പോഷകമൂല്യങ്ങളുടെ കലവറയാണ് വാഴപ്പഴം. വാഴപ്പഴത്തിലും അതിലുപരി വാഴയിലും കാണാവുന്ന വൈവിധ്യം പലപ്പോഴും ശ്രദ്ധിക്കാതെ പോകാറുണ്ട്. ശാസ്ത്രലോകത്തിന് തന്നെ അത്ഭുതകരമാണ് വാഴയിനങ്ങളിലെ വൈവിധ്യം. ആഗോളതലത്തിൽ ആയിരത്തിലധികം വാഴയിനങ്ങളും ഇന്ത്യ മുതൽ പസഫിക് വരെ വ്യാപിച്ചുകിടക്കുന്ന ഈർപ്പമുള്ള ഉഷ്ണമേഖലാ വനങ്ങളിൽനിന്നുള്ള 75-ലധികം സ്പീഷീസുകളും ഈ വൈവിധ്യത്തിൽ ഉൾപ്പെടുന്നു. അതിൽ ചിലത്  പരിചിതമാണെങ്കിലും കൂടുതലും അജ്ഞാതമാണ്. 

To advertise here,

വാഴപ്പഴത്തിന്റെ ഉത്ഭവം തെക്കുകിഴക്കൻ ഏഷ്യയിൽ, പ്രത്യേകിച്ച് ന്യൂ ഗിനിയ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെയുള്ള ഇന്തോ-മലയൻ മേഖലയിലാണെന്ന്‌ കരുതപ്പെടുന്നു. ഭക്ഷ്യയോഗ്യമായ വാഴ ഇനങ്ങളുടെ പൂർവ്വികരായ മൂസ അക്യുമിനാറ്റ, മൂസ ബാൽബിസിയാന എന്നീ രണ്ട് കാട്ടുവാഴ ഇനങ്ങളുടെ ഉത്ഭവ കേന്ദ്രമായിട്ടാണ് ഈ പ്രദേശം കണക്കാക്കപ്പെടുന്നത്. ഏകദേശം 6,500 മുതൽ 10,000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ വാഴ വളർത്തൽ ആരംഭിച്ചതിന്റെ തെളിവുകൾ ലഭിച്ചത് ന്യൂ ഗിനിയയിലെ കുക്ക് സ്വാംപിൽനിന്നാണ്.  അവിടെനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ പഴം വ്യാപിച്ച് ഉഷ്ണമേഖലയിലെ ഒരു പ്രധാന ഭക്ഷണമായി മാറാൻ പിന്നെ താമസം ഉണ്ടായില്ലെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്.  

രൂപത്തിലും വലിപ്പത്തിലും നിറത്തിലും രുചിയിലും വാഴ ഇനങ്ങളുടെ വൈവിധ്യം കാണാൻ സാധിക്കും. ചില വാഴപ്പഴങ്ങൾ ചെറുതാണെങ്കിലും മധുരമുള്ളവയായിരിക്കും. വലുപ്പം കൊണ്ട് വ്യത്യസ്തമായവയും നാരുകൾക്കൊണ്ടും സമ്പന്നമായവയുമുണ്ട്. വാഴ ഇനങ്ങളുടെ വൈവിധ്യങ്ങൾ തേടിച്ചെന്നാൽ അത്ഭുതകരമായ കാഴ്ചകളാണ് കാണാൻ സാധിക്കുക. ആൻഡമാൻ ദ്വീപുകളിൽനിന്ന് ഓറഞ്ച് പൾപ്പോടുകൂടിയ മൂസ ഇൻഡാൻഡമാനെൻസിസ് (Musa indandamanensis) എന്ന മധുരമുള്ള വാഴപ്പഴം 2014-ൽ  കണ്ടെത്തിയതും 2024- ൽ ഇന്ത്യയിലെ അരുണാചൽ പ്രദേശിൽനിന്ന് മൂസ സിയാഞ്ചെൻസിസ് (Musa siangensis), മൂസ ബ്രാക്റ്റിയേറ്റ (Musa bracteata) എന്നീ രണ്ട് പുതിയ വാഴപ്പഴ ഇനങ്ങളെയും കണ്ടെത്തിയതും ഈ വൈവിധ്യത്തിന്റെ ഇനിയും കണ്ടെത്താനുള്ള കലവറയുടെ സൂചനയാണ്.  

placeholder
അരുണാചൽ പ്രദേശിൽ നിന്ന് കണ്ടെത്തിയ വാഴപ്പഴ ഇനവുമായി ലേഖകൻ 

മൂസ മാന്നി (Musa mannii) എന്ന സ്പീഷിസ് അതിന്റെ സ്വാഭാവിക വാസസ്ഥലമായ കാടുകളിൽ വംശനാശം സംഭവിച്ചതായി കണക്കാക്കപ്പെട്ടിരുന്നു. ബേക്കർ എന്ന ശാസ്ത്രജ്ഞൻ 1892-ൽ ജീവനുള്ള ഒരു വാഴയെ അടിസ്ഥാനമാക്കി ഈ സ്പീഷീസിനെ വിവരിച്ച ശേഷം ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞ് 2014-ൽ വടക്കുകിഴക്കൻ ഇന്ത്യയിൽ കാട്ടിൽ വളരുന്ന, വംശനാശഭീഷണി നേരിടുന്ന മൂസ മാന്നിയെ വീണ്ടും കണ്ടെത്തി. അതിനാൽ വാഴയുടെ വിവിധ ഇനങ്ങളെയും സ്പീഷിസ്സുകളെയും കണ്ടെത്തി അവയെ സംരക്ഷിക്കേണ്ട നടപടികൾ അടിയന്തരമായി ചെയ്യേണ്ടിയിരിക്കുന്നു.

വാഴകളുടെ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകത

ഒരു സസ്യത്തിന്റെ കോശത്തിൽ കാണപ്പെടുന്ന ജനിതക വസ്തുവായ ഡിഎൻഎ (DNA) നിർദേശങ്ങളുടെ മുഴുവൻ കൂട്ടമാണ് “ജീനോം” എന്ന് വിളിക്കുന്നത്. ആ സസ്യത്തിന് വികസിക്കാനും പ്രവർത്തിക്കാനും ആവശ്യമായ എല്ലാ വിവരങ്ങളും ഒരു ജീനോമിൽ അടങ്ങിയിരിക്കുന്നു. മൂസ അക്യുമിനാറ്റ എന്ന വാഴയുടെ സ്പീഷിസിൽ A ജീനോമും മൂസ ബാൽബിസിയാന എന്ന സ്പീഷിസിൽ B ജീനോമും അടങ്ങിയിരിക്കുന്നു. ഇന്ന് ലോകത്ത് കാണുന്ന വാഴയിനങ്ങൾ ഇവയുടെ അനുപാതമനുസരിച്ച് ഒന്നിലധികം ജിനോമുകളുടെ സംയുക്തമാണ് ( AA, AAA, AB, AAB, ABB,BB, BBB, ABBB). അതിനാൽ ഓരോ ജീനോമുകളുടെയും നേർക്കാഴ്ചയാണ് ഓരോ ഇനങ്ങൾ എന്നുള്ളതാണ് സത്യം.

ഒരു സസ്യ/ വിള ഇനത്തിന്റെ വിത്തുകൾ, തൈകൾ, അല്ലെങ്കിൽ സസ്യഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള പാരമ്പര്യ വസ്തുക്കളെയോ ജനിതക വിഭവങ്ങളെയോ ‘ജേംപ്ലാസം’ എന്നാണ് വിളിക്കുന്നത്. വിള പ്രജനനം, ഗവേഷണം, ജൈവസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുവാണിത്. പ്രധാനമായും ഒരു സസ്യ ഇനത്തിന്റെ ജനിതക വൈവിധ്യത്തെ കൂടി ഇവ സൂചിപ്പിക്കുന്നു. ഭാവിയിലെ വിവിധ ഗവേഷണ ഉപയോഗങ്ങൾക്കായി ജേംപ്ലാസം സംഭരിക്കാനും സംരക്ഷിക്കാനും കഴിയും. ഇത് വിളകളുടെ മെച്ചപ്പെടുത്തലിനും കാലാവസ്ഥാ വ്യതിയാന-രോഗ-കീട പ്രതിരോധശേഷിയുള്ള ഇനങ്ങളെ ഉരുത്തിരിച്ചെടുക്കുന്നതിനും  അനുരൂപീകരണം/പൊരുത്തപ്പെടുത്തലിനും (Adaptation) ആവശ്യമായ വിളകളിലെ  ജനിതക വ്യതിയാനത്തിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നു. ആത്യന്തികമായി ഈ ജനിതക-ജൈവ വൈവിധ്യത്തിന്റെയും ജീനോമകളുടെയും സംരക്ഷണം തന്നെയാണ് വാഴ ഇനങ്ങളുടെ സംരക്ഷണത്തിൽ കൂടെ നമ്മൾ ശ്രമിക്കുന്നത്.
    
ആഗോളതലത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന വാഴപ്പഴത്തിന്റെ വലിയൊരു പങ്ക് (85%) ചെറുകിട കർഷകരുടെ തോട്ടങ്ങളിൽനിന്നാണ് ഉല്പാദിപ്പിക്കുന്നത്. അതിനാൽ അവരുടെ ജീവിതോപാധിയെ നിലനിർത്തുന്നതിന് വേണ്ടി അതാത് പ്രദേശത്തെ പരിസ്ഥിതിക്ക് അനുയോജ്യമായ നല്ല ഇനങ്ങളും അതിലുപരി വാണിജ്യ പ്രാധാന്യമുള്ള ഇനങ്ങളും ലഭ്യമാക്കേക്കേണ്ടത് ഏതൊരു കൃഷിയിനത്തെയും പോലെ വാഴകൃഷിയുടെ വിജയത്തിനും ഏറ്റവും അനിവാര്യമാണ്. ലോകത്ത് ലഭ്യമായ വാഴയിനങ്ങളിലെ ഏറിയ പങ്കും കർഷകർ തന്നെ തിരഞ്ഞെടുത്ത് സംരക്ഷിച്ചിട്ടുള്ളതാണ്. അതിനാൽ വാഴകളുടെ ഈ വൈവിധ്യം സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെയും ലോകത്തിന്റെയും കൃഷി-സാമ്പത്തിക-സാമൂഹിക ഉന്നമനത്തിന് ഏറ്റവും അത്യാവശ്യമാണ്. ആഗോളതലത്തിൽ ചർച്ചാവിഷയമായ കാലാവസ്ഥ വ്യതിയാനവും അഭൂതപൂർവ്വമായ കീട-രോഗ ആക്രമണങ്ങളെയും പ്രതിരോധിക്കാൻ വാഴയിനങ്ങളുടെ സംരക്ഷണവും വിപുലീകരണവും ഇതുവഴി സാധ്യമാകുന്നു.

നാഷണൽ ആക്റ്റീവ് ജേംപ്ലാസം സൈറ്റുകൾ (NAGS)

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ICAR) കീഴിൽ ഇന്ത്യയിലെ നാഷണൽ ആക്റ്റീവ് ജേംപ്ലാസം സൈറ്റുകൾ (എൻഎജിഎസ്.) നിർദ്ദിഷ്ട വിളകളിലോ സസ്യ ഗ്രൂപ്പുകളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേക ഗവേഷണ സംരക്ഷണ കേന്ദ്രങ്ങളാണ്. ജനിതക വൈവിധ്യം നിലനിർത്തുന്നതിലും കാർഷിക ഗവേഷണത്തിനും വികസനത്തിനും വേണ്ടിയുള്ള ജേംപ്ലാസം വിഭവങ്ങൾ നൽകുന്നതിലും അവ നിർണായക പങ്ക് വഹിക്കുന്നു. സസ്യ ജനിതക വിഭവങ്ങൾ സംരക്ഷിക്കാനും ഉപയോഗിക്കാനും ലക്ഷ്യമിടുന്ന വലിയ നാഷണൽ പ്ലാന്റ് ജേംപ്ലാസം സിസ്റ്റത്തിന്റെ (എൻപിജിഎസ്.) ഭാഗമാണ് നാഷണൽ ആക്റ്റീവ് ജേംപ്ലാസം സൈറ്റുകൾ. ഇവർ ലാൻഡ്‌റേസുകൾ, വിളകളുടെ വന്യ ബന്ധുക്കൾ, മെച്ചപ്പെട്ട ഇനങ്ങൾ ഉൾപ്പെടെയുള്ള ജേംപ്ലാസം ശേഖരിക്കുകയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

മെച്ചപ്പെട്ട വിളവ് നൽകാനുള്ള ശേഷി, രോഗ-കീട പ്രതിരോധം, വ്യത്യസ്ത പരിതസ്ഥിതികളുമായി പൊരുത്തപ്പെടൽ എന്നിവയുൾപ്പെടെ വിവിധ സ്വഭാവ സവിശേഷതകൾക്കായി എൻഎജിഎസിലൂടെ ജേംപ്ലാസത്തെ വിലയിരുത്തുന്നു. അതിനോടൊപ്പം തന്നെ മെച്ചപ്പെട്ട  പ്രവർത്തനം കാഴ്ചവെച്ച ജേംപ്ലാസം  അക്സഷെൻസുകളുടെ ഉത്ഭവം, സവിശേഷതകൾ, തുടങ്ങിയ കാര്യങ്ങൾ ക്രോഡീകരിച്ച വിശദമായ രേഖകൾ എൻഎജിഎസ്. സൂക്ഷിക്കുന്നു. ദേശീയതലത്തിൽ  സസ്യ പ്രജനനം, വിള മെച്ചപ്പെടുത്തൽ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ഗവേഷകർക്കും ബ്രീഡർമാർക്കും മറ്റും ജേംപ്ലാസം നൽകുന്നതും എൻഎജിഎസ്. ആണ്. വിള അടിസ്ഥാനമാക്കിയുള്ള എൻഎജിഎസ്. വഴിയോ അല്ലെങ്കിൽ സസ്യ ഗ്രൂപ്പുകൾ അടിസ്ഥാനമാക്കിയുള്ള എൻഎജിഎസ്. മുഖേനയോ ആണ് ഇത് പ്രാവർത്തികമാക്കുന്നത്.

placeholder
തിരുച്ചിറപള്ളി ദേശീയ വാഴ ഗവേഷണകേന്ദ്രം | Photo: Dr. Gavas Ragesh

ഫലവർഗ്ഗത്തിലെ അഖിലേന്ത്യ ഏകോപിത ഗവേഷണ പദ്ധതിയുടെ (ICAR-AICRP on Fruits) ഭാഗമായും സാമ്പത്തിക സഹായത്തോടുകൂടിയും തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന കേരള കാർഷിക സർവ്വകലാശാലയുടെ കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിൽ വാഴയിനങ്ങളുടെ ഏറ്റവും വലിയ ജനിതകശേഖരം സംരക്ഷിച്ചു പോരുന്നുണ്ട്. ഇന്ത്യയിൽ ഇതിനെക്കാളും കിടപിടിക്കാൻ സാധിക്കുന്ന ജനിതക ശേഖരം തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ ഗവേഷണ സ്ഥാപനമായ ദേശീയ വാഴ ഗവേഷണകേന്ദ്രത്തിൽ (ICAR-National Research Centre for Banana, Trichy ) ആണുള്ളത്. 

placeholder
കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ വാഴയിനങ്ങളുടെ ജനിതകശേഖരം | Photo: Dr. Gavas Ragesh 

കർഷകർ: വിള-ജൈവ സംരക്ഷണത്തിന്റെ കാവലാളുകൾ/ വിത്താളുകൾ

വിവിധ ജീവജാലങ്ങളുടെ ജൈവവൈവിധ്യത്തിന്റെ അമൂല്യത മനസ്സിലാക്കി മനുഷ്യർ നൂറ്റാണ്ടുകളായി അവയെക്കുറിച്ച് ആഴത്തിൽ അറിയുന്നതിനും പഠിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. വിളകളിലെ കർഷകരുടെയും ശാസ്ത്രജ്ഞരുടെയും ഈ ശ്രമഫലങ്ങളുടെ പരിണാമമാണ് ഇന്ന് ലോകത്ത് കാണുന്ന ജനിതക വൈവിധ്യ സമ്പത്തും ഇനങ്ങളും. ഇത് രാജ്യ-സംസ്ഥാന അടിസ്ഥാനത്തിലോ അല്ലെങ്കിൽ വ്യക്തിഗത അടിസ്ഥാനത്തിലോ ആണ് നടക്കുന്നത്. പ്രത്യേകിച്ച് വിളകളിലെ ജൈവ സമ്പത്തിന്റെ ഈ പാരമ്പര്യ സംരക്ഷകരെ നമ്മൾ “വിത്താളുകൾ” (Genome saviour) അല്ലെങ്കിൽ ‘വിത്തിന്റെ കാവൽക്കാരൻ’ എന്നാണ് വിളിക്കുന്നത്. കണ്ണിലെ കൃഷ്ണമണി പോലെ വിത്തിനെ പാരമ്പര്യ അറിവിനാൽ സംരക്ഷിക്കുന്നവൻ എന്നു ബഹുമാനപുരസ്കരം വിളിച്ചാലും അതിശയോക്തിയില്ല. 

സ്വന്തം പുരയിടത്തിൽ ഒരു കൃഷിത്തോട്ടം ഉണ്ടാക്കുന്ന ഏത് കർഷകനും ഈ ജൈവസമ്പത്തിന്റെ കാവലാളുകളാണ്. എന്നാൽ, ജനിതക സമ്പത്തിന്റെ വില നിശ്ചയിക്കണമെങ്കിൽ അതിന്റെ പ്രാധാന്യം ലോകസമൂഹത്തിന് മനസ്സിലാകണമെങ്കിൽ അത് ശാസ്ത്രീയമായി തന്നെ പഠിച്ച് ക്രോഡീകരിച്ച് സംരക്ഷിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ടതാണ്. വിജ്ഞാന വ്യാപന രംഗത്തെ അഭൂതപൂർവ്വമായ സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുകയറ്റം ഈ വൈവിധ്യ സംരക്ഷണത്തിന് വലിയൊരു സഹായമാണ് ചെയ്തത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ജനിതക സമ്പത്തിന്റെ തുരുത്തുകൾ ആയി പ്രവർത്തിക്കുന്ന ഈ ശ്രേഷ്ഠ കർഷകരെയും വ്യക്തിത്വങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനും അവരുടെ കയ്യിലുള്ള അമൂല്യ ജനിതക സമ്പത്തും (ജേംപ്ലാസം) സസ്യ ഇനങ്ങളും വിളയിനങ്ങളും കൈമാറി സൂക്ഷിക്കുന്നതിനും ഇത് ആക്കംകൂട്ടി.

ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവാർഡുകൾ കരസ്ഥമാക്കിയ കാർഷിക ജനിതക-ജൈവ വൈവിധ്യ സമ്പത്തിന്റെ സംരക്ഷകരായ വിത്താളുകളുടെ കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മയായ “വയലും വീടും” എന്ന് വിളിക്കുന്ന രജിസ്റ്റേർഡ് കൂട്ടായ്മ.  ഈ ജനിതക സമ്പത്തിന്റെ സംരക്ഷണത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം, ലഭ്യത ഉള്ള ഒരു ഭാഗത്ത് എന്തെങ്കിലും പ്രകൃതി ദുരന്തം മൂലമത് നഷ്ടപ്പെട്ടാലും മറ്റു സ്ഥലങ്ങളിൽ അവ സംരക്ഷിച്ചു വെച്ചിട്ടുണ്ട് എന്നുള്ളത് കൊണ്ട് തന്നെ അവയെ അതിന്റെ പ്രാഥമിക പ്രദേശങ്ങളിൽ കർഷകർക്കും പ്രകൃതിക്കും ഗുണപ്പെടുന്ന രീതിയിൽ തിരിച്ചുകൊണ്ടുവരാൻ സാധിക്കും. 

മുന്നൂറിന്റെ തിളക്കമുള്ള  ഒരു വയനാടൻ അപാരത !!

വയലുകളുടെ നാടായ വയനാട് ഇന്ന് ഏറ്റവും കൂടുതൽ പ്രസക്തിയാർജിക്കുന്നത് വാഴകളുടെ നാടായിട്ടാണ്. ഏകദേശം 11,000 ഹെക്ടറിൽ ഇന്ന് വയനാട് ജില്ലയിൽ വാഴകൃഷി ഉണ്ട് എന്നുള്ളത് ഇതിനൊരു തെളിവാണ്. വാഴകളുടെ തറവാട് എന്ന് വിളിക്കുന്ന മാനന്തവാടിയിൽ ഒരു വാഴ വൈവിധ്യ സംരക്ഷകൻ ഉണ്ട്. നിലമ്പൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസിലെ ജൂനിയർ സൂപ്രണ്ടായി പ്രവർത്തിക്കുന്ന വയനാട് സ്വദേശിയായ നിശാന്ത് കേളോത്താണ് ഈ വാഴകളുടെ കാവലാൾ . വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കിലെ ഒരു മുഖ്യ വാഴ കർഷകനാണ് അദ്ദേഹം.  തൊണ്ടർനാട് പഞ്ചായത്തിലെ കോറോം എന്ന സ്ഥലത്ത് 60 സെന്റ് വീതമുള്ള മൂന്ന് പ്ലോട്ടുകളിലും മാനന്തവാടിയിലെ സ്വന്തം വീടുള്ള 25 സെന്റ് പറമ്പിലും ആണ് അദ്ദേഹം ഈ വാഴസമ്പത്ത് സംരക്ഷിച്ചു വരുന്നത്. 

placeholder
കരിങ്കദളി വാഴയ്ക്കൊപ്പം നിശാന്ത് കേളോത്ത് | Photo: Dr. Gavas Rakesh

കൃഷിയിലെ ആദ്യപാഠങ്ങൾ, പ്രത്യേകിച്ച് വാഴകൃഷിയിലെ ആദ്യപാഠങ്ങൾ അദ്ദേഹത്തിന് പകർന്നു നൽകിയത് സ്വന്തം അമ്മൂമ്മ ആണെന്നുള്ള കാര്യം അദ്ദേഹം സ്നേഹത്തോടെ ഓർമ്മിക്കുന്നു. അധ്യാപകനായ പിതാവ് ബാലകൃഷ്ണനും മാതാവ് ദേവകിയും പറമ്പിലെ കൃഷിപ്പണികളിൽ കൂടെക്കൂട്ടി പ്രചോദനം നൽകുകയും കൃഷിപ്പണിയുടെ മഹത്വം ചെറുപ്പത്തിലെ പഠിപ്പിക്കുകയും ചെയ്തു. പ്രകൃതിസ്നേഹിയായ അച്ഛന്റെ മാർഗനിർദ്ദേശങ്ങൾ നിശാന്തിന് ഭാവിയിൽ ഒരുപാട് ഗുണം ചെയ്തു. ഇന്ന് വാഴയുടെ ഈ ജനിതകശേഖരത്തിന്റെ സംരക്ഷണം അദ്ദേഹത്തിന് 30 വർഷത്തിലേറെ ആയിട്ടുള്ള ഒരു തപസ്യയായി മാറുകയാണ് ഉണ്ടായത്. തലമുറകൾക്ക് നഷ്ടപ്പെട്ടുപോകുന്ന വലിയൊരു പൈതൃകം തന്നെയാണ് അദ്ദേഹം കാത്തുസൂക്ഷിക്കുന്നത്.

അവധി ദിവസങ്ങൾ വാഴകൾക്ക് വേണ്ടി പൂർണ്ണമായും മാറ്റിവെച്ചിരിക്കുകയാണ്  നിശാന്ത് കേളോത്ത്. ജൈവ രീതിയിലുള്ള പരിപാലനമാണ് തന്റെ തോട്ടത്തിന്റെ പ്രത്യേകതയായി അദ്ദേഹം പറയുന്നത്. സമയബന്ധിതമായി തോട്ടം പരിശോധിച്ചു കൃത്യമായ കീടരോഗ നിയന്ത്രണ മാർഗങ്ങൾ അദ്ദേഹം അവലംബിക്കുകയും തോട്ടത്തിലെ ജൈവവസ്തുക്കൾ കൊണ്ട് തന്നെ വാഴയുടെ വളപ്രയോഗം നടത്തുന്നതു വഴി പ്രകൃതിക്ക് അനുയോജ്യമായ നല്ലൊരു കൃഷിത്തോട്ടം അദ്ദേഹത്തിന് നിലനിർത്താൻ സാധിക്കുന്നു. ഈ വാഴസമ്പത്ത് സംരക്ഷിക്കുന്നതിന് അദ്ദേഹത്തെ സഹായിക്കാൻ രണ്ട് തൊഴിലാളി സുഹൃത്തുക്കളും കൂടെയുണ്ട്.

ഒരു കൗതുകത്തിന്റെ പേരിൽ തുടങ്ങിയ ഈ വാഴയുടെ ശേഖരം ഇന്ന് 300-ലധികം ഇനങ്ങളാൽ സമ്പന്നമാണ്. ശാസ്ത്രീയമായ രീതിയിൽ വാഴയുടെ ജനിതക ശേഖരം മുന്നോട്ടു കൊണ്ടു പോകണമെന്ന ആഗ്രഹത്താൽ അദ്ദേഹം ഇതിനെക്കുറിച്ച് വിശദമായി പഠിക്കുകയും  ഓരോ വാഴയിനങ്ങളും ഏത് പേരിൽ ആണെന്നുള്ളതും അതിന്റെ വിവരങ്ങളും ശേഖരിച്ചുള്ള ഫീൽഡ് മാപ്പുകൾ സസൂക്ഷ്മം തയ്യാറാക്കി സൂക്ഷിക്കുകയും അതോടൊപ്പം ഓരോ വാഴയ്ക്കും അത്യാവശ്യമായിട്ടുള്ള ടാഗുകൾ തയ്യാറാക്കി പറമ്പിൽ വയ്ക്കുകയുംചെയ്തു. ഇന്ന് അദ്ദേഹത്തിന്റെ കൈയിലുള്ള 300-ൽ പരം വാഴയിനങ്ങളിൽ 90% അദ്ദേഹത്തിന് കാണാപാഠമാണ്. ഓരോ വാഴകളുടെ പ്രത്യേകതയും അവയുടെ പൂക്കുന്ന- കായ്ക്കുന്ന സമയങ്ങൾ കൃത്യമായി ഈ കാവലാളിന് അറിയാം. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, കർണാടക, മഹാരാഷ്ട്ര, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും അദ്ദേഹം നടത്തിയ യാത്രകളുടെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഇന്ന് ഈ കാണുന്ന അതിമനോഹരമായ വാഴകളുടെ ജനിതക സമ്പത്ത് കൈമുതലായി കിട്ടിയത്. ഭാവിയിൽ സാധിക്കുമെങ്കിൽ വഴക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വാഴ വൈവിധ്യം കൂടി തന്റെ തോട്ടത്തിൽ മുതൽക്കൂട്ടായി ചേർക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്. 
 
ഗന്ധപ്പച്ച, ആനക്കൊമ്പൻ, പെരും പടലി, പച്ചബോന്ത, ബത്തിസ(ബംഗാൾ), തെല്ലെചക്കര കേലി (ആന്ധ്ര ),  നരേദ്ലുബോന്ത (ആന്ധ്ര ),  ഹറ്റി ദത്ത് (ആസാം), പിസാങ് രാക്ഷസ, പിസാങ് മുല്ലിക്ക്, മൂസാ സബ്രിനോറോ ജോ, ഫിയാ 1 (ഗോൾഡ് ഫിങ്കർ ), ഫിയ 11,  ഫിയ 21, ബൺടാല, കെന്താളി, കാഞ്ചി കേല, ബ്ലൂകെചിപ്പ്,  ബ്ലൂ ജാവ (3 ഇനം ), തായ് പെരോട്ട് (തായ്‌ലാൻഡ്) 2 ഇനം,  മലൈ കാളി, മനോരഞ്ജിതം, വനതാ പുരി, കലി ബോ, മൊട്ട പൂവൻ, പാഗർ ബനാന, പച്ച നാടൻ, ശിരുമലൈ,  T N B X, സത്‌ലിയ, ഫെരോങ്ങ്തായ്‌ എന്നിവ അദ്ദേഹത്തിന്റെ ശേഖരത്തിലുള്ള ചില ഇനങ്ങൾ മാത്രമാണ്. 

ഇന്ത്യയിൽ കാണുന്ന ഏറ്റവും മധുരമുള്ള എന്നാൽ അപൂർവമായിക്കൊണ്ടിരിക്കുന്ന സൂര്യകദളി എന്ന ഇനവും കരിങ്കദളി, പച്ച ചിങ്ങൻ ഇനങ്ങളും, തിരുവനന്തപുരം ജില്ലയിലെ കാണി വിഭാഗക്കാർ തിരുവിതാംകൂർ മഹാരാജാവിന് കാണിക്കയായി നൽകിയിരുന്ന ‘ഒറ്റ  മൂങ്കിൽ’ എന്ന ഇനവും അതോടൊപ്പം ‘പടല  മൂങ്കിൽ’ എന്ന ഇനവും ഇദ്ദേഹത്തിന്റെ കയ്യിലുണ്ട്. വിദേശ ഇനങ്ങളായ പ്രയ് ഹാൻസ്, ഡബിൾ മഹോയ്, കിമ്പർ ബെർലിൻ, ഏറ്റവും ചെറിയ വാഴയിനങ്ങളിൽ ഒന്നായ തായ് മൂസ എന്നിവയും ശ്രദ്ധേയമായവയാണ്. മാതൃവാഴയുടെ ചുവട്ടിൽനിന്നു 5 അടി വരെ മാറി കന്നുണ്ടാകുന്ന “വാക്കിങ് ബനാന” എന്ന അലങ്കാരയിനം ഇദ്ദേഹത്തിന്റെ ശേഖരത്തിലെ വേറിട്ട വാഴയിനമാണ്. തായ്‌ലാൻഡിൽനിന്നുള്ള പിസാങ് ബർലിൻ, പിസാങ് സെറിബു (Pisang Seribu) , പിസാങ് ജെറിബോയ ( Pisang Jari Buaya), പിസാങ് സിലോൺ,  പിസാങ് ലിലിൻ (Pisang Lilin)  എന്നീ കൗതുക ഇനങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിൽ ഉണ്ട്.  

ആത്മാർത്ഥമായി വാഴയിനങ്ങളെ സംരക്ഷിക്കാൻ താല്പര്യമുള്ള പൊതുജനങ്ങൾക്കും കർഷക സുഹൃത്തുക്കൾക്കും അദ്ദേഹം എന്നും ഒരു കൂട്ടുകാരനാണ്. വാഴയുടെ കന്നുകൾ വിറ്റ് കിട്ടുന്ന വരുമാനവും അദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്നുള്ള ഒരു പങ്കും ഉപയോഗിച്ചാണ് സംരക്ഷണം. ചെത്തി മിനുക്കിയ കന്നുകൾ ടാഗ് ചെയ്ത് കൊറിയർ അയച്ചുകൊടുക്കുകയോ അല്ലെങ്കിൽ നേരിട്ട് വരുന്നവർക്ക് നൽകുകയാണ് ചെയ്യുന്നത്. വാഴയുടെ ജനിതകശേഖരം തുടങ്ങാൻ ആഗ്രഹിക്കുന്ന കർഷകർ ആദ്യം വാഴകൃഷിയെ കുറിച്ച് നന്നായി പഠിക്കുകയും ചെറുതായി വാഴ കൃഷി ചെയ്ത് പ്രായോഗിക വശങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് അദ്ദേ​ഹം പറയും. അതിനുശേഷം നല്ല വാഴയിനങ്ങളെ ശാസ്ത്രീയമായ രീതിയിൽ നിർദിഷ്ട അകലത്തിലും രീതിയിലും പരിപാലിച്ച് വളർത്തിയെടുത്ത് പ്രായോഗിക പരിജ്ഞാനവും ആത്മവിശ്വാസവും സ്വയം ആർജിക്കേണ്ടതാണ്. 

തുടക്കക്കാർ നിർബന്ധമായും 20-30 വാഴ ഇനങ്ങൾ മാത്രം വളർത്തുന്നതായിരിക്കും നല്ലതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വാഴ എന്ന അമൂല്യ ഫലവർഗ്ഗത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രത്യേകം പറയേണ്ടതില്ല. നിശാന്തിന്റെ ശാസ്ത്രീയ അവബോധത്തിനും വാഴയുടെ ജനിതക ശേഖരം വ്യക്തിഗത അടിസ്ഥാനത്തിൽ തയ്യാറാക്കുന്നതിൽ കാണിച്ച ആത്മാർത്ഥ ശ്രമങ്ങളെയും നിസ്തുല സേവനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തെ കർഷക ശ്രേഷ്ഠ പുരസ്കാരം നൽകി 2023- ൽ ആദരിച്ചു. വാഴയിനങ്ങളെക്കുറിച്ച് അറിയാനും അദ്ദേഹത്തിന്റെ തോട്ടം സന്ദർശിക്കുന്നതിന് വേണ്ടിയും സ്വന്തമായി ഒരു വാഴ ജനിതക തോട്ടം ഉണ്ടാക്കുന്നതിന് വേണ്ടിയും നിശാന്ത് കേളോത്തിനെ 9447444015 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.