നിറയെ കഥകളാണ് മനുഷ്യജീവിതം. നല്ലതിന്റെയും ചീത്തയുടെയും സഹനത്തിന്റെയും പ്രയാസങ്ങളുടെയും വിജയങ്ങളുടെയും കഥകളുടെ വലിയ ശേഖരം. നമ്മുടെ കഥ എത്രത്തോളം ഫലപ്രദമായി പറയുന്നുവെന്നത് നമ്മുടെ പശ്ചാത്തലവും അനുഭവങ്ങളും എത്ര ആഴത്തില്‍ പ്രതിഫലിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മറ്റുള്ളവരുടെ കഥകളോട് നാം എത്ര മനസ്സു തുറക്കുന്നുവോ അത്രയും വൈവിധ്യങ്ങളെ നാം അറിയുന്നു. മറ്റുള്ളവരുടെ കഥകള്‍ നാം എത്രമേല്‍ അവരുടെ കണ്ണുകളിലൂടെ കാണുന്നുവോ അത്രയും വ്യത്യാസങ്ങള്‍ നാം അനുഭവിക്കുന്നു. ഓരോ കഥയോടും നാം എത്രത്തോളം ക്ഷമയുള്ളവരാകുന്നുവോ, സഹിഷ്ണുതയിലേക്കുള്ള യാത്രയില്‍ നാം അത്രത്തോളം ഏകീകൃതരാകുന്നു.
സംസ്‌കാരം, ഭാഷ, നിറം, വംശീയത, മതം, വിശ്വാസം എന്നിവയില്‍ അങ്ങേയറ്റം വൈവിധ്യം ഉള്‍ക്കൊള്ളുന്ന ഇടമാണ് ഇന്ത്യ. ചിന്തകളും കാഴ്ചപ്പാടുകളും മാറ്റിയെഴുതുന്നതിനും പുതിയവ രൂപപ്പെടുത്തുന്നതിനുമുള്ള ആദ്യപാഠങ്ങള്‍ നല്‍കേണ്ടത് ക്ലാസ് മുറികളില്‍നിന്നാണ്. വിദ്യാഭ്യാസം, പരിധികളില്ലാത്ത, ഉയര്‍ന്ന തലത്തിലുള്ള അറിവിലേക്കും ജ്ഞാനത്തിലേക്കും സഞ്ചരിക്കുന്നതിന്, അത് നല്‍കുന്നവര്‍ കാലാനുസൃതമായ മാറ്റത്തിനായി സദാ സന്നദ്ധരാകേണ്ടതുണ്ട്.
സ്‌കൂളുകളിലെ വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും സ്വീകരിക്കുകയുമാണ് ഏറ്റവും പ്രധാനം. ക്ലാസ്മുറികള്‍ വൈവിധ്യപൂര്‍ണമാകുമ്പോള്‍ വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്മെന്റും ജീവനക്കാരും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഇവിടെ മാറ്റത്തിന് നേതൃത്വം നല്‍കേണ്ടത് പ്രിന്‍സിപ്പല്‍മാരും സ്ഥാപന മേധാവികളുമാണ്. സമത്വത്തിലും സാമൂഹികനീതിയില്ലും ഊന്നിയും വിദ്യാര്‍ഥികേന്ദ്രിതവുമായാണ് വൈവിധ്യം കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പാക്കേണ്ടവര്‍ അവരാണ്. വ്യത്യസ്തമായ സാമൂഹിക ബന്ധങ്ങളും ചായ്വുകളും സാമ്പത്തിക പശ്ചാത്തലങ്ങളും ലിംഗഭേദങ്ങളും സംസ്‌കാരരീതികളുമെല്ലാം ഒരാളുടെ സാമൂഹികവും വ്യക്തിപരവുമായ ജീവിതത്തില്‍ എങ്ങനെ വെല്ലുവിളിയാകുന്നുവോ അതുപോലെത്തന്നെ അവ ക്ലാസ്മുറികളെയും സങ്കീര്‍മാക്കുന്നു.
എന്നിരുന്നാലും, വൈവിധ്യമാര്‍ന്ന പഠനങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും ഐക്യത്തെപ്പറ്റി മനസ്സിലാക്കുന്നതിനും അത് പ്രോത്സാഹിപ്പിക്കുന്നതിനും സ്‌കൂള്‍/ക്ലാസ്മുറികളുടെ അന്തരീക്ഷം പ്രധാന പങ്കുവഹിക്കുന്നു. മനുഷ്യരെ അവരുടെ യഥാര്‍ഥ രൂപത്തില്‍ മനസ്സിലാക്കാനും ബഹുമാനിക്കാനും ക്ലാസ്മുറികളില്‍ വൈവിധ്യം അനിവാര്യമാണ്. മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പുതിയ ജീവിതരീതികളുമായി പൊരുത്തപ്പെടാന്‍ അത് കുട്ടികളെ സഹായിക്കുന്നു. ക്ലാസ് മുറികളില്‍ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിലും ക്രിയാത്മകമായ സാംസ്‌കാരികാവബോധം സൃഷ്ടിക്കുന്നതിനും പ്രധാന പങ്കുവഹിക്കുന്നവരാണ് അധ്യാപകര്‍. ചുറ്റും കാണുന്ന വ്യത്യാസങ്ങളെ സ്വാഗതംചെയ്യാനും നിറത്തിനും ജാതിക്കും അതീതമായി കാണാനും ഇത് കുട്ടികളെ പ്രേരിപ്പിക്കുകയും വ്യക്തിയെയും സമൂഹത്തെയും അവരായിത്തന്നെ അംഗീകരിക്കാന്‍ ശീലിപ്പിക്കുകയും ചെയ്യുന്നു.
സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും ക്ലാസ്മുറികളെ എങ്ങനെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഇടങ്ങളാക്കി മാറ്റാം ?
എല്ലാ സാമൂഹിക, സാമ്പത്തിക ചുറ്റുപാടില്‍നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്കുമായി വിദ്യാലയങ്ങള്‍, പ്രത്യേകിച്ചും സ്വകാര്യ ഉടമസ്ഥതയിലുള്ളവ, വാതിലുകള്‍ തുറന്നിടുമ്പോള്‍ മാത്രമാണ് വൈവിധ്യം തുടങ്ങുന്നത്. വിദ്യാഭ്യാസ അവകാശ നിയമം(ആര്‍.ടി.ഇ. ആക്ട്) നിലവിലുള്ള സാഹചര്യത്തിലും വ്യത്യസ്ത പശ്ചാത്തലത്തിലുള്ള കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നത് ഉള്‍ക്കൊള്ളാന്‍ എത്ര സ്‌കൂളുകളും അധ്യാപകരും രക്ഷിതാക്കളും തയ്യാറാണെന്നത് നാം സ്വയം ചോദിക്കേണ്ടതാണ്. ഇവിടെയാണ് മാറ്റത്തിന്റെ പ്രസക്തി. മാറ്റം തുടങ്ങേണ്ടത് നമ്മള്‍ ഓരോരുത്തരില്‍ നിന്നുമാണ്.
സ്‌കൂളുകളില്‍ നിലനില്‍ക്കുന്ന ലിംഗാടിസ്ഥാനത്തിലുള്ള വേര്‍തിരിവാണ് ആദ്യം മാറേണ്ടത്. വേരുറച്ചുപോയ തെറ്റായ ലിംഗ പക്ഷപാതങ്ങളെയും സ്റ്റീരിയോടൈപ്പുകളെയും ഇത് കുട്ടികളില്‍ ഉറപ്പിക്കുന്നുണ്ട്. ലിംഗാടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങള്‍, ശാരീരികമായ വ്യത്യാസങ്ങള്‍ എന്നിവ പഠനത്തില്‍ ഉള്‍പ്പെടുത്തുന്നത് മുന്‍വിധികളില്ലാതെ അവയെ അംഗീകരിക്കാനും ബഹുമാനിക്കാനും ശീലിപ്പിക്കുന്നു. വിദ്യാര്‍ഥികളുടെ ലിംഗാധിഷ്ഠിത വിഭജനം (ആണ്‍കുട്ടികളുടെ സ്‌കൂള്‍/പെണ്‍കുട്ടികളുടെ സ്‌കൂള്‍) പലരിലുമുള്ള അപകടകരമായ ചിന്താരീതികളെ കൂടുതല്‍ വിനാശകരമാക്കുകയും തെറ്റായി നയിക്കുകയും ചെയ്യുന്നു.
കുട്ടികള്‍ക്ക് അവര്‍ വരുന്ന വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങള്‍ അറിയാനും മനസ്സിലാക്കാനും അവസരമൊരുക്കുകയും ഈ വ്യത്യാസങ്ങളെ വിലമതിക്കാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യുക. ക്ലാസ്മുറിയിലേക്ക് വൈവിധ്യം കൊണ്ടുവന്നതിന് അവരെ അഭിനന്ദിക്കുക. ഭിന്നവിഭാഗത്തില്‍പ്പെട്ട ഒരു ഗ്രൂപ്പല്ലെങ്കില്‍, അവര്‍ക്കായി മോക്ക് സെഷനുകള്‍ സൃഷ്ടിക്കുകയും വ്യത്യസ്ത ചിന്താഗതിയും ജീവിതവും മനസ്സിലാക്കാന്‍ കഴിയുന്ന റോള്‍ പ്ലേ ആക്ടിവിറ്റികള്‍ പരിശീലിപ്പിക്കുകയും ചെയ്യാം.
അധ്യാപകന്‍ കുട്ടിയുടെ വിശ്വസ്ത ശ്രോതാവായിരിക്കണം. വ്യക്തിപരമോ സാമൂഹികമോ ആയ പ്രശ്‌നം നേരിടുമ്പോഴെല്ലാം കുട്ടികള്‍ സമീപിക്കുന്നത് ക്ഷമയോടും മുന്‍വിധികളില്ലാതെയും ശ്രദ്ധിക്കുന്ന അധ്യാപകരെയാണ്. കുട്ടിയുടെ പഠനശൈലിയും പരിതഃസ്ഥിതിയും മനസ്സിലാക്കാന്‍ അധ്യാപകര്‍ പരിമിതികള്‍ക്കപ്പുറത്തേക്ക് ശ്രമിക്കേണ്ടതുണ്ട്. കുട്ടികളോടുള്ള അധ്യാപകരുടെ ഈ പരിചയം അവരില്‍ ആത്മവിശ്വാസം നിറയ്ക്കുന്നു. കൂടാതെ, വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ക്ലസ്റ്ററുകളിലൂടെ പഠനം നടപ്പാക്കുക. ഇത് വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകളും പോരായ്മകളും വിലയിരുത്താനും അനാരോഗ്യകരമായ മത്സരം കുറയ്ക്കാനും ടീം സ്പിരിറ്റ് വളര്‍ത്താനും സഹായിക്കുന്നു. അധ്യാപകന്‍ ഉപയോഗിക്കേണ്ട മറ്റൊരു പ്രധാന മാര്‍ഗം കുട്ടികളുടെ കഴിവുകളെ അവരുടെ വീടുകളുമായും അയല്‍പ്രദേശങ്ങളുമായും ബന്ധിപ്പിച്ച് ജീവിതനൈപുണി പഠനം (Life Skill Education) പ്രോത്സാഹിപ്പിക്കുകയാണ്.
വേറിട്ട ചിന്തകളെ അധ്യാപകര്‍ മുളയിലേ നുള്ളുന്നത് നാം കാണുന്നതാണ്. എന്താണ്, എന്തുകൊണ്ടാണ് എന്നീ ചോദ്യങ്ങള്‍ മാത്രമേ അധ്യാപകര്‍ പൊതുവേ പ്രോത്സാഹിപ്പിക്കാറുള്ളൂ. എന്തുകൊണ്ട് ഇല്ല, അങ്ങനെ സംഭവിച്ചാലോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അനുവദിക്കുമ്പോഴാണ് കുട്ടികള്‍ അവരുടെ പരിമിതികള്‍ക്കപ്പുറത്തേക്ക് ചിന്തിക്കുക. വിവിധ മേഖലകളില്‍ കുട്ടികള്‍ക്കുള്ള കഴിവുകളും സര്‍ഗാത്മകതയും (അവ ജനപ്രിയമാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ) വളര്‍ത്താന്‍ അധ്യാപകര്‍ പരമാവധി ശ്രമിക്കണം. കഴിവുകളെ അടിസ്ഥാനമാക്കി കരിയര്‍ തിരഞ്ഞെടുക്കാന്‍ കുട്ടികളെ അനുവദിക്കുന്നതിനുള്ള ഒരു മാര്‍ഗമാണിത്.
നീല, പിങ്ക് എന്നീ നിറങ്ങളിലൂടെ ക്ലാസ് മുറികളില്‍ ലിംഗനിര്‍വചനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് ഒരു കുട്ടിയെ പരിമിതപ്പെടുത്തുന്നു. ഇരുണ്ട, ഉയരം കുറഞ്ഞ, തടിച്ച, മെലിഞ്ഞ, നേര്‍ത്ത, കൊഴുത്ത, കഷണ്ടി എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളും വെളുത്ത നിറമുള്ള, പൗരുഷമുള്ള, ഭീരുവായ, മുടി കുറഞ്ഞ എന്നിങ്ങനെയുള്ള സംഭാഷണങ്ങളും കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും. അധ്യാപകര്‍ തമ്മിലുള്ള അത്തരം സംഭാഷണങ്ങളും ഒഴിവാക്കേണ്ടതാണ്. നമുക്കു ചുറ്റുമുള്ള സംവിധാനങ്ങള്‍ എല്ലായ്പ്പോഴും കുട്ടികള്‍ക്ക് അനുയോജ്യവും നീതിപൂര്‍വവുമായിരിക്കില്ല. ഈ തടസ്സങ്ങളിലൂടെ സഞ്ചരിക്കാന്‍ അധ്യാപകര്‍ അവരെ സഹായിക്കണം. എല്ലാ വിദ്യാര്‍ഥികള്‍ക്കും രണ്ട് രക്ഷകര്‍ത്താക്കളില്ല, എല്ലാവരുടെയും മാതാപിതാക്കള്‍ ജോലിചെയ്യുന്നവരല്ല, എല്ലാവരും വാര്‍ഷിക അവധിക്കാലം ആഘോഷിക്കുന്നവരല്ല, എല്ലാവരും സ്വന്തമായി വീടുള്ളവരല്ല, എല്ലാ രക്ഷിതാക്കളും കുട്ടികളെ മാളുകളിലേക്കോ സിനിമാ തിയേറ്ററുകളിലേക്കോ കൊണ്ടുപോകാന്‍ കഴിയുന്നവരല്ല, എല്ലാവരും ദിവസവും മൂന്നുനേരം കൃത്യമായി ഭക്ഷണം കഴിക്കാന്‍ കഴിയുന്നവരല്ല എന്ന് നമ്മള്‍ മനസ്സിലാക്കണം. ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപങ്ങള്‍, കളിയാക്കല്‍, ദുരുപയോഗം എന്നിവയോട് ഒരു തരത്തിലും സഹിഷ്ണുത പുലര്‍ത്തുന്ന സമീപനം ഉണ്ടായിരിക്കരുത്.
ഭിന്നശേഷിക്കാരെ സാധാരണ ക്ലാസ്മുറികളിലേക്ക് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് വൈവിധ്യം ഉള്‍ക്കൊള്ളുന്നതിന്റെ ഏറ്റവും പ്രധാന പാഠം. ഭിന്നശേഷിയുള്ളവരെ പിന്തുണയ്ക്കുന്നതിലും അവരെ നിലനിര്‍ത്തുന്നതിലും സ്‌പെഷ്യല്‍ സ്‌കൂളുകള്‍ അസാധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അവര്‍ ഭൂരിഭാഗം വരുന്ന 'നമ്മുടെ' ഭാഗമാകുന്നില്ലെങ്കില്‍, അവരും നമ്മളും തമ്മിലുള്ള ദൂരം ഇനിയുമിനിയും വര്‍ധിക്കുകയേയുള്ളൂ. ഉള്‍ക്കൊള്ളലിന്റെ ഒരു പരിതഃസ്ഥിതി സൃഷ്ടിക്കുന്നതിന് സഹാനുഭൂതി, ആംഗ്യഭാഷ, പിന്തുണ, ഒന്നാണെന്ന ചിന്ത എന്നിവയെക്കുറിച്ചുള്ള ക്ലാസുകള്‍ നഴ്സറി ക്ലാസുകളില്‍നിന്നുതന്നെ ആരംഭിക്കേണ്ടതുണ്ട്.
വിശാലമായ ചിന്തയുള്ളവര്‍, പുതിയ കാലത്തെ വേറിട്ട മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, അസാധാരണമായ തൊഴിലുകള്‍ ചെയ്യുന്നവര്‍ എന്നിവരെ ക്ലാസ് മുറികളിലേക്ക് കൊണ്ടുവരുകയും കുട്ടികളുമായി അടുത്തിടപഴകാന്‍ അവസരമൊരുക്കുകയും ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് പരിചയമില്ലാത്ത വൈവിധ്യങ്ങളും വ്യത്യസ്തതകളും അറിയാന്‍ അതവരെ സഹായിക്കുന്നു. അത്തരം പഠനസമീപനങ്ങള്‍ക്ക് സ്‌കൂളുകള്‍ മുന്‍കൂട്ടി അവസരങ്ങള്‍ നല്‍കണം. ഒരാള്‍ക്ക് സ്വയം വിശ്വസിക്കാനും ജീവിതത്തെ അഭിനിവേശത്തോടെ സമീപിക്കാനും കഴിയുമെന്നുള്ള തിരിച്ചറിവ് പഠനത്തിന് അനിവാര്യമാണ്. ഇത് കുട്ടികളെ സ്വപ്നം കാണാനും അവരുടെ അഭിനിവേശങ്ങളെ പരിപോഷിപ്പിക്കാനും കൂടുതല്‍ സ്വാഭാവികമായ രീതിയില്‍ അവ നിറവേറ്റാനും പ്രേരിപ്പിക്കുന്നു.
വൈവിധ്യവും ഉള്‍ച്ചേര്‍ക്കാനും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ യാത്രയില്‍ വെളിച്ചം കാട്ടുന്നത് അധ്യാപകരാകുമ്പോള്‍, ആരോഗ്യകരവും നിഷ്പക്ഷവും തുല്യവുമായ ഇടം എന്ന ആശയം സ്വപ്നച്ചിറകുകള്‍ വിട്ട് യാഥാര്‍ഥ്യമായി മാറും. പഠനാന്തരീക്ഷം വികസിപ്പിക്കുന്ന മൂല്യവര്‍ധിത വിഭവമായി വൈവിധ്യത്തെ പരിഗണിക്കണം.
(സാമൂഹികവൈകാരിക പഠനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപകയാണ് ലേഖിക) aparna@zocio.net
content highlights: Keep the diversity of classrooms