒരാളെതീയിട്ടു കൊന്നയാളെ ഭൂമിയില്‍ വെച്ച് അതുപോലെത്തന്നെ കൊല്ലാം. എന്നാല്‍ ഒന്നിലധികം പേരെ തീക്കൊളുത്തിക്കൊന്നയാള്‍ക്ക് അത്തരമൊരു ശിക്ഷനടപ്പാക്കാന്‍ ഭൂമിയില്‍ എന്താണ് സാധ്യത ? ആ പ്രശ്നത്തിനുള്ള ഉത്തരവും നമ്മളുടെ പ്രാഥമികയുക്തി കണ്ടെത്തി. അതിനായി 'നരകം' എന്ന ഒരു സാങ്കല്‍പികഭൂമിക അവനുണ്ടാക്കി. ഒരുതവണ തീയിട്ടുകൊല്ലുക, വീണ്ടും ജീവിപ്പിക്കുക, വീണ്ടും അതുപോലെത്തന്നെ കൊല്ലുക. അങ്ങനെ പരമമായശിക്ഷയുടെ ആവര്‍ത്തനം. അതിനു പറ്റിയ ഏതോഒരിടം അവന്‍തന്നെ സങ്കല്‍പിച്ചുണ്ടാക്കി. നന്‍മചെയ്യുന്നവര്‍ക്ക് പരമാവധി ഗുണം കിട്ടാന്‍ ഭൂമിപോരാ എന്ന ചിന്തയില്‍ നിന്നാണ് സ്വര്‍ഗ്ഗം എന്ന അപരിമിതഗുണങ്ങളുടെ ലോകം അവനുണ്ടാക്കിയത്.
പ്ലേറ്റോയും ജോണ്‍ ഹിക്കും ഇമാനുവല്‍ കാന്റുമടക്കമുള്ള ചിന്തകര്‍ മരണാനന്തരജീവിതത്തിലും അതിലെ കുറ്റവിചാരണയിലുമെല്ലാം വിശ്വസിച്ചിരുന്നു. എന്നാല്‍ ഫ്രഡറിക് നീഷേ, ജീന്‍പോള്‍ സാര്‍ത്ര് തുടങ്ങിയവര്‍ ഭൂമിയില്‍ പരമാവധി നീതിസൃഷ്ടിക്കുക എന്നത് മനുഷ്യന്റെ തന്നെ ഉത്തരവാദിത്തമാണ് എന്ന് കരുതിയവരാണ്.
ആത്യന്തിക നീതിയില്‍ വിശ്വസിക്കുന്നത് ഒരു തെറ്റല്ല, മറിച്ച നന്‍മയാണ്. അത് അടിസ്ഥാനപരമായി നന്‍മയെ കാംക്ഷിക്കുന്ന മനുഷ്യന്റെ ശുഭപര്യവസായിയായ അഭിവാഞ്ജയാണ്. എന്നാല്‍ ആ പരമമായ ലക്ഷ്യത്തിലേക്കുള്ള വഴി സാങ്കല്‍പികകഥകളല്ല. പരലോകത്തെ ശാന്തിക്കുവേണ്ടിയല്ല, ഇഹലോകത്തെ സ്വസ്ഥതക്കുവേണ്ടിയുള്ള അന്വേഷണമാണ് പരിഹാരം. നമ്മുടെ നീതിബോധത്തേയും ധാര്‍മികബോധത്തേയും നിരന്തരം തേച്ചുമിനുക്കുകയാണ് വഴി. കാലത്തിനനുസരിച്ച് പരിഷ്‌കരിക്കപ്പെടുന്ന നിയമങ്ങളാണ് ആത്യന്തികനീതിയിലേക്കുള്ള യഥാര്‍ഥ പാത. വ്യക്തിയും അവരുള്‍ക്കൊള്ളുന്ന സമൂഹവും അപരരേയും അവരുടെ സ്വാതന്ത്ര്യത്തേയും ആദരവോടെ പരിഗണിക്കുംവിധം നവീകരിക്കപ്പെടുമ്പോള്‍ നമ്മള്‍ ആത്യന്തിക നീതിയിലേക്ക് അടുക്കുന്നു.
Content Highlights: sharon murder case verdict death penalty to greeshma
Published: 20 Jan 2025, 05:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented