നാസയുടെ പെര്‍സിവെറന്‍സ് റോവര്‍ ചൊവ്വയില്‍ ആദ്യമായി ധ്രുവദീപ്തി (അറോറ) കണ്ടെത്തി. ചൊവ്വയില്‍ ആദ്യമായാണ് ദൃശ്യപ്രകാശത്തില്‍ ധ്രുവദീപ്തി ദൃശ്യമാകുന്നത്. ഭൂമിക്ക് പുറത്തുള്ള ഒരു ഗ്രഹത്തില്‍ ഈ പ്രതിഭാസം കാണുന്നതും ആദ്യമാണ്. ചൊവ്വയിലെ ധ്രുവദീപ്തി നേര്‍ത്ത പച്ചനിറത്തിലാണ് ദൃശ്യമായത്. 

To advertise here,

2024 മാര്‍ച്ച് 18 നാണ് ചൊവ്വയില്‍ അറോറ ദൃശ്യമായത്. അതി ഊര്‍ജ്ജ കണങ്ങള്‍ ചൊവ്വയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കമുണ്ടാവുമ്പോഴാണ് ഇത് സംഭവിക്കുന്നത്.  ഇതിന്റെ ഫലമായി രാത്രി ആകാശത്ത് അറോറ പ്രകാശം ദൃശ്യമായി. ഇതിന് മുമ്പ് ചൊവ്വയുടെ ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളാണ് ചൊവ്വയിലെ അറോറയുടെ ദൃശ്യം പകര്‍ത്തിയത്. എന്നാല്‍ അത് കാണാനാവുന്ന പ്രകാശ രൂപത്തില്‍ ആയിരുന്നില്ല, അള്‍ട്രാ വയലറ്റ് ക്യാമറ ഉപയോഗിച്ചാണ് കണ്ടെത്തിയത്. 

ഈ അറോറ ഉണ്ടാവുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് സൂര്യനില്‍ നിന്ന് അതിശക്തമായ സൗരജ്വാല പൊട്ടിപുറപ്പെട്ടത് (കൊറോണല്‍ മാസ് ഇജക്ഷന്‍). ഇതിന്റെ വലിയ അളവില്‍ സൗരോര്‍ജ കണങ്ങളുടെയും പ്രവാഹമുണ്ടായി. സൗരയൂഥത്തിലൂടനീളം പ്രവഹിച്ച ഈ ഊര്‍ജകണങ്ങള്‍ ബുധനും ശുക്രനും ഭൂമിയും കടന്ന് ചൊവ്വയില്‍ എത്തി. ഈ ഊര്‍ജ കണങ്ങള്‍ ചൊവ്വയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കമുണ്ടായതോടെയാണ് അറോറ സൃഷ്ടിക്കപ്പെട്ടത്.  ഭൂമിയിലും അറോറ ദൃശ്യമാകുന്നത് ഇതേ രീതിയില്‍ തന്നെയാണ്. 

സൂര്യനില്‍ നിന്ന് പുറപ്പെടുന്ന ചാര്‍ജുള്ള കണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ ആറ്റങ്ങളോടും തന്മാത്രകളോടും കൂട്ടിയിടിക്കുകയും അതിന്റെ ഫലമായി ഇലക്ട്രോണുകള്‍ പ്രകാശ കണങ്ങളായ ഫോട്ടോണുകള്‍ പുറത്തുവിടുകയും ചെയ്യുന്നു. ഇതിന്റെ ഫലമായാണ് അറോറ ദൃശ്യമാവുന്നത്. 

ചൊവ്വയില്‍ അറോറയുണ്ടാവാനുള്ള സാധ്യത മുന്‍കൂട്ടികണ്ട ശാസ്ത്രജ്ഞര്‍ റോവര്‍ ഉപയോഗിച്ച് അതിനെ നിരീക്ഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി ചെയ്തിരുന്നു. മനുഷ്യന്റെ കണ്ണിന് കാണാനാവുന്ന നിറങ്ങള്‍ കാണാന്‍ കഴിവുള്ള രണ്ട് ഉപകരണങ്ങള്‍ പെര്‍സിവെറന്‍സ് റോവറിലുണ്ട്. റോവറിലെ സൂപ്പര്‍ക്യാം സ്‌പെക്ട്രോമീറ്റര്‍ ഉപകരണം അതിലൊന്നാണ്. പച്ചനിറത്തിലുള്ള പ്രകാശം പകര്‍ത്താന്‍ ഇതിന് സാധിക്കും. ഇതോടൊപ്പം മാസ്റ്റ്ക്യാം-സെഡ് ക്യാമറയും ഇതിനായി ഉപയോഗിച്ചു.