ആരുമറിയാതെ പ്രപഞ്ചം ഒളിച്ചുവച്ച ആകാശ വിസ്മയങ്ങൾ ശാസ്ത്രലോകത്തെപ്പോലെ സാധാരണക്കാരെയും കൗതുകമണിയിക്കാറുണ്ട്. പെഴ്സീഡ് ഉൽക്കമഴ കാണാനും ആളുകൾ കാത്തിരുന്നത് അത്രയേറെ ആകാംക്ഷയോടെയായിരുന്നു. എന്നാൽ, കേരളത്തിൽ മിക്കയിടത്തും ആകാശം മേഘാവൃതമായിരുന്നതിനാൽ പലർക്കും ഓ​ഗസ്റ്റ് 13-ന് പുലർച്ചയുണ്ടായ  ഉൽക്കാവർഷം കാണാൻ കഴിഞ്ഞില്ല. കാർമേഘമൊഴിഞ്ഞ  അപൂർവ്വം ഇടവേളകളിലും ഉൽക്കമഴയുടെ മനോഹര ദൃശ്യങ്ങൾ പകർത്തിയിരിക്കുകയാണ് ആസ്ട്രോഫോട്ടോ​ഗ്രാഫറും ശാസ്ത്രപ്രചാരകനുമായ കൊല്ലം സ്വദേശി ശരത് പ്രഭാവ്. അധികമാർക്കും ലഭിക്കാത്ത ഈ അപൂർവ്വ ഫോട്ടോ​ഗ്രാഫ് പിറന്നതിനു പിന്നിലെ കഥ പറയുന്നു ശരത്. 

To advertise here,

'133 വർഷത്തിലൊരിക്കൽ വരുന്ന സ്വിഫ്റ്റ് ടട്ടിൽ (Swift-Tuttle) എന്ന ധൂമകേതു (Comet) ഉപേക്ഷിച്ചു പോയ ചെറിയ കല്ലുകളും പാറക്കഷണങ്ങളും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നു വരുമ്പോഴാണ് പേഴ്സിഡ് എന്ന ഉൽക്കാവർഷം ഉണ്ടാകുന്നത്. ഈ ചെറിയ പാറക്കഷണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഘർഷണം മൂലം കത്തിയെരിയുന്നതാണ് നമ്മൾ ഉൽക്കകൾ ആയി കാണുന്നത്. കൊള്ളിമീൻ എന്നും ഷൂട്ടിങ്ങ് സ്റ്റാർ എന്നുമൊക്കെ ഇതിനു പേരുകളുണ്ട്.  ആകാശത്തിലെ പേഴ്സിഡ് എന്ന നക്ഷത്ര ഗണത്തിൻ്റെ സമീപത്തുനിന്നാണ് ഇവ കൂടുതലും വരുന്നത്. അതിനാലാണ് ഇതിനെ പേഴ്സിഡ് എന്നു വിളിക്കുന്നത്.  ജൂലൈ പകുതി മുതൽ ഓഗസ്റ്റ് അവസാനം വരെയാണ് എല്ലാവർഷവും ഇത് കാണാനാവുക. ഈ വർഷം ഓഗസ്റ്റ് 12, 13 തീയതികളിൽ ഇത് ഏറ്റവും കൂടുതൽ എണ്ണം കാണാനാകും.

ഓ​ഗസ്റ്റ് 13-ന് പുലർച്ചെ കേരളത്തിൽ ദൃശ്യമായ പേഴ്സിഡ് ഉൽക്കാ വർഷത്തിന്റെ ചിത്രം പകർത്താൻ എനിക്ക് സാധിച്ചു.  ചിത്രത്തിൽ വരപോലെ കാണുന്നതാണ് ഉൽക്കകൾ. 20 സെക്കൻഡ് വീതം ദൈർഘ്യമുള്ള 180 ചിത്രങ്ങൾ തുടർച്ചയായി എടുത്തതിൽ ആറ് ചിത്രങ്ങളിൽ മാത്രമാണ് ഉൽക്കയുടെ ചിത്രം പതിഞ്ഞത്. ഈ ആറ് ചിത്രങ്ങൾ ഒന്നിച്ചുചേർത്താണ് ഇങ്ങനെ ഒരു ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. ഇങ്ങനെ ചിത്രമെടുക്കാൻ ക്യാമറയും ഒരു ട്രൈപ്പോഡും മാത്രം മതി.  ആസ്ട്രോ ഫോട്ടോഗ്രാഫിയിൽ ഇതിനെ സ്റ്റാക്കിങ് എന്നാണ് പറയുക. നേരിട്ട് കാണുമ്പോൾ ഇവ പല സമയത്താകും വരുന്നത്.  

ആഗസ്റ്റ് 13 രാത്രിയും ഉൽക്കാവർഷം കാണാൻ സാധിക്കും. തെളിഞ്ഞ ആകാശമാണെങ്കിൽ രാത്രിയിൽ 12 മണിക്ക് ശേഷം ഏതാണ്ട് കിഴക്കൻ ആകാശത്തേക്ക് നോക്കിയിരുന്നാൽ ഇത്തരത്തിൽ ഉൽക്കകളുടെ സഞ്ചാരപഥം കാണാം. കാർമേഘമോ പ്രകാശമലിനീകരണമോ ഉണ്ടെങ്കിൽ കാണാനുള്ള സാധ്യത കുറയും.

പേഴ്സിഡ് മാത്രമല്ല മറ്റ് ഉൽക്കാ വർഷങ്ങളും (Meteor Shower)  എല്ലാ വർഷവും  ഭൂമിയിൽ ഉണ്ടാവാറുണ്ട്. ജെമിനിഡ്സ് (Geminids), ലിയോണിഡ്സ് (Leonids) എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. ശോഭയേറിയതും നീണ്ടതുമായ ഉൽക്കകളുടെ കാഴ്ച പേഴ്സിഡിൽ നിന്ന് ലഭിക്കും.'