ചൊവ്വയിലെ സൂര്യാസ്തമയത്തിന്റെ ചിത്രം പകര്‍ത്തി നാസയുടെ ഇന്‍ജെന്യുയിറ്റി മാര്‍സ് ഹെലികോപ്റ്റര്‍. ഫെബ്രുവരി 22 ന് ഹെലികോപ്റ്ററിന്റെ 45-മത്തെ പറക്കലിനിടെയാണ് ചിത്രം പകര്‍ത്തിയത്.

To advertise here,

ദൂരെ മലനിരകള്‍ക്ക് മുകളിലായി അസ്തമയ സൂര്യന്‍ നില്‍ക്കുന്നതായാണ് ചിത്രം. ജസറോ ഗര്‍ത്തത്തിലെ മണ്ണിലും പാറകളിലുമെല്ലാം സൂര്യ പ്രകാശം പതിയുന്നതായി ചിത്രത്തില്‍ കാണാം. 

2021 ഫെബ്രുവരി 18 നാണ് നാസയുടെ പെര്‍സിവിയറന്‍സ് റോവറിനൊപ്പമാണ് ഇന്‍ജെന്യൂയിറ്റി ഹെലികോപ്റ്ററും ചൊവ്വയിലെത്തിയത്. ഭൂമിയ്ക്ക് പുറത്തൊരു ഗ്രഹത്തില്‍ ഇന്‍ജെന്യുയിറ്റിയെ പോലെ മറ്റൊരു ഉപകരണവും ഇതുവരെ ഉപയോഗിച്ചിട്ടില്ല. 

തുടക്കത്തില്‍ വളരെ കുറച്ച് തവണ മാത്രമാണ് ഈ ഉപകരണം പറത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നാസ കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ തവണ ഇത് ഉപയോഗിക്കാന്‍ സാധിച്ചു. ചൊവ്വയില്‍ വായുവിലുയര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന ഉപകരണമാണിത്. നിലവില്‍ 46 തവണ ഇന്‍ജെന്യുയിറ്റി ചൊവ്വയില്‍ പറന്നു. ഫെബ്രുവരി 22, 25 തീയ്യതികളിലാണ് 45-ാമത്തേയും 46-മത്തേയും പറക്കല്‍ നടത്തിയത്. ഉയര്‍ന്ന റസലൂഷനിലുള്ള കളര്‍ ക്യാമറയാണ് ഇതിലുള്ളത്.