
വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്ന് വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് ജീവനൊടുക്കിയ അതുല്‍ സുഭാഷ് എന്ന ഐ.ടി ജീവനക്കാരന്റെ ആത്മഹത്യാക്കുറിപ്പ് രാജ്യമാകെ ചര്‍ച്ചയായിരിക്കുകയാണ്. അവസാന സന്ദേശം നല്‍കി വിഡിയോ ചെയ്യുമ്പോള്‍ അതുല്‍ കാട്ടിയ പ്ലക്കാര്‍ഡില്‍ നീതിക്ക് സമയമായി (Justice is due) എന്നെഴുതിയിരുന്നു. ജീവിച്ചിരുന്നപ്പോള്‍ കിട്ടാതെ പോയെന്ന് അയാള്‍ ആരോപിച്ച നീതി ദുരന്തപൂര്‍ണമായ മരണത്തിനു ശേഷമെങ്കിലും അതുലിന് കിട്ടുമോ എന്ന് ചോദിക്കുന്നു പൊതുസമൂഹം. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ കൊണ്ടുവന്ന നിയമം. കേസിലേക്കെത്തുമ്പോള്‍ ചിലപ്പോഴെങ്കിലും പുരുഷന്‍മാര്‍ക്ക് തുല്യനീതി കിട്ടുന്നില്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. വിവാഹമോചനക്കേസുകള്‍ക്കിടെ ഉയരുന്ന കള്ളക്കേസുകളെയും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും സ്ത്രീകളെ പീഡിപ്പിക്കുന്നതിനെതിരായ 498 എ നിയമത്തിന്റെ ദുരുപയോഗത്തെയും കുറിച്ച് നിയമവിദഗ്ധര്‍ സംസാരിക്കുന്നു.
'നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്ത ഭര്‍ത്താക്കന്മാരെ എനിക്കറിയാം'-ജസ്റ്റിസ് ബി.കെമാല്‍ പാഷ (മുന്‍ഹൈക്കോടതി ജഡ്ജി)
നിയമം ആള്‍ക്കാര്‍ ലംഘിക്കും. ഉദാഹരണത്തിന് 498 എ വകുപ്പ്. ഭര്‍തൃമതിയായ സ്ത്രീയെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്ന സാഹചര്യം. ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണ്. പക്ഷേ ഈ നിയമം ഒരുപാട് ദുരുപയോഗം ചെയ്യപ്പെടുന്നു. ഭര്‍ത്താവ് ദേഹോപദ്രവം ചെയ്യുന്നതിനെതിരെ കേസ് കൊടുക്കാന്‍ ഒരു യുവതി വക്കീലിനെ സമീപിക്കുന്നു. അപ്പോള്‍ അഭിഭാഷകന്‍ അന്വേഷിക്കുക വീട്ടില്‍ വേറെ ആരൊക്കെയുണ്ട് എന്നാണ്. അച്ഛനമ്മമാരെയും അപ്പൂപ്പനമ്മൂമ്മന്മാരെയും ഒക്കെ 498 എ പ്രകാരം പ്രതിയാക്കാം. തളര്‍വാതം പിടിപെട്ട് കിടപ്പിലായ വൃദ്ധയ്ക്കെതിരെ പോലും ഇത്തരം കേസ് കൊടുത്തത് കണ്ടിട്ടുണ്ട്. ഇത് സ്ത്രീകളെ കൊണ്ട് വക്കീലന്മാര്‍ ചെയ്യിക്കുന്നതാണ്.

ഭര്‍ത്താവ് കുഞ്ഞുങ്ങളുടെ കസ്റ്റഡി ചോദിച്ചാല്‍ ഉടന്‍ വക്കീല്‍ പറഞ്ഞുകൊടുക്കും, അടുത്ത കേസു കൊടുക്കാന്‍. രണ്ടോ മൂന്നോ വയസ്സുള്ള സ്വന്തം കുഞ്ഞിനെ അയാള്‍ പീഡിപ്പിച്ചു എന്ന് കേസ്. അതിന്റെ ഗൗരവം അറിയാത്തതുകൊണ്ട് പറഞ്ഞു പഠിപ്പിച്ചതു പോലെ കുഞ്ഞ് കോടതിയില്‍ പോയി പറയുന്നു. അങ്ങനെ കുറേപ്പേര്‍ ആത്മഹത്യ ചെയ്ത കാര്യം എനിക്കറിയാം. കരഞ്ഞുകൊണ്ട് ഇതൊക്കെ എന്നോടു പറഞ്ഞിട്ട് കുഞ്ഞുങ്ങളെ വേണ്ടെന്നു പറഞ്ഞ് ഡിവോഴ്സ് ഒപ്പിട്ടു കൊടുത്തിട്ട് പോയ കുറഞ്ഞത് അഞ്ചുപേരെ എനിക്കറിയാം. കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കാന്‍ പിന്നെ അവര്‍ക്ക് കഴിയുമോ. ഇത്തരം സംഭവങ്ങള്‍ ഒരുപാടുണ്ട്.
സമാനമായ സംഭവം തിരുവനന്തപുരത്ത് ഉണ്ടായിട്ടുണ്ട്, അമ്മ മകനെ ബലാത്സംഗം ചെയ്തു എന്നു കേസ് കൊടുത്തത്. ആ നിരപരാധിയായ സ്ത്രീ എത്ര കാലമാണ് ജയിലില്‍ കിടന്നത്, അതും പോക്സോ കേസ് ആയിരുന്നു. അതുകൊണ്ട് നിയമം കൊള്ളില്ല എന്ന് പറയാന്‍ പറ്റില്ല, നമ്മുടെ ആളുകളുടെ സ്വഭാവം കൊള്ളില്ല എന്ന് മാത്രമേ എനിക്ക് പറയാനാകൂ. നിയമത്തില്‍ സ്തീകളോടുള്ള പക്ഷപാതം അന്തര്‍ലീനമാണെന്നു കരുതുന്നില്ല. കഷ്ടത അനുഭവിക്കുന്ന, ഭര്‍തൃപീഡനം കാരണം നരകിക്കുന്ന ഒരുപാട് സ്ത്രീകള്‍ ഉണ്ട്. ഇത്തരം കുടുംബകേസുകളില്‍ ജഡ്ജിമാര്‍ പ്രോആക്ടീവ് ആയ പങ്കു വഹിക്കണം. നിയമമല്ല, നീതിയാണ് നടപ്പാക്കേണ്ടത്.
അനുഭാവപൂര്‍ണ്ണമായ സമീപനം പുരുഷന്മാരോടും ഉണ്ടാവണം- പി.എസ്.ആന്റണി (മുന്‍ ജില്ലാ ജഡ്ജിയും കുടുംബകോടതി ജഡ്ജിയും)
സ്ത്രീകളോട് പക്ഷപാതിത്വം ഇല്ലെങ്കിലും പൊതുവേ അനുഭാവമുള്ള നിലപാടാണ് നിയമത്തിനുള്ളത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരുപാട് പീഡനത്തിനും അതിക്രമത്തിനും ഇരയാവുന്നത് സ്ത്രീകളാണ്. പക്ഷേ ഈ നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകള്‍ ഉണ്ട്. കഴിഞ്ഞദിവസം ഒരു വ്യാജ പോക്സോ കേസില്‍ ഭര്‍ത്താവിനെ വെറുതെ വിട്ടിരുന്നു. കുഞ്ഞിനെ വേര്‍പെടുത്തി കൊണ്ടുപോകാനായി ഭര്‍ത്താവിനെതിരേ കള്ളക്കേസ് കൊടുത്തതാണ്. ഇത്തരം ദുരുപയോഗം ഇരുഭാഗത്തും ഉണ്ടാകാറുണ്ട്.
ഒരു വിവാഹമോചന കേസ് ഉണ്ടാകുമ്പോള്‍ അതിന്റെ ഉപോത്പന്നമായി വേറെ കുറെ കേസുകള്‍ ഉണ്ടാകുന്നു. ഗാര്‍ഹിക പീഡനക്കേസ്, ജീവനാംശം കിട്ടാന്‍, കൊടുത്ത പണം തിരിച്ചു കിട്ടാന്‍ എന്നിങ്ങനെ ഭര്‍ത്താവിനെതിരെ നാലോ അഞ്ചോ കേസുകള്‍ വരാം. കുട്ടിയുണ്ടെങ്കില്‍ അതിന്റെ കസ്റ്റഡിക്ക് വേണ്ടി വേറൊന്ന്. നിയമത്തിന്റെ ദുരുപയോഗം സത്യത്തില്‍ നടക്കുന്നുണ്ട്, ചില സ്ത്രീകളും അത് ചെയ്യുന്നുണ്ട്. ഇത് വളരെ നിര്‍ഭാഗ്യകരമാണ്.

ഒരുപാട് നല്ല അഭിഭാഷകരുണ്ട് പക്ഷേ നിര്‍ഭാഗ്യവശാല്‍ ഒരു ചെറിയ ശതമാനം പേരെ നയിക്കുന്നത് പ്രൊഫഷണല്‍ എത്തിക്സല്ല. കേസുകള്‍ ഫയല്‍ ചെയ്യുന്നതിലാണ് അവരുടെ താല്‍പ്പര്യം. കക്ഷി പറയുന്നതുപോലെ ഒരു കേസ് ഫയല്‍ ചെയ്യും. പീഡനക്കേസുകള്‍ കൊടുക്കാന്‍ നിര്‍ദ്ദേശിക്കുന്നവരും ഉണ്ട്, ഇതില്‍ കള്ളക്കേസുകളും ഉണ്ടാകാം. അല്ലാത്ത നല്ല വക്കീലന്മാരും ഉണ്ട്. കുടുംബകോടതിയില്‍ ജഡ്ജി ആയിരുന്നപ്പോള്‍ ഒരുപാട് കേസുകള്‍ ഞങ്ങള്‍ ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്. ഒരു കേസ് വന്നാല്‍ തീര്‍ക്കാതെ കൊണ്ട് നടക്കുന്ന വക്കീലന്മാരുണ്ട്. ഒരിക്കലും തീര്‍ത്തു കൊടുക്കില്ല. സ്ത്രീകളോടുള്ള അധിക അനുഭാവം, നൈതികതയില്ലാത്ത വക്കീലന്മാര്‍, അനാവശ്യ ആരോപണങ്ങള്‍, താങ്ങാനാവാത്ത ഡിമാന്‍ഡുകള്‍. അതുലിന്റെ കേസില്‍ നിര്‍ഭാഗ്യകരമായ എല്ലാ സാഹചര്യങ്ങളും ഒത്തു വന്നു എന്നു തോന്നുന്നു. ഒടുവില്‍ കോടതി പോലും തന്നോട് അനുഭാവം കാണിക്കില്ലെന്ന് അയാള്‍ക്ക് തോന്നിക്കാണും.
കോടതി നടപടികളും അതുലിന്റെ മരണവും
കോടതിക്ക് തന്റെ മുന്നില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ പറയുന്ന കാര്യങ്ങള്‍ മാത്രമേ അറിയാന്‍ കഴിയൂ. പലപ്പോഴും കാര്യങ്ങള്‍ വലിയതോതില്‍ പെരുപ്പിച്ചാവും കോടതിയില്‍ അവതരിപ്പിക്കുക. ഇത്തരത്തിലുള്ള നിരവധി കഥാപാത്രങ്ങള്‍ ദിവസവും കോടതിയില്‍ വരുന്നതാണ്. ചിലപ്പോള്‍ ജഡ്ജി ചിരിച്ചു പോയത് അതുകൊണ്ടായിരിക്കും. കോടതിയുടെ ഭാഗത്തുനിന്ന് കൂടുതല്‍ അനുഭാവപൂര്‍ണമായ ഇടപെടലുകളും വക്കീലന്മാരുടെ ഭാഗത്തുനിന്ന് കൂടുതല്‍ ഉത്തരവാദിത്വത്തോടെയുള്ള പ്രവര്‍ത്തനവും ഉണ്ടായാല്‍ ഈ പ്രശ്നം കുറെയൊക്കെ നിയന്ത്രിക്കാനും പരിഹരിക്കാനും ആകും. അതുലിന്റെ നിര്‍ഭാഗ്യകരമായ മരണം ഒരു പുനരാലോചനയ്ക്ക് എല്ലാവരെയും പ്രേരിപ്പിക്കട്ടെ എന്ന് നമുക്ക് ആശിക്കാം. കുറേക്കൂടി അനുഭാവപൂര്‍ണ്ണമായ സമീപനം പുരുഷന്മാരോടും ഉണ്ടാവട്ടെ.
വിവാഹമോചന കേസുകളില്‍ പണം വലിയൊരു ഘടകമാണ്. പണമുള്ളവര്‍ക്ക് നല്ല വക്കീലിനെ വച്ച് കേസ് വാദിക്കാന്‍ സാധിക്കും. പാവങ്ങള്‍ക്ക് അതു പറ്റാത്തത് കൊണ്ട് അഡ്വക്കേറ്റ് വേണ്ടത്ര ഉത്സാഹം കാണിക്കണമെന്നില്ല. വലിയതോതില്‍ വക്കീല്‍ ഫീസ് വാങ്ങുന്ന മേഖലയാണിത്. മൊത്തത്തില്‍ ഇതൊക്കെ സംബന്ധിച്ചുള്ള അവബോധവും ഉത്തരവാദിത്വ ബോധവും ജഡ്ജിയും അഭിഭാഷകരും അടക്കമുള്ള എല്ലാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും വേണ്ടതാണ്. ഈ ദുരന്തം മറ്റുള്ളവര്‍ക്ക് പാഠമാകട്ടെ, എല്ലാവരും കുറെക്കൂൂടി ബോധവാന്മാരാകട്ടെ. കള്ളക്കേസ് കൊടുക്കാന്‍ പോകുന്നവരും തങ്ങളുടെ പ്രവൃത്തിയുടെ പരിണിതഫലം എന്താകാം എന്ന് ആലോചിക്കണം.
'സ്ത്രീപക്ഷവും പുരുഷ പക്ഷവും പാടില്ല, നീതിയുടെ പക്ഷമാണ് വേണ്ടത്'- അഡ്വ. എം.ആര്‍.അഭിലാഷ്, സുപ്രീം കോടതി അഭിഭാഷകന്‍
സ്ത്രീകളും പുരുഷന്മാരും എതിരായി വരുന്ന പ്രശ്നങ്ങളില്‍ വിഷയത്തിന്റെ മെറിറ്റിലേക്ക് പോയി തത്വാധിഷ്ഠിതമായി നടപടി സ്വീകരിക്കുന്നതിനു പകരം സ്ത്രീപക്ഷ നിലപാടിലേക്ക് മാധ്യമങ്ങളടക്കമുള്ളവ മാറുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ ഏകപക്ഷീയമായാണ് ചര്‍ച്ച ചെയ്യപ്പെടുക. അതിന്റെ പ്രത്യാഘാതങ്ങള്‍ എല്ലായിടത്തും ഉണ്ടാകും. അതുല്‍ സുഭാഷിന്റെ ആത്മഹത്യാക്കുറിപ്പിലെ ആരോപണം ജുഡീഷ്യറിയില്‍ അഴിമതിയുണ്ടോ എന്ന് സാധാരണക്കാരില്‍ ആശങ്ക ഉളവാക്കുന്നതാണ്. കേസു തീര്‍ക്കാന്‍ അഞ്ചുലക്ഷം കൈക്കൂലി ചോദിച്ചു എന്നും മരണപ്പെട്ട വ്യക്തി ആരോപണം ഉയര്‍ത്തി. അതിനുമുമ്പ് മൂന്നു ലക്ഷം ചോദിച്ചിട്ട് കൊടുക്കാത്തതുകൊണ്ട് ജീവനാംശത്തിനുള്ള ഉത്തരവ് കൊടുത്തു എന്നും ആരോപണമുണ്ട്. ഇത്തരം തര്‍ക്കങ്ങള്‍ വരുമ്പോള്‍ ഏകപക്ഷീയമായി ഒരു കക്ഷിക്ക് ഗുണഭോക്താവാന്‍ പറ്റുന്ന നടപടികള്‍ സാധ്യമാവുന്ന വ്യവസ്ഥയാണുള്ളത്. ഈ മരണം അതിലൊരു പൊളിച്ചെഴുത്ത് അനിവാര്യമാക്കുന്നതാണ്.
അസ്വാരസ്യങ്ങളെ തുടര്‍ന്ന് വിവാഹബന്ധം പിരിയുന്ന വേളയില്‍ നിയമത്തിനെ കരുവാക്കി ഭര്‍ത്താവിനെ കുരുക്കാനായി അസ്വാഭാവിക ലൈംഗികത, സ്വന്തം കുട്ടിയെ മുന്‍നിറുത്തി പോക്സോ കേസ് ഒക്കെ വ്യാപകമായി ചുമത്തപ്പെടുന്ന പ്രവണത കൂടി വരുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന അതുലിനെതിരെ നിരവധി കേസുകള്‍ ഉത്തര്‍പ്രദേശിലെ ജോണ്‍പൂരില്‍ കൊടുത്തത് അയാളെ അവിടെ തളച്ചിടാന്‍ വേണ്ടിയായിരുന്നു എന്ന് ആത്മഹത്യാക്കുറിപ്പ് ആരോപിക്കുന്നു 23 ദിവസം മാത്രം അവധിയുള്ള അയാള്‍ 40 തവണയോ മറ്റോ അവിടെ പോകേണ്ടിവന്നത് തൊഴിലിനെ ബാധിച്ചു. ഇത്തരം കേസുകള്‍ എവിടെ കേള്‍ക്കണമെന്ന വിഷയത്തില്‍ കോടതികള്‍ സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ പലപ്പോഴും പുരുഷന് നീതി നിഷേധിക്കപ്പെടുന്നു എന്ന ആശങ്ക വ്യാപകമാണ്.

498 എ എന്ന വകുപ്പ് (ബി.എന്‍.എസില്‍ 85-ാം വകുപ്പ്), ഗാര്‍ഹിക പീഡന നിയമം എന്നിവയൊക്കെ പലപ്പോഴും അബലകള്‍ക്കു നീതി കൊടുക്കുന്നുവെങ്കിലും വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നു എന്നത് നിയമവ്യവസ്ഥ കാണാതിരുന്നുകൂടാ. ദുരുപയോഗം കണ്ടെത്തി മാതൃകാപരമായ ശിക്ഷ കൊടുക്കേണ്ടതാണ്. ഇത്തരം പ്രവണതകളുടെ അടിസ്ഥാനത്തില്‍ കോടതികള്‍ സ്വമേധയാ കേസ് എടുക്കുകയും നിയമനിര്‍മ്മാണ സഭ ഉചിതമായ നിയമം ഉണ്ടാക്കുകയും ചെയ്യുമ്പോഴല്ലാതെ ഇതിനു പരിഹാരം ഉണ്ടാവുകയില്ല. ഇത്തരം പത്തു കേസുകളില്‍ ഏഴിലും ആരോപണങ്ങള്‍ ശരിയായിരിക്കാം. ബാക്കിയുള്ള മൂന്നിലും ഉണ്ടാവുക ഇരകളാണ്. ഇതുപോലുള്ള സംഭവങ്ങളെ പൊതുവേ ഒറ്റപ്പെട്ട കേസുകള്‍ ആയിട്ടാണല്ലോ കാണുക. ഇവയെ മുന്‍പന്തിയിലേക്ക് കൊണ്ടുവന്നു നിയമഭേദഗതികള്‍ വരുത്തുക എന്നത് വളരെ ശ്രമകരമാണ്. പക്ഷെ, അതിനുള്ള മനസ് ജനപ്രതിനിധികള്‍ക്ക് ഉണ്ടാകണം. ലക്ഷക്കണക്കിന് പുരുഷന്മാര്‍ അനുഭവിക്കുന്ന പീഡനത്തിന്റെ ഒരു പ്രതീകമാണ് ഈ മരണം. നിയമവ്യവസ്ഥയില്‍ സ്ത്രീകളെപ്പോലെ പുരുഷനും സംരക്ഷണമാര്‍ഗങ്ങള്‍ ഉണ്ടാവണം.
അഭിഭാഷക സമൂഹത്തിന്റെ റോള്‍
നൈതികമായ വ്യവഹാരത്തില്‍ ഏര്‍പ്പെടുന്നതില്‍ അഭിഭാഷക സമൂഹത്തിന് സംഭവിക്കുന്ന പരാജയം കൊണ്ടു കൂടിയായിരിക്കാം ഇങ്ങനെയുള്ള അവസ്ഥാവിശേഷങ്ങള്‍ ഉണ്ടാകുന്നത്. ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തുന്നതില്‍ അവര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള നൈതികം എന്ന് പറയാനാകാത്ത വ്യവഹാര സമീപനങ്ങളാണ് ഇത്തരം സാഹചര്യങ്ങളെ തീവ്രമാക്കിയിട്ടുള്ളതെങ്കില്‍ ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്വം അഭിഭാഷകര്‍ക്കുണ്ട്. അഭിഭാഷകന്‍ കോടതിയുടെ ഉദ്യോഗസ്ഥന്‍ ആണ് എന്നാണ് നിയമത്തിന്റെ ദര്‍ശനം. സ്വന്തം കക്ഷിയുടെ സമ്മര്‍ദ്ദഫലമായി സത്യവിരുദ്ധമായ നടപടികള്‍ക്കു കൂട്ടുനില്‍ക്കുകയോ അത്തരം നിയമനടപടികള്‍ ഉപദേശിക്കുകയോ ചെയ്യുന്നതില്‍ നിന്ന് അഭിഭാഷക സമൂഹം എപ്പോഴും വിട്ടുനില്‍ക്കേണ്ടത് കോടതിയുടെ ധര്‍മനിര്‍വഹണത്തിനു അനിവാര്യമാണ്.
ഇത്തരം പ്രവണതകളെ നിയന്ത്രിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട ചുമതല അഭിഭാഷകര്‍ക്കാണ്. കാരണം നിയമം കൊണ്ടുവരുന്നത് പൊതുവായിട്ടാണ്. സദുദ്ദേശത്തോടെയാണ് 498 എ കൊണ്ടുവന്നത്. അതിന്റെ ദുരുപയോഗം പ്രാദേശികതലത്തില്‍ ആണ് തുടങ്ങുന്നത്. സൂക്ഷ്മതലത്തില്‍ ഇക്കാര്യത്തില്‍ നീതി ഉറപ്പുവരുത്താന്‍ കഴിയുന്നത് വിചാരണക്കോടതി ജഡ്ജിമാര്‍ക്കും അതിലുപരി കോടതിയെ സഹായിക്കുന്ന അഭിഭാഷകര്‍ക്കും ആണ്. ശക്തമായ പ്രൊഫഷണല്‍ എത്തിക്കല്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാനുള്ള ശക്തമായ പ്രേരണ അവര്‍ക്ക് ഉണ്ടായാലേ മാറ്റം ഉണ്ടാകൂ.
അതുലിന്റെ മരണം മാറ്റമുണ്ടാക്കുമോ
സാധാരണ സംഭവിക്കുന്നതുപോലെ ഇതൊരു പത്ത് ദിവസം ചര്‍ച്ചാവിഷയമായി തുടരുകയും പിന്നെ അപ്രത്യക്ഷമാവുകയും ചെയ്യും എന്ന് ഭയക്കേണ്ടിയിരിക്കുന്നു. ജീവന്‍ ഉപേക്ഷിച്ച വ്യക്തി ന്യായാധിപനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കപ്പെടേണ്ടത് ജുഡീഷ്യറിയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ആവശ്യമാണ്. ആരോപണം ഉന്നയിച്ച ആളെ ചോദ്യംചെയ്യാനും നിജസ്ഥിതി വിലയിരുത്താനുമൊന്നും ഇവിടെ സാധ്യമല്ല, അയാള്‍ ജീവനോടെ ഇല്ലല്ലോ. മരണകാരണമായി പറയുന്നത് ഒരു ജുഡീഷ്യല്‍ ഓഫീസറുമായി ബന്ധപ്പെട്ട പ്രശ്നം ആണെങ്കില്‍ അത് പരിശോധിക്കപ്പെടേണ്ടതല്ലേ? കാഴ്ചപ്പാടുകള്‍ മാറട്ടെ. സ്ത്രീപക്ഷവും പുരുഷപക്ഷവും മാറിയിട്ട് വസ്തുതാധിഷ്ഠിതമായ നീതിയുടെ പക്ഷം മാത്രമായിരിക്കണം സാമൂഹിക വ്യവഹാരങ്ങളിലും കോടതി വ്യവഹാരങ്ങളിലും നമ്മെ നയിക്കേണ്ടത്.
Content Highlights: IT professional Atul Subhash`s death case discussion on 498A misuse
Published: 13 Dec 2024, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented