ടോക്യോ: ചന്ദ്രോപരിതലത്തില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തി ജാപ്പനീസ് പേടകം. ജപ്പാന്റെ സ്ലിം (SLIM-മൂണ്‍ സ്‌നൈപ്പര്‍) പേടകമാണ്  ലക്ഷ്യസ്ഥാനത്തിന്‍റെ നൂറ് മീറ്റര്‍ പരിധിയില്‍ വിജയകരമായി ഇറങ്ങിയത്. ഇതോടെ ചന്ദ്രോപരിതലത്തില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാന്‍. അതേസമയം ലാൻഡിങ് വിജയകരമായി പൂർത്തീകരിച്ചതിന്റെ അന്തിമ സ്ഥിരീകരണത്തിന് പേടകത്തിൽ നിന്നുള്ള സിഗ്നലിനായി കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ.

To advertise here,

2023 ഓഗസ്റ്റ് 23-ന് ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയിരുന്നു. യു.എസ്, സോവിയറ്റ് യൂണിയന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇതിന് മുമ്പ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. 

സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍ എന്നതിന്റെ ചുരുക്കെഴുത്താണ് സ്ലിം. മൂണ്‍ സ്‌നൈപ്പര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ ലാന്‍ഡര്‍ ചന്ദ്രന്റെ മധ്യരേഖയ്ക്ക് തൊട്ട് തെക്കുഭാഗത്തായുള്ള ഷിയോലി ഗര്‍ത്തത്തിന്‍റെ ചെരിവിലാണ് ഇറങ്ങിയത്. പിന്‍പോയിന്‍റ് ടെക്‌നോളജി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു ലാന്‍ഡിങ്. രണ്ട് ഛിന്നഗ്രഹങ്ങളില്‍ നേരത്തേ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ജപ്പാന്‍ പേടകങ്ങള്‍ ഇറക്കിയിട്ടുണ്ട്. 

മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണിതെന്ന് ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയുടെ (ജാക്‌സ-JAXA ) സ്ലിം ദൗത്യത്തിന്റെ മാനേജര്‍ ഷിനിചിറോ സാകായി പറഞ്ഞു. മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ് ദൗത്യം ഉള്‍പ്പെടെയുള്ള ഭാവിയിലെ ചാന്ദ്രദൗത്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും ജപ്പാന്റെ പിന്‍പോയിന്റ് ടെക്‌നോളജി എന്നും അദ്ദേഹം പറഞ്ഞു. 

2023 സെപ്റ്റംബര്‍ ഏഴിന് ജപ്പാനിലെ തനേഗാഷിമ സ്‌പേസ് സെന്ററില്‍ നിന്നാണ് സ്ലിം ദൗത്യം വിക്ഷേപിച്ചത്. ഡിസംബര്‍ 25-ന് പേടകം വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. തദ്ദേശീയമായി നിര്‍മ്മിച്ച എച്ച്-ഐ.ഐ.എ റോക്കറ്റാണ് പേടകത്തെ ബഹിരാകാശത്തെത്തിച്ചത്.

ആയിരം കോടിയോളം രൂപയാണ് ദൗത്യത്തിന്റെ ചെലവ്. അതേസമയം ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യത്തിന് 600 കോടി രൂപ മാത്രമാണ് ചെലവായത്.