
2017 ഫെബ്രുവരി മാസം 17 ന് തൊഴില്‍ സ്ഥലത്തേക്കുള്ള യാത്രക്കിടയില്‍ ആസൂത്രിതമായി ബലാത്സംഗം ചെയ്യപ്പെട്ട മലയാളത്തിന്റെ പ്രിയനായികമാരിലൊരാൾക്ക് കോടതിയില്‍ നിന്ന് നീതി ലഭിക്കണമെന്ന് കേരളത്തിലെ ലക്ഷക്കണക്കിന് സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ട്. ക്വട്ടേഷന്‍ നല്‍കിയെന്നും മുഖ്യ കുറ്റവാളിയെന്നും പ്രതിയെന്നും ആരോപിതനായ നായക നടനും നിര്‍മ്മാതാവുമായ ദിലീപ് മറ്റാര്‍ക്കും കിട്ടാത്തത്രയും സൗകര്യങ്ങളും ആനുകൂല്യങ്ങളും ആസ്വദിക്കുന്നത് 'അവള്‍ക്കൊപ്പം' നില്‍ക്കുന്ന മുഴുവന്‍ പേരും ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നുണ്ട്. സാക്ഷികളായിരുന്നവര്‍ കൂട്ടത്തോടെ കോടതിയില്‍ കൂറു മാറുന്നത് കണ്ട് തെളിവുകളില്ലെന്ന് കണ്ടെത്തി, കോടതി ദിലീപിനെ വെറുതെ വിടുമെന്ന് നിരാശയോടും അമര്‍ഷത്തോടും കൂടി വിചാരിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്രതീക്ഷിതമായി സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ വന്നതോടു കൂടി കോടതിക്ക് മുന്നില്‍ ചില പുതിയ തെളിവുകള്‍ ലഭിക്കുമെന്നും നടിക്ക് നീതി കിട്ടുമെന്നും ഇപ്പേൾ പലരും പ്രതീക്ഷയോടെ കേസിനെ ഉറ്റുനോക്കാന്‍ തുടങ്ങിയിട്ടുണ്ട്. ലൈംഗികാക്രമണ കേസുകളില്‍, ഇരയായ സ്ത്രീ പറയുന്ന അനുഭവങ്ങള്‍ക്കും സാഹചര്യ തെളിവുകള്‍ക്കുമാണ് മുഖ്യപരിഗണനയും പ്രാധാന്യവും ലഭിക്കേണ്ടത് എന്ന് സ്ത്രീ നീതിയില്‍ വിശ്വസിക്കുന്ന ഏറെപ്പേര്‍ ഈ കേസിന്റെ കോടതി വിധി വരാന്‍ കാത്തിരിക്കുകയാണ്.
ക്വട്ടേഷന്‍ പ്രകാരം ലൈംഗികാക്രമണം നടത്തിയ കുറ്റവാളി റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ട് എന്ന നടുക്കുന്ന പുതിയ വിവരങ്ങളെത്തുടര്‍ന്ന് നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഇക്കഴിഞ്ഞ ദിവസം കത്തു നല്‍കിയിരിക്കുന്നു. ഇത്രയും ക്രൂരതയും അനീതിയും നിയമലംഘനങ്ങളും നടന്നിട്ടും ഈ കേസില്‍ നടിക്ക് നീതി ലഭ്യമായില്ലെങ്കില്‍ സ്ത്രീകള്‍ എങ്ങനെ ഇനി നീതി ന്യായസംവിധാനങ്ങളില്‍ വിശ്വസിക്കും എന്ന ആശങ്കകളും വലുതാണ്.

മുമ്പെങ്ങും കേട്ടു കേള്‍വി പോലുമില്ലാത്ത ഇത്തരം ആസൂത്രിതമായ ക്വട്ടേഷന്‍ ലൈംഗിക കുറ്റകൃത്യം നടന്നിട്ട് അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ കൂട്ടത്തിലുള്ള പ്രിയ സുഹൃത്ത് ഈ വിധം ആക്രമിക്കപ്പെട്ട നടുക്കത്തിലും ഭയത്തിലും വേദനയിലും പ്രതിഷേധത്തിലും നിന്നാണ് മലയാള സിനിമാ മേഖലയില്‍ നിന്ന് വിരലിലെണ്ണാവുന്ന കുറച്ച് സ്ത്രീകള്‍ ചേര്‍ന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (WCC ) എന്ന സംഘടന ഉടനടി ഉണ്ടാക്കിയത്. WCC യ്ക്ക് നേതൃത്വം കൊടുത്തവരില്‍ അഭിനയരംഗത്ത് മുന്‍ നിരയില്‍ നിന്നിരുന്ന നായിക നടിമാര്‍ക്ക് സിനിമകള്‍ കിട്ടാതിരിക്കുന്ന അവസ്ഥയുമുണ്ട്. ഇത്തരം പ്രത്യാഘാതങ്ങളെ ഭയക്കുന്നതു കൊണ്ടാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം സിനിമാ മേഖലയിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും പ്രത്യക്ഷത്തില്‍ നില്‍ക്കാനാവാത്തത് എന്ന് പൊതുവേ ആര്‍ക്കും മനസ്സിലാക്കാനാവും.
സിനിമ അവരുടെ തൊഴിലാണ്. ഉപജീവനമാര്‍ഗ്ഗമാണ്. അവള്‍ക്കു വേണ്ടി, നീതിക്കു വേണ്ടി ശബ്ദിച്ചാല്‍ നിങ്ങളുടെ ഉപജീവനമാര്‍ഗ്ഗം, സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാവും എന്ന ഭീഷണി യഥാര്‍ത്ഥത്തില്‍ സ്ത്രീനീതിക്കു വേണ്ടി ഒരുമിച്ചു നില്‍ക്കേണ്ടവരായ സ്ത്രീകളെ തമ്മില്‍ ഭിന്നിപ്പിച്ചു നിര്‍ത്തുന്ന വലിയ ആണധികാര മൂലധന തന്ത്രമാണ്.
യഥാര്‍ത്ഥത്തില്‍, സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നടന്നു വരുന്ന ചൂഷണങ്ങളും ലൈംഗികാക്രമണങ്ങളും പുതിയ കാര്യമല്ല. സിനിമ അന്നും ഇന്നും പുരുഷാധികാരത്തിന്റേയും അവന്റെ ഉടമസ്ഥതയിലുള്ള മൂലധനത്തിന്റേയും കച്ചവട, വ്യവസായത്തിന്റേയും സാമ്രാജ്യമാണ്. അതിനാല്‍ സിനിമാ രംഗത്ത് തുടര്‍ന്നു വന്നിരുന്ന സ്ത്രീചൂഷണങ്ങളും അക്രമങ്ങളും സ്വാഭാവികമെന്നോണം അമര്‍ത്തി വെയ്ക്കപ്പെടുകയോ നിസ്സാരവല്‍ക്കരിക്കുകയോ ചെയ്തു പോന്നിരുന്നു. പക്ഷേ, പുതിയ കാലത്ത്, സ്വാതന്ത്ര്യ ബോധവും അവകാശബോധവും തുറന്ന് പ്രകടിപ്പിക്കാനും ഇടപെടാനും അറിവും ധൈര്യവും കുടുംബത്തിന്റെ പിന്തുണയുമുള്ള കുറച്ചെങ്കിലും സ്ത്രീകള്‍ മലയാള സിനിമാ മേഖലയില്‍ എത്തപ്പെട്ടിട്ടുണ്ട്. ആക്രമണം നേരിട്ട നടിക്ക് തനിക്കെതിരെയുണ്ടായ ക്വട്ടേഷന്‍ ബലാല്‍സംഗത്തെക്കുറിച്ച് പോലീസില്‍ പരാതിപ്പെടാനും തുടര്‍ന്ന് കഴിഞ്ഞ അഞ്ചു വര്‍ഷമായി നീതിക്കു വേണ്ടി പോരാടാനും സാധിക്കുന്നത് ഇതുകൊണ്ടു കൂടിയാണ്. സാധാരണ നിലയില്‍, മുദ്ര കുത്തപ്പെടുന്നതും അപമാനങ്ങളും അപവാദങ്ങളുമുണ്ടാകുന്നതും ഭയന്ന് ഇത്തരം ആക്രമണങ്ങള്‍ ആരും തുറന്നു പറയുക പതിവല്ല. എല്ലാം മൂടി വെച്ച് സഹിക്കാനാണ് കുടുംബവും സമൂഹവും എക്കാലവും സ്ത്രീകളെ നിര്‍ബ്ബന്ധിച്ചു കൊണ്ടിരിക്കുന്നത്. തുറന്നു പരാതിപ്പെടുന്ന നിമിഷം മുതല്‍ സ്വന്തം പേരും അതുവരെ നേടിയ സവിശേഷ പദവികളും ഇല്ലാതാവുകയും ഇര എന്ന ദയനീയമായ നിലയില്‍ ജീവിതം തുടരേണ്ടി വരികയും ചെയ്യും എന്ന വലിയ ഭയവും പരാതിപ്പെടാതിരിക്കുന്നതിനുള്ള ഒരു കാരണമാണ്.

എന്നെന്നും ഇര എന്നത് വേദന നിറഞ്ഞതും നിരന്തരം മുറിപ്പെടുത്തുന്നതുമായ പീഡന ഓര്‍മ്മകളില്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന അവസ്ഥയാണ്. നിയമപരമായ സാങ്കേതികത്വത്താല്‍ സ്വന്തം പേരു നഷ്ടപ്പെട്ട്, എന്നെന്നേക്കുമായി സമൂഹത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നതോടുകൂടി പീഡനത്തിന്റെ ഓര്‍മ്മകള്‍ എപ്പോഴും സ്ത്രീക്കൊപ്പം ഉണ്ടായിത്തീരുകയും ചെയ്യും. ആക്രമിക്കപ്പെട്ട സ്ത്രീകള്‍ സമൂഹത്തില്‍ നിന്നും തൊഴിലിടത്തു നിന്നും ഒഴിഞ്ഞു മാറി നില്‍ക്കേണ്ടി വരുന്നത് പൗരാവകാശ നിഷേധമാണ്. തുറന്നു പരാതിപ്പെടുകയും നീതി ആവശ്യപ്പെടുകയും ചെയ്യുന്നതോടുകൂടി ഇരയില്‍ നിന്ന് അതിജീവിതയിലേക്കുള്ള പടികള്‍ കയറുന്ന സമരത്തിലാണ് അവള്‍ വന്നു നില്‍ക്കുന്നത്. അതിനാല്‍ യഥാര്‍ത്ഥത്തില്‍ അവളുടെ പേര്, സമൂഹത്തിനൊപ്പമുള്ള പൊതുസാന്നിദ്ധ്യം സ്ത്രീസമൂഹത്തിനാകെ ആവേശകരമായി മാറുകയാണ് ചെയ്യുക.
ബലാല്‍സംഗം ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമാണ് അപമാനവും ശിക്ഷയും മുദ്ര കുത്തലും അര്‍ഹിക്കുന്നത്. പക്ഷേ ഈ കേസില്‍ കുറ്റാരോപിതനായ പുരുഷന്‍ സിനിമകള്‍ ചെയ്യുന്നു! പൊതുസമൂഹത്തില്‍, മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു! ഈ വൈരുദ്ധ്യത്തെ അനീതിയെ നിയമം, കോടതികള്‍ എങ്ങനെയാണ് ഈ പുതിയ കാലത്ത് അഭിസംബോധന ചെയ്യുകയും പരിഹരിക്കുകയും ചെയ്യുക? ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ പേരില്ലാത്തവരായി ഇനിയുള്ള കാലം തുടരേണ്ടതുണ്ടോ? കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും സമൂഹത്തിന്റേയും പിന്തുണയുണ്ടെങ്കില്‍ അതിജീവിതയായി ജീവിതത്തിലെ സ്വപ്നങ്ങളെ പിന്തുടരാന്‍ അതിവേഗം അവര്‍ക്കു കഴിയും. 'ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ഡെറ്റോള്‍ ഒഴിച്ചു കുളിച്ച് വൃത്തിയാക്കണം'എന്ന് ഇരുപത്തി എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരി മാധവിക്കുട്ടി/കമല സുരയ്യ പറഞ്ഞതിന്റെ പ്രായോഗിക ജീവിതാര്‍ത്ഥങ്ങള്‍ നടപ്പാക്കാന്‍ സ്ത്രീകള്‍ക്ക് അനുകൂലമായി കുടുംബത്തിന്റേയും സമൂഹത്തിന്റേയും കാഴ്ചപ്പാടാണ് മാറ്റിത്തീര്‍ക്കേണ്ടത്. അതിനായി നിയമത്തില്‍ പുതിയ നിര്‍വ്വചനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടണം.

എ.കെ.ബാലന്‍, ചലച്ചിത്ര താരം ടി. ശാരദ, കെ.ബി. വല്‍സല കുമാരി (റിട്ട. ഐ.എ.എസ്.) എന്നിവര്‍ സമീപം. (ഫയൽ ചിത്രം)
സിനിമാ മേഖലയില്‍ ലൈംഗിക പീഡന പരിഹാര സമിതികള്‍ വേണം
സിനിമ രൂപപ്പെടുന്ന തൊഴിലിടത്ത് എന്തുകൊണ്ടാണ് സ്ത്രീപീഡന പരിഹാര സമിതികള്‍ ഇതുവരേയും രൂപീകരിക്കാത്തത്? തൊഴില്‍സ്ഥലത്തെ ലൈംഗിക പീഡനം സംബന്ധിച്ച നിയമത്തിന്റെ പ്രത്യക്ഷമായ ലംഘനമാണത്. സിനിമയില്‍ തൊഴിലെടുക്കാനായി എത്തുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടണമെന്ന ഈ ആവശ്യം ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത് നടിക്കു നേരെയുണ്ടായ ആക്രമണത്തിനു ശേഷം WCC രൂപപ്പെട്ടതിനു ശേഷം മാത്രമാണ്. സിനിമയുടെ തൊഴിലിടത്തില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് സ്ത്രീകള്‍ക്ക് ഈ ആവശ്യമുയര്‍ത്തുക എളുപ്പവുമല്ല. സംഘടിതമായിത്തന്നെ ഉയര്‍ന്നു വരേണ്ടതായ ആവശ്യമായിരുന്നു ഇത്. ഇതിനായി ഇപ്പോള്‍ WCC കോടതിയെ സമീപിച്ചിട്ടുണ്ട്. കേരള വനിതാ കമ്മീഷന്‍ WCC യോടൊപ്പം കക്ഷി ചേര്‍ന്നിട്ടുണ്ട് എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം കാണുകയുണ്ടായി.
നടി ആക്രമിക്കപ്പെട്ടതിനു ശേഷം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് WCC പ്രതിനിധികള്‍ നല്‍കിയ പരാതിയുടേയും ആവശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട മൂന്നു പേരടങ്ങുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി, സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായ അന്വേഷണവും പഠനവും നടത്തുകയും റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ പറഞ്ഞ, വിവരങ്ങള്‍ നല്‍കിയവരുടെ സ്വകാര്യതയുടെ വെളിപ്പെടുത്തല്‍ അസാധ്യമെന്ന നിയമസാങ്കേതികത്വത്തിനാല്‍ റിപ്പോര്‍ട്ട് ഇപ്പോഴും പൊതുമണ്ഡലത്തില്‍ ലഭ്യമായിട്ടില്ല.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അനന്തര ഫലം സിനിമയെന്ന തൊഴില്‍ സ്ഥലത്ത് സ്ത്രീകളുടെ അവകാശങ്ങളും നീതിയും സ്ഥാപിച്ചെടുക്കുന്ന സ്ഥാപന സംവിധാനങ്ങള്‍ ഉണ്ടാവുക എന്നതായിരിക്കണം. അതിനുള്ള അടിയന്തരമായ ഒരുപാധിയാണ് തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഢനത്തിനെതിരെയുള്ള പരാതി പരിഹാര സമിതികള്‍ രൂപീകരിക്കപ്പെടുക എന്നത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നിലവില്‍ നേരിടുന്ന പ്രശ്നങ്ങളുടെ സ്വഭാവങ്ങള്‍ എന്തൊക്കെയാണ്? അതിനുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്? ജസ്റ്റിസ് ഹേമയും കെ ബി വല്‍സലകുമാരി ഐ എ എസും നടി ശാരദയും ഉള്‍പ്പെട്ട അന്വേഷണ പഠന സംഘത്തിന്റെ ഈ കണ്ടെത്തലുകള്‍ അറിയാന്‍ കഴിഞ്ഞാല്‍ WCC യ്ക്ക് കൂടുതല്‍ ഫലപ്രദമായ കൂട്ടായ ചര്‍ച്ചകള്‍ക്കും സിനിമാ മേഖലയിലെ മാറ്റങ്ങള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ നേതൃത്വപരമായ പങ്ക് നിര്‍വ്വഹിക്കാന്‍ സാധ്യതകള്‍ ഉണ്ടാകും. WCC പ്രതിനിധികളുമായുള്ള ചര്‍ച്ചകളുടെ ഭാഗമായി കേരള വനിതാ കമ്മീഷന്‍ അതിനുളള മുന്‍കൈ നടപടികള്‍ എടുക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിലെ തൊഴില്‍ സ്ഥലങ്ങളിലെ ലൈംഗിക പീഡനം സംബന്ധിച്ച് ആദ്യമായി വിശദമായ പഠനം നടന്നിട്ടുള്ളത് 1998 -'99 ലാണ്. തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനം സംബന്ധിച്ച് 1997 ലെ ഇന്ത്യന്‍ സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിയമരംഗത്ത് പ്രവര്‍ത്തിക്കുന്ന 'സാക്ഷി' എന്ന സ്ത്രീവിമോചന സംഘടന ദേശീയ തലത്തില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായിട്ടായിരുന്നു, കേരളത്തിലും വിശദമായ പഠനം നടത്തിയത്. സാക്ഷിയോടൊപ്പം ചേര്‍ന്ന് സഖി വിമന്‍സ് റിസോഴ്സ് സെന്ററിനു വേണ്ടി കേരളത്തില്‍ ആ ഗവേഷണ പഠനം നടത്തിയത് ഞാനും എം എം ഗ്രേസിയുമായിരുന്നു. ആ ആക്ഷന്‍ റിസര്‍ച്ചിന്റെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഞാന്‍ നടത്തിയ പഠനത്തില്‍ പങ്കെടുത്ത 95 ശതമാനം സ്ത്രീകളും വെളിപ്പെടുത്തിയത് തങ്ങള്‍ തൊഴില്‍ സ്ഥലത്ത് ലൈംഗിക പീഢനം നേരിടുന്നു എന്നാണ്. ആ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി അന്ന് നിയമസഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. തൊഴില്‍ സ്ഥലത്ത് ലൈംഗിക ചിത്രങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുക, സ്ത്രീകളുടെ ശരീരത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും ലൈംഗികത കലര്‍ത്തി സംസാരിക്കുക, വാക്കുകള്‍ കൊണ്ട് ലൈംഗികമായി ആക്രമിക്കുക, ശരീരത്തില്‍ തൊടുകയും പീഡിപ്പിക്കുകയും ചെയ്യുക, ശരീരഭാഗങ്ങളില്‍ തുറിച്ചു നോക്കുക, ലൈംഗിക ആഗ്രഹങ്ങള്‍ സാധിക്കാന്‍ വേണ്ടി അപേക്ഷിക്കുകയോ നിര്‍ബ്ബന്ധമായി ആവശ്യപ്പെടുകയോ ചെയ്യുക എന്നിങ്ങനെ സ്ത്രീകള്‍ക്ക് അസ്വീകാര്യമായ ഏതൊരു ലൈംഗിക നീക്കവും തൊഴില്‍ സ്ഥലത്ത് സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികപീഢനമാണ്.
2013 ല്‍ PoSH നിയമമായി നിലവില്‍ വന്നിട്ടും ഇപ്പോഴും തൊഴില്‍സ്ഥലത്ത് പീഢന പരിഹാര സമിതികള്‍ സ്ഥാപിക്കാത്ത എത്ര തൊഴില്‍ സ്ഥാപനങ്ങളും തൊഴിലുടമകളും ഉണ്ട് എന്നത് അടിയന്തരമായി പരിശോധിക്കപ്പെടണം. സിനിമാ മേഖലയില്‍ ഒരു സിനിമ ഉണ്ടാവുന്ന പ്രക്രിയയുടെ തുടക്കം മുതല്‍ ഒടുക്കം വരെ പങ്കെടുക്കുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും നിര്‍ഭയമായും സ്വതന്ത്രമായും തൊഴില്‍ ചെയ്യാനാവശ്യമായ നിയമപരമായ പരിരക്ഷ ഉറപ്പാക്കാന്‍ തൊഴിലുടമയായ നിര്‍മ്മാതാവിന് ഉത്തരവാദിത്വമുണ്ടായിരിക്കണം. അതു സംബന്ധിച്ച വിശദവും സൂക്ഷ്മവുമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കര്‍ശനമായ മോണിറ്ററിംഗ് സംവിധാനവും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്, വനിതാ കമ്മീഷന്റെ ഭാഗത്തു നിന്ന് താമസിയാതെ ഉണ്ടാകണം. പരിഹാര സമിതിയില്‍ അംഗങ്ങളായിരിക്കേണ്ട സ്ത്രീകളുടെ അടിസ്ഥാന യോഗ്യതയെക്കുറിച്ചു കൂടി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവണം. 'ബുദ്ധിമുട്ടുണ്ടെങ്കില്‍ നിര്‍ത്തി പോകണം' എന്ന തരത്തില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അംഗമായിരുന്ന ശാരദയുടെ സ്ത്രീവിരുദ്ധമായ ഒരു പരാമര്‍ശം സാമൂഹ്യമാധ്യമങ്ങളില്‍ കണ്ടിരുന്നു. സ്ത്രീപക്ഷ കാഴ്ചപ്പാടുണ്ടെന്ന് തെളിയിച്ചിട്ടുള്ള സ്ത്രീകള്‍ മാത്രമേ സിനിമാ മേഖലയില്‍ നിന്ന് പരിഹാര സമിതികളില്‍ അധ്യക്ഷയും അംഗങ്ങളുമായിരിക്കാന്‍ പാടുള്ളു. പുറത്തു നിന്ന്, സ്ത്രീകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ത്രീസംഘടനകളില്‍ നിന്നുള്ള ഒരു പ്രവര്‍ത്തകയോ നിയമ വിദഗ്ദയോ ഉണ്ടായിരിക്കണമെന്ന് ഉറപ്പാക്കുകയും വേണം.
Published: 07 Feb 2022, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented