കോഴിക്കോട്: കടിക്കുകയും നിലവിളിക്കുകയും ചെയ്യുന്ന ഒരിനം തവള അരുണാചല്‍ പ്രദേശില്‍ നിന്ന്, പ്രതിരോധത്തിനായി ഭീഷണിയുടെ രൂപത്തില്‍ ശരീരമുയര്‍ത്തി പ്രതികരിക്കുന്ന മറ്റൊരിനം കേരളത്തിലെ പശ്ചിമഘട്ടത്തില്‍ നിന്ന്. ഇന്ത്യന്‍ തവളകളില്‍ ഇതുവരെ നിരീക്ഷിക്കാത്ത പ്രതിരോധ പ്രതികരണം കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഉഭയജീവി ഗവേഷകര്‍.

To advertise here,

അരുണാചലില്‍ മാത്രം കാണപ്പെടുന്ന അപാതാനി കൊമ്പന്‍ തവളയാണ്, ഭീഷണിയുണ്ടാകുമ്പോള്‍ കടിക്കുകയും നിലവിളിക്കുകയും ചെയ്യുന്നത്. കേരളത്തില്‍ പശ്ചിമഘട്ടത്തിലെ ശിരുവാണി വനത്തില്‍ വെച്ചാണ് 'ഇരുനിറത്തവള' എന്നയിനം, അപകട വേളയില്‍ ഭീഷണിയുടെ രീതിയില്‍ പ്രതിരോധപ്രതികരണം നടത്തുന്നത് നിരീക്ഷിച്ചത്.

പ്രശസ്ത ഉഭയജീവി ഗവേഷകനും മലയാളിയുമായ ഡോ.സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം നടത്തിയ കണ്ടെത്തല്‍, രാജ്യാന്തര ജേണലായ 'ഹെര്‍പ്പറ്റോളജിക്കല്‍ നോട്ട്സി' (Herpetological Notes) ന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.

'തവളകള്‍ വൈവിധ്യമാര്‍ന്ന പ്രതിരോധ സ്വഭാവങ്ങള്‍ കാട്ടുന്നതായി അറിയാമെങ്കിലും, മിക്കപ്പോഴും അവ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല'- ഡോ.ബിജു നിരീക്ഷിക്കുന്നു. ഇന്ത്യയില്‍ 419 തവളയിനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, കടിക്കുക, ശരീരമുയര്‍ത്തി വലിപ്പം കൂട്ടിയതായി തോന്നിപ്പിക്കുക - ഈ രണ്ട് പ്രതിരോധ തന്ത്രങ്ങള്‍ ഏതെങ്കിലും ഇന്ത്യന്‍ തവളയിനം നടത്തുന്നതായി രേഖപ്പെടുത്തുന്നത് ആദ്യമായാണ്.    

'നമ്മുടെ തവളകളുടെ സ്വഭാവത്തെപ്പറ്റിയും പ്രകൃതിചരിത്രത്തെക്കുറിച്ചും അറിയപ്പെടാത്ത എത്രയോ കാര്യങ്ങള്‍ ഇനിയും കണ്ടെത്താന്‍ അവശേഷിക്കുന്നു എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്' - ഡോ.ബിജു പറയുന്നു.

മറ്റ് ജീവികള്‍ക്ക് ഇരയാകപ്പെടാതിരിക്കാനായി ഒട്ടേറെ പ്രതിരോധ രീതികള്‍ തവളകളെ പോലുള്ള ജീവികള്‍ അവലംബിക്കാറുണ്ട്. ലോകത്താകെ തിരിച്ചറിഞ്ഞിട്ടുള്ള 7876 തവളയിനങ്ങളില്‍ 650 എണ്ണം പലതരത്തിലുള്ള പ്രതിരോധ പ്രതികരണങ്ങള്‍ നടത്തുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. കടിക്കുക, ഭീഷണിയുടെ രീതിയില്‍ ശരീരം ഉയര്‍ത്തുക തുടങ്ങിയ രീതികളൊക്കെ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, ഇന്ത്യന്‍ തവളങ്ങളില്‍ ഇത്തരം പ്രതികരണങ്ങള്‍ അങ്ങനെ നിരീക്ഷിച്ചിട്ടില്ല.

കണ്ടെത്തല്‍ ഫീല്‍ഡ് ഫോട്ടോഗ്രാഫിക്കിടെ

ഫീല്‍ഡ് ഫോട്ടോഗ്രാഫിയും വര്‍ഷങ്ങളായി ഉഭയജീവി ഗവേഷണത്തിന്റെ ഭാഗമാണ്. അത്തരം രണ്ട് ഫീല്‍ഡ് ഫോട്ടോഗ്രാഫി പര്യവേക്ഷണത്തിനിടെയാണ് പുതിയ കണ്ടെത്തല്‍ ഡോ.ബിജുവും സംഘവും നടത്തിയത്.

അരുണാചലില്‍ മാത്രം കാണപ്പെടുന്ന അപാതാനി കൊമ്പന്‍ തവള (Apatani Horned Toad, Xenophrys apatani) യാണ്, പ്രതിരോധിക്കാന്‍ കടിക്കുകയും നിലവിളിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതെന്ന് സൂചിപ്പിച്ചല്ലോ. രാത്രി മാത്രം പുറത്തിറങ്ങുന്ന അവയ്ക്ക് പകല്‍നേരത്ത് ചവറുകള്‍ക്കിടയില്‍ മറഞ്ഞിരിക്കാന്‍ ശരീരത്തിന്റെ നിറം തുണയാകുന്നു. ആരെങ്കിലും അവയെ സമീപിക്കുകയോ, അവ ഭീഷണി നേരിടുകയോ ചെയ്താല്‍ ശരീരം വീര്‍പ്പിക്കുകയും നിലവിളി പോലെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും ചെയ്യും. നിവൃത്തിയില്ലെങ്കില്‍ കടിക്കും!

തവളയുടെ ഈ പെരുമാറ്റം ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ട ശേഷം, ചുള്ളിക്കമ്പുകളും മറ്റും കൊണ്ട് ഭീഷണിയുടെ സാഹചര്യം സൃഷ്ടിച്ച് പരീക്ഷണങ്ങള്‍ നടത്തിയാണ്, ആ തവള നടത്തുന്ന പ്രതിരോധ പ്രതികരണം സ്ഥിരീകരിച്ചത്.

പാലയ്ക്കാട് ജില്ലയിലെ ശിരുവാണി വനത്തില്‍ ഫീല്‍ഡ് ഫോട്ടോഗ്രാഫിക്കിടെ, 'ഇരുനിറത്തവള' (Bicoloured Frog, Clinotarsus curtipse) നടത്തുന്ന പ്രതിരോധപ്രതികരണം ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടു. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന ഈ തവളയുടെ ശരീരത്തിന്റെ പുറംഭാഗത്തിനും വയര്‍ഭാഗത്തിനും വ്യത്യസ്ത നിറമാണുള്ളത്. ഇതൊരു പകല്‍ സഞ്ചാരിയാണ്. ചവറുകള്‍ക്കിടയില്‍ വനത്തിന്റെ തറയില്‍ ഇവയെ കാണാം.

ശല്യപ്പെടുത്തുമ്പോള്‍ ഇവ കൈകാലുകള്‍ ലംബമായി നിവര്‍ത്തി ശരീരം തറയില്‍ നിന്നുയര്‍ത്തി വലുപ്പംകൂട്ടി ഭീഷണിപ്പെടുത്തുന്ന ഒരു ശരീരഭാഷ സ്വീകരിക്കുന്നു. അവയ്ക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ച് നടത്തിയ വ്യത്യസ്ത പരീക്ഷണങ്ങള്‍ വഴി ഇരുനിറത്തവളയുടെ പ്രതികരണം ഗവേഷകര്‍ സ്ഥിരീകരിച്ചു.