വിവേകാനന്ദാ, അങ്ങേയ്ക്ക് തെറ്റിയില്ല... അങ്ങ് അന്ന് കേരളത്തെക്കുറിച്ച് പറഞ്ഞത് ഇന്നാണ് യാഥാർഥ്യമാകുന്നത്. കോട്ടയം സർക്കാർ  നഴ്സിംഗ് കോളേജിൽ അരങ്ങേറിയ ക്രൂരമായ റാഗിങ് കഥകൾ നാളിതുവരെ 'ഭൂമിയിലെ മാലാഖമാരായി' കണ്ട നേഴ്സുമാരിൽ ചിലർക്കെങ്കിലും ചെകുത്താന്റെ മുഖമുണ്ടെന്നു സൂചിപ്പിക്കുന്നതാണ്. ഇത്രയും ക്രൂരരായ, ലഹരിക്ക് അടിമകളായ, ഇവർ നാളെ രോഗികളോട് എങ്ങനെയായിരിക്കും പെരുമാറുക?  

To advertise here,

ഏതൊരു കഠിനവേദനയിലും ഒരു രോഗിക്ക് ആശ്വാസം പകരുന്നത് വെള്ളയുടുപ്പിട്ട് എത്തുന്ന ഭൂമിയിലെ മാലാഖമാരായ നഴ്സുമാരാണ്. അവരുടെ സ്നേഹത്തോടെയുള്ള പരിചരണം, നല്ല വാക്കുകൾ, ഇതെല്ലാം രോഗിക്ക് പകരുന്ന ആശ്വാസം ചെറുതല്ല. എന്നാൽ, ഇവിടെ മൃഗങ്ങളിൽ പോലും കാണാത്ത മൃഗീയത എങ്ങനെ നമ്മുടെ കുട്ടികളിൽ രൂപപ്പെട്ടു? പ്രത്യേകിച്ചും  ആതുരസേവന മേഖലയിലെ വിദ്യാർഥികളിൽ. ഇവരിലെ മനോവൈകൃതങ്ങളെ, സാഡിസ്റ്റ് മനോഭാവത്തെ, തിരിച്ചറിയാൻ  മാതാപിതാക്കൾക്കോ അധ്യാപകർക്കോ സഹപാഠികൾക്കോ കഴിഞ്ഞിട്ടില്ല എന്നതിന് തെളിവല്ലേ ഇവർ നടത്തിയ ക്രൂരതകൾ?

അധ്യാപകരെ തല്ലുന്ന, അമ്മയെയും അപ്പനെയും കൊല്ലുന്ന, സഹപാഠികളെ കണ്ണിൽചോരയില്ലാതെ പീഡിപ്പിക്കുന്ന, മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു തലമുറ നമുക്ക് മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി നമ്മുടെ കൗമാരക്കാരുടെയും യുവജനങ്ങളുടെയും മനുഷ്യത്വം തീണ്ടിയിട്ടില്ലാത്ത കഥകൾ പുറംലോകം അറിയുന്നു. ഈയൊരു അവസ്ഥയിൽ നമ്മുടെ കുഞ്ഞുങ്ങളെ എത്തിച്ചതിന്റെ കാരണങ്ങൾ പരിശോധിച്ചാൽ ഏറ്റവും എടുത്തു പറയേണ്ടതായി വരുന്നത്  നമ്മുടെ മെന്റൽ ഹെൽത്തിന്റെ പോരായ്മകളെ കുറിച്ച് തന്നെയാണ്.

placeholder
കോട്ടയം ഗവ. നഴ്സിങ് കോളേജിലെ മെൻസ് ഹോസ്റ്റൽ, പ്രതികളായ വിദ്യാർഥികൾ

പ്രബുദ്ധ കേരളം, സാക്ഷരകേരളം എന്നൊക്കെ പറയുമ്പോഴും  എവിടെയൊക്കെയോ എന്തൊക്കെയോ പോരായ്മകൾ ഉണ്ടെന്ന് തന്നെയല്ലേ ഈ വാർത്തകൾ സൂചിപ്പിക്കുന്നത്? ആരോഗ്യ പരിപാലനത്തിൽ കേരളം നമ്പർ വൺ ആയിരിക്കുമ്പോഴും മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ വളരെ പിന്നിലാണെന്ന് അംഗീകരിക്കാതെ വയ്യ. ഏതുതരം ക്രൂരതയും കാണിക്കാൻ മടിയില്ലാത്തവരായി നമ്മുടെ കുഞ്ഞുങ്ങൾ മാറുന്നുണ്ടെങ്കിൽ അവരുടെ മനസ്സിനേറ്റ പല ആഘാതങ്ങളും അതിന്റെ കാരണമായിട്ടുണ്ടാകാം. കുട്ടികൾ കടന്നുപോകുന്ന സ്‌ട്രെസ്, ആങ്സൈറ്റി, ഡിപ്രഷൻ,ട്രോമാ ഇവയൊന്നും വേണ്ട രീതിയിൽ പരിഗണിക്കപ്പെടുന്നില്ലെന്നു നിസ്സംശയം പറയാനാകും.

പഴയ തലമുറയിൽനിന്നു വിഭിന്നമായി സ്ട്രെസ് അനുഭവിക്കുന്നവരാണ് പുതിയ തലമുറ. നമ്മുടെ കുട്ടികളുടെ കാര്യം തന്നെ എടുക്കട്ടെ, താങ്ങാനാവാത്ത പഠന ഭാരം, താല്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും അവരെ പഠിക്കാൻ നിർബന്ധിക്കുന്ന അധ്യാപകർ, മാതാപിതാക്കൾ... കൂടാതെ സ്കൂളിലെ പഠനം കഴിഞ്ഞാൽ ഉടൻ ട്യൂഷൻ, അതോടൊപ്പം തന്നെ എൻട്രൻസ് കോച്ചിംഗ്, എക്സ്ട്രാ കരിക്കുലർ ക്ലാസുകൾ... നമ്മുടെ കൗമാരക്കാരുടെ ദിനചര്യകൾ ഇങ്ങനെ നീണ്ടു പോകുന്നു. ഇതിനിടയിൽ കുട്ടിക്ക് റിലാക്സ് ചെയ്യാൻ സമയമുണ്ടോ എന്ന് ആരും അന്വേഷിക്കുന്നില്ല. കളിക്കാനോ വ്യായാമത്തിനോ അവർക്ക് എവിടെയാണ് സമയം?  സമയം ലഭിക്കുന്നവരാകട്ടെ മീഡിയ അഡിക്ഷനിലേക്കും പോകുന്നു. 

കുറെപ്പേർ പിയർ ഗ്രൂപ്പ് പ്രഷറിൽ പെട്ട് ലഹരിവസ്തുക്കൾക്ക് അടിമകളാകുന്നു. ആത്മാർഥ സൗഹൃദങ്ങൾ കുറയുന്നു. തിരക്കുമൂലം മാതാപിതാക്കൾക്കും മക്കൾക്കും ഒരുമിച്ചിരുന്ന് സംസാരിക്കാൻ സമയം കിട്ടുന്നില്ല. അനാവശ്യമായ മത്സരബുദ്ധി പഠനത്തിലും കലാകായിക മേഖലയിലും കടന്നുവരുന്നു. സ്വന്തം മക്കളെ പ്രതിഭകളും തിലകങ്ങളുമാക്കുന്ന തിരക്കിൽ അവരുടെ മനസ്സിന്റെ ആകുലതകൾ കേൾക്കാനോ മനസ്സിലാക്കാനോ ആരുമില്ലാതെ വരുന്നു.

ഹോർമോൺ ചെയ്ഞ്ചുകളും പിയർ ഗ്രൂപ്പ് പ്രഷറും എല്ലാം കൂടി വല്ലാത്തൊരു അവസ്ഥയിലാകുന്നു നമ്മുടെ കൗമാരവും യുവത്വവും. ലഭിക്കാതെ പോയ അംഗീകാരവും പ്രോത്സാഹനവും സ്നേഹവുമെല്ലാം അവരെ വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് നയിക്കുന്നു. ചിലപ്പോഴെങ്കിലും എല്ലാവരോടും, ലോകത്തോട് തന്നെയും വെറുപ്പും ദേഷ്യവും ഉള്ളവരായി നമ്മുടെ കുഞ്ഞുങ്ങൾ മാറുന്നു. ക്രമേണ അവരുടെ മാനസികാരോഗ്യം തകരാറിലാവുകയും ചിലരെങ്കിലും മാനോവൈകൃതങ്ങളിലേക്ക്‌ എത്തിച്ചേരുകയും ചെയ്യുന്നു.

മാനസികാരോഗ്യാവബോധം ഇല്ലാത്ത ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നതുകൊണ്ട് തന്നെ  ഇത്തരം പ്രശ്നങ്ങൾ ആരും ഗൗരവമായി എടുക്കുന്നില്ല. പെരുമാറ്റ വൈകല്യങ്ങളോ സ്വഭാവത്തിൽ വരുന്ന വ്യതിയാനങ്ങളോ കാര്യമായി എടുക്കാത്തത് കൊണ്ട് പലപ്പോഴും സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നു. കുറേപ്പേർ സമൂഹത്തിനും കുടുംബത്തിനും  ഭീഷണിയാവുകയും ചെയ്യുന്നു. ഒപ്പം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന തരത്തിലുള്ള ക്രൂരതകളുടെ ഡിസ്ട്രിബ്യൂട്ടർമാറായി മാറുകയും ചെയ്യുന്നു. ഇങ്ങനെയാവാൻ കഴിയാത്ത ഒരു വിഭാഗം ആത്മഹത്യ തിരഞ്ഞെടുക്കുന്നു. ഇതിനു രണ്ടിനും ഇടയിലുള്ള ഒരു വിഭാഗം താങ്ങാനാവാത്ത സ്‌ട്രെസ്സും ചുമന്ന് മുന്നോട്ട് നീങ്ങുന്നു. അവരിൽ കുറെ പേരെങ്കിലും ഹൃദ്രോഗികളും മറ്റുമായി മാറുന്നു. കുറേപ്പേർ ലഹരിക്ക് അടിമപ്പെടുന്നു. അതിജീവിക്കുന്നത് വളരെ ചുരുങ്ങിയ ഒരു വിഭാഗം മാത്രമാണ്.

റാഗിങ് നിയമംകൊണ്ട് നിരോധിച്ചതാണെങ്കിലും  ഇന്നും അത് തുടരുന്നു എന്നത് ഖേദകരമാണ്. ഒരു പരിഷ്കൃത സമൂഹത്തിന് അപമാനമായ ഈ ക്രൂരമായ തമാശ കർശനമായി നിയന്ത്രിച്ചേ മതിയാകൂ. റാഗിങ്ങിനെ കുറിച്ചുള്ള സൈക്കോളജിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച്   ക്രൂരമായ റാഗിങ്ങിന് ഇരയായ കുട്ടികൾ  കുറെ നാൾ കഴിയുമ്പോൾ, ആരാണ് തങ്ങളെ ഇതിനിരയാക്കിയത്, അവരുമായി സൗഹൃദത്തിലാകുന്നു. സ്റ്റോക്ക്ഹോം സിൻഡ്രം (stockholm syndrome)  എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഒരു സൈക്കോളജിക്കൽ മനോഭാവമാണിത്. 

1973-ൽ സ്വീഡനിലെ സ്റ്റോക്ഹോമിൽ ജാൻ എറിക് ഓൾസൺ എന്ന കൊടും കുറ്റവാളി ബാങ്ക് കൊള്ളക്കിടെ മൂന്ന് സ്ത്രീ ജീവനക്കാർ ഉൾപ്പെടെ നാലു പേരെ ബന്ദികളാക്കുന്നു. ജയിലിൽ ഉള്ള മറ്റൊരു കുറ്റവാളിയെ വിട്ടുകിട്ടുന്നതിനായിട്ടായിരുന്നു ഇത്. ആറു ദിവസത്തിനുശേഷം ബന്ദികളെ പോലീസ് മോചിപ്പിച്ചെങ്കിലും തങ്ങളെ ബന്ദിയാക്കിയവനെതിരെ ഇവർ ഒരു വാക്കുപോലും സംസാരിച്ചില്ല എന്നത് ലോകത്തെ ആകമാനം ഞെട്ടിച്ചു. പകരം ആ കുറ്റവാളിക്ക് നേരെ തോക്ക് ചൂണ്ടിയ പോലീസിനെയും അന്നത്തെ ഭരണാധികാരികളെയും ആണ് ബന്ദികൾ കുറ്റപ്പെടുത്തിയത്. തങ്ങളെ ബന്ദിയാക്കിയവനോട് സ്നേഹവും സഹതാപവും ആണ് ഇവർക്കുണ്ടായത്. മാത്രമല്ല, അയാൾ ആവശ്യപ്പെട്ട കുറ്റവാളിയുടെ വിമോചനത്തിനായി ഫണ്ട് ശേഖരിക്കാൻ പോലും ഇവർ തയ്യാറായി എന്നതും വിചിത്രമായ വസ്തുതയാണ്. 

ഇത്തരത്തിൽ തങ്ങളെ ദ്രോഹിച്ചവരോട്, പീഡിപ്പിച്ചവരോട്, ഇരയാക്കപ്പെടുന്നവർക്ക് തോന്നുന്ന ഈ മനോഭാവത്തെ ഫ്രാങ്ക് ഓഖ്ബേർഗ് എന്ന  സൈക്യാട്രിസ്റ്റ് ആണ് സ്റ്റോക്ക്ഹോം സിൻഡ്രോം എന്ന് വിശേഷിപ്പിച്ചത്. തങ്ങൾ അനുഭവിച്ച ദുരന്തങ്ങൾ എല്ലാം മറന്ന് തങ്ങളുടെ ജൂനിയേഴ്സിനോട് ഇതേ നിലപാട് തുടരുന്ന റാഗിങ് കുറ്റവാളികളും പിന്തുടരുന്നത് ഈ സ്റ്റോക്ക്ഹോം സിൻഡ്രോം തന്നെയാണ്. ഒരു തരത്തിലുള്ള ഒരു മനോവൈകല്യമായി ഇതിനെ കാണേണ്ടതുണ്ട്. ജൂനിയേഴ്സിനെ പരിചയപ്പെടുക എന്ന പേരിൽ കാണിച്ചുകൂട്ടുന്ന ക്രൂരതകൾ എത്ര ജീവനുകളെയാണ് ഇല്ലാതാക്കിയത്. എത്രയോ കുഞ്ഞുങ്ങളാണ് ഈ ട്രോമയിൽനിന്നു കരകയറാൻ ആവാതെ, സ്വന്തം ഭാവിതന്നെ ഇല്ലാതായി ജീവിക്കുന്നത്. കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും മുതൽക്കൂട്ടായി മാറേണ്ട എത്ര ജീവിക്കുന്ന രക്തസാക്ഷികളാണ് നമുക്കിടയിലുള്ളത്. 

പണത്തിന്റെയും പ്രതാപത്തിന്റെയും ഹുങ്കിൽ ഇത്തരം ക്രൂരതകൾക്ക് ചുക്കാൻ പിടിച്ചവർ പിന്നീട് സമൂഹത്തിൽ മാന്യതയുടെ കുപ്പായം അണിഞ്ഞ് ആട്ടിൻതോലിട്ട ചെന്നായയെ പോലെ നടക്കുന്നു. സാക്ഷര കേരളമേ, നീ ലജ്ജിക്കണം. പരിഷ്കൃത സമൂഹം എന്നു സ്വയം അവകാശപ്പെടുമ്പോഴും പ്രാകൃതരേക്കാൾ മോശമാണ് നമ്മുടെ നാട്ടിലെ സ്ഥിതി. എല്ലാ കലാലയങ്ങളിലും  കൂടുതൽ കാർക്കശ്യത്തോടെ  നിയമം നടപ്പിൽ വരുത്തുകയും ഈ ക്രൂരത എന്നന്നേക്കുമായി ഇല്ലാതാക്കുകയും വേണം. ഇന്ന് വിവാഹവേളകളിലും മറ്റും തമാശയുടെ പേരിൽ ഒപ്പിക്കുന്നതും ഇത്തരത്തിലുള്ള ക്രൂരമായ റാഗിങ് തന്നെയാണെന്ന് നിസംശയം പറയാനാകും. മനുഷ്യന്റെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന ഗാന്ധിജിയുടെ വാക്കുകളോർക്കാം.  

നന്മയും സ്നേഹവും നീതിയും സഹാനുഭൂതിയും നഷ്ടപ്പെട്ട ഒരു തലമുറയെ  മനുഷ്യത്വത്തിന്റെ ആദ്യപാഠങ്ങൾ  മുതൽ നാം പഠിപ്പിക്കേണ്ടിയിരിക്കുന്നു. നേടിയ ബിരുദങ്ങളുടെയും ബിരുദാനന്തര ബിരുദങ്ങളുടെയും സർട്ടിഫിക്കറ്റുകൾ വെറും കടലാസ് കഷണമായി മാറുമ്പോൾ നാം തിരിച്ചറിയണം നമ്മുടെ വിദ്യാഭ്യാസത്തിന്റെ പോരായ്മകൾ. ഗുരുതരമായ സ്ട്രെസ്സിലൂടെയും ട്രോമയിലൂടെയും ഡിപ്രഷനിലൂടെയും നമ്മുടെ വിദ്യാർഥികൾ കടന്നുപോകുമ്പോഴും സ്കൂളുകളിലും കലാലയങ്ങളിലും കൗൺസിലിംഗ് സൗകര്യം പോലും  വേണ്ടവിധത്തിൽ നൽകാൻ നമുക്ക് ആയിട്ടില്ല എന്നത്  നമ്മുടെ പരാജയം തന്നെയാണ്. അധികാരികൾ ഇനിയെങ്കിലും കണ്ണുകൾ തുറന്നിരുന്നെങ്കിൽ? എന്തുകൊണ്ട് മാനസികാരോഗ്യത്തിന്റെ ഒരു കേരള മോഡൽ നമുക്ക് സൃഷ്ടിച്ചുകൂടാ? തീർച്ചയായും അതൊരു അനിവാര്യതയാണ്. നമുക്കുണരാം. ഉണർന്ന് പ്രവർത്തിക്കാം. മാനസികാരോഗ്യമുള്ള ഒരു പുതിയ തലമുറയുടെ ഉദയത്തിനായി കാത്തിരിക്കാം.