ശ്രീഹരിക്കോട്ട: ഗഗന്‍യാന്‍ ദൗത്യത്തിന്റെ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം ജൂലൈയില്‍ നടത്തുമെന്ന് വിവരം. ഈ പരീക്ഷണം വിജയകരമായാല്‍ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ ആളില്ലാ ദൗത്യം അടുത്തവര്‍ഷത്തോടെ വിക്ഷേപിച്ചേക്കും. 

To advertise here,

വിക്ഷേപണ വാഹന പരീക്ഷണത്തിന് തങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്, സോമനാഥ് പറഞ്ഞു. അതിനായി ഒരു ക്രൂ മോഡ്യൂളും ക്രേൂ എസ്‌കേപ്പ് സംവിധാനവും ആവശ്യമാണ്. ജൂലൈയോടെ ഈ സംവിധാനങ്ങള്‍ റോക്കറ്റുമായി ബന്ധിപ്പിക്കും. അദ്ദേഹം തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  

14 കിലോമീറ്റര്‍ ഉയരത്തിലാണ് ക്രൂ മോഡ്യൂളിലെ സുരക്ഷാ സംവിധാനങ്ങളും ക്രൂ എസ്‌കേപ്പ് സംവിധാനവും പരീക്ഷിക്കുക. ഗഗന്‍യാനിന്റെ മറ്റ് സംവിധാനങ്ങള്‍ ഐഎസ്ആര്‍ഒയുടെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷണ ഘട്ടത്തിലാണ് അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യന്‍ നാവികസേനയുമായി ചേര്‍ന്നാണ് ഗഗന്‍യാനിന്റെ റിക്കവറി ജോലികള്‍ നടത്തുക. യാത്രികരുമായി തിരിച്ചിറങ്ങുന്ന പേടകം തിരിച്ചെടുക്കുന്നതും തിരികെ കൊണ്ടുവരുന്നതും നാവിക സേനയുടെ സഹായത്തോടെയാവും. ഇതിനായുള്ള ഗഗന്‍യാന്‍ റിക്കവറി ട്രെയിനിങ് പ്ലാന്‍ ഐഎസ്ആര്‍ഒയും നാവികസേനയും സംയുക്തമായി പുറത്തിറക്കിയിരുന്നു. 

അതേസമയം തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്തില്‍ നിര്‍മിക്കുന്ന ഐഎസ്ആര്‍ഒയുടെ റോക്കറ്റ് പോര്‍ട്ടിന് ആവശ്യമായ 99 ശതമാനം ഭൂമിയും ഏറ്റെടുത്തതായും അപ്രോച്ച് റോഡുകള്‍ക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കാനുണ്ടെന്നും എസ്.സോമനാഥ് അറിയിച്ചു.

കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപിക്കാനുള്ള പദ്ധതിയുണ്ടെന്നും. എന്‍വിഎസ് പരമ്പരയിലെ നാല് ഉപഗ്രഹങ്ങളുടെ വിക്ഷേപണം കൂടി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് നാവിക് സംവിധാനത്തിന് വേണ്ടിയുള്ള രണ്ടാം തലമുറ ഉപഗ്രഹ പരമ്പരയിലെ ആദ്യ ഉപഗ്രഹമായ എന്‍വിഎസ്-1 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചത്.