
കോടതി പ്രതിയെ വെറുതെ വിട്ടാലും നീതിബോധമുള്ള ജനങ്ങളുടെ മനസ്സില്‍ ഫ്രാങ്കോ കുറ്റവാളിയായിത്തന്നെ തുടരും. ഒരു മത സമൂഹത്തിന്റെ ബിഷപ്പ് ആയിരിക്കാന്‍ യോഗ്യതയില്ലാത്ത ഒരു ലൈംഗിക കുറ്റവാളി എന്ന നിലയില്‍ മാത്രമേ അയാളുടെ ലൈംഗിക പീഡനത്തിനിരയായ കന്യാസ്ത്രീയുടെ പക്ഷത്തു നിന്നു കൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്ക് ഫ്രാങ്കോയെ കാണാനാവൂ. സത്യമോ നീതിയോ അല്ല, സ്വാധീനവും അനീതിയുമാണ് ഈ കേസില്‍ പുറപ്പെടുവിച്ച വിധിയിലൂടെ ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. ഫ്രാങ്കോയെ വെറുതെ വിട്ട വിധിയെ നീതിബോധമുളളവരാരും അംഗീകരിക്കുന്നില്ല.
യഥാര്‍ത്ഥത്തില്‍ കോടതികള്‍ എന്തിനുള്ളതാണ്? കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനും പരസ്യമായി മാധ്യമങ്ങളിലൂടെ പക്ഷപാതപരമായ ഈ വിധിയെക്കുറിച്ച് വിമര്‍ശനം തുറന്നു പറഞ്ഞു. ഫ്രാങ്കോ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്താനുള്ള തെളിവുകള്‍ ധാരാളമുണ്ടായിട്ടും ജഡ്ജി പരിഗണിച്ചിട്ടില്ല എന്നതാണ് ഉയര്‍ന്നിട്ടുള്ള വിമര്‍ശനം. മാത്രമല്ല, മത പൗരോഹിത്യ വ്യവസ്ഥയുടെ കീഴില്‍ ആഗ്രഹിക്കും വിധം സ്വാതന്ത്ര്യമോ പുരുഷാധികാരത്തെ എതിര്‍ക്കാനുള്ള ഇടമോ ഇല്ലാത്ത കന്യാസ്ത്രീയെ വിശ്വസിക്കാതിരിക്കാനും കുറ്റകൃത്യം കന്യാസ്ത്രീയുടെ മേല്‍ കണ്ടെത്താനുമുള്ള വ്യഗ്രതയാണ് വിധിയില്‍ വായിച്ചെടുക്കാനാവുന്നത്. സ്ത്രീനീതിയെക്കുറിച്ച് അല്പം പോലും ബോധമില്ലാത്ത ജഡ്ജിമാർ ലൈംഗിക കുറ്റകൃത്യങ്ങളിന്‍മേലുള്ള കേസുകളില്‍ വിധി പറയരുത്. ഇത്തരം ജഡ്ജിമാരെ സ്ത്രീകള്‍ക്ക് ആവശ്യമില്ല. സ്ത്രീകള്‍ തങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളില്‍ പരാതിയുമായി കോടതികളില്‍ പോകുന്നതെന്തിനാണ് എന്ന വലിയ നിരാശയും നിസ്സഹായതയും വേദനയും രോഷവും ഈ വിധിയെത്തുടര്‍ന്ന് നിരവധി സ്ത്രീകളെ ബാധിച്ചിരിക്കുന്നുവെന്നു പറയാതെ വയ്യ.

നീതിയാണ് പ്രതീക്ഷിക്കുന്നത്, അനീതിയല്ല
ഫ്രാങ്കോ തനിക്കു നേരെ പതിമൂന്നു തവണ നടത്തിയ ലൈംഗിക ആക്രമണത്തിനെതിരെയാണ് ഗതികെട്ട് കന്യാസ്ത്രീ പരാതിപ്പെട്ടത്. ഇത്തരം കേസുകളില്‍ പരസ്യമായി പരാതികള്‍ നല്‍കാനുള്ള കാലതാമസത്തെ സ്ത്രീപക്ഷത്തുനിന്ന് വ്യാഖ്യാനിക്കാനും ന്യായീകരിക്കാനുമുള്ള നിയമം നമുക്കുണ്ട്. നിര്‍ഭയ കേസിനു ശേഷം 2013-നു മുമ്പുണ്ടായിരുന്ന ബലാത്സംഗ നിര്‍വ്വചനമല്ല ഇന്ന് നിയമത്തിലുള്ളത്. ഫ്രാങ്കോ നടത്തിയിട്ടുള്ളത് ബലാത്സംഗമാണ് എന്ന് കണ്ടെത്താന്‍ ജഡ്ജിക്ക് കഴിയാതിരുന്നത് നിയമത്തിന്റെ പിന്‍ബലമില്ലാഞ്ഞിട്ടല്ല എന്ന് സാരം.
കന്യാസ്ത്രീയുടെ കേസില്‍ പ്രോസിക്യൂഷന്‍ അപ്പീലിന് പോകുമ്പോള്‍ ഇനി എന്താണ് സംഭവിക്കുക? വലിയ ആകാംക്ഷയുണ്ട്. പണത്തിന്റേയും അധികാരത്തിന്റേയും സ്വാധീനം ജയിക്കുകയും അനീതി വാഴുകയും ചെയ്യുന്നത് സ്ത്രീനീതി എന്നത് നിയമങ്ങളില്‍ നോക്കുകുത്തിയായി മാറുമ്പോഴാണ്. ഈ അനുഭവം പുതിയതല്ല. സൂര്യനെല്ലി, വിതുര സെക്സ് റാക്കറ്റ് കേസുകളുടെ വിധികള്‍ ജനങ്ങളുടെ മുമ്പിലുണ്ട്. ആ കേസിലും പ്രതികള്‍ ഉന്നതരായിരുന്നു. മത, രാഷ്ട്രീയ സ്വാധീനവും സമ്പത്തുമുള്ളവര്‍. ഉന്നതരായ പ്രതികളെ രക്ഷപ്പെടുത്തുന്ന വിധികള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത, നിയമങ്ങളെ സ്ത്രീപക്ഷത്തു നിന്ന് വ്യാഖ്യാനിക്കാനും അതിനനുസരിച്ച് തെളിവുകളെ ഉപയോഗപ്പെടുത്തി നീതി സ്ഥാപിക്കുന്ന നിയമവിദഗ്ദധരെയാണ് സ്ത്രീപീഡന കേസുകളില്‍ ജഡ്ജിമാരായി വരേണ്ടത്. ഈ കേസില്‍ കന്യാസ്ത്രീയുടെ മൊഴികളെ അവിശ്വസിക്കുന്ന തരത്തിലാണ് വിധി വന്നിട്ടുള്ളത്.

അവള്‍ക്കൊപ്പം
കന്യാസ്ത്രീയുടെ കേസില്‍ നടന്ന വിധി പോലെയായിരിക്കുമോ നടിക്കു നേരെ നടന്ന ആസൂത്രിത ലൈംഗികാക്രമണ കേസിലും വിധി വരിക എന്ന ആശങ്കയിലും ഭയത്തിലുമാണ് ഇന്ന് ഞങ്ങള്‍ കാത്തിരിക്കുന്നത്. നടിക്കു നേരെ വ്യക്തിപരമായ പകപോക്കാനായി ഈ കുറ്റകൃത്യം ആസൂത്രണം നടത്തിയെന്ന് ആരോപിതനായ പ്രതി നടന്‍ ദിലീപും സമ്പന്നനാണ്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളോടെ ഉണ്ടായിട്ടുള്ള പുതിയ തെളിവുകളുടേയും അന്വേഷണങ്ങളുടേയും പശ്ചാത്തലത്തില്‍, വിചാരണകോടതിയിലെ ജഡ്ജിയുടെ ഇടപെടലുകള്‍ കണ്ട് നഷ്ടപ്പെട്ടു പോയിരുന്ന പ്രതീക്ഷകള്‍ വീണ്ടും ഈ കേസ് ഉറ്റു നോക്കുന്ന സ്ത്രീകള്‍ക്ക് തിരിച്ചു കിട്ടാന്‍ തുടങ്ങിയതാണ്. അഞ്ചു വര്‍ഷമായി നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ നടി നേരിട്ടിട്ടുള്ള നഷ്ടങ്ങളുടെ, വേദനകളുടെ കൂടി ആഴം മനസ്സിലാക്കി വിധി പറയുന്ന ഒരു ജഡ്ജിയെയാണ് ഞങ്ങള്‍ ഈ കേസിലും ആഗ്രഹിക്കുന്നത്. പ്രതികൾ കുറ്റവാളികളെന്ന് വിധിക്കപ്പെടുമ്പോള്‍ മാത്രമേ സിനിമാ മേഖലയില്‍ തൊഴിലെടുക്കുന്ന മുഴുവന്‍ സ്ത്രീകളുടേയും സുരക്ഷിതത്വവും മനുഷ്യാവകാശങ്ങളും ഉറപ്പാക്കാനാവുന്ന ഒരു വിധിയായി അതു മാറുകയുള്ളു.
ആക്രമിക്കപ്പെട്ട എല്ലാ സ്ത്രീകളും പരസ്യമായി പരാതിപ്പെടാന്‍ ധൈര്യപ്പെടുന്നതോടെ അതിജീവിതയായി മാറാനുള്ള ശേഷിയാണ് ആര്‍ജ്ജിക്കുന്നത്. ആക്രമണം നിശ്ശബ്ദമായി സഹിക്കുന്നവര്‍ക്ക് കൂടി തങ്ങളുടെ അനുഭവങ്ങള്‍ തുറന്ന് പറയാനുള്ള സാമൂഹ്യ സാഹചര്യം അവര്‍ സൃഷ്ടിക്കുന്നു. സ്ത്രീ നീതിക്കു വേണ്ടിയുള്ള അവരുടെ പോരാട്ടത്തില്‍ സ്ത്രീസമൂഹമാകെ അതിന്റെ ഗുണഫലം അനുഭവിക്കുന്നവരായി മാറുന്നു. പക്ഷേ, കുറ്റവാളികളെ രക്ഷപ്പെടുത്തുകയും അതിജീവിതകളെ പരാജയപ്പെടുത്തുകയും ചെയ്യുന്ന വിധത്തില്‍ വിധികള്‍ വരുമ്പോള്‍ സ്ത്രീലോകത്തെ മുഴുവനും പരാജയപ്പെടുത്തുകയും പുരുഷാധികാരത്തെ ഉറപ്പിച്ചെടുക്കുകയുമാണ് കോടതി വിധികളിലൂടെ ചെയ്യുന്നത്. അതിനാല്‍, ലൈംഗിക കുറ്റകൃത്യ കേസുകളില്‍ പുരുഷാധിപത്യ മൂല്യബോധമുള്ളവരും അധികാര, സാമ്പത്തിക സ്വാധീനങ്ങള്‍ക്ക് വഴങ്ങുന്നവരുമായ ജഡ്ജിമാര്‍ വിധി പറയാനിട വരരുത്. കോടതികളില്‍ \നിന്ന് നീതിയാണ് ആക്രമിക്കപ്പെട്ട പരാതിക്കാരായ സ്ത്രീകള്‍ പ്രതീക്ഷിക്കുന്നത്, അനീതിയല്ല.
ബിന്ദു അമ്മിണിയുടെ ലിംഗനീതി സമരം
ബിന്ദു അമ്മിണി ശബരിമലയില്‍ കയറിയത് വ്യക്തിപരമായ കാര്യത്തിനല്ല. ഈ രാജ്യത്തെ സ്ത്രീകള്‍ക്ക് അവകാശപ്പെട്ട തുല്യനീതി, ഭരണഘടനയുടേയും സുപ്രീം കോടതി വിധിയുടേയും അടിസ്ഥാനത്തില്‍ സ്ഥാപിച്ചെടുക്കാനുള്ള സാമൂഹ്യമായ മാറ്റത്തിനു വേണ്ടിയാണ്. അതിനാല്‍ ബിന്ദുവിനെ ആക്രമിക്കുമ്പോള്‍ ലിംഗനീതിക്കു വേണ്ടി സ്ത്രീപുരുഷതുല്യതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന മുഴുവന്‍ സ്ത്രീകളുമാണ് ആക്രമിക്കപ്പെടുന്നത്. ബിന്ദുവിനു നേരെയുള്ള സംഘപരിവാര്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍, അവര്‍ ശിക്ഷിക്കപ്പെടാതിരുന്നാൽ തോറ്റു പോകുന്നത് ബിന്ദുവല്ല, സ്വാതന്ത്ര്യം ജന്മാവകാശമാണെന്ന് കരുതുന്ന മുഴുവന്‍ സ്ത്രീകളാണ്.
ബിന്ദു അമ്മിണിക്ക് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമുള്ള പോലീസ് പ്രൊട്ടക്ഷന്‍ ഫലപ്രദമായി നല്‍കാതിരുന്ന കാലയളവില്‍ മൂന്നു തവണ ബിന്ദു ക്രിമിനലുകളാല്‍ ആക്രമിക്കപ്പെട്ടു. രണ്ടു തവണയും പരാതിപ്പെട്ടിട്ടും പോലീസ്, അക്രമികളെ അറസ്റ്റ് ചെയ്യുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ല. മറിച്ച് പോലീസിന്റെ സഹായവും പിന്തുണയും കിട്ടിയത് അക്രമികള്‍ക്കാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ബിന്ദുവിന്റെ നേരെ നടന്ന അക്രമത്തിന്റെ നടുക്കുന്ന ദൃശ്യം എല്ലാവരും കണ്ടു. ആ പ്രതിയെ അറസ്റ്റു ചെയ്ത് കേസ് എടുത്തതു പോലെ, ബിന്ദുവിനെ നേരത്തേ ആക്രമിച്ച പ്രതികള്‍ക്കു നേരെയും വധശ്രമത്തിന് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യേണ്ടതാണ്. എങ്കില്‍ മാത്രമേ ബിന്ദുവിന് നീതി ലഭിക്കുകയുള്ളു.
ബിന്ദുവിന് ശക്തമായ സുരക്ഷ നല്‍കുമ്പോള്‍ ലിംഗനീതിയാണ് സ്ഥാപിക്കപ്പെടുന്നത് എന്നാണ് സര്‍ക്കാര്‍ മനസ്സിലാക്കേണ്ടത്. ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല ഇത്തരത്തിലുള്ള കേസുകള്‍. ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോള്‍ മറ്റെല്ലാ സ്ത്രീകളുമാണ് ആക്രമണത്തിന്റെ ഭീഷണി നേരിടുന്നത്. ഈ തിരിച്ചറിവ് പ്രാഥമികമായി സര്‍ക്കാരിനും ഭരണകൂട സ്ഥാപനങ്ങള്‍ക്കും ഉണ്ടാവണം.
content highlights: CS Chandrika writes about Franco case, Dileep case and Bindu ammini attack
Published: 18 Jan 2022, 09:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented