സ്‌കൂളിലെ പഠനകാലത്ത് കാലത്ത് തന്നെ അടിച്ച അധ്യാപകനോടുള്ള പക തീര്‍ക്കാന്‍ ആ അധ്യാപകനെ ആക്രമിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്ത വാര്‍ത്തയ്ക്കു പിന്നാലെ ഈ വിദ്യാര്‍ത്ഥിയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്നത് ഭയപ്പാടുണ്ടാക്കുന്നു. അധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ പ്രതികാരം ജനിക്കത്തക്ക വിധത്തിലുള്ള ശിക്ഷാമുറകള്‍ പ്രയോഗിക്കുന്നത് തീര്‍ച്ചയായും കുറ്റകരമാണ്. അതേ സമയം ആ പ്രതികാര ബുദ്ധി മനസ്സില്‍ കൊണ്ടു നടന്ന് ആ അധ്യാപകനെ ആക്രമിക്കുന്നതും തീര്‍ത്തും കുറ്റകരമാണ്. ഈ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവര്‍ പ്രകടിപ്പിക്കുന്നതും യഥാര്‍ത്ഥത്തില്‍ പ്രതികാര, കുറ്റകൃത്യ വാസന തന്നെയാണ്.

To advertise here,

നമുക്കെല്ലാവര്‍ക്കും പല തരത്തിലുള്ള സ്‌കൂള്‍ ജീവിതകാല അനുഭവങ്ങളുണ്ട്. സ്‌കൂളില്‍ കുട്ടികളെ അധ്യാപകര്‍ അടിക്കരുതെന്ന് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കര്‍ശന നിര്‍ദ്ദേശം വന്നിട്ട് അധിക വര്‍ഷങ്ങള്‍ ആയിട്ടില്ല. അത്തരം നിര്‍ദ്ദേശങ്ങള്‍ വന്നതിനു ശേഷവും സ്‌കൂളില്‍ കുട്ടികളെ അടിക്കുന്ന പതിവ് മുഴുവനായും ഇപ്പോഴും മാറിയിട്ടുമില്ല. എന്റെ മകള്‍ വയനാട്ടിലെ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം സ്‌കൂള്‍വിട്ട് വീട്ടിലെത്തിയത് വലിയ ദേഷ്യത്തോടും സങ്കടത്തോടും കൂടിയാണ്. സ്‌കൂള്‍ ബാഗ് എന്റെ കയ്യില്‍ തന്ന് വലതു കൈ എനിക്കു നേരെ തുറന്നു നീട്ടി നിന്നു. കണ്ണു നിറഞ്ഞൊഴുകുന്നുണ്ട്. 

placeholder
മരത്തണലില്‍ ക്ലാസെടുക്കുന്ന ടീച്ചര്‍

അധ്യാപികയായ ഒരു സിസ്റ്റര്‍ ചൂരല്‍ കൊണ്ട് അടിച്ച പാട് കൈവെള്ളയില്‍ ചുവന്ന് തിണര്‍ത്തു കിടക്കുന്നത് കണ്ട് എന്നില്‍ രോഷം തിളച്ചു. നാളെ സ്‌കൂളില്‍ വന്ന് പ്രിന്‍സിപ്പലിനെ കാണുമെന്നും അടി ഇന്നത്തോടെ അവസാനിപ്പിക്കുമെന്നും മകളെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചു. കയ്യിലെ നീറ്റവും വേദനയും മാറാന്‍ എനിക്കറിയാവുന്ന ഗൃഹവൈദ്യങ്ങള്‍ മാറി മാറി പുരട്ടി നോക്കി. പിറ്റേന്ന് ഞാന്‍ സ്‌കൂളില്‍ പോവുകയും ഇനി മേലില്‍ എന്റെ മകളെ ക്ലാസ്സില്‍ അടിക്കരുതെന്ന് പ്രിന്‍സിപ്പലിനോട് പറയുകയും ചെയ്തു. അതോടു കൂടി എന്റെ മകള്‍ അടിയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും രക്ഷകര്‍ത്താക്കള്‍ ഈ വിധം ഇടപെടാത്ത മറ്റു കുട്ടികള്‍ക്ക് തുടര്‍ന്നും അടി കിട്ടിക്കൊണ്ടിരുന്നു. അതിലെ അനീതിയെക്കുറിച്ച് എന്റെ മകള്‍ വീണ്ടും ദേഷ്യവും സങ്കടവും പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ വീണ്ടും സ്‌കൂളില്‍ പോയി പ്രിന്‍സിപ്പലിനെ കണ്ടു. 

കുട്ടികളെ അടിക്കരുതെന്ന് സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ടായിരിക്കേ ഇങ്ങനെ ചെയ്യരുതെന്നും മറ്റും വിശദമായി സംസാരിച്ചു. ഞാന്‍ എഴുത്തുകാരിയായതു കൊണ്ടായിരിക്കണം, എന്റെ സ്വരത്തില്‍ ഉണ്ടായിരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള സൂചനകള്‍ തിരിച്ചറിയാന്‍ അന്നത്തെ ആ പ്രിന്‍സിപ്പലിനു കഴിഞ്ഞത്. അതിനു ശേഷം എന്റെ മകള്‍ക്ക് സന്തോഷമായിരുന്നു. അവളുടെ ക്ലാസ്സിലുണ്ടായിരുന്ന കുട്ടികള്‍ക്ക് പിന്നീട് അടി കിട്ടിയിട്ടില്ല.

placeholder
ഫോട്ടോ:രാമനാഥ് പൈ 


എന്റെ പ്രൈമറി സ്‌കൂള്‍ കാലത്ത് ഞങ്ങളെ കണക്കു പഠിപ്പിച്ചിരുന്ന സാവിത്രി ടീച്ചറുടെ കയ്യില്‍ എപ്പോഴുമുണ്ടായിരുന്ന നീളന്‍ ചൂരല്‍വടി ഇപ്പോഴും എന്റെ കണ്‍മുന്നിലുണ്ട്. സാവിത്രി ടീച്ചറുടെ ചൂരല്‍വടിയെ പേടിച്ചിട്ടുള്ള സമ്മര്‍ദ്ദം കൊണ്ടായിരിക്കണം, നാലാം ക്ലാസ്സു വരെ കണക്കില്‍ ഞാന്‍ ഫുള്‍മാര്‍ക്കു വാങ്ങിയിരുന്നത്. അതിനു ശേഷം മാത്സ് എനിക്ക് ഏറ്റവും പേടിയും ഇഷ്ടവുമില്ലാത്ത വിഷയമായി മാറുകയും ചെയ്തു. പിന്നെ പത്താം ക്ലാസ്സു വരെയുള്ള സ്‌കൂള്‍ ജീവിതത്തില്‍ എന്നെ ഏറ്റവും ഉത്കണഠപ്പെടുത്തിയിട്ടുള്ളതും ബുദ്ധിമുട്ടിച്ചിട്ടുള്ളതും കണക്ക് പരീക്ഷകളാണ്.

ക്ലാസ്സില്‍ ചിലപ്പോള്‍ പല വിധ കാരണങ്ങളാല്‍ കുട്ടികള്‍ക്ക് അദ്ധ്യാപകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം പറയാന്‍ കഴിഞ്ഞെന്നു വരില്ല. ചിലപ്പോള്‍ വീട്ടില്‍ നിന്ന് ഹോംവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. പഠിച്ചു വരാത്ത കുട്ടികളെ ചുരല്‍ കൊണ്ട് ആഞ്ഞു വീശിയടിച്ച് ശിക്ഷിക്കുന്ന അദ്ധ്യാപകരുണ്ട്. അതേ സമയം, കരുതലോടെ കുട്ടികളെ വേദനിപ്പിക്കാതെ അടിക്കുന്ന അദ്ധ്യാപകരുമുണ്ട്. ഹോംവര്‍ക്ക് ചെയ്യാത്തതിന്, പഠിക്കാത്തതിന്, ക്ലാസ്സില്‍ വര്‍ത്തമാനം പറഞ്ഞതിന് കുട്ടികളെ ക്ലാസ്സിനു പുറത്തു നിര്‍ത്തുകയും ബെഞ്ചില്‍ കയറ്റി നിര്‍ത്തുകയും ചെയ്യുന്ന അദ്ധ്യാപകരുമുണ്ട്. കുട്ടികളുടെ മാനസിക വളര്‍ച്ചയെ, വ്യക്തിത്വ വികാസത്തെ ഇതൊക്കെ എങ്ങനെയൊക്കെയാണ് ബാധിക്കുക എന്നതിനെക്കുറിച്ച് യാതൊരു ബോധവുമില്ലാത്ത അദ്ധ്യാപകരുടെ ശിഷ്യരാകേണ്ടി വരുന്നത് ദുര്യോഗമാണ്.

placeholder
സ്‌കൂളില്‍ ഒഴിവു സമയത്ത് കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍ | ഫോട്ടോ:രാമനാഥ് പൈ എന്‍

കുട്ടികളെ അടിച്ചു പഠിപ്പിക്കുക എന്ന പരമ്പരാഗത സമീപനത്തിനുള്ളിലാണ് നമ്മുടെ സ്‌കൂളുകളിലെ അധ്യാപന രീതികളുടെ അടിത്തറ പണിതിട്ടുള്ളത്. സ്‌കൂളുകള്‍ മാത്രമല്ല, കുടുംബങ്ങളും അങ്ങനെയാണ് നിര്‍മ്മിച്ചെടുത്തിട്ടുള്ളത്. കുട്ടികളെ അടിച്ചു പഠിപ്പിക്കാത്തതിന് അദ്ധ്യാപകരെ ചീത്ത പറയുന്ന രക്ഷിതാക്കളാണ് നമ്മുടെ സമൂഹത്തില്‍ കൂടുതലുമുള്ളത്. ഒറ്റക്കുട്ടിയാണെങ്കില്‍ ഉലക്ക കൊണ്ടടിച്ച് വളര്‍ത്തണം എന്ന ചൊല്ല് കേട്ടിട്ടില്ലേ! മര്‍ദ്ദിച്ച് വളര്‍ത്തേണ്ടതിനെപ്പറ്റി ഇത്തരം നിരവധി ചൊല്ലുകളുണ്ട്.

അനുസരിപ്പിക്കാനും പരിശീലിപ്പിക്കാനുമായി, മര്‍ദ്ദക സ്വഭാവമുള്ള ഫ്യൂഡല്‍ മൂല്യ തത്വങ്ങള്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധങ്ങളിലും രക്ഷകര്‍ത്താക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങളിലും തുടരുക തന്നെയാണ്. നവ സാങ്കേതിക വിദ്യയുടേയും വിജ്ഞാന വിപ്ലവത്തിന്റേയും കാലത്തും നമ്മുടെ സ്‌കൂളുകളിലും വീടുകളിലും പൊതുവേ ഊട്ടിയുറപ്പിക്കുന്നത് ശിക്ഷയും അനുസരണയും സംബന്ധിച്ച ജന്മി കുടിയാന്‍ ബന്ധങ്ങളും പദവി നിലകളുമാണ്. കുട്ടികളെ പൗരരായി അംഗീകരിക്കാനും സമനിലയില്‍ കാണാനും അറിവുകള്‍ പങ്കുവെച്ചു നല്‍കാനും അവരില്‍ നിന്ന് ചിന്തകളും അഭിപ്രായങ്ങളും എടുക്കാനും കഴിയുന്ന ജനാധിപത്യബോധത്തിന്റെ അഭാവമാണ് പ്രശ്നങ്ങളെ സങ്കീര്‍ണ്ണമാക്കുന്നത് എന്ന് തിരിച്ചറിയണം. 

അധ്യാപകരുടേയും രക്ഷകര്‍ത്താക്കളുടേയും മുന്നില്‍ നില്‍ക്കുന്ന കുട്ടികള്‍ എത്ര നിസ്സഹായരും അധികാര രഹിതരുമാണ്! തീര്‍ത്തും അനാരോഗ്യകരമായ നിലയാണിത്. ഇതു മാറിയേ പറ്റൂ.ആ അദ്ധ്യാപകനെ വാര്‍ത്തെടുത്തത് നമ്മുടെ പൊതു വിദ്യാഭ്യാസ വ്യവസ്ഥയാണ്. ആ വിദ്യാര്‍ത്ഥിക്ക് ഈ ശിക്ഷയെക്കുറിച്ച് അന്ന് പരാതിപ്പെടാനും പരിഹരിക്കാനും കഴിയുന്ന തരത്തില്‍ സ്‌കൂള്‍, കുടുംബ സംവിധാനത്തിന്റെ പിന്തുണകള്‍ ഉണ്ടായിട്ടില്ല.

placeholder
ഫോട്ടോ:പ്രദീപ് എന്‍ എം

അധ്യാപകന്റെ ശിക്ഷയ്ക്കു നേരെയുള്ള പ്രതികാര ബുദ്ധിയെ സ്വയം അതിജീവിക്കാന്‍ സാധിക്കുന്ന തരം സ്വയം കരുതലിനുള്ള മാനസിക വികാസത്തിലേക്ക് എത്തിച്ചേരാന്‍ 20 വയസ്സിലും അവന് സ്വയം സാധിച്ചതുമില്ല. 

ഒരുപക്ഷേ ഈ പ്രതികാരദാഹത്തെക്കുറിച്ച് ആ വിദ്യാർഥി പങ്കുവെച്ചപ്പോൾ അയാളെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തിട്ടുണ്ടാം. ഇതൊരു പൊതു നിലയായി തുടരുമ്പോഴും കുട്ടികളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അദ്ധ്യാപകരും എക്കാലത്തും ഉണ്ട്. അവരുടെ സമ്പത്ത് എക്കാലവും അവരുടെ ശിഷ്യരായിരിക്കുകയും ചെയ്യും. സ്നേഹവും ആത്മാര്‍ത്ഥതയും അറിവും അവര്‍ കുട്ടികള്‍ക്ക് നിരുപാധികം പകര്‍ന്നു നല്‍കുന്നു. അദ്ധ്യാപനം അവര്‍ക്ക് യാന്ത്രികമായ തൊഴിലോ കുട്ടികളുടെ മേല്‍ അധികാരം സ്ഥാപിക്കലോ അല്ല. അതിനാല്‍ അവരുടെ സ്നേഹ, ജ്ഞാന നിക്ഷേപം എത്രയോ ഇരട്ടിയായി ശിഷ്യരുടെ ഉള്ളില്‍ കിടന്ന് പെരുകുകയും അവര്‍ സമൂഹത്തിലെ മറ്റുള്ളവരോട് കരുതലും സ്നേഹവുമുള്ള മനുഷ്യരായിത്തീരുകയും ചെയ്യും.