
ശാസ്ത്ര- ഗവേഷണ രംഗത്തെ മികവിന് നല്കുന്ന ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ (ഐ.എസ്.എഫ്.) 2024-ലെ പുരസ്കാരങ്ങള്‍ മലയാളിയായ പ്രൊഫ. മഹ്മൂദ് കൂരിയ ഉള്‍പ്പെടെ ആറുപേര്‍ക്ക്. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വിഭാഗത്തിലാണ് പ്രൊഫ. മഹ്മൂദ് കൂരിയ പുരസ്കാരത്തിനര്‍ഹനായത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ മഹ്മൂദ് കൂരിയ എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ പ്രൊഫസറാണ്. ഏറ്റവും പ്രായംകുറഞ്ഞ പുരസ്കാരജേതാവു കൂടിയാണ് 36-കാരനായ അദ്ദേഹം. കേരളമുള്‍പ്പെടെ ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളിലെ മുസ്ലിങ്ങളെക്കുറിച്ച് ആഗോള കാഴ്ചപ്പാടിലുള്ള പഠനത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.
സ്വര്‍ണമെഡലും പ്രശസ്തിപത്രവും ലക്ഷം യു.എസ്. ഡോളറും (ഏകദേശം 84 ലക്ഷം രൂപ) അടങ്ങുന്ന പുരസ്കാരം ജനുവരി 11-ന് ബെംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. 'തികച്ചും അപ്രതീക്ഷിതം, വലിയ സന്തോഷമുണ്ട്. സമുദ്രപഠനങ്ങള്ക്കും കേരളപഠനങ്ങള്ക്കും ലഭിക്കുന്ന അംഗീകാരമാണിത്' - ഇന്‍ഫോസിസ് പ്രൈസ് ലഭിച്ചതിലെ ആഹ്ലാദംപങ്കുവെക്കവേ ഡോ. മഹ്മൂദ് കൂരിയ മാതൃഭൂമിയോടുപറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള കപ്പലോട്ടചരിത്രത്തെക്കുറിച്ചും കേരളചരിത്രനിര്മിതിയെക്കുറിച്ചുമുള്ള പുതിയ ഉള്ക്കാഴ്ചനല്കുന്ന ഗവേഷണപഠനങ്ങള്‍ മുന്‍നിര്‍ത്തിയാണ് മഹ്മൂദ് കൂരിയയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
ഇംഗ്ലണ്ടിലെ എഡിന്‍ബറ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ഹിസ്റ്ററി ക്ലാസിക്സ് ആന്‍ഡ് ആര്‍ക്കിയോളജിയില്‍ പ്രൊഫസറായ ഡോ. മഹ്മൂദ് കൂരിയ ഇന്ത്യാസമുദ്രമേഖലയിലെ ഇസ്ലാമിക വ്യവഹാരങ്ങളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ആഗോളതലത്തില്‍ ഏറ്റവുംപ്രമുഖനാണ്. നേരത്തേ ഡച്ച് സര്‍ക്കാരിന്റെ രണ്ടുകോടിരൂപയുടെ നാഷണല്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അര്‍ഹനായിട്ടുണ്ട്. ആന, കുതിര, കഴുത തുടങ്ങിയ മൃഗങ്ങള്‍ മലബാര്‍ കലാപകാലത്ത് വഹിച്ച പങ്കിനെക്കുറിച്ചുള്ള മഹ്മൂദിന്റെ പഠനങ്ങള്‍ ശ്രദ്ധേയമാണ്. മൃഗങ്ങളെ ചരിത്രാഖ്യാനത്തിലേക്കുകൊണ്ടുവരുന്ന പുതിയ പഠനസമ്പ്രദായത്തിലെ മികച്ച ഗവേഷണങ്ങളില്പ്പെടുന്നവയാണിത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഈ പഠനങ്ങള്‍ മാതൃഭൂമി ബുക്സ് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ വിവിധ ജനവിഭാഗങ്ങളുടെ ചരിത്രം ആഗോളചരിത്രത്തിന്റെ ഭാഗമായി പഠിച്ചെന്നും ഇന്‍ഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള സ്രോതസ്സുകളെ ഇതിനുവേണ്ടി പ്രയോജപ്പെടുത്തിയെന്നും മഹ്മൂദ് കൂരിയ പറഞ്ഞു. ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന് പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്ണന്, ട്രസ്റ്റിമാരായ എന്‍.ആര്. നാരായണമൂര്‍ത്തി, കെ. ദിനേശ്, ഡോ. പ്രതിമാ മൂര്‍ത്തി, മോഹന്‍ദാസ് പൈ, എസ്.ഡി. ഷിബുലാല്‍ തുടങ്ങിയവര്‍ചേര്‍ന്നാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
നേട്ടങ്ങളുടെ നെറുകയില്‍ മഹ്മൂദ് കൂരിയ
മലപ്പുറം: സാമൂഹികശാസ്ത്ര മേഖലയില്‍ നടത്തിയ ഗവേഷണ മികവാണ് മഹ്മൂദ് കൂരിയയെ ഇന്‍ഫോസിസ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. നേരത്തേ ഡച്ച് സര്‍ക്കാരിന്റെ രണ്ടുകോടി രൂപയുടെ നാഷണല്‍ റിസര്‍ച്ച് ഫെലോഷിപ്പിനും അര്‍ഹനായിട്ടുണ്ട്. എഡിന്‍ബറോ സര്‍വകലാശാലയില്‍ ചരിത്രം-സാമൂഹികശാസ്ത്രം വിഭാഗത്തില്‍ പ്രൊഫസറായ ഡോ. മഹ്മൂദ് കൂരിയ മലപ്പുറം ജില്ലയിലെ മങ്കട, പനങ്ങാങ്ങര സ്വദേശിയാണ്. പനങ്ങാങ്ങര കൂരിയാട്ടുതൊടി കുഞ്ഞിമൊയ്തീന്‍ മുസ്ലിയാരുടെയും മാമ്പ്രത്തൊടി മൈമുനത്തിന്റെയും മകന്. ഭാര്യ ഫായിസ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗണിതശാസ്ത്ര ഗവേഷകയാണ്. മകന് മുറാദ് മഹ്മൂദ്.
പനങ്ങാങ്ങരയിലെ എ.എം.എല്‍.പി.സ്കൂളിലും ജി.യു.പി. സ്കൂളിലുമായാണ് പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് ചെമ്മാട് ദാറുല്‍ഹുദാ അക്കാദമിയില്‍ പഠിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും ഡല്‍ഹി ജെ.എന്‍.യു.വില്‍നിന്ന് പുരാതന ചരിത്രത്തില്‍ എം.എ.യും എം.ഫിലും നേടി. ശേഷം നെതര്‍ലന്‍ഡ്സിലെ ലെയ്ഡന്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. ചെയ്ത് ലെയ്ഡനിലും അശോക സര്‍വകലാശാലയിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു.
തികച്ചും അപ്രതീക്ഷമായി ലഭിച്ച അവാര്‍ഡ് വലിയ സന്തോഷമാണെന്നും സമുദ്രപഠനങ്ങള്ക്കും കേരളപഠനങ്ങള്ക്കും ലഭിക്കുന്ന അംഗീകരമാണെന്നും മഹ്മൂദ് കൂരിയ മാതൃഭൂമിയോടു പറഞ്ഞു. ഇന്ത്യന്മഹാസമുദ്രത്തിലൂടെയുള്ള കപ്പലോട്ടങ്ങളുടെ ചരിത്രത്തെക്കുറിച്ചും കേരളചരിത്ര രൂപീകരണത്തെക്കുറിച്ചും പുതിയ ഉള്‍ക്കാഴ്ചകള്‍ നല്കുന്ന ഒട്ടേറെ ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019-ലാണ് ഡച്ച് സര്‍ക്കാരിന്റെ ഫെലോഷിപ്പിന് കൂരിയ അര്‍ഹനായത്. ഇന്ത്യ, ഇന്‍ഡൊനീഷ്യ, ശ്രീലങ്ക, മലേഷ്യ, മൊസാംബിക്, കൊമറോസ് എന്നീ രാജ്യങ്ങളിലെ മുസ്ലിം മരുമക്കത്തായ സമ്പ്രദായവും അതുവഴി സമുദായത്തിലെ സ്ത്രീകള്‍ കൈവരിക്കുന്ന ലിംഗസമത്വവും പഠിക്കാനാണ് ഫെലോഷിപ്പ് ലഭിച്ചത്.
ഈ വിഷയത്തിലെ പ്രാഥമിക പഠനത്തിന് 2017-ല്‍ യു.എസിലെ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് കൗണ്‍സിലില്‍നിന്ന് 30 ലക്ഷം രൂപയുടെ ഗ്രാന്റും ലഭിച്ചു. ഇന്ത്യാസമുദ്ര മേഖലയിലെ ഇസ്ലാമിക് വ്യവഹാരങ്ങളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ആഗോളതലത്തില്‍ ഏറ്റവും പ്രമുഖ ഗവേഷകനാണ് മഹ്മൂദ്. ആന, കുതിര, കഴുത, കന്നുകാലികള്‍ തുടങ്ങി പലവിധ മൃഗങ്ങള്‍ മലബാര്‍ കലാപകാലത്ത് വഹിച്ച പങ്കിനെക്കുറിച്ച് മഹ്മൂദ് ശ്രദ്ധേയ ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മൃഗങ്ങളെ ചരിത്രാഖ്യാനത്തിലേക്കു കൊണ്ടുവരുന്ന പുതിയ പഠനസമ്പ്രദായത്തില്‍ ഇന്ത്യയിലുണ്ടായിട്ടുള്ള മികച്ച ഗവേഷണങ്ങളില്പ്പെടുന്നവയാണിത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഈ പ്രബന്ധങ്ങള്‍ മാതൃഭൂമി ബുക്സ് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രതീരത്തെ ഇസ്ലാമിനെക്കുറിച്ച് പഠിച്ച പണ്ഡിതന്
ഇന്ത്യന്‍ മഹാസമുദ്ര തീരത്തെ ഇസ്ലാമിനെക്കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്തിയ പ്രമുഖ പണ്ഡിതരില്‍ ഒരാളാണ് പ്രൊഫ. മഹ്മൂദ് കൂരിയ. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരപ്രദേശത്തെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക പരിവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഇസ്ലാമിക നിയമത്തിന്റെ പങ്ക് അദ്ദേഹത്തിന്റെ പഠനങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുസ്ലിങ്ങളുടെ നിയമചരിത്രത്തിനൊപ്പം പഴയകാലത്തുണ്ടായിരുന്ന സാംസ്കാരിക-വാണിജ്യ വിനിമയങ്ങളുടെ ഭാഗമായി ഇവിടെയുള്ള മറ്റു മതവിഭാഗങ്ങളുടെ നിയമങ്ങള്‍ രൂപപ്പെട്ടത് എങ്ങനെയെന്നും മഹ്മൂദ് കൂരിയ പഠിച്ചു.
കേരളത്തിലെ വിവിധ ജനവിഭാഗങ്ങളുടെ ചരിത്രം ആഗോള ചരിത്രത്തിന്റെ ഭാഗമായി പഠിച്ചെന്നും ഇന്‍ഡൊനീഷ്യയിലും മലേഷ്യയിലുമൊക്കെയുള്ള സ്രോതസ്സുകളുപയോഗിച്ച് കേരള ചരിത്രം പഠിക്കാന്‍ ശ്രമിച്ചെന്നും മഹ്മൂദ് കൂരിയ പറഞ്ഞു. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി പരിഗണിച്ചത്. ചരിത്രത്തിലും ഇസ്ലാമിക പഠനങ്ങളിലും കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും പുരാതനചരിത്രത്തില്‍ ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി.
ആഗോളചരിത്രത്തില്‍ ലെയ്ഡന്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. എടുത്തു. നിലവില്‍ എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് ഹിസ്റ്ററി ക്ലാസിക്സ് ആന്‍ഡ് ആര്‍ക്കിയോളജിയില്‍ പ്രൊഫസറായ ഇദ്ദേഹം അശോക സര്‍വകലാശാല, ലെയ്ഡന്‍ സര്‍വകലാശാല, ബെര്‍ഗെന്‍ സര്‍വകലാശാല, ജക്കാര്‍ത്ത നാഷണല്‍ ഇസ്ലാമിക് സര്‍വകലാശാല എന്നിവിടങ്ങളിലും പഠിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ആറുപേര്‍ക്ക് ഇന്‍ഫോസിസ് പുരസ്കാരം
ശാസ്ത്ര- ഗവേഷണ രംഗത്തെ മികവിന് നല്കുന്ന ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ (ഐ.എസ്.എഫ്.) 2024-ലെ പുരസ്കാരങ്ങള്‍ മലയാളിയായ പ്രൊഫ. മഹ്മൂദ് കൂരിയ ഉള്‍പ്പെടെ ആറുപേര്‍ക്ക്. പ്രൊഫ. അരുണ്‍ ജി. ചന്ദ്രശേഖര്‍ (ഗണിതശാസ്ത്രം), പ്രൊഫ. ശ്യാം ഗൊല്ലകൊട്ട (എന്‍ജിനിയറിങ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്), സിദ്ധേഷ് കാമത്ത് (ലൈഫ് സയന്‍സ്), പ്രൊഫ. നീനാ ഗുപ്ത (ഗണിതശാസ്ത്രം), വേദികാ ഖെമാനി (ഫിസിക്കല്‍ സയന്‍സ്) എന്നിവരാണ് പുരസ്കാരം ലഭിച്ച മറ്റുള്ളവര്‍.
പ്രശസ്ത പണ്ഡിതരും വിദഗ്ധരുമുള്‍പ്പെടുന്ന ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഗവേഷണത്തിന്റെയും ശാസ്ത്രത്തിന്റെയും ഭാവി രൂപപ്പെടുത്തുന്ന സംഭാവനകള്‍ നല്കുന്ന പ്രതിഭാധനരെ തിരിച്ചറിയുന്നതില്‍ ഇന്‍ഫോസിസ് പുരസ്കാരം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഫൗണ്ടേഷന് പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്ണന് പറഞ്ഞു. ഐ.എസ്.എഫ്. ട്രസ്റ്റിമാരായ ക്രിസ് ഗോപാലകൃഷ്ണന്, എന്‍.ആര്. നാരായണ മൂര്‍ത്തി, കെ. ദിനേശ്, ഡോ. പ്രതിമാ മൂര്‍ത്തി, മോഹന്‍ദാസ് പൈ, എസ്.ഡി. ഷിബുലാല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
Content Highlights: dr mahmood kooria receive infosys prize 2024
Published: 15 Nov 2024, 08:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented