ബെന്നു ഛിന്നഗ്രഹത്തില്‍ നിന്ന് ഭൂമിയിലെത്തിച്ച സാമ്പിളുകളില്‍ ഉയര്‍ന്ന അളവില്‍ കാര്‍ബണിന്റെയും ജലത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതായി നാസ. സാമ്പിളുകളുടെ ചിത്രം നാസ പുറത്തുവിടുകയും ചെയ്തു. സെപ്റ്റംബര്‍ 24 നാണ് ബെന്നുവില്‍ നിന്നും ശേഖരിച്ച ശിലാപാളികളും മണ്ണും അടങ്ങുന്ന സാമ്പിളുകള്‍ സൂക്ഷിച്ച പേടകം ഒസൈറിസ് റെക്‌സ് പേടകത്തില്‍ നിന്ന് വേര്‍പെട്ട് ഭൂമിയില്‍ സുരക്ഷിതമായി വന്നിറങ്ങിയത്.
60 ഗ്രാം സാമ്പിള്‍ ശേഖരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സാമ്പിള്‍ പേടകത്തിലുണ്ടായിരുന്നു. സാമ്പിളുകളുടെ പ്രാഥമിക വിശകലനത്തിലാണ് കാര്‍ബണിന്റേയും ജലത്തിന്റെയും സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതാദ്യമായാണ് ഒരു ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഇത്രയധികം കാര്‍ബണ്‍ സാന്നിധ്യം കണ്ടെത്തുന്നത്.

കണ്ടെത്തിയ കാര്‍ബണ്‍ സംയുക്തങ്ങളെ കുറിച്ച് വിശദമായ പഠനങ്ങള്‍ ആവശ്യമാണ്. സൗരയൂഥത്തിന്റെ രൂപീകരണം, ഭൂമിയിലെ ജീവന്റെ ഉത്ഭവം എന്നതിനെ കുറിച്ചെല്ലാമുള്ള വിശദ പഠനങ്ങള്‍ക്ക് ഈ സാമ്പിളുകള്‍ ഉപയോഗിക്കും.
10 ദിവസം കൊണ്ടാണ് ശാസ്ത്രജ്ഞര്‍ പേടകം തുറന്ന് സാമ്പിളുകള്‍ സുരക്ഷിതമായി പുറത്തെടുത്തത്. അതിവേഗം തന്നെ അവയെ വിവിധ പ്രാഥമിക വിശകലനങ്ങള്‍ക്ക് വിധേയമാക്കി. കാര്‍ബണിന്റെയും ജലത്തിന്റെയും സാന്നിധ്യം ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ഒസൈറിസ് റെക്‌സ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡാന്റെ ലൊറെറ്റ പറഞ്ഞു. ബെന്നുവിനെ കുറിച്ചുള്ള ഓരോ കണ്ടെത്തലുകളും പ്രപഞ്ചത്തിന്റെ നിഗൂഢതകള്‍ അനാവരണം ചെയ്യുമെന്നും അത് വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളിലൂടെ സാധ്യമാവുമെന്നും അവര്‍ പറഞ്ഞു.

നാസയുടെ ഗൊദ്ദാര്‍ഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററാണ് ഒസൈറിസ് റെക്‌സ് ദൗത്യം കൈകാര്യം ചെയ്തത്. ലോഖീദ് മാര്‍ട്ടിന്‍ സ്‌പേസ് ആണ് ഒസൈറിസ് റെക്‌സ് പേടകം നിര്‍മിച്ചത്. സാമ്പിളുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ചുമതല നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ നിലയത്തിനാണ്.
Content Highlights: NASA’s Bennu Asteroid Sample Contains Carbon, Water
Published: 12 Oct 2023, 12:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented