ലിവിങ് ടുഗതര്‍ നിയമപരമായ വിവാഹമായി കാണാനാവില്ലെന്നും അതിനാല്‍ വിവാഹമോചന ഹര്‍ജി നിലനില്‍ക്കില്ലെന്നും കഴിഞ്ഞ ജൂണ്‍ എട്ടിന് കേരള ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ 17 വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്നും രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം കരാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അത് നിയമപരമായ അംഗീകാരമാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുകയുണ്ടായി. എന്നാല്‍, ലിവിങ് ടുഗദര്‍ ബന്ധങ്ങൾക്ക് കോടതികളിലൂടെ വിവാഹമോചനം ആവശ്യപ്പെടാനാകില്ല. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമോ വ്യക്തിനിയമമോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമസാധുത ഉള്ളൂ എന്നതാണ് ഈ വിധിയിലൂടെ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇരുവരുടെയും വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബ കോടതി തള്ളിയതിനെതിരേ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.
എന്താണ് ലിവിങ് ടുഗദര്‍
രണ്ടു വ്യക്തികള്‍ വിവാഹം കഴിക്കാതെ ഒരു വീടും അവരുടെ ജീവിതവും പങ്കിടാന്‍ തിരഞ്ഞെടുക്കുന്നതിനെയോ ഒരുമിച്ചു താമസിക്കുന്ന സംവിധാനത്തെയോ ആണ് ലിവിങ് ടുഗദര്‍, അഥവാ ലിവിങ് റിലേഷന്‍ എന്ന് പറയുന്നത്. ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണെന്ന് പുതുതലമുറ ചിന്തിക്കുകയാണ്. ഭാര്യ, ഭര്‍ത്താവ് എന്നതെല്ലാം അനാവശ്യമാണ് എന്ന ചിന്തയും യുവതലമുറകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു.
സ്ത്രീപുരുഷന്മാര്‍ ഒന്നിച്ച് താമസിച്ചാല്‍ റെയ്ഡുകള്‍ നടത്തി പിടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നെല്ലാം ഇമ്മോറല്‍ ട്രാഫിക്ക് ആക്ട് The Immoral Traffic (Prevention) Act 1956 അനുസരിച്ചായിരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. പക്ഷെ, ഇന്ന് അത്തരം താമസങ്ങൾക്ക് നിയമസാധുത കൈവന്നിരിക്കുന്നു. പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീയും പരസ്പര സമ്മതത്തോടുകൂടി ഒരുമിച്ച് താമസിച്ചാല്‍ അത് ഇമ്മോറല്‍ ആക്ടോ ഏതെങ്കിലും തരത്തിലുള്ള ഒരു കുറ്റകൃത്യമായോ കണക്കാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി ലത സിങ്ങിന്റെ കേസില്‍ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (Latha Singh Vs.State of UP). ഇപ്പോള്‍ ഇത് ഇന്ത്യയില്‍ കുറ്റകരമല്ല മറിച്ച് നിയമവിധേയമാണ്. ഇങ്ങനെ താമസിക്കുന്നതിനെതിരായി യാതൊരുവിധ നിയമനടപടികളും നിലനില്‍ക്കുന്നതല്ല.കൂടാതെ ആരെങ്കിലും തടസ്സപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ നിയമപരമായ പരിഹാരം തേടാവുന്നതാണ്.
ആര്‍ക്കൊക്കെ ലിവ് ഇന്‍ റിലേഷനില്‍ ഏര്‍പ്പെടാന്‍ കഴിയും ?.
- ഏര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും 18 വയസ്സ് തികഞ്ഞിരിക്കേണ്ടതാണ്.
- സ്വമനസ്സാലെ ആയിരിക്കണം ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പടേണ്ടത്. അല്ലാതെ പരപ്രേരണ മൂലമോ ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയോ സമ്മതം നല്‍കുന്നത് ആയിരിക്കരുത്.
- ഇതില്‍ ഏര്‍പ്പെടുന്നവര്‍ സ്ഥിരബുദ്ധി (Sound Mind) ഉള്ളവരായിരിക്കണം.
- ഇത് ഗേ, ലസ്ബിയന്‍ എന്നിവയ്ക്ക് കൂടി ബാധകമാണ്.
- കല്യാണം കഴിഞ്ഞവര്‍ക്കും ലിവിങ് റിലേഷന്‍സ് ആകുന്നതിന് നിയമപരമായ തടസ്സം ഇല്ല. ഇപ്രകാരം ജീവിക്കുന്ന ആരായാലും (ഭാര്യ /ഭര്‍ത്താവ്) ഇത് അവരുടെ ലീഗല്‍ പാര്‍ട്ണേഴ്സിന് ഫാമിലി കോടതിയില്‍നിന്ന് ഡിവോഴ്‌സ് ലഭിക്കുവാനുള്ള ശക്തമായ ഒരു കാരണം കൂടിയാണ്.
നിയമവശങ്ങള്‍
- ഇത്തരം ബന്ധങ്ങളില്‍ പുരുഷന് ഭര്‍ത്താവ് എന്ന പദവിയോ സ്ത്രീക്ക് ഭാര്യ എന്ന പദവിയോ കിട്ടുന്നതല്ല.
- നിയമപരമായി വിവാഹിതരായ ആളുകള്‍ക്ക് വേര്‍പിരിയണമെങ്കില്‍ കോടതി വഴിയുള്ള ഡിവോഴ്‌സ് ആവശ്യമാണ്. ഇവിടെ നിയമപരമായ വിവാഹം അല്ലാത്തതുകൊണ്ട് അതിന്റെ ആവശ്യം വരുന്നില്ല. പങ്കാളികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വേര്‍പിരിയാവുന്നതാണ്.
- രജിസ്‌ട്രേഷനും മറ്റും ആവശ്യമില്ലാത്തതുകൊണ്ട് യാതൊരുവിധ രേഖയും കയ്യില്‍ സൂക്ഷിക്കേണ്ടതില്ല.
- ഒരു ആണ്‍കുട്ടിക്ക് വിവാഹപ്രായം 21 വയസ്സും പെണ്‍കുട്ടിക്ക് വിവാഹപ്രായം 18 വയസ്സും ആണ് . എന്നിരുന്നാലും 18 തികഞ്ഞ സ്ത്രീക്കും പുരുഷനും ഒന്നിച്ച് താമസിക്കുന്നതിന് തടസ്സം ഒന്നുമില്ല. പക്ഷേ, വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പ്രസ്തുത പ്രായപരിധി തികയണം എന്ന് മാത്രം.
- ഇനി കുട്ടികളുടെ കാര്യം എടുത്താല്‍ ഒരു വിവാഹബന്ധത്തിന്‍ ജനിച്ച കുട്ടിക്ക് കിട്ടുന്ന എല്ലാ നിയമപരമായ ആനുകൂല്യങ്ങളും ലിവിങ് റിലേഷനില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് കിട്ടുന്നതാണ്.
- അച്ഛന്റെ കയ്യില്‍നിന്നും മെയിന്റനന്‍സ് മേടിക്കാനുള്ള അവകാശം, അച്ഛന്റെയും അമ്മയുടെയും സ്വത്തുക്കളിന്മേലുള്ള അവകാശം തുടങ്ങിയവ ഇത്തരം റിലേഷനുകളില്‍ ജനിക്കുന്ന കുട്ടികള്‍ക്കുമുണ്ടായിരിക്കും.
- സ്ത്രീകള്‍ക്ക് പങ്കാളിയില്‍നിന്ന് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ എല്ലാം തന്നെ ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ (Protection of Women from Domestic violence Act,2005) ആക്ടിന്റെ പരിധിയില്‍ വരുന്നതാണ്. കൂടാതെ പോലീസ് സ്റ്റേഷനിലും സ്ത്രീകള്‍ക്ക് പരാതി കൊടുക്കാവുന്നതാണ്.
- ദീര്‍ഘകാലം ഒരുമിച്ച് താമസിച്ചിട്ടുള്ള ഒരു ബന്ധത്തെ ഒരു കല്യാണം എന്ന അനുമാനമായി (Presumption of marriage) കാണാവുന്നതാണെന്ന് കോടതികള്‍ നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സെക്ഷന്‍ 125 Crpc പ്രകാരം സ്ത്രീക്ക് മെയിന്റനന്‍സ് അവകാശപ്പെടാവുന്നതാണ്.
ലിവിങ് റിലേഷന്റെ ഏറ്റവും വലിയ പോരായ്മ കുടുംബങ്ങളിൽനിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള പിന്തുണയുടെ അഭാവമാണ്. ഇത് ദമ്പതികൾക്ക് വളരെയധികം മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്നു.ചിലപ്പോൾ അവരുടെ ബന്ധത്തിന്റെ തകർച്ചയ്ക്കും ഇത്തരം മാനസിക സംഘർഷങ്ങൾ കാരണമായേക്കാം. കൂടാതെ ഒരു ചെറിയ വഴക്ക്, അഭിപ്രായവ്യത്യാസങ്ങൾ എന്നിവ പെട്ടെന്നുള്ള വേർപിരിയലിന് കാരണമായേക്കാം. ലിവിങ് റിലേഷൻഷിപ്പിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത് സ്ത്രീകൾ തന്നെയാണ്. അതുകൊണ്ടുതന്നെ ലിവിങ് ടുഗതർ എന്ന തീരുമാനം വളരെ ആലോചിച്ച് എടുക്കേണ്ട ഒന്നാണ്.
ചാന്‍മുനിയ Vs. വിരേന്ദ കുമാര്‍ സിംഗ് എന്ന കേസില്‍ ദീര്‍ഘകാലം ഒന്നിച്ച് ജീവിക്കുകയും ദാമ്പത്യത്തിന്റെ എല്ലാ ബാധ്യതകളും നിറവേറ്റുകയും ചെയ്യുന്നുവെങ്കില്‍ അവര്‍ നിയമപരമായി വിവാഹിതര്‍ അല്ലെങ്കില്‍ പോലും ഭര്‍ത്താവില്‍നിന്നു ചെലവിന് ലഭിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുമെന്ന് സുപ്രീം കോടതി 2010-ല്‍ വ്യക്തമാക്കുകയുണ്ടായി. ലിവിങ് ടുഗതര്‍ ആണെങ്കിലും മാരേജ് ആണെങ്കിലും പങ്കാളികളുടെ പക്വത പോലെയായിരിക്കും തുടര്‍ന്നുള്ള ജീവിതവും.
( ക്രിമിനോളജിസ്റ്റും ഹൈക്കോടതി അഭിഭാഷകനുമാണ്)
Content Highlights: living together, law point, social, legal sides, marriage, unmarried couple, live in relationship
Published: 08 Jul 2023, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented