
ഭൂമിയിൽ ജീവന്റെ തുടിപ്പുണ്ടായതെങ്ങനെ എന്നതിനേക്കുറിച്ച് ഇന്നും പഠനങ്ങൾ നടക്കുന്നുണ്ട്. ഭൂമിയിലെ ജീവന്റെ ഉത്പ്പത്തിയെക്കുറിച്ച് ഹാർവാഡ് സർവകലാശാല നടത്തിയ പുതിയൊരു പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. 3.26 ബില്ല്യൺ വർഷങ്ങൾക്കുമുൻപ് പടുകൂറ്റൻ ഉൽക്കാശില ഭൂമിയിൽ പതിച്ചെന്നും ഭൂമിയിൽ ജീവന്റെ നാമ്പുമുളയ്ക്കാൻ ഈ ഉൽക്കാപതനത്തിന് നിർണായക പങ്കുണ്ടെന്നുമാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. വിവരങ്ങൾ പ്രൊസീഡിംഗ്സ് ഓഫ് ദ നാഷണൽ അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹാർവാഡ് സർവകലാശാലയിലെ ജിയോളജിസ്റ്റായ നാജാ ഡ്രാബണിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. ജീവോത്പ്പത്തിക്ക് ആദിമ ഭൂമിയിലുണ്ടായിരുന്ന സൂക്ഷ്മാണുക്കളെ സഹായിച്ച പടുകൂറ്റൻ 'ഫെർട്ടിലൈസർ ബോംബ്' എന്നാണ് അദ്ദേഹം ഈ ഉൽക്കാപതനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ദിനോസറുകൾ ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകാൻ കാരണമായ ഉൽക്കാശിലയേക്കാൾ 50 മുതൽ 200 മടങ്ങുവരെ വലിപ്പമുള്ളതാണ് ഇപ്പോഴത്തെ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. പാലിയോച്ചീൻ യുഗത്തിലാണ് ഇത് നടന്നത്. ആ സമയത്ത് ഭൂമി വെള്ളത്താൽ മൂടപ്പെട്ടിരുന്നു. ഭൂഖണ്ഡാന്തര ഭൂപ്രദേശം കുറവും അന്തരീക്ഷത്തിലോ സമുദ്രങ്ങളിലോ ഓക്സിജൻ ഇല്ലാത്ത അവസ്ഥയിലുമായിരുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണാഫ്രിക്കയിലെ ബാർബർട്ടൺ ഗ്രീൻസ്റ്റോൺ ബെൽറ്റിലെ പുരാതന പാറകളിൽ നിന്നുള്ള തെളിവുകളാണ് ഗവേഷകർ ഇതിനോടുചേർത്ത് ചൂണ്ടിക്കാട്ടുന്നത്. ഉൽക്കാശില സൃഷ്ടിച്ച ആഘാതം പാറയെ ബാഷ്പീകരിക്കുകയും ഒരു ആഗോള പൊടിപടലം സൃഷ്ടിക്കുകയും വലിയ സുനാമികൾക്ക് കാരണമാവുകയും സമുദ്രങ്ങളുടെ മുകളിലെ പാളികൾ തിളപ്പിക്കുകയും ചെയ്തു. കൂടാതെ സൂക്ഷ്മജീവികളുടെ വളർച്ചയ്ക്കാവശ്യമായ നിർണായക പോഷകമായ ഫോസ്ഫറസ് വലിയതോതിൽ വിതരണംചെയ്യപ്പെടുകയുംചെയ്തു. ഇതിനൊപ്പം സുനാമികൾ ധാരാളം ഇരുമ്പിന്റെ അംശമുള്ള ജലം ആഴം കുറഞ്ഞ ഭാഗത്തെ ജലവുമായി കലർത്തുകയും സൂക്ഷ്മാണുക്കൾക്ക് വളരാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുകയുംചെയ്തു.
എല്ലാ വലിയ ഉൽക്കാശില ആഘാതങ്ങളും സാർവത്രികമായി ജീവന് വിനാശകരമാണെന്ന ധാരണയെ വെല്ലുവിളിക്കുന്നതാണ് പഠനത്തിൻ്റെ കണ്ടെത്തലുകളെന്ന് വിലയിരുത്തലുണ്ട്. ചില വ്യവസ്ഥകളിൽ, അത്തരം സംഭവങ്ങൾ ഭൂമിയുടെ ആദ്യകാല ജൈവ പരിണാമത്തിൽ അവശ്യ പോഷകങ്ങൾ നൽകുകയും ആദിമ ജീവജാലങ്ങൾക്ക് പുതിയ ആവാസ വ്യവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുന്നതിൽ ഗുണകരമായ പങ്ക് വഹിക്കുമെന്നാണ് പുതിയ പഠനറിപ്പോർട്ടിലൂടെ ഹാർവാർഡ് സർവകലാശാലാ ഗവേഷകർ അഭിപ്രായപ്പെടുന്നത്.
Content Highlights: Harvard study suggests 3.26 billion-year-old meteorite impact may have sparked life on Earth
Published: 22 Oct 2024, 05:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented