പ്രാചീന ഡിഎന്‍എ വിദ്യ നൊബേല്‍ നേടുമ്പോള്‍-വൈദ്യശാസ്ത്ര നൊബേല്‍ 2022


ജോസഫ് ആന്റണി ഭൂമിയെന്ന നാടകവേദിയില്‍ നമ്മുടെ പൂര്‍വ്വികര്‍ കെട്ടിയാടിയ വിചിത്രവേഷങ്ങളും കുടിയേറ്റവും കൂടിച്ചേരലുകളുമൊക്കെ ഇതുവരെ കഴിയാത്ത വിധം വ്യക്തതയോടെ മനസിലാക്കാന്‍ 'പ്രാചീന ഡിഎന്‍എ വിദ്യ' സഹായിക്കുന്നു. പ്രാചീന ഡിഎന്‍എ വിപ്ലവത്തിന് തിരികൊളുത്തിയ സ്വാന്റെ പേബോയ്ക്കാണ് 2022 ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം 

സ്വാന്റെ പേബോ. ചിത്രം കടപ്പാട്: Max Planck Institute for Evolutionary Anthropology

നൂറു പ്രകാശവര്‍ഷമകലെയുള്ള ഗാലക്സിയെ ടെലസ്‌കോപ്പ് വഴി നിരീക്ഷിക്കുന്ന കാര്യം സങ്കല്‍പ്പിക്കുക. ഗാലക്സിയില്‍ നിന്ന് പ്രകാശം ഇവിടെയെത്താന്‍ നൂറുവര്‍ഷം വേണം. അതിനാല്‍, കാണുന്നത് നൂറുവര്‍ഷം മുമ്പുള്ള ഗാലക്സി ആണ്. ടെലസ്‌കോപ്പിലൂടെ നമ്മള്‍ യഥാര്‍ഥത്തില്‍ പോയകാലത്തേക്ക് നോക്കുയാണെന്ന് സാരം!

ഇതിന് സമാന്തരമായ ഒരു സംഗതി ജനിതകശാസ്ത്രത്തില്‍ അരങ്ങേറുകയാണിപ്പോള്‍. ഡിഎന്‍എയില്‍ നോക്കി മനുഷ്യന്റെ പൂര്‍വികചരിത്രം ചികഞ്ഞെടുക്കുക. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ശരിക്കുമൊരു 'പ്രാചീന ഡിഎന്‍എ വിപ്ലവത്തി'ന് തന്നെ സാക്ഷ്യം വഹിക്കുകയാണ് ശാസ്ത്രലോകം.ആ 'വിപ്ലവ'ത്തിന് നേതൃത്വം നല്‍കിയ സ്വീഡിഷ് വംശജനായ ജര്‍മന്‍ ഗവേഷകന്‍ സ്വാന്റെ പേബോ (Svante Paabo) യ്ക്കാണ് 2022 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.

മനുഷ്യന്റെ പൂര്‍ണജനിതകസാരം അഥവാ ജിനോം കണ്ടെത്തിയത് 2001 ലാണ്. മുന്നൂറുകോടിയിലേറെ രാസാക്ഷരങ്ങള്‍ അടങ്ങിയ മനുഷ്യ ഡിഎന്‍എ ഏതാണ്ട് പൂര്‍ണമായി വായിച്ചെടുക്കാന്‍ ശാസ്ത്രത്തിന് കഴിഞ്ഞു. തുടര്‍ന്ന് ജിനോം സാങ്കേതികവിദ്യകളുടെ കാര്യത്തിലുണ്ടായ കുതിച്ചുചാട്ടമാണ് പ്രാചീന ഡിഎന്‍എ വിപ്ലവത്തിന് പശ്ചാത്തലമൊരുക്കിയത്.

ഫോസിലുകളും വ്യക്തതയില്ലാത്ത ജനിതക തെളിവുകളുമാണ് സമീപകാലം വരെ മനുഷ്യന്റെ പ്രാചീന കുടിയേറ്റചരിത്രവും മറ്റും മനസിലാക്കാന്‍ സഹായിച്ചിരുന്നത്. എന്നാല്‍, ഫോസിലുകളിലും മറ്റുമുള്ള പ്രാചീന ഡിഎന്‍എ തുണ്ടുകളില്‍ നിന്ന് ജിനോം വിവരങ്ങള്‍ പൂര്‍ണതോതില്‍ മനസിലാക്കാമെന്ന് വന്നതോടെ കഥ മാറി. മനുഷ്യന്റെ പ്രാക്ചരിത്രം (Prehistory) ആഴത്തിലും പരപ്പിലും ശാസ്ത്രത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെടുകയാണ് ഇപ്പോള്‍.

ഭൂമിയെന്ന ഈ ചരിത്ര നാടകവേദിയില്‍ നമ്മുടെ പൂര്‍വ്വികര്‍ കെട്ടിയാടിയ വിചിത്രവേഷങ്ങളും, കുടിയേറ്റവും, കൂടിച്ചേരലും, നിലവിലെ ജനത രൂപമെടുക്കാന്‍ സഹായിച്ച, ഇപ്പോള്‍ അവശേഷിക്കാത്ത 'പ്രേതജനതകളും' (ghost population) ഒക്കെ വിശദാംശങ്ങളോടെ മനസിലാക്കാനുള്ള അവസരമാണ് ഈ മുന്നേറ്റം നല്‍കിയിരിക്കുന്നത്.

നിയാണ്ടെര്‍ത്തല്‍ മനുഷ്യന്റേത് ഉള്‍പ്പടെ അഞ്ച് പ്രാചീന മാനവജിനോമുകള്‍ പ്രസിദ്ധീകരിച്ച 2010 ലാണ് ഈ വിപ്ലവം തുടങ്ങുന്നത്. തുടര്‍ന്ന് ഡസണ്‍ കണക്കിന് പ്രാചീന ജിനോം ഡേറ്റ ലഭ്യമായി. 2017 ഓഗസ്റ്റ് ആകുമ്പോഴേക്കും തന്റെ ലബോറട്ടറിയില്‍ മാത്രം മൂവായിരത്തിലേറെ പ്രാചീന സാമ്പിളുകളില്‍ നിന്ന് 'ജിനോം-വൈഡ് ഡേറ്റ' സൃഷ്ടിച്ചതായി, ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ ജനിതകശാസ്ത്ര പ്രൊഫസര്‍ ഡേവിഡ് റൈഷ്‌ക് അറിയിക്കുന്നു.

പ്രാചീന ഡിഎന്‍എ വിപ്ലവത്തിന് അടിത്തറയായ ടെക്നോളജികളില്‍ നല്ലൊരു പങ്കും വികസിപ്പിച്ചത് ജര്‍മനിയില്‍ ലൈപ്സിഗ്ഗിലുള്ള 'മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഇവല്യൂഷണറി ആന്ത്രോപ്പോളജി'യിലെ ഗവേഷകരാണ്. പാലിയോജനറ്റിക്സ് എന്ന പഠനമേഖലയുടെ സ്ഥാപകനായ സ്വാന്റെ പേബോ അതിന് നേതൃത്വം നല്‍കി. സഹപ്രവര്‍ത്തകരായ മത്തയാസ് മെയര്‍, ക്വിയാവോമീ ഫു എന്നിവര്‍ അതിന് പൂര്‍ണ്ണത നല്‍കാന്‍ സഹായിച്ചു.

ശുഷ്‌കമായ പ്രാചീന സാമ്പിളുകളില്‍ നിന്നുപോലം കുറഞ്ഞ ചെലവില്‍ ഡിഎന്‍എ വേര്‍തിരിച്ചെടുത്ത് വിശകലനം ചെയ്യാനുള്ള സങ്കേതം രൂപപ്പെടുത്താന്‍ അങ്ങനെ പേബോയ്ക്കും സംഘത്തിനും കഴിഞ്ഞു.

മുന്നൂറുകോടിയിലേറെ പടികളുള്ള ഇരട്ടപ്പിരിയന്‍ ഗോവണി പോലെയാണ് മനുഷ്യ ഡിഎന്‍എ. ജീവന്റെ രാസനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ജീനുകളും, വിശാല തുറസ്സുകളായ 'ജങ്ക് ഡിഎന്‍എ ഭാഗങ്ങളും' ഡിഎന്‍എ തന്മാത്രയിലുണ്ട്. തലമുറകളിലേക്ക് ഡിഎന്‍എ കോപ്പിചെയ്യപ്പെടുമ്പോള്‍ ചില അക്ഷരപിഴവുകള്‍ സംഭവിക്കും. ഇതിന് 'മ്യൂട്ടേഷനുകള്‍' എന്നാണ് വിളിക്കുക. ആയിരം അക്ഷരങ്ങള്‍ക്കിടയില്‍ ഒന്ന് എന്ന കണക്കിനാണ് ഈ പിഴവുകള്‍ കാണപ്പെടുക. എന്നുവെച്ചാല്‍, 300 കോടി രാസാക്ഷരങ്ങളുള്ള മനുഷ്യ ജിനോമില്‍ 30 ലക്ഷം മ്യൂട്ടേനുകളുണ്ടാകും.

പ്രാചീന ഡിഎന്‍എ വായിച്ചെടുക്കുന്ന വിധം -ഗ്രാഫിക്സ്

ഡിഎന്‍എ യിലെ ഈ മ്യൂട്ടേഷനുകളെ റഫറന്‍സ് പോയന്റുകളായി പരിഗണിച്ച് വ്യത്യസ്ത ഡിഎന്‍എകള്‍ തമ്മില്‍ താരതമ്യം ചെയ്താണ് ചരിത്രം മനസിലാക്കാന്‍ ഗവേഷകര്‍ ശ്രമിക്കുന്നത്. വ്യത്യസ്ത ജനതകളുടെ ജനിതക താരതമ്യം വഴി അവ തമ്മിലുള്ള ബന്ധം ആഴത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്ന ഗണിതസങ്കേതങ്ങളും ഇപ്പോഴുണ്ട്. ഗണിതശാസ്ത്രജ്ഞന്‍ നിക് പീറ്റേഴ്സണിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ 'Four Population Test' ആണ് അതില്‍ പ്രധാനം.

ആര്‍ക്കിയോളജിയിലെ ആദ്യ ശാസ്ത്രവിപ്ലവം തുടങ്ങിയത് വില്ലാഡ് ലിബി എന്ന അമേരിക്കന്‍ രസതന്ത്രജ്ഞന്‍ 1949-ല്‍ 'റേഡിയോകാര്‍ബണ്‍ ഡേറ്റിങ്' കണ്ടെത്തിയതോടെയാണ്. ഈ വിദ്യ ഉപയോഗിച്ച് പ്രാചീന ജൈവാവശിഷ്ടങ്ങളുടെ പ്രായം നിര്‍ണയിക്കാമെന്നായി. ഇപ്പോള്‍, 'പ്രാചീന ഡിഎന്‍എ സങ്കേത'ങ്ങളുടെ സഹായത്തോടെ ആര്‍ക്കിയോളജിയില്‍ രണ്ടാം ശാസ്ത്രവിപ്ലവമാണ് അരങ്ങേറുന്നതെന്ന്, 'Who We are and How We Got Here' എന്ന ഗ്രന്ഥത്തില്‍ ഡേവിഡ് റൈഷ്‌ക് പറയുന്നു.

ഏറെക്കാലമായി നിലനിന്ന പല ധാരണകളും ഈ പുതിയ വിപ്ലവം വഴി ചോദ്യംചെയ്യപ്പെടുന്നു. ആര്‍ക്കിയോളജി പഠനങ്ങളെ മാത്രമല്ല, ചരിത്രം, നരവംശശാസ്ത്രം, എന്തിന് ഭാഷാശാസ്ത്രത്തെ വരെ ഇത് പുനപ്പരിശോധിക്കുന്നു. 'ചരിത്രത്തില്‍ എന്താണ് സംഭവിച്ചത്' എന്ന കാര്യം കൂടുതല്‍ വ്യക്തതയോടെ മനസിലാക്കാന്‍ പറ്റുന്നു. വ്യത്യസ്ത ജനതകള്‍ തമ്മില്‍ ജനിതകതലത്തില്‍ എങ്ങനെയൊക്കെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് കൂടുതല്‍ വ്യക്തത കൈവരുന്നു. പ്രാചീന കുടിയേറ്റങ്ങളുടെ വിശദാംശങ്ങളും ഇപ്പോള്‍ മുമ്പത്തെക്കാളും വ്യക്തതയോടെ മനസിലാക്കാനാകും.

https://www.mathrubhumi.com/news/world/sweden-s-svante-paabo-wins-nobel-for-medicine-1.7928452

മനുഷ്യചരിത്രം പഠിക്കാന്‍ ജനിതകവിദ്യകളുടെ സഹായം തേടുന്നതിന് പുതിയ കാര്യമല്ല. കോശങ്ങളിലെ 'മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ' ആയിരുന്നു മുമ്പ് ഇക്കാര്യത്തില്‍ ആശ്രയം. യു.എസില്‍ ബര്‍ക്ക്ലിയില്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ അലന്‍ വില്‍സണ്‍ ആണ്, മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ യുടെ സഹായത്തോടെ മനുഷ്യന്റെ ഭൂതകാലം ചികയാമെന്ന് തെളിയിച്ചത്. മാതാവിന്റെ തായ്വഴിയാണ് മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എയില്‍ നിന്ന് ലഭിക്കുക. മാതാവിന്റെ തായ്വഴിയിലൂടെ പിന്നോട്ട് പോയാല്‍ എല്ലാവരുടെയും ചരിത്രം ആഫ്രിക്കയിലാണ് എത്തുന്നതെന്ന് വില്‍സണും സഹപ്രവര്‍ത്തകരും 1987-ല്‍ കണ്ടെത്തി. മനുഷ്യപരിണാമത്തെയും പ്രാചീനകുടിയേറ്റത്തെയും സംബന്ധിച്ച് ആര്‍ക്കിയോളജിക്കല്‍ വാദങ്ങള്‍ക്ക് ഉറപ്പുള്ള പിന്തുണ നല്‍കുന്നതായി ഇത്.

വില്‍സന്റെ പഠനത്തില്‍ ഒരുപക്ഷേ, സാധാരണക്കാരെ ഏറ്റവും ആകര്‍ഷിച്ച സംഗതി മനുഷ്യരുടെ 'ആദിമമാതാവ്' (Mitochondrial Eve) ആഫ്രിക്കയില്‍ രണ്ടുലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്നു എന്ന നിഗമനമാണ് (ഭൂമുഖത്തുള്ള മുഴുവന്‍ പേരുടയും ആദിമാതാവിന് 'മൈറ്റോകോണ്‍ഡ്രിയല്‍ ഈവ്' എന്ന് വിശേഷണം നല്‍കിയത് റോജര്‍ ലെവിന്‍ എന്ന ജേര്‍ണലിസ്റ്റാണ്, സയന്‍സ് ജേര്‍ണലിലെ ഒരു ലേഖനത്തില്‍). ഈ പ്രയോഗം മനുഷ്യഭാവനയെ വല്ലാതെ സ്വാധീനിച്ചു. ഇന്നും സാധാരണക്കാര്‍ മാത്രമല്ല, ശാസ്ത്രരംഗത്തുള്ളവരും ആ പ്രയോഗം നടത്താറുണ്ട്. എല്ലാ മനുഷ്യരുടെയും മുതുമുത്തശ്ശി എന്ന അര്‍ഥത്തില്‍.

ഇതുപക്ഷേ, തെറ്റിദ്ധരിപ്പിക്കുന്ന നിഗമനമാണെന്ന് പ്രാചീന ഡിഎന്‍എ മുന്നേറ്റം ആരംഭിച്ച 2010 ന് ശേഷമുണ്ടായ പഠനങ്ങളില്‍ തെളിയുന്നത് വൈവിധ്യമേറിയ ഒട്ടേറെ പൂര്‍വികരുടെ കഥയാണ്, അല്ലാതെ ഒരു ആദിമാതാവിന്റെയോ ആദിപിതാവിന്റെയോ മാത്രമല്ല!

(അവലംബം: 1. Nobel Prize official Site; 2. Who We are and How We Got Here: Ancient DNA and the New Science of the Human Past (2018). By David Reich. Oxford University Press, New Delhi ; 3. Discover, June 19, 2017)

Content Highlights: Nobel Prize 2022, Svante Pääbo, Medicine, Human Evolution, Ancient DNA Technology

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented